""പിഴുതെറിയാനും ഇടിച്ചു തകർക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും പണിതുയർത്താനും നട്ടുവളർത്താനുംവേണ്ടി ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയും മേൽ ഞാൻ നിന്നെ അവരോധിച്ചിരിക്കുന്നു'' (ജറെ 1:10).
അബ്രഹാം ഹെഷ്ക്കെൽ എന്ന യഹൂദ ദൈവശാസ്ത്ര പണ്ഡിതൻ അഭിപ്രായപ്പെടുന്നതുപോലെ, ""ദൈവത്തിനു ജനത്തോടുള്ള കരുണാർദ്രസ്നേഹവും പാപത്തിന്റെ ഭീകരതയോർത്തുള്ള ക്രോധാവേശിതമായ വിലാപവും ഉൾത്തടത്തിൽ പേറിയ തകർക്കലിന്റെയും പുനർനിർമാണത്തിന്റെയും പ്രവാചകനാണ് ജറമിയാ''.
പാപഘടനകൾക്കെതിരേ നിർഭയം പോരാടിയതിനാൽ ജറമിയായെ സ്നാപകയോഹന്നാനോടും ജനത്തെ അത്യധികം സ്നേഹിക്കുകയും ജനത്തിനുവേണ്ടി സഹിക്കുകയും ചെയ്തതിനാൽ ക്രിസ്തുവിനോടും താരതമ്യപ്പെടുത്താറുണ്ട്. ദൈവവചനത്തിനുവേണ്ടിയുള്ള തീവ്രമായ സഹനം ജറമിയായെ നൂറ്റാണ്ടുകളിലൂടെ ധർമത്തിനുവേണ്ടി സഹിക്കുന്ന സകല മനുഷ്യരുടെയും പ്രതീകവും പ്രതിനിധിയുമാക്കി മാറ്റി.
രാജാക്കളും പ്രഭുക്കളും പ്രവാചകരും പുരോഹിതരും ജീർണിച്ച രാഷ്ട്രീയ- സാമൂഹിക വ്യവസ്ഥയെ പിന്താങ്ങിയ കെട്ടകാലത്ത്, എതിരഭിപ്രായം പറയുന്നവർക്കെതിരേ മരണശിക്ഷ പുറപ്പെടുവിച്ചിരുന്ന ഭീതിനിറഞ്ഞ സാഹചര്യത്തിൽ, ജറമിയാ ഒറ്റയ്ക്ക് എല്ലാ പ്രാതികൂല്യങ്ങളെയും അവഗണിച്ച് ദൈവവചനം മായംചേർക്കാതെ പ്രസംഗിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
പേരും ചരിത്രപശ്ചാത്തലവും
ജറമിയാ ജറൂസലെമിനടുത്തുള്ള അനത്തോത്ത് എന്ന ഗ്രാമത്തിൽ പുരോഹിതനായ ഹിൽക്കിയായുടെ മകനായി ജനിച്ചു. ജറമിയാ എന്ന പേരിന്റെ അർഥം "ദൈവം ഉയർത്തട്ടെ' എന്നാണ്.
പ്രധാനമായും യൂദാ രാജാക്കന്മാരായ ജോസിയായുടെയും യഹോയാക്കീമിന്റെയും സെദക്കിയായുടെയും ഭരണകാലത്താണ് ജറമിയാ പ്രവാചകശുശ്രൂഷ ചെയ്തത്. ജോസിയാ രാജാവിന്റെ വാഴ്ചയുടെ പതിമൂന്നാം വർഷം, അതായത് ബിസി 627ൽ, അദ്ദേഹത്തിനു പ്രവാചകവിളി ലഭിച്ചു. ഏതാണ്ട് നാല്പതു വർഷത്തോളം അദ്ദേഹം പ്രവാചക ധർമം നിറവേറ്റി.
പശ്ചിമേഷ്യയിൽ ആധിപത്യം പുലർത്തിയിരുന്ന ബാബിലോൺ ഭരണാധികാരിയായ നബുക്കദ്നസ്സറിനെ ഭയന്ന് ജറമിയായെയും അദ്ദേഹത്തിന്റെ ഗുമസ്തനായ ബാറൂക്കിനെയും കൂട്ടി യൂദായിലെ അവശിഷ്ടജനം ഈജിപ്തിലേക്ക് പലായനം ചെയ്തു. ഈജിപ്തിലെ വിഗ്രഹാരാധനയ്ക്കെതിരേ പ്രസംഗിച്ച ജറമിയായെ യഹൂദർ കല്ലെറിഞ്ഞു കൊന്നു എന്നാണ് ചരിത്രം.
പ്രവാചകവിളി
ജനനത്തിനു മുന്പുതന്നെ ദൈവം ജറമിയായെ പ്രവാചകനായി തെരഞ്ഞെടുത്തു. ""മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപംനൽകുന്നതിനുമുന്പേ ഞാൻ നിന്നെ അറിഞ്ഞു. മാതൃഗർഭത്തിൽനിന്നു പുറത്തുവരുന്നതിനുമുന്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജനതകൾക്കു പ്രവാചകനായി നിന്നെ നിയോഗിച്ചു'' (ജറ 1:5). ജറമിയായെ ശക്തിപ്പെടുത്താൻ താൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരിക്കുമെന്ന വാഗ്ദാനവും അവിടന്നു നൽകി.
കർത്താവ് ജറമിയായുടെ അധരത്തെ സ്പർശിച്ച് അവിടത്തെ വചനം അദ്ദേഹത്തിന്റെ നാവിൽ നിക്ഷേപിച്ചു. വ്യക്തമായ ദൗത്യവും അദ്ദേഹത്തിനു നൽകി: ""പിഴുതെറിയാനും ഇടിച്ചു തകർക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും പണിതുയർത്താനും നട്ടുവളർത്താനുംവേണ്ടി ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയും മേൽ ഞാൻ നിന്നെ അവരോധിച്ചിരിക്കുന്നു'' (1:10).
അടയാളമായി രണ്ടു ദർശനങ്ങൾ ജറമിയായ്ക്കു ലഭിച്ചു: ജാഗ്രതാ വൃക്ഷത്തിന്റെ ശാഖയുടെ ദർശനവും വടക്കുനിന്ന് തെക്കോട്ടു ചരിയുന്ന പാത്രത്തിന്റെ ദർശനവും. "ഷാഖദ്' എന്ന ഹീബ്രു പദത്തിന് ജാഗ്രതാവൃക്ഷത്തിന്റെ ശാഖ എന്നർഥം. "ഷോഖദ്' എന്ന പദത്തിനാകട്ടെ ഉണർന്നിരിക്കുന്നവൻ എന്നും. വസന്തകാലത്ത് ആദ്യം പുഷ്പിക്കുന്ന സസ്യമാണ് ജാഗ്രതാവൃക്ഷം.
വസന്താഗമനം അറിയിച്ചുകൊണ്ട് ഈ സസ്യം ആദ്യം പുഷ്പിച്ച് ഉണർന്നിരിക്കും. ഈ സത്യം ദർശിച്ചപ്പോൾ ദൈവം തന്റെ വചനം നിറവേറ്റാൻ ഉണർന്നിരിക്കുന്നു എന്ന സന്ദേശം ജറമിയായ്ക്കു കിട്ടി. വടക്കുനിന്നു തെക്കോട്ടു ചരിയുന്ന പാത്രം വടക്കുനിന്നുള്ള ശത്രുരാജ്യം, അതായത് ബാബിലോണ്, യൂദായെ ആക്രമിച്ചു കീഴ്പ്പെടുത്തും എന്ന സന്ദേശമാണ് നൽകിയത്.
അനീതിക്കും അധർമത്തിനുമെതിരേ
ജറമിയാ മാനസാന്തരത്തിന്റെ സന്ദേശം പ്രസംഗിച്ചുകൊണ്ടാണ് തന്റെ പ്രവാചകശുശ്രൂഷ ആരംഭിച്ചത്. യൂദാ നശിപ്പിക്കപ്പെടാതിരിക്കാൻ ഒറ്റ വഴിയേയുള്ളൂ- ദൈവത്തിലേക്കു തിരിഞ്ഞ് മാനസാന്തരപ്പെടുക. ജനത്തിന്റെ പ്രധാനപാപം അനീതിയും അധർമവുമാണ്.
നിന്റെ വസ്ത്രാഞ്ചലത്തിൽ നിരപരാധരായ പാവങ്ങളുടെ ജീവരക്തം പുരണ്ടിരിക്കുന്നു (2:34). ജറൂസലെം മുഴുവനും അനീതിയിൽ കൂപ്പുകുത്തിയിരിക്കുന്നു (5:1-2). എല്ലാവരും പാവപ്പെട്ടവരെ ഞെരുക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്നു. ""എന്റെ ജനത്തിനിടയിൽ ദുഷ്ടന്മാർ കടന്നുകൂടി വേടന്മാരെപ്പോലെ പതിയിരിക്കുന്നു. അവർ കെണികളൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു.
കൂട്ടിൽ പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളിൽ വഞ്ചന നിറഞ്ഞിരിക്കുന്നു. അവർ വന്പന്മാരും പണക്കാരുമായി. അവർ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്ടതയ്ക്ക് അതിരില്ല. അവരുടെ വിധികൾ നീതിയുക്തമല്ല. അനാഥർക്കുവേണ്ടി അവർ നിലകൊള്ളുന്നില്ല. ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നില്ല. ഈ പ്രവൃത്തികൾക്ക് ഞാൻ അവരെ ശിക്ഷിക്കേണ്ടതല്ലേ?'' (5:26-29).
ദേവാലയപ്രസംഗം
ജറമിയായുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ് ദേവാലയപ്രസംഗം (7:1-15). ദേവാലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട് പ്രസംഗിക്കാൻ ദൈവം ജറമിയായോട് ആവശ്യപ്പെട്ടു.
ആ പ്രസംഗത്തിന്റെ രത്നച്ചുരുക്കം സാമൂഹികനീതിയാണ്. ജനം തങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തണം; കർത്താവിന്റെ ആലയം എന്ന പൊതുവാക്കുകളിൽ ആശ്രയിക്കരുത്; അയൽക്കാരോടു നീതിപുലർത്തണം; പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണംചെയ്യരുത്. എങ്കിൽ ഈ ദേശത്ത് അവർ വസിക്കും. അല്ലെങ്കിൽ അവരുടെ ദേവാലയം തകർക്കപ്പെടും; അവർ ദേശത്തുനിന്ന് പുറത്താക്കപ്പെടും.
അനീതി പ്രവർത്തിച്ചുകൊണ്ട് ദേവാലയത്തിൽ സുരക്ഷിതത്വം തേടുന്നതിലൂടെ ജനം ദേവാലയത്തെ മോഷ്ടാക്കളുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു. പുരോഹിതരും ജനങ്ങളും ചേർന്ന് ജറമിയായെ പിടികൂടി. അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. എന്നാൽ ചില ശ്രേഷ്ഠന്മാരുടെ ഇടപെടൽ മൂലം ജറമിയാ വധശിക്ഷയിൽനിന്നു വിമുക്തനായി. മിക്കായ്ക്കു ശേഷം ദേവാലയത്തിന്റെ നാശത്തെപ്പറ്റി പ്രവചിച്ചവനാണ് ജറമിയാ.
രാജത്വത്തിന്റെ നാശം
രാജാക്കന്മാരുടെ പ്രധാന ധർമമാണ് നീതി നിർവഹണം. ""നീതിയും ന്യായവും നിർവഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയിൽനിന്നു രക്ഷിക്കുക. പരദേശിയോടും അനാഥനോടും വിധവയോടും തിന്മയോ അതിക്രമമോ കാട്ടരുത്. ഈ സ്ഥലത്ത് നിരപരാധന്റെ രക്തം വീഴ്ത്തരുത്'' (22:2-3). യഹോയാക്കീം രാജാവ് തന്റെ കൊട്ടാരം വിപുലീകരിക്കാൻവേണ്ടി വേലക്കാർക്ക് കൂലികൊടുക്കാതെ അവരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചു.
ജോസിയാ രാജാവ് നീതിയും ധർമവും പുലർത്തി രാജ്യപാലനം നടത്തിയെങ്കിൽ അദ്ദേഹത്തിന്റെ പുത്രനായ യഹോയാക്കീമിന് വഞ്ചനയിലൂടെ ലാഭമുണ്ടാക്കാൻ മാത്രമായിരുന്നു താല്പര്യം. ദൈവത്തെ അറിയുക എന്നതിന്റെ അർഥം നീതിയും ധർമവും പുലർത്തി ജീവിക്കുക എന്നാണ് (22:16). യഹോയാക്കീം ദൈവവചനത്തെ നിസാരമായിക്കരുതി.
ദൈവാജ്ഞയനുസരിച്ച് ജറമിയാ എഴുതിയ വചനച്ചുരുൾ അദ്ദേഹം കത്തിച്ചു ചാന്പലാക്കി (36:1-36). ഇവയ്ക്കെല്ലാം യഹോയാക്കീം ശിക്ഷിക്കപ്പെടുമെന്ന് ജറമിയാ മുന്നറിയിപ്പുനൽകി. നീതിയും ധർമവും പാലിക്കാത്തതിനാൽ രാജവംശം നശിക്കും; രാജകൊട്ടാരം നാശക്കൂന്പാരമാകും.
പ്രത്യാശയുടെ വചനങ്ങൾ
ജറമിയാ നശിപ്പിക്കുന്നവൻ മാത്രമല്ല, പണിതുയർത്തുന്നവൻകൂടിയാണ്. എന്നാൽ നശിപ്പിക്കൽ പൂർത്തിയായശേഷമേ പുനർനിർമാണം നടക്കൂ. ജനത്തെക്കുറിച്ച് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന ക്ഷേമകരമായ പദ്ധതി ദൈവത്തിന്റെ മനസിലുണ്ട് (29:11).
ഷുബ് ഷവുത്ത് (30:3,18; 31:23) എന്ന പ്രത്യേക ഹീബ്രു പ്രയോഗത്തിലൂടെ പുനർനിർമാണത്തെക്കുറിച്ചുള്ള ദൈവികപദ്ധതി ജറമിയാ വെളിപ്പെടുത്തുന്നു. എല്ലാ അനുഗ്രഹങ്ങളും പുനഃസ്ഥാപിക്കും എന്നാണ് ഈ പ്രയോഗത്തിന്റെ അർഥം. വിമോചനം, സൗഖ്യം, നവീകരണം, പുതിയ ഉടന്പടി, പുതിയ ഘടനകൾ മുതലായവയാണ് ഈ പുനഃസ്ഥാപനത്തിൽ അടങ്ങിയിരിക്കുന്നത്.
പഴയതിന്റെ പുനഃപ്രതിഷ്ഠയല്ല, പഴയതിന്റെ തുടർച്ചയായ നവീനതയാണ് ഈ പുനരുദ്ധാരണം. പുതിയ ഉടന്പടി (31:31-34)യാണ് ഇതിന്റെ കേന്ദ്രബിന്ദു. അങ്ങനെ നാശത്തിന്റെ വക്താവായിട്ടല്ല, പുതുയുഗ ദർശകനായിട്ടാണ് അവസാനം ജറമിയാ നിലകൊള്ളുന്നത്.
സഹനം
ദൈവവചനത്തെപ്രതി ആന്തരികമായും ബാഹ്യമായും സഹിച്ച ദൈവദാസനാണ് ജറമിയാ. ശിക്ഷാവിധിയുടെ വചനം പ്രസംഗിച്ചതിന്റെ പേരിൽ ജറമിയാ പലതവണ പ്രഹരിക്കപ്പെട്ടു; ജയിലിലടയ്ക്കപ്പെട്ടു; പൊട്ടക്കിണറ്റിൽ എറിയപ്പെട്ടു; കല്ലെറിയപ്പെട്ടു. ബാഹ്യമായ സഹനത്തേക്കാൾ ഭയങ്കരമായിരുന്നു ആന്തരിക സംഘർഷം. അധികാരികളും ഭൂരിഭാഗം ജനങ്ങളും ജറമിയായ്ക്കെതിരേ തിരിഞ്ഞു. നിർണായകഘട്ടത്തിൽ ദൈവംപോലും തന്നെ കൈവിട്ടതായി അദ്ദേഹത്തിനു തോന്നി.
ദൈവനാമത്തിൽ സംസാരിക്കുകയില്ല എന്നു നിശ്ചയിച്ചാൽ താൻ അതിന് അശക്തനാണെന്ന് ജറമിയാ തിരിച്ചറിഞ്ഞു. ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി തന്റെ അസ്ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു (20:9). അതുകൊണ്ട് ശിക്ഷാവിധിയുടെ വചനം പ്രസംഗിക്കാതിരിക്കാൻ അദ്ദേഹത്തിനാവില്ല.
ഈ ഘോരസംഘട്ടനത്തിൽ ജറമിയാ ദൈവത്തിന്റെ പക്കലേക്കു തിരിഞ്ഞ് പരിഭവപ്പെടുന്നുണ്ട്. ദൈവത്തോടുള്ള സത്യസന്ധമായ ബന്ധത്തിന് ഉത്തമോദാഹരണങ്ങളാണ് ഈ സംഭാഷണങ്ങൾ. ഇവ വിശ്വാസപ്രഖ്യാപനപരമായ വിലാപങ്ങൾ എന്നറിയപ്പെടുന്നു. ഇപ്രകാരമുള്ള ഏഴു വിലാപങ്ങൾ ജറമിയായുടെ പുസ്തകത്തിലുണ്ട് (12:1-6; 15:10-12; 15:15-21; 20:7-13 തുടങ്ങിയവ).
അവയെല്ലാം ഹൃദയംനുറുങ്ങിയ പ്രാർഥനകളാണ്. ഇപ്രകാരം പ്രാർഥിക്കുന്നവർക്കു മാത്രമേ ദൈവത്തിന്റെയും ജനത്തിന്റെ വേദനയിൽ പങ്കുചേർന്ന് കരയാനും ജനത്തിനുവേണ്ടി ദൈവസമക്ഷം നിരന്തരം മധ്യസ്ഥത വഹിക്കാനും കഴിയൂ. കരയുന്നവർ ഭാഗ്യവാന്മാർ എന്ന സുവിശേഷഭാഗ്യം ഇവരിൽ അന്വർഥമാകും.
ജറമിയായുടെ വിലാപത്തിന് പ്രവാചകപരമായ മാനംകൂടിയുണ്ട്. ജനത്തെ അത്യധികം സ്നേഹിച്ചവനാണ് ജറമിയാ. ജനത്തിന്റെ കഷ്ടപ്പാടിൽ പങ്കാളിയായി, കണ്ണീർ വാർത്ത് കരയുന്നതിലൂടെ ഈ ദുഃഖദുരിതങ്ങൾക്ക് കാരണഭൂതരായ അനീതിനിറഞ്ഞ വ്യവസ്ഥിതിയെ പിന്താങ്ങുന്നവർക്കെതിരേ അദ്ദേഹം കലഹിക്കുകയാണ്.
ഈ അനീതിയുടെ സംവിധാനങ്ങൾ നിലംപൊത്താനും നീതിയുടെ പുതിയ വ്യവസ്ഥിതി രൂപപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ വിപ്ലവകരമായ തേങ്ങലാണ് ആധികാരികതയോടുകൂടിയ ധാർമിക വിലാപം. പിഴുതെറിയലിലൂടെയും നട്ടുവളർത്തലിലൂടെയും നീതിനിറഞ്ഞ നവ വ്യവസ്ഥിതിക്കുവേണ്ടി വിലപിക്കുവാൻ ഇന്ന് എത്ര ജറമിയാമാർ തയാറാകും?
Tags : sunday