സ്പെയിന്: സ്പാനിഷ് ലാ ലിഗയിൽ കുതിപ്പ് തുടർന്ന് ബാഴ്സലോണ. എസ്പാന്യോളിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തി. ബാഴ്സലോണയ്ക്ക് വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രണ്ട് അസിസ്റ്റും ഒരു ഗോളുമായി ലാമിൻ യമാലും കളംനിറഞ്ഞതോടെ എതിരാളികൾ നിഷ്പ്രഭമായി.
ക്യാംപ്നൗവിൽ നടന്ന മത്സരത്തിൽ ഒന്പത്, 25 മിനിറ്റുകളിലാണ് ഫെറാൻ ടോറസ് ഗോളുകൾ നേടിയത്. ഇരുഗോളുകൾക്കും വഴിയൊരുക്കിയത് ലാമിൻ യമാലാണ്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ യമാൽ (87’), മാർക്കസ് റാഷ്ഫോർഡ് (89’) എന്നിവരും ബാഴ്സയ്ക്കായി സ്കോർ ചെയ്തു. 56-ാം മിനിറ്റിൽ ലൊസാനോയാണ് എസ്പാന്യോളിന്റെ ആശ്വാസ ഗോൾ നേടിയത്.
വിജയത്തോടെ 31 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ബാഴ്സലോണ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. റയലുമായി ഒന്പത് പോയിന്റ് വ്യത്യാസത്തിൽ ബാഴ്സലോണ ഏകപക്ഷീയമായി കിരീടത്തിലേക്ക് അടുക്കുകയാണ്.
മറ്റൊരു മത്സരത്തിൽ സെവില്ല 2-1ന് അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി. എൽച്ചെ എതിരില്ലാത്ത ഒരു ഗോളിന് വാലൻസിയയെ പരാജയപ്പെടുത്തിയപ്പോൾ റയൽ സോസിയാഡ്- ആൽവ്സ് മത്സരം 3-3 സമനിലയിൽ അവസാനിച്ചു.