പരിപാടിയിൽ നിന്ന്
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ജോ & മി ഓൺലൈൻ ട്യൂഷനുമായി സഹകരിച്ച് സംഘടിപ്പിച്ച "ലിമ ചിൽഡ്രൻസ് ഫെസ്റ്റ് 2026' വൈവിധ്യമാർന്ന കലാമത്സരങ്ങളോടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സജീവ സാന്നിധ്യത്തോടെയും വൻ വിജയമായി മാറി.
യുകെയിൽ വളരുന്ന മലയാളി കുട്ടികളുടെ സർഗാത്മകതയും ഭാഷാസ്നേഹവും പ്രകടമാക്കുന്ന വേദിയായി ഈ കലാമാമാങ്കം മാറി. ഈ മാസം പത്തിന് രാവിലെ ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടു നിന്നു.
പ്രാർഥനാഗാനത്തിനു ശേഷം മൂന്ന് കുട്ടികൾ ഭഗവദ്ഗീത, ബൈബിൾ, ഖുറാൻ എന്നീ ഗ്രന്ഥങ്ങളിൽ നിന്നുള്ള വചനങ്ങൾ പാരായണം ചെയ്തുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ലിവർപൂൾ മാർത്തോമ്മ ചർച്ച് വികാരി റവ. വിപിൻ കുരുവിള മുഖ്യാതിഥിയായി പങ്കെടുത്തു.
കുട്ടികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രചോദനാത്മകമായ പ്രസംഗം ഏവർക്കും പുതിയൊരു ഊർജ്ജവും ചിന്തയും പകരുന്നതായിരുന്നു. വിസ്റ്റൺ ടൗൺ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച രണ്ട് വ്യത്യസ്ത വേദികളിൽ നാല് വിഭാഗങ്ങളിലായാണ് (മൂന്ന് മുതൽ 17 വയസ് വരെ) മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജോ & മി ഓൺലൈൻ ട്യൂഷൻ ആയിരുന്നു കലാമാമാങ്കത്തിന്റെ മുഖ്യ സ്പോൺസർ. ചെറിയ കുട്ടികൾ പങ്കെടുത്ത ഫാൻസി ഡ്രസ് മത്സരങ്ങൾ ഏറെ വേറിട്ട അനുഭവമായി.
ഇംഗ്ലീഷ് റെസിറ്റേഷൻ, മോണോആക്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ കാഴ്ചവച്ച പ്രകടനം അവരുടെ ഭാവനാശേഷിയുടെ മികവ് വ്യക്തമാക്കുന്നതായിരുന്നു. ഇംഗ്ലണ്ടിൽ ജനിച്ച് വളരുന്ന ഈ തലമുറ തെറ്റുകൂടാതെ മലയാളം കവിതകൾ ചൊല്ലിയതും കഥ പറഞ്ഞതും പ്രസംഗിച്ചതും സദസിനെ അത്ഭുതപ്പെടുത്തി.

ഡ്രോയിംഗ്, കളറിംഗ്, പെയിന്റിംഗ് വേദികളിൽ കുട്ടികൾ നിറങ്ങൾ കൊണ്ട് തീർത്ത ലോകം അവരുടെ ഭാവനയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സോളോ സോംഗ് മത്സരങ്ങളിൽ കുട്ടികൾ ശ്രുതിമധുരമായി ഗാനങ്ങൾ ആലപിച്ചു.
ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസിലെ കുട്ടികളുടെ ഒത്തിണക്കവും വസ്ത്രാലങ്കാരവും വേദിയെ കൂടുതൽ വർണാഭമാക്കി. പ്രവാസമണ്ണിൽ ജനിച്ചുവളരുന്ന കുട്ടികൾക്ക് മലയാള ഭാഷയും സംസ്കാരവും പകർന്നുനൽകുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ലിമ ഈ വേദി ഒരുങ്ങിയത്.
ജിജോ വർഗീസ്, ആതിര ശ്രീജിത്ത്, കല രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ലിമയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും വോളന്റിയർമാരും മികച്ച ക്രമീകരണങ്ങളാണ് വിസ്റ്റൺ ടൗൺ ഹാളിൽ ഒരുക്കിയിരുന്നത്.
വിധിനിർണയങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ലിമയുടെ വകയായി പ്രോത്സാഹന മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ലിമ കുടുംബത്തിലെ വിശിഷ്ടാതിഥികളാണ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്. യുകെയിലെ മലയാളി സമൂഹത്തിന്റെ അടുത്ത തലമുറയെ ലിമ എത്രത്തോളം ചേർത്തുപിടിക്കുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഈ കലാമാമാങ്കം.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും ലിമ ഭാരവാഹികൾ നന്ദി അറിയിച്ചു.
Tags : LIMA ChildrensFest Liverpool NRINews