ഡോ. പി.വി. ചെറിയാൻ
മനാമ: ബഹ്റനിൽ ഡോക്ടറായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബഹ്റിനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും ബഹ്റിന് ഭരണാധികാരികളുമായിട്ടുള്ള ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെപിഎ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റിനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന്, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്ടര്‍ ഏറ്റവും ഒടുവില്‍ ബഹ്റിന് കാന്‍സര്‍ സെന്റര്‍ എന്ന സംഘടനയ്ക്കു രൂപം നല്കി നിരവധിയായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിന്റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.
പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.
Tags : KPA Obit USA Dr. P.V.Cheriyan