ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ പാലക്കാട് ഡിവിഷൻ ആർപിഎഫും റെയിൽവേ പൊലിസും ചേർന്ന് അറസ്റ്റ് ചെയ്ത നന്ദകുമ
പാലക്കാട്: പൊള്ളാച്ചി- മീനാക്ഷിപുരം റെയിൽവേ ട്രാക്കിൽ കൂറ്റൻ കല്ലുവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പാലക്കാട് ഡിവിഷൻ ആർപിഎഫും റെയിൽവേ പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി ജമ്മേൻ മുത്തൂർ സ്വദേശി നന്ദകുമാർ (24) ആണ് പിടിയിലായത്.
ഒക്ടോബർ 29ന് പുലർച്ചെ 5.22നായിരുന്നു കേസിന് ആസ്പദമായ സംഭവം. പൊള്ളാച്ചിയിൽനിന്നു പാലക്കാട്ടേക്കു വരികയായിരുന്ന മെമു ട്രെയിൻ ട്രാക്കിൽ വച്ചിരുന്ന 40 കിലോയോളം ഭാരമുള്ള കല്ലിൽ ഇടിച്ചു. ട്രെയിനിന്റെ കാറ്റിൽ ഗാർഡിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും സംഭവിച്ചില്ല.
സംഭവത്തെത്തുടർന്ന് പാലക്കാട് ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ, കോയന്പത്തൂർ റെയിൽവേ പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട്, ആനമല പൊലിസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോത്തന്നൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും തെളിവെടുപ്പിനെത്തി. കൊല്ലങ്കോട് സീനിയർ സെക്ഷൻ എൻജിനിയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ഡിഎസിയുടെ മേൽനോട്ടത്തിൽ ആർപിഎഫും റെയിൽവേ പൊലിസും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
സിസിടിവി ദൃശ്യങ്ങൾ, ഡ്രോണ് ഉപയോഗിച്ചുള്ള പരിശോധനകൾ, മൊബൈൽ ടവർ ലൊക്കേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പിടികൂടിയത്.
സംഭവസ്ഥലത്തിനു സമീപം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പ്രതി, ഒക്ടോബർ 28ന് രാത്രി മദ്യപിച്ച് കുടുംബവഴക്കുണ്ടായതിനെത്തുടർന്നുള്ള ദേഷ്യത്തിൽ പുലർച്ചെ മൂന്നരയോടെ ട്രാക്കിൽ കല്ല് കൊണ്ടുവയ്ക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അറസ്റ്റ് ചെയ്ത പ്രതിയെ കോയന്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Attempt Train derail RPF Palakkad Division Nandakumar Pollachi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash