കണ്ണൂര്‍: മൈതാനത്ത് മഴ കളിച്ചപ്പോള്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ ഗോള്‍ പോസ്റ്റില്‍ ഫോഴ്സ കൊച്ചിയുടെ ഗോള്‍മഴ. കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്സ് കൊച്ചി ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയെ പരാജയപ്പെടുത്തി.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോള്‍ തിരിച്ചടിച്ചാണ് ഫോഴ്സയുടെ മിന്നും ജയം. ഫോഴ്സ കൊച്ചിക്കുവേണ്ടി നിജോ ഗില്‍ബേര്‍ട്ട് രണ്ടും സജീഷ്, അഭിത്ത് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. മുഹമ്മദ് സിനാനാണ് കണ്ണൂരിന്റെ ആശ്വാസ ഗോള്‍ നേടിയത്. കണ്ണൂര്‍ വാരിയേഴ്സിന്റെ സീസണിലെ രണ്ടാം തോല്‍വിയും ഫോഴ്സ കൊച്ചിയുടെ ആദ്യ ജയവുമാണ്.
കളി തുടങ്ങിയ നാലാം മിനിറ്റില്‍ തന്നെ കണ്ണൂര്‍ മുഹമ്മദ് സിനാനിലൂടെ മുന്നിലെത്തിയെങ്കിലും പിന്നീട് ഫോഴ്സ കൊച്ചിയുടെ ആക്രമണമായിരുന്നു കണ്ടത്. കണ്ണൂര്ക്കാരന് മുഹമ്മദ് സിനാന്റെ ടൂര്‍ണമെന്റിലെ മൂന്നാം ഗോളായിരുന്നു.
15-ാം മിനിറ്റില്‍ സജിഷിലൂടെ സമനില പിടിച്ച കൊച്ചി 34-ാം മിനിറ്റില്‍ നിജോ ഗില്‍ബേര്‍ട്ടിലൂടെ ലീഡ് നേടിയാണ് കളിയുടെ ആദ്യപകുതി അവസാനിച്ചത്. രണ്ടാം പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്സ് അശ്വിന് കുമാറിനെ പിന്‍വലിച്ച് മധ്യനിരയില്‍ അര്‍ജുനെ ഇറക്കി. 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3 യിലേക്ക് മാറി.
എന്നാല്‍, 48-ാം മിനിറ്റില്‍ നിജോ കൊച്ചിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 66-ാം മിനിറ്റില്‍ അഭിത്തിലൂടെ കൊച്ചി ലീഡ് മൂന്നാക്കി ഉയര്‍ത്തി. 83-ാം മിനിറ്റിലും 85-ാം മിനിറ്റിലും കണ്ണൂര്‍ വാരിയേഴ്സിന്റെ അഡ്രിയാന്‍ രണ്ട് ഗോള്‍ അവസരം ലഭിച്ചെങ്കിലും ഫോഴ്സ കൊച്ചിയുടെ ഗോള്‍ കീപ്പര്‍ ജായ്മി ജോയ് ഗോൾവലയ്ക്കു മുന്നിൽ രക്ഷകനായി.
മലപ്പുറത്തിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ അസിയര്‍ ഗോമസിന് പകരക്കാരനായി കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കാരണം പുറത്തിരുന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്ഡിനേറോയെ ഉള്‍പ്പെടുത്തി 3-4-3 എന്ന ഫോര്‍മേഷനിലാണ് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. ഫോഴ്സ കൊച്ചി തിരുവനന്തപുരം കൊമ്പന്‍സിനെതിരെ ഇറങ്ങിയ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങി. റിജോണ്‍ ജോസ്, അലക്സാണ്ടര്‍ റൊമാരിയോ, അഭിത്ത് എന്നിവര്‍ക്ക് പകരമായി നിജോ ഗില്‍ബേര്‍ട്ട്, ജിഷ്ണു കെ.എസ്, ജിനോ റൊണാല്ഡ് എന്നിവര്‍ ആദ്യ ഇലവനിലെത്തി.
Tags : force kochi