ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മാതൃദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
അമ്മമാർക്കായുള്ള പ്രത്യേക ആശീർവാദം, ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ "എന്റെ അമ്മ, എന്റെ അനുഗ്രഹം' എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റുകൂട്ടി.
ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു.
വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമികരായിരുന്നു.

മിഷൻ ലീഗ് പ്രതിനിധി ഫിലിപ്പ് നെടുംതുരുത്തിപുത്തൻപുരയിൽ ഇടവകയെ പ്രതിനിധീകരിച്ചു മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. കൂടാതെ മിഷൻ ലീഗ് അംഗങ്ങൾ ഇടവകയിലെ എല്ലാ മാതാപിതാക്കൾക്കും സ്നേഹപൂർണമായ സന്ദേശങ്ങളോടു കൂടിയ ബുക്ക് മാർക്കുകൾ സമ്മാനിച്ചു.
തുടർന്ന് മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. പങ്കെടുത്ത ഏവർക്കും പായസവും വിതരണം ചെയ്തു.
മാതൃദിനത്തിന്റെ പ്രധാന്യം ഊട്ടിവളർത്തിയ ഈ പരിപാടികൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരും മെൻസ് മിനിസ്ട്രി കോഓർഡിനേറ്റേഴ്സായ അലക്സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുരയിൽ, ബിജു ജെയിംസ് പൂത്തുറ എന്നിവരും നേതൃത്വം നൽകി.
Tags : mothers day chicago st marys church celebration