പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റ് ആറു മാസമായിട്ടും സ്പോർട്്സ് ഹോസ്റ്റൽ കുട്ടികളുടെ ഭക്ഷണ അലവൻസ് കുടിശികയിൽ തീരുമാനമായില്ല. നിലവിൽ 13 മാസത്തെ കുടിശികയാണ് നൽകാനുള്ളത്. വിഷയത്തിൽ കായിക മന്ത്രി അടിയന്തരമായി ഇടപെട്ട് അലവൻസ് തുക ഉടൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. പല സ്പോർട്്സ് ഹോസ്റ്റലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിൽ ഏകദേശം 2000ലധികം കായികതാരങ്ങളാണുള്ളത്. ഇവർക്ക് ഭക്ഷണ അലവൻസ് തുക നൽകുന്നത് സ്പോർട്സ് കൗണ്‍സിലിന്റെ ഫണ്ടിൽനിന്നാണ്.
സ്പോർട്സ് കൗണ്‍സിലിന്റെ നേരിട്ടുളള നിയന്ത്രണത്തിലെ സെൻട്രലൈസ്്ഡ് സ്പോർട്സ് ഹോസ്റ്റലുകളിലും എയ്ഡഡ് സ്കൂളുകളോടും കോളജുകളോടും ചേർന്നുള്ള സ്പോർട്സ് ഹോസ്റ്റലുകളിലുമാണ് കായികതാരങ്ങൾ പരിശീലനം നടത്തുന്നത്. ഒരു കായികതാരത്തിന് പ്രതിദിനം 250 രൂപയാണ് ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കോളജ് തലത്തിൽ എയ്ഡഡ് കോളജുകളോട് അനുബന്ധിച്ച് 60ലധികം സ്പോർട്സ് ഹോസ്റ്റലുകളും സ്കൂൾ തലത്തിൽ 50ൽ താഴെ ഹോസ്റ്റലുകളുമാണുള്ളത്.
ഇതിൽ എയ്ഡഡ് കോളജുകളോട് അനുബന്ധിച്ച് ഉള്ള നിരവധി ഹോസ്റ്റലുകളിലേറെയും 13 മാസത്തെ ഭക്ഷണ അലവൻസാണ് കിട്ടാനുള്ളത്. നേരത്തേ സംസ്ഥാന സർക്കാർ മൂന്നുകോടി രൂപ വിവിധ ആവശ്യങ്ങൾക്കായി സ്പോർട്സ് കൗണ്‍സിലിനു അനുവദിച്ചപ്പോഴും അതിൽനിന്നും ഹോസ്റ്റലുകളുടെ അലവൻസിനായി കാര്യമായ തുക അനുവദിച്ചിട്ടില്ലെന്ന പരാതിയും ഉയർന്നു. നിലവിൽ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകൾക്ക് 20 ലക്ഷം രൂപ വരെ അലവൻസായി കിട്ടാനുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽനിന്നുൾപ്പെടെ കടമായി സാധനങ്ങൾ വാങ്ങിയാണ് പല സ്ഥാപനങ്ങളും കായികതാരങ്ങൾക്ക് ഭക്ഷണം നൽകിയിരുന്നത്. വൻ തുക കുടിശികയായതോടെ ഹോസ്റ്റലുകൾക്ക് സാധനം നൽകാൻ പലരും മടിക്കു കയാണ്.
ഹോസ്റ്റലിലെ ഓരോ നേരത്തെയും ഭക്ഷണത്തിനു കൃത്യമായ മെനുവും തയാറാക്കിയിട്ടുണ്ട്. എന്നാൽ ഈ മെനുവിൽ ഉൾപ്പെടുന്ന ഭക്ഷണത്തിനായുള്ള സാധനങ്ങൾ വാങ്ങാനുള്ള പണം അനുവദിക്കുന്നതിൽ അധികാരികൾക്ക് അനങ്ങാപ്പാറ നയമാണ്.
അടിയന്തരമായി കായികമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യമാണ് കായിക താരങ്ങളും കായിക സംഘടനകളും മുന്നോട്ടു വയ്ക്കുന്നത്.
Tags : Athletes Hungry Sports Hostel Foood Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash