x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധി​ക്ക് പു​തി​യ നി​ർ​വ​ച​നം ന​ൽ​കി​യ രാ​ജ​ർ​ഷി

ഡോ. ​തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റം
Published: March 8, 2026 01:37 AM IST | Updated: March 8, 2026 01:37 AM IST

നീ​തി​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പോ​രാ​ട്ട​ത്തി​ലാ​ണ് വി​ശു​ദ്ധി അ​ന്തഃ​സ്ഥി​ത​മാ​യി​രി​ക്കു​ന്ന​തെ​ന്നു പ്ര​ഘോ​ഷി​ച്ച ഋ​ഷി​തു​ല്യ​നാ​യ ഒ​രു പ്ര​വാ​ച​ക​ൻ ക്രി​സ്തു​വി​ന് എ​ട്ടു നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ജെ​റൂ​സ​ലെം തെ​രു​വീ​ഥി​യി​ലൂ​ടെ ചാ​ക്കു​വ​സ്ത്രം ധ​രി​ച്ച് ന​ഗ്ന​പാ​ദ​നാ​യി ന​ട​ന്നു​നീ​ങ്ങി. രാ​ജ​കീ​യ വം​ശ​ത്തി​ൽ പി​റ​ന്ന​വ​നാ​യി​രു​ന്നെ​ങ്കി​ലും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പീ​ഡി​ത​രു​ടെ​യും പ​ക്ഷം​ചേ​ർ​ന്ന് സ്വ​മേ​ധ​യാ ദാ​രി​ദ്ര്യം വ​രി​ച്ച​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജാ​ക്ക​ന്മാ​രു​ടെ​യും പ്ര​ഭു​ക്ക​ന്മാ​രു​ടെ​യും ധ​നാ​ഢ്യ​രു​ടെ​യും ധാ​ർ​ഷ്ട്യ​ത്തി​നും സു​ഖ​ലോ​ലു​പ​ത​യ്ക്കും എ​തി​രേ, നീ​തി അ​ന്വേ​ഷി​ക്കാ​നും മ​ർ​ദ​നം അ​വ​സാ​നി​പ്പി​ക്കാ​നും അ​നാ​ഥ​ർ​ക്കും വി​ധ​വ​ക​ൾ​ക്കു​വേ​ണ്ടി വാ​ദി​ക്കാ​നും ആ​ഹ്വാ​നം​ചെ​യ്ത ആ ​വീ​ര​പു​രു​ഷ​ന്‍റെ മു​ന്നി​ൽ രാ​ജ​കൊ​ട്ടാ​ര​ങ്ങ​ളും പ്ര​ഭു​മ​ന്ദി​ര​ങ്ങ​ളും ഞെ​ട്ടി​വി​റ​ച്ചു. ദൈ​വ​ത്തി​ന്‍റെ വേ​ദ​ന ഹൃ​ദ​യ​ത്തി​ലേ​റ്റു​വാ​ങ്ങി അ​ദ്ദേ​ഹം വി​ളി​ച്ചു​പ​റ​ഞ്ഞു: ""ആ​കാ​ശ​ങ്ങ​ളേ, ശ്ര​വി​ക്കു​ക; ഭൂ​ത​ല​മേ ശ്ര​ദ്ധി​ക്കു​ക.

ഞാ​ൻ മ​ക്ക​ളെ വ​ള​ർ​ത്തി. എ​ന്നാ​ൽ അ​വ​ർ എ​ന്നോ​ടു ക​ല​ഹി​ക്കു​ന്നു''. പാ​വ​പ്പെ​ട്ട​വ​രോ​ടു നീ​തി​പൂ​ർ​വം വ​ർ​ത്തി​ക്കാ​തെ, അ​വ​രെ പീ​ഡി​പ്പി​ച്ചു​കൊ​ണ്ട്, മ​ത​ക​ർ​മ​ങ്ങ​ളി​ൽ അ​ഭി​ര​മി​ച്ച മേ​ലാ​ള​ന്മാ​ർ​ക്കെ​തി​രാ​യ ധ​ർ​മ​രോ​ഷ​മാ​ണ്, ദൈ​വ​ത്തി​ന്‍റെ വേ​ദ​ന​യാ​യി ഏ​ശ​യ്യാ എ​ന്ന നാ​മ​ധാ​രി​യാ​യ ഈ ​പ്ര​വാ​ച​ക​ന്‍റെ ക​ണ്ഠ​ത്തി​ലൂ​ടെ ഒ​ഴു​കി​യ​ത്. ഈ ​അ​ഗ്നി​സ്ഫു​ലിം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട്, മ​ഹാ​ക​വി അ​ക്കി​ത്തം ഇ​ങ്ങ​നെ പാ​ടി:

 "നി​ര​ത്തി​ൽ കാ​ക്ക​കൊ​ത്തു​ന്നു 
 ച​ത്ത​പെ​ണ്ണി​ന്‍റെ ക​ണ്ണു​ക​ൾ 
 മു​ല​ച​പ്പി​വ​ലി​ക്കു​ന്നു ന​ര​വ​ർ​ഗ ന​വാ​തി​ഥി. 
 ഉ​ഗ്ര​മീ സ​ത്യ​മ​റി​വാ​യ്ത്തീ​ർ​ന്ന 
 ശ​പ്ത​ക്ഷ​ണം മു​ത​ൽ 
 എ​ന്‍റെ നാ​ഡി​യി​ലാ​ളു​ന്നു 
 ന​ര​കാ​ന​ല​ജി​ഹ്വ​ക​ൾ.'' 

പേ​രും വ്യ​ക്തി​ത്വ​വും 

"യാ​ഹ്‌​വേ​യാ​യ ദൈ​വം ര​ക്ഷി​ക്കു​ന്ന​വ​നാ​കു​ന്നു' എ​ന്നാ​ണ് ഏ​ശ​യ്യാ എ​ന്ന പേ​രി​ന്‍റെ അ​ർ​ഥം. പി​താ​വി​ന്‍റെ പേ​ര് ആ​മോ​സ്. ഉ​സി​യാ, യോ​ഥാം, ആ​ഹാ​സ്, ഹെ​സ​ക്കി​യ എ​ന്നീ യൂ​ദാ രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ത്താ​ണ് ഏ​ശ​യ്യാ പ്ര​വാ​ച​ക ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ച​ത്. ഉ​സ്‌​സി​യാ രാ​ജാ​വി​ന്‍റെ ക​സി​നാ​യി​രു​ന്നു ഏ​ശ​യ്യാ എ​ന്നാ​ണ് പ്ര​ബ​ല​മാ​യ അ​ഭി​പ്രാ​യം. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ രാ​ജ​ർ​ഷി, രാ​ജ​കീ​യ പ്ര​വാ​ച​ക​ൻ എ​ന്നൊ​ക്കെ പ​ണ്ഡി​ത​ന്മാ​ർ പ്ര​കീ​ർ​ത്തി​ക്കാ​റു​ണ്ട്.

ഉ​സി​യാ രാ​ജാ​വ് മ​രി​ച്ച വ​ർ​ഷം, അ​താ​യ​ത് ബി​സി 740ൽ, ​ഏ​ശ​യ്യാ പ്ര​വാ​ച​ക​നാ​യി വി​ളി​ക്ക​പ്പെ​ട്ടു. ബി​സി 690ൽ ​മ​നാ​സെ രാ​ജാ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​ദ്ദേ​ഹം ര​ക്ത​സാ​ക്ഷി​യാ​യി മ​രി​ച്ചു. ദു​ഷ്ട​നാ​യ മ​നാ​സെ രാ​ജാ​വി​ന്‍റെ ക​ല്പ​ന​പ്ര​കാ​രം ഏ​ശ​യ്യാ​യെ ര​ണ്ടു മ​ര​ത്ത​ടി​ക​ൾ​ക്കി​ട​യി​ൽ കി​ട​ത്തി വെ​ട്ടി​മു​റി​ച്ചെ​ന്നാ​ണ് യ​ഹൂ​ദ പാ​ര​ന്പ​ര്യം (ഹെ​ബ്രാ 12:37). നീ​ണ്ട അ​ന്പ​തോ​ളം വ​ർ​ഷ​ങ്ങ​ളാ​ണ് ഏ​ശ​യ്യാ പ്ര​വാ​ച​ക ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ച​ത്.

ഏ​ശ​യ്യാ വി​വാ​ഹി​ത​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു പു​ത്ര​ന്മാ​ർ ജ​നി​ച്ചു. അ​വ​ർ​ക്ക് ഏ​ശ​യ്യാ പ്ര​തീ​കാ​ത്മ​ക നാ​മ​ങ്ങ​ൾ ന​ൽ​കി. ഒ​ന്നാ​മ​ൻ "ഷി​യാ​ർ യാ​ഷൂ​ബ്' (അ​വ​ശി​ഷ്ട​ഭാ​ഗം മ​ട​ങ്ങി​വ​രും). അ​നീ​തി പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ദാ​യി​ലെ ഭൂ​രി​പ​ക്ഷം​പേ​രും ശി​ക്ഷി​ക്ക​പ്പെ​ടും. എ​ന്നാ​ൽ നീ​തി​മാ​ർ​ഗ​ത്തി​ൽ ച​രി​ക്കു​ന്ന അ​വ​ശി​ഷ്ട​ജ​നം സം​ര​ക്ഷി​ക്ക​പ്പെ​ടും എ​ന്നാ​ണ് ഈ ​പേ​രി​ന്‍റെ അ​ർ​ഥം.

ര​ണ്ടാ​മ​ന്‍റെ പേ​ര് "മ​ഹ​ർ-​ഷ​ലാ​ൽ-​ഹ​ഷ്ബാ​സ്'. "തി​ടു​ക്ക​ത്തി​ൽ കൊ​ള്ള, വേ​ഗ​ത്തി​ൽ ഇ​ര' എ​ന്നാ​ണ് ഈ ​പേ​രി​ന്‍റെ അ​ർ​ഥം. യൂ​ദാ​യു​ടെ ശ​ത്രു​രാ​ജ്യ​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടും, വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ന്നാ​ൽ യൂ​ദാ ര​ക്ഷ​പ്പെ​ടും. ഏ​ശ​യ്യാ​യു​ടെ ദൈ​വ​ശാ​സ്ത്ര ദ​ർ​ശ​ന​ങ്ങ​ളാ​യ സാ​മൂ​ഹി​ക​നീ​തി​യും വി​ശ്വാ​സ​വും പ്ര​തി​ബിം​ബി​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക നാ​മ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം മ​ക്ക​ൾ​ക്കു ന​ൽ​കി​യ​ത്. ഏ​ശ​യ്യാ​യു​ടെ കാ​ല​ത്ത് അ​സീ​റി​യ​ൻ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഭീ​ഷ​ണി​യാ​ണ് യൂ​ദാ രാ​ജ്യ​ത്തെ നി​ര​ന്ത​രം അ​ല​ട്ടി​യി​രു​ന്ന​ത്. നീ​തി​യും വി​ശ്വാ​സ​വും മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട് സാ​മ്രാ​ജ്യ​ശ​ക്തി​ക്കെ​തി​രേ നി​ല​കൊ​ണ്ടാ​ൽ അ​ന്ത്യ​ത്തി​ൽ വി​ജ​യം വ​രി​ക്കാ​നാ​വു​മെ​ന്ന ഉ​റ​പ്പ് ഏ​ശ​യ്യാ യൂ​ദാ രാ​ജാ​ക്ക​ന്മാ​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും ന​ൽ​കി.

പ്ര​വാ​ച​ക വി​ളി

ബി​സി 740ൽ ​ഏ​ശ​യ്യാ​ക്ക് അ​ത്യ​സാ​ധാ​ര​ണ​മാ​യ ഒ​രു ദൈ​വാ​നു​ഭ​വ​മു​ണ്ടാ​യി (ഏ​ശ 6:1-13). ജെ​റൂ​സ​ലെം ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടി​രി​ക്കേ ദൈ​വം ഉ​ന്ന​ത​മാ​യ സിം​ഹാ​സ​ന​ത്തി​ൽ എ​ഴു​ന്ന​ള്ളി​യി​രി​ക്കു​ന്ന​തും അ​വി​ട​ത്തെ വ​സ്ത്രാ​ഞ്ച​ലം ദേ​വാ​ല​യം മു​ഴു​വ​ൻ നി​റ​ഞ്ഞി​രി​ക്കു​ന്ന​തും സെ​റാ​ഫു മാ​ലാ​ഖ​മാ​ർ അ​വി​ട​ത്തെ ചു​റ്റും​നി​ന്ന് പ​രി​ശു​ദ്ധ​ൻ എ​ന്നു പാ​ടു​ന്ന​തും അ​ദ്ദേ​ഹം ക​ണ്ടു. ത​ൽ​ക്ഷ​ണം ഭ​യ​പ​ര​വ​ശ​നാ​യി​ത്തീ​ർ​ന്ന ഏ​ശ​യ്യാ താ​ൻ അ​ശു​ദ്ധ​നാ​ണെ​ന്ന് ഏ​റ്റു​പ​റ​ഞ്ഞു. അ​പ്പോ​ൾ സെ​റാ​ഫു​ക​ളി​ലൊ​ന്ന് ബ​ലി​പീ​ഠ​ത്തി​ൽ​നി​ന്നെ​ടു​ത്ത തീ​ക്ക​ട്ട​യാ​ൽ ഏ​ശ​യ്യാ​യു​ടെ അ​ധ​ര​ങ്ങ​ളെ ശു​ദ്ധീ​ക​രി​ച്ചു. ഞാ​ൻ ആ​രെ അ​യ​യ്ക്കേ​ണ്ടൂ എ​ന്ന ദൈ​വ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന് ഏ​ശ​യ്യാ​യു​ടെ മ​റു​പ​ടി: ""ഞാ​ൻ ത​യാ​ർ, എ​ന്നെ അ​യ​ച്ചു​കൊ​ള്ളൂ.''

അ​നീ​തി​യും അ​ധ​ർ​മ​വും പ്ര​വ​ർ​ത്തി​ച്ച് ക​ഠി​ന​ഹൃ​ദ​യ​രാ​യി​ത്തീ​ർ​ന്ന ജ​ന​ത്തെ മാ​ന​സാ​ന്ത​ര​ത്തി​ലേ​ക്കു ന​യി​ക്കാ​നാ​ണ് ഏ​ശ​യ്യാ അ​യ​യ്ക്ക​പ്പെ​ടു​ന്ന​ത്. ഏ​റെ​പ്പേ​ർ ദൈ​വ​ത്തെ ധി​ക്ക​രി​ച്ച് സ്വ​യം ന​ശി​ക്കു​മെ​ങ്കി​ലും ഒ​രു അ​വ​ശി​ഷ്ട​ഭാ​ഗം വി​ശു​ദ്ധ​ബീ​ജ​മാ​യി നി​ല​കൊ​ള്ളും.

വി​ശു​ദ്ധി= സാ​മൂ​ഹി​ക​നീ​തി

പ​രി​ശു​ദ്ധ​നാ​യ ദൈ​വ​ത്തി​ന്‍റെ മ​ഹ​ത്വം മു​ഖാ​ഭി​മു​ഖം ദ​ർ​ശി​ച്ച​തി​ലൂ​ടെ ജ​ന​ത്തെ വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കാ​നാ​ണ് ഏ​ശ​യ്യാ അ​യ​യ്ക്ക​പ്പെ​ടു​ന്ന​ത്. ഈ ​വി​ശു​ദ്ധി​യാ​ക​ട്ടെ നീ​തി​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പു​തി​യ ജീ​വി​ത​മാ​ണ്. ഇ​സ്ര​യേ​ലി​ന്‍റെ മു​ഖ്യ​പാ​പം പാ​വ​പ്പെ​ട്ട​വ​രോ​ടും പീ​ഡി​ത​രോ​ടും കാ​ണി​ച്ച അ​നീ​തി​യാ​ണ്.

സ​മൂ​ഹ​ത്തി​ൽ നീ​തി-​ധ​ർ​മ​ങ്ങ​ൾ നി​ശേ​ഷം ത​ക​ർ​ക്ക​പ്പെ​ട്ട​തു​മൂ​ലം പാ​വ​പ്പെ​ട്ട​വ​ർ ചൂ​ഷ​ണം​ചെ​യ്യ​പ്പെ​ട്ടു. ജെ​റൂ​സ​ലെ​മി​ന്‍റെ കു​റ്റം അ​വ​ർ ദൈ​വ​ത്തി​നു ബ​ലി​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​ത​ല്ല, മ​റി​ച്ച് നീ​തി​യി​ല്ലാ​ത്ത​താ​ണ്. ""നി​ങ്ങ​ൾ ക​ര​ങ്ങ​ളു​യ​ർ​ത്തു​ന്പോ​ൾ ഞാ​ൻ നി​ങ്ങ​ളി​ൽ​നി​ന്നു മു​ഖം​തി​രി​ക്കും. നി​ങ്ങ​ൾ എ​ത്ര പ്രാ​ർ​ഥി​ച്ചാ​ലും ഞാ​ൻ കേ​ൾ​ക്കു​ക​യി​ല്ല. നി​ങ്ങ​ളു​ടെ ക​ര​ങ്ങ​ൾ ര​ക്ത​പ​ങ്കി​ല​മാ​ണ്. നി​ങ്ങ​ളെ​ത്ത​ന്നെ ക​ഴു​കി വൃ​ത്തി​യാ​ക്കി നീ​തി അ​ന്വേ​ഷി​ക്കു​വി​ൻ, ന​ന്മ പ്ര​വ​ർ​ത്തി​ക്കാ​ൻ ശീ​ലി​ക്കു​വി​ൻ'' (ഏ​ശ 1:15-17).

വി​ശ്വ​സ്ത​ന​ഗ​രം വേ​ശ്യ​യാ​യി മാ​റി. അ​വി​ടെ കൊ​ല​പാ​ത​കി​ക​ൾ വ​സി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ പ്ര​മാ​ണി​ക​ൾ വെ​ള്ളി​ക്കു പ​ക​രം കി​ട്ട​വും ന​ല്ല പാ​നീ​യ​ത്തി​നു പ​ക​രം മ​ലി​ന​ജ​ല​വും തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. എ​ല്ലാ​വ​രും കോ​ഴ​യു​ടെ പി​ന്നാ​ലെ പാ​യു​ന്നു. അ​നാ​ഥ​രോ​ടും വി​ധ​വ​ക​ളോ​ടും അ​ശേ​ഷം കാ​രു​ണ്യ​മി​ല്ല. ജ​നം അ​നു​ത​പി​ച്ചാ​ൽ അ​വ​ർ നീ​തി​കൊ​ണ്ടും ധ​ർ​മ​നി​ഷ്ഠ​കൊ​ണ്ടും വീ​ണ്ടെ​ടു​ക്ക​പ്പെ​ടും.

നീ​തി​നി​ഷ്ഠ​മാ​യ പു​തി​യ ലോ​കം ഏ​ശ​യ്യാ സ്വ​പ്നം​ക​ണ്ടു. രാ​ജ്യ​ങ്ങ​ൾ​ത​മ്മി​ൽ യു​ദ്ധം​ചെ​യ്യാ​ത്ത സ​മാ​ധാ​നാ​ന്ത​രീ​ക്ഷം (2:4), സ​മൂ​ഹ​ത്തി​ലും പ്ര​പ​ഞ്ച​ത്തി​ലും പു​ല​രു​ന്ന ഐ​ക്യ​വും അ​നു​ര​ഞ്ജ​ന​വും (11:6-9), പു​തി​യ ആ​കാ​ശ​ത്തി​ന്‍റെ​യും പു​തി​യ ഭൂ​മി​യു​ടെ​യും ഉ​ദ​യം (65:17) മു​ത​ലാ​യ​വ​യാ​ണ് പു​തി​യ ലോ​ക​ക്ര​മ​ത്തെ​പ്പ​റ്റി ഏ​ശ​യ്യാ ക​ണ്ട സ്വ​പ്ന​ങ്ങ​ൾ.

ഏ​ശ​യ്യാ പാ​ടു​ന്ന പ്രേ​മ​ഗീ​ത​ത്തി​ൽ (5:1-7) ദൈ​വം പ്രി​യ​നും ഇ​സ്ര​യേ​ലാ​യ മു​ന്തി​രി​ത്തോ​ട്ടം പ്രി​യ​യു​മാ​ണ്. പ്രി​യ​ൻ ത​ന്‍റെ പ്രി​യ​യെ അ​ത്യ​ധി​കം സ്നേ​ഹി​ച്ചു. അ​വ​ളെ പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തി. എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്കു വി​പ​രീ​ത​മാ​യി അ​വ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത് കാ​ട്ടു​മു​ന്തി​രി​പ്പ​ഴ​മാ​ണ്. ഇ​ത് പ്രി​യ​ന്‍റെ ഹൃ​ദ​യ​ത്തെ ആ​ഴ​ത്തി​ൽ മു​റി​വേ​ല്പി​ച്ചു. ""നീ​തി​ക്കു​വേ​ണ്ടി അ​വി​ട​ന്ന് കാ​ത്തി​രു​ന്നു. ഫ​ല​മോ ര​ക്ത​ച്ചൊ​രി​ച്ചി​ൽ മാ​ത്രം. ധ​ർ​മ​നി​ഷ്ഠ​യ്ക്കു പ​ക​രം നീ​തി​നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ നി​ല​വി​ളി'' (5:7). ശാ​പ​ഗ്ര​സ്ത​മാ​യ ഈ ​മു​ന്തി​രി​ത്തോ​ട്ടം ന​ശി​പ്പി​ക്ക​പ്പെ​ടു​ക​ത​ന്നെ ചെ​യ്യും.

ക​യ്പ്പു​ള്ള കാ​ട്ടു​പ​ഴം പു​റ​പ്പെ​ടു​വി​ക്കു​ന്ന അ​ഞ്ചു​കൂ​ട്ടം സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ​പ്പ​റ്റി ഏ​ശ​യ്യാ പ്ര​തി​പാ​ദി​ക്കു​ന്നു: അ​ത്യാ​ഗ്ര​ഹി​ക​ളാ​യ ഭൂ​മി​യി​ട​പാ​ടു​കാ​ർ, മ​ദ്യ​ത്തി​ലും മ​ദി​രാ​ക്ഷി​യി​ലും മു​ങ്ങി​ക്കു​ളി​ച്ചു ജീ​വി​ക്കു​ന്ന​വ​ർ, ദു​ഷ്പ്ര​വൃ​ത്തി​ക​ളാ​ൽ ദൈ​വ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ർ, ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളെ സ്വാ​ർ​ഥ​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി വ​ള​ച്ചൊ​ടി​ക്കു​ന്ന​വ​ർ, ബു​ദ്ധി​മാ​ന്മാ​രാ​യി സ്വ​യം ന​ടി​ക്കു​ന്ന​വ​ർ, കൈ​ക്കൂ​ലി വാ​ങ്ങു​ക​യും അ​ഴി​മ​തി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ (5:8-23). ഈ ​സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളെ ശി​ക്ഷി​ക്കാ​ൻ ദൈ​വ​ത്തി​ന്‍റെ ക​രം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു.

വി​ശ്വാ​സം= നീ​തി​പൂ​ർ​വ​മാ​യ ജീ​വി​തം

ഏ​ശ​യ്യാ​യു​ടെ മ​റ്റൊ​രു പ്ര​മേ​യ​മാ​ണ് വി​ശ്വാ​സം. സി​റി​യ​യും എ​ഫ്രാ​യി​മും ചേ​ർ​ന്നു​ണ്ടാ​ക്കി​യ രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​നെ​തി​രേ അ​സീ​റി​യ​യു​മാ​യി സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ആ​ഹാ​സ് രാ​ജാ​വ് തീ​രു​മാ​നി​ച്ച​പ്പോ​ൾ, ഒ​രു രാ​ജ്യ​വു​മാ​യും രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടാ​തെ ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ച് ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ് ഏ​ശ​യ്യാ രാ​ജാ​വി​നെ ഉ​പ​ദേ​ശി​ച്ച​ത് (7:1-17).

"അ​മ​ൻ' എ​ന്ന ഹീ​ബ്രു ക്രി​യാ​പ​ദ​ത്തി​ന് ഉ​റ​ച്ചു​നി​ൽ​ക്കു​ക, ആ​ശ്ര​യി​ക്കു​ക, വി​ശ്വ​സി​ക്കു​ക, സു​സ്ഥി​തി പ്രാ​പി​ക്കു​ക എ​ന്നെ​ല്ലാം അ​ർ​ഥ​മു​ണ്ട്. ""നീ ​ദൈ​വ​ത്തി​ൽ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​ന​ക്ക് ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ല'' (7:9) എ​ന്നാ​ണ് ഏ​ശ​യ്യാ രാ​ജാ​വി​നോ​ടു പ​റ​ഞ്ഞ​ത്. രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടാ​ൽ പ്ര​ബ​ല​രാ​ജ്യ​ത്തി​നു മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി​വ​രും. പാ​വ​പ്പെ​ട്ട​വ​രെ ഞെ​ക്കി​പ്പി​ഴി​ഞ്ഞ് ക​പ്പം കൊ​ടു​ക്കാ​നു​ള്ള പ​ണം സ​മാ​ഹ​രി​ക്കേ​ണ്ടി​വ​രും. രാ​ജ്യം മു​ഴു​വ​ൻ അ​നീ​തി​ക്ക​ടി​മ​പ്പെ​ട്ട് ശി​ഥി​ല​മാ​കും. പ്ര​ബ​ല രാ​ജ്യ​ത്തി​ന്‍റെ മ്ലേ​ച്ഛാ​ചാ​ര​ങ്ങ​ൾ സ്വ​ന്തം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കേ​ണ്ടി​വ​രും. ""ദൈ​വം ന​മ്മോ​ടു​കൂ​ടെ'' (ഇ​മ്മാ​നു​വ​ൽ) എ​ന്ന ബോ​ധ്യ​ത്തി​ൽ സാ​മൂ​ഹി​ക- രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തു​ന്ന​താ​ണ് നീ​തി​നി​ഷ്ഠ​മാ​യ ജീ​വി​തം.

ആ​ഹാ​സ് ച​ഞ്ച​ലി​ച്ച​പ്പോ​ൾ ഏ​ശ​യ്യാ ദുഃ​ഖി​ത​നാ​യി. വ​രാ​നി​രി​ക്കു​ന്ന മി​ശി​ഹാ​യു​ടെ നീ​തി​യും ശാ​ന്തി​യും പു​ല​രു​ന്ന സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഒ​രു രേ​ഖാ​ചി​ത്രം കോ​റി​യി​ട്ടു​കൊ​ണ്ട് അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്കു പ്ര​ത്യാ​ശ ന​ൽ​കു​ന്നു (ഏ​ശ 9-12 അ​ധ്യാ​യ​ങ്ങ​ൾ).

ഏ​ശ​യ്യാ​യു​ടെ വീ​ക്ഷ​ണ​ത്തി​ൽ ദൈ​വ​ത്തി​നു പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ​വി​ശേ​ഷ​ത​ക​ൾ ഇ​വ​യാ​ണ്: ""നീ​തി​യു​ടെ മാ​ർ​ഗ​ത്തി​ൽ ച​രി​ക്കു​ക​യും സ​ത്യം സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ, മ​ർ​ദ​നം വ​ഴി​യു​ള്ള നേ​ട്ടം വെ​റു​ക്കു​ന്ന​വ​ർ, കൈ​ക്കൂ​ലി വാ​ങ്ങാ​തി​രി​ക്കാ​ൻ കൈ ​കു​ട​യു​ന്ന​വ​ർ, ര​ക്ത​ച്ചൊ​രി​ച്ചി​ലി​നെ​പ്പ​റ്റി കേ​ൾ​ക്കാ​തി​രി​ക്കാ​ൻ ചെ​വി പൊ​ത്തു​ന്ന​വ​ർ, തി​ന്മ ദ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ക​ണ്ണു​ക​ള​ട​യ്ക്കു​ന്ന​വ​ർ- അ​വ​ർ ഉ​ന്ന​ത​ങ്ങ​ളി​ൽ വ​സി​ക്കും'' (33:15-16).

ഇ​ങ്ങ​നെ​യു​ള്ള പു​തി​യ ലോ​ക​ത്തി​നു​വേ​ണ്ടി പോ​രാ​ടു​ന്ന​താ​ണ് വി​ശു​ദ്ധി. ഇ​ങ്ങ​നെ​യു​ള്ള പു​തി​യ സ​മൂ​ഹ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​താ​ണ് യ​ഥാ​ർ​ഥ വി​ശ്വാ​സം. ""സൈ​ന്യ​ങ്ങ​ളു​ടെ ക​ർ​ത്താ​വ് നീ​തി​യി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു. പ​രി​ശു​ദ്ധ​നാ​യ ദൈ​വം ധ​ർ​മ​നി​ഷ്ഠ​യി​ലൂ​ടെ ത​ന്‍റെ പ​രി​ശു​ദ്ധി വെ​ളി​പ്പെ​ടു​ത്തു​ന്നു'' (5:16).

Tags : Rajarshi new definition purity sunday deepika

Recent News

Corehub Up