സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന എഴുപതുകളിൽ, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ആണവയുദ്ധത്തെപ്പറ്റിയുള്ള ഭീതി ജനങ്ങളെയെന്നപോലെ ഭരണകർത്താക്കളെയും ഗ്രസിച്ചുതുടങ്ങിയ നാളുകളിൽ, അമേരിക്ക വികസിപ്പിച്ചെടുത്ത ഏറെയൊന്നും അറിയപ്പെടാത്ത ഒരു വിമാനം പശ്ചിമേഷ്യാ യുദ്ധത്തിന് ഒരു മാസംമുമ്പ് ജനുവരിയിലും പിന്നെ യുദ്ധം തുടങ്ങിയശേഷം ഈ മാസവും അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലും പുറത്തുമുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ആണവവിസ്ഫോടനം പോലെയുള്ള വൻദുരന്തമുണ്ടായി ഭരണകർത്താക്കളും ഉദ്യോഗസ്ഥരുമെല്ലാം ഇല്ലാതായാലും ഭരണത്തുടർച്ച നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡൂംസ്ഡേ വിമാനം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, നാഷനൽ എയർബോൺ ഓപ്പറേഷൻസ് സെന്റർ (എൻഎഒസി) എന്ന ബോയിംഗ് ഇ-4ബി "നൈറ്റ് വാച്ച്’ വിമാനം എഴുപതുകളുടെ ആദ്യം നിർമിച്ചത്.
ആണവയുദ്ധം, വൻപ്രകൃതി ദുരന്തം തുടങ്ങിയവയെപ്പറ്റി മുന്നറിയിപ്പു കിട്ടുമ്പോൾതന്നെ അമേരിക്കൻ പ്രസഡന്റ്്, പ്രതിരോധ സെക്രട്ടറി, സേനാ മേധാവികൾ എന്നിവർ കയറുന്ന ഈ വിമാനം അമേരിക്കൻ സർക്കാരിനെ ആകാശത്ത് സുരക്ഷിതമായി നിലനിർത്തും എന്നതായിരുന്നു ആശയം. എഴുപതുകളിലെ ബോയിംഗിന്റെ ഏറ്റവും വലുതും ആധുനികവുമായ ബോയിംഗ്് 747-200 വിമാനത്തിന് അകത്തും പുറത്തും മാറ്റങ്ങൾ ഏറെ വരുത്തിയാണ് ലോകാന്ത്യദിന, അല്ലെങ്കിൽ സർവനാശദിന വിമാനമാക്കിയെടുത്തത്.
വിമാനത്തിലെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും വയറിംഗും ഏവിയോണിക്സും ആണവവിസ്ഫോടനത്തിൽനിന്നുണ്ടാകുന്ന വൈദ്യുത കാന്തിക സ്പന്ദനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നവയാക്കി. അണു, താപ വികിരണത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതരാക്കാനായി വിമാനത്തിന് പ്രത്യേക പുറംചട്ട നിർമിച്ച് അണിയിച്ചു.
വിമാനത്തിന്റെ വേഗം, ഉയരം, അന്തരീക്ഷമർദം തുടങ്ങിയവയുടെ ഡിജിറ്റൽ ഡിസ്പ്ലേകൾ കോക്പിറ്റിൽനിന്ന് പൂർണമായി ഒഴിവാക്കി. ലോകമെങ്ങുമുള്ള അമേരിക്കൻ സേനാതാവളങ്ങളുമായി ആശയവിനിമയം നടത്താൻ, വിമാനത്തിന്റെ മുകളിൽ, കോക്പിറ്റിനു തൊട്ടുപിന്നിലായി, കാഴ്ചയ്ക്ക് ഒരു മകുടംപോലെ തോന്നിക്കുന്ന അഡ്വാൻസ്ഡ് എക്സ്ട്രീംലി ഹൈ ഫ്രീക്വൻസി (എഇഎച്ച്എഫ്) ഉപഗ്രഹ ആന്റിന സ്ഥാപിച്ചു.
താഴെ, ഭൂമിയിലെ സമുദ്രത്തിൽ സഞ്ചരിക്കുന്ന സേനാ മുങ്ങിക്കപ്പലുകളുമായി ബന്ധപ്പെടാനുള്ള, വിഎൽഎഫ് (വെരി ലോ ഫ്രീക്വൻസി) ആന്റിനയാണ് മറ്റൊരു സവിശേഷത. അഞ്ചു മൈൽ (ഏകദേശം എട്ടു കിലോമീറ്റർ) നീളമുള്ള ഒരു കേബിളാണ് ഈ ആന്റിന. വിമാനത്തിനുള്ളിൽ ഒരു വീപ്പയിൽ ചുരുട്ടിവച്ചിരിക്കുന്ന ആന്റിന, അടിയന്തര സാഹചര്യത്തിൽ വിമാനത്തിനു പുറത്തേക്ക് അഴിച്ചുവിടും. എട്ടു കിലോമീറ്ററിലും ഉയരത്തിൽ പറക്കുന്ന വിമാനത്തിൽനിന്ന് നേരെ താഴേക്കു ലംബമായി കിടക്കുന്ന ഇത് ഉപയോഗം കഴിഞ്ഞാൽ തിരികെ വലിച്ചെടുക്കുകയും ചെയ്യും.
ഒരു തവണ ഇന്ധനംനിറച്ചാൽ തുടർച്ചയായി 12 മണിക്കൂർ പറക്കാൻ കഴിയുന്ന ഡൂംസ്ഡേ വിമാനത്തിന് ആകാശത്തുവച്ച് ടാങ്കർ വിമാനങ്ങളിൽനിന്ന് ഇന്ധനം സ്വീകരിച്ച് ദിവസങ്ങളോളം മേലെതന്നെ നിൽക്കാനാവും. 112 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിൽ കമാൻഡ് സെന്റർ, കോൺഫറൻസ് മുറി, ബ്രീഫിംഗ് മുറി, ഓപ്പറേഷൻസ് ടീം വർക്ക് ഏരിയ, കമ്യൂണിക്കേഷൻസ് ഹബ്, വിശ്രമത്തിനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അണുവികരണത്തെ പ്രതിരോധിക്കാൻ, മിക്കവാറും ജനലുകളെല്ലാം എടുത്തുമാറ്റി അടച്ചുറപ്പിച്ച നിലയിലാണ് വിമാനം.
മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനവുമുള്ള ഈ വിമാനത്തെ "പറക്കുന്ന പെന്റഗൺ' എന്നും വിളിക്കാറുണ്ട്.
1973-75ൽ ഇ-4എ എന്ന പേരിൽ നിർമിച്ച വിമാനങ്ങൾ 1980-85ൽ നവീകരിച്ച് ഇ-45 എന്ന് പേരുമാറ്റിയിരുന്നു. രഹസ്യാത്മകതയും ദുരൂഹതയുമൊക്കെ ചൂഴ്ന്നു നിൽക്കുന്നുണ്ടെങ്കിലും ഈ വിമാനങ്ങളുടെ പേരും നാളുമൊക്കെ നെറ്റിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ വിമാനട്രാക്കിംഗ് സൈറ്റുകളിൽ ട്രാക്കു ചെയ്യാനും കഴിയും (ട്രാൻസ്പോണ്ടർ ഓൺ ചെയ്താണ് പറക്കുന്നതെങ്കിൽ).
ആ വിമാനങ്ങളുടെ റജിസ്ട്രേഷൻ നമ്പറുകൾ ഇതാണ്: 73-1676, 73-1677, 74-0787, 75-0125. നാല് വിമാനങ്ങളിൽ ഒരെണ്ണമെങ്കിലും സർവസന്നാഹങ്ങളുമായി നിമിഷങ്ങൾക്കുള്ളിൽ പറന്നുയരാൻ 24 മണിക്കൂറും തയാറാക്കി നിർത്തണെന്നാണ് ചട്ടം.
അമേരിക്കൻ പ്രസിഡന്റ് രാജ്യത്തിനു പുറത്തേക്കു പറക്കുമ്പോൾ, എയർഫോഴ്സ്1 വിമാനത്തെ ഡൂംസ്ഡേ വിമാനം അനുഗമിക്കാറുണ്ട്. പ്രസിഡന്റ് രാജ്യത്തിനു പുറത്തായിരിക്കുമ്പോഴാണ് അന്ത്യദിനം വരുന്നതെങ്കിലോ എന്ന മുൻകരുതൽ. പ്രസിഡന്റിന്റെ വിമാനം അദൃശ്യമായി പറക്കുമ്പോൾ ഈ കമാൻഡ് സെന്റർ എപ്പോഴും ട്രാൻസ്പോണ്ടർ ഓണാക്കിത്തന്നെയാണ് പിന്നാലെ സഞ്ചരിക്കുക.
പശ്ചിമേഷ്യയിൽ യുദ്ധം ആസന്നമാണ് എന്ന ധാരണ നാൾക്കുനാൾ ശക്തിപ്പെട്ടുകൊണ്ടിരുന്ന ജനുവരിയിലും യുദ്ധം ആരംഭിച്ചതിനു ശേഷം മാർച്ചിലും അമേരിക്കയിൽ പല ഭാഗത്തും ഡൂംസ്ഡേ വിമാനം പ്രത്യക്ഷമായിരുന്നു.
ജനുവരി ആറിന് നബ്രാസ്കയിലെ ഓഫെറ്റ് വ്യോമസേനാ താവളത്തിൽനിന്ന് പുറപ്പെട്ട് വാഷിംഗ്ടണു സമീപമുള്ള ജോയിന്റ്് ബേസ് ആൻഡ്രൂസിൽ ഇറങ്ങുന്നതായി കണ്ട വിമാനം എട്ടാം തീയതി വാഷിംഗ്ടണു മീതേ പറക്കുന്നതായും കണ്ടു. ഒന്പതിന് ലൊസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.
മാർച്ച് എട്ടിന് കലഫോണിയയിലെ ഫ്രെസ്നൗ യോസെമറ്റി രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിമാനം ദൃശ്യമായത് ഏറെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തതിനു കാരണം ഒൻപതു ദിവസം മുമ്പ് ആരംഭിച്ച യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധംതന്നെയായിരുന്നു. എങ്കിലും പശ്ചിമേഷ്യാ യുദ്ധവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഈ പറക്കലുകൾക്ക് ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരിശീലന, അറ്റകുറ്റപ്പണി പറക്കലുകളാകാനാണ് സാധ്യത.