തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കു കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക ചാർട്ടേഡ് ട്രിപ്പ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി സി.പി. ജോണ്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ യാത്രാ ആവശ്യങ്ങൾക്കനുസരിച്ചു കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്തു യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധ്യമാകും.
യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ച 24 മണിക്കൂർ കണ്ട്രോൾ റൂമിലെ കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി സി.പി.ജോണ്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേനയാണ് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കുന്നത്. വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പന്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ഇതിനുപുറമെ തീർഥാടകർക്കു വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമുൾപ്പെടെയുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
Tags : KSRTC chartered trip Sabarimala pilgrims Minister C.P. John Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash