ഫ്ളോറിഡ: മയാമി ഓപ്പണ്‍ വനിതാ സിംഗിൾസ് ടെന്നീസ് കിരീടം നിലനിർത്തി ലോക ഒന്നാം നന്പർ ബെലാറസ് താരം അരീന സബലെങ്ക. ഫൈനലിൽ കൊക്കോ ഗൗഫിനെ 6-2, 4-6, 6-3 സ്കോറിന് പരാജയപ്പെടുത്തിയാണ് അരീന സണ്‍ഷൈൻ ഡബിൾ നേട്ടം കുറിച്ചത്.
സീസണിലെ ആദ്യ രണ്ട് എലൈറ്റ് ഹാർഡ്കോർട്ട് ഡബ്ല്യുടിഎ 1000 കിരീടങ്ങളും നേടുന്ന അഞ്ചാമത് വനിതാ താരമെന്ന നേട്ടവും അരീനയ്ക്ക് സ്വന്തം.
ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഫൈനലിലെത്തിയ സബലെങ്ക തന്റെ ഫസ്റ്റ് സെർവ് പോയിന്റുകളുടെ 73 ശതമാനവും നേടി. 2025ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ ഗൗഫ് വിജയിച്ചതിന്റെ റീമാച്ചിൽ വിജയപാതയിൽ രണ്ട് ബ്രേക്ക് പോയിന്റുകൾ മാത്രമേ സബലെങ്കയ്ക്ക് നേരിടേണ്ടി വന്നുള്ളൂ.
‘സണ്‍ഷൈൻ ഡബിൾ’
ഇന്ത്യൻ വെൽസും മയാമി ഓപ്പണും ഒരുമിച്ച് നേടുന്നതിനെയാണ് സണ്‍ഷൈൻ ഡബിൾ എന്ന് വിളിക്കുന്നത്. കലിഫോർണിയയിലും ഫ്ലോറിഡയിലുമായാണ് ടൂർണമെന്റുകൾ നടക്കുന്നത്.
ഇഗ ഷ്യാങ്ടെക് (2022), വിക്ടോറിയ അസരെങ്ക (2016), കിം ക്ലൈസ്റ്റേഴ്സ് (2005), സ്റ്റെഫി ഗ്രാഫ് (1994, 1996) താരങ്ങളാണ് ’സണ്‍ഷൈൻ ഡബിൾ’ സ്വന്തമാക്കിയ വനിതാ താരങ്ങൾ.
Tags : Miami Open Sabalenka