ചിന്താവിഷയം
1940കളിൽ ഓസ്ട്രിയയിലെ വിയന്ന ജനറൽ ആശുപത്രിയിൽ ആശങ്കാജനകമായ സംഭവം ആവർത്തിച്ചുകൊണ്ടിരുന്നു. പ്രസവത്തിനായി ആശുപത്രിയിലെത്തിയ അനേകം സ്ത്രീകൾ കുഞ്ഞിനു ജന്മം നൽകിയശേഷം വീട്ടിലേക്കു മടങ്ങിയിരുന്നില്ല. അക്കാലത്ത് ചൈൽഡ് ബെഡ് ഫീവർ എന്നു വിളിച്ചിരുന്ന പ്രസവാനന്തര അണുബാധ ബാധിച്ച് അവരിൽ പലരും ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞിരുന്നു.
ആശുപത്രിയിൽ രണ്ടു പ്രസവവിഭാഗങ്ങളുണ്ടായിരുന്നു.
ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും പ്രസവശുശ്രൂഷ നടത്തിയിരുന്ന ഒന്നാം വിഭാഗത്തിൽ മരണനിരക്ക് വളരെ കൂടുതലായിരുന്നു. എന്നാൽ, മിഡ്വൈഫുമാർ പരിശീലനം നേടിയിരുന്ന വിഭാഗത്തിൽ മരണനിരക്ക് താരതമ്യേന കുറവും. എന്തുകൊണ്ടായിരുന്നു ഈ വ്യത്യാസം. ഹംഗറിയിൽനിന്നുള്ള യുവ ഡോക്ടർ ഇഗ്നാസ് സെബൻവൈസ് അതിന്റെ കാരണം കണ്ടെത്താൻ തീരുമാനിച്ചു.
ആശുപത്രിയിലെ തിരക്ക്, വായുസഞ്ചാരം, പ്രസവരീതി തുടങ്ങി പല കാരണങ്ങളും അദ്ദേഹം പഠനവിധേയമാക്കി. 1847ൽ അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന യാക്കോബ് കെല്ലറ്റ്ഷ്ക പോസ്റ്റ്മോർട്ടം നടത്തുന്നതിനിടെ ഒരു വിദ്യാർഥിയുടെ കത്തികൊണ്ട് അബദ്ധത്തിൽ മുറിവേറ്റു. തുടർന്ന് ഗുരുതരമായ രോഗബാധയുണ്ടായി അദ്ദേഹം മരിച്ചു. സുഹൃത്തിന്റെ രോഗലക്ഷണങ്ങളും മരണശേഷമുള്ള കണ്ടെത്തലുകളും പരിശോധിച്ച സെബൻവൈസിന് അവ പ്രസവാനന്തര പനി ബാധിച്ച് മരിച്ച സ്ത്രീകളുടേതുമായി ഏറെ സാമ്യമുള്ളതായി തോന്നി.
അപ്പോഴാണ് അദ്ദേഹത്തിനു നിർണായകമായ ഒരു സംശയം തോന്നിയത്. ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും മൃതദേഹ പരിശോധന നടത്തിയശേഷം നേരേ പ്രസവവിഭാഗത്തിലെത്തി സ്ത്രീകളെ പരിശോധിച്ചിരുന്നു. രോഗാണുക്കളെക്കുറിച്ചുള്ള ഇന്നത്തെ ശാസ്ത്രീയ അറിവ് അന്നുണ്ടായിരുന്നില്ല. മൃതദേഹങ്ങളിൽനിന്നുള്ള ഏതോ അദൃശ്യവസ്തു ഡോക്ടർമാരുടെ കൈകളിലൂടെ പ്രസവിക്കുന്ന സ്ത്രീകളിലേക്കു പകരുന്നുണ്ടാകാമെന്നു സെബൻവൈസ് അനുമാനിച്ചു. തന്മൂലം രോഗികളെ പരിശോധിക്കുന്നതിനു മുന്പ് ക്ലോറിനേറ്റഡ് ലൈം ലായനിയിൽ കൈകൾ കഴുകണമെന്ന് അദ്ദേഹം ഡോക്ടർമാരോടും മെഡിക്കൽ വിദ്യാർഥികളോടും നിർദേശിച്ചു. അപ്പോൾ ഫലം അദ്ഭുതകരമായിരുന്നു. മരണനിരക്ക് കുത്തനെ കുറഞ്ഞു.
ഇത്രയും വ്യക്തമായ ഫലം കണ്ടപ്പോൾ വൈദ്യലോകം സെബൻവൈസിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ നിർദേശം സ്വീകരിക്കുകയും ചെയ്തിരിക്കുമെന്നു നമുക്കു തോന്നാം. പക്ഷേ, സംഭവിച്ചത് അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് വലിയ എതിർപ്പ് നേരിട്ടു. അദ്ദേഹം ആവശ്യപ്പെട്ടതുപോലെ രോഗികളെ പരിചരിക്കുന്നതിനു മുന്പ് ഡോക്ടർ കൈകഴുകണമെന്ന നിർദേശം പല ഡോക്ടർമാരും സ്വീകരിച്ചില്ല. അതിനു പല കാരണങ്ങളുണ്ടായിരുന്നു. കൈ കഴുകിയാൽ മരണനിരക്ക് കുറയുന്നുവെന്നു തെളിയിക്കാൻ സെബൻവൈസിനു കഴിഞ്ഞെങ്കിലും അതിന്റെ ശാസ്ത്രീയ കാരണം വ്യക്തമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. രോഗാണുസിദ്ധാന്തം ശാസ്ത്രീയലോകത്ത് അംഗീകരിക്കപ്പെടുന്നതിനു മുൻപുള്ള കാലമായിരുന്നു അത്.
സെബൻവൈസിന്റെ കണ്ടെത്തലിൽ പലരെയും അസ്വസ്ഥമാക്കുന്ന മറ്റൊരു സത്യം ഒളിഞ്ഞിരുന്നു. രോഗികളെ സുഖപ്പെടുത്താൻ വന്ന ഡോക്ടർമാരുടെ കൈകൾതന്നെ അറിയാതെ രോഗികളുടെ മരണത്തിനു കാരണമാകുന്ന വസ്തുക്കൾ വഹിച്ചിരിക്കാം. എന്നാൽ, അത് അംഗീകരിക്കാൻ അവർ തയാറായിരുന്നില്ല. കൈ കഴുകുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു തെറ്റ് സമ്മതിക്കുക എന്നുള്ളത്.
സെബൻവൈസിന്റെ കഥ പത്തൊൻപതാം നൂറ്റാണ്ടിലെ ചില ഡോക്ടർമാരുടെ മാത്രം കഥയല്ല. അതു ചിലപ്പോൾ നമ്മുടെയും കഥയായി മാറാറുണ്ട്. ഒരിക്കൽ ഒരു കാര്യത്തെക്കുറിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ അതുമായി അതിവേഗം വൈകാരികമായി നാം ബന്ധപ്പെടും. അപ്പോൾ നമ്മെ അനുകൂലിക്കുന്ന വാദങ്ങൾ നാം സ്വീകരിക്കുകയും എതിർക്കുന്ന തെളിവുകൾ അവഗണിക്കുകയും ചെയ്യും. ആരെങ്കിലും ആത്മാർഥമായി നമ്മെ തിരുത്താൻ ശ്രമിച്ചാൽ അതു കാര്യങ്ങൾ വ്യക്തമായി പഠിക്കുന്നതിനുള്ള അവസരമായി കാണുന്നതിനു പകരം വ്യക്തിപരമായ വിമർശനമായി നാം കാണും. കുടുംബത്തിലും ജോലിസ്ഥലത്തും പൊതുജീവിതത്തിലുമെല്ലാം ഇതു സംഭവിക്കുന്നു.
ഭാര്യയോ ഭർത്താവോ പറഞ്ഞതു ശരിയാണെന്നു മനസിലായിട്ടും തർക്കം തുടരാം. മകനെക്കുറിച്ചുള്ള സ്വന്തം വിലയിരുത്തൽ തെറ്റായിരുന്നെന്ന് മാതാപിതാക്കൾക്കു ബോധ്യപ്പെട്ടാലും അതു സമ്മതിക്കാൻ വിസമ്മതിച്ചേക്കാം. അധ്യാപകനെ വിദ്യാർഥി തിരുത്താം. മേലുദ്യോഗസ്ഥന്റെ തീരുമാനം തെറ്റാണെന്ന് കീഴുദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടാം. പുരോഹിതനും രാഷ്ട്രീയനേതാവിനും ശാസ്ത്രജ്ഞനും പണ്ഡിതനുമൊക്കെ തെറ്റുപറ്റാം.
നമ്മുടെ വിദ്യാഭ്യാസയോഗ്യത മാത്രം ഈ ദൗർബല്യത്തിൽനിന്ന് നമ്മെ രക്ഷിക്കണമെന്നില്ല. ചിലപ്പോൾ നമ്മുടെ ബുദ്ധിശക്തി നമ്മുടെ തെറ്റുകളെ സമർഥമായി ന്യായീകരിക്കാൻ ശ്രമിക്കും. എന്നാൽ, യഥാർഥ ജ്ഞാനത്തിനു മറ്റൊരു ഗുണംകൂടി വേണം, ബൗദ്ധികമായ വിനയം. അതിന്റെ അർഥം സ്വന്തം വിശ്വാസങ്ങളെയെല്ലാം സംശയിക്കണമെന്നല്ല, പ്രത്യുത, പുതിയ തെളിവുകളെ സത്യസന്ധമായി പരിശോധിക്കാനും നമ്മുടെ ധാരണകൾ തെറ്റാണെന്നു തെളിയിച്ചാൽ അവ തിരുത്താനും നാം തയാറാകുക എന്നതാണ്.
ബൈബിളിൽ ദാവീദ് രാജാവ് ഇതിനു ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. ബെത്ഷെബായുടെയും ഊറിയയുടെയും കാര്യത്തിൽ ഗുരുതരമായ തെറ്റുകൾ ചെയ്ത ദാവീദിനെ നാഥാൻ പ്രവാചകൻ നേരിട്ടു. ഒരു ദരിദ്രന്റെ ഏക ആട്ടിൻകുട്ടിയെ അപഹരിച്ച ധനികന്റെ കഥ നാഥാൻ പറഞ്ഞു.: ആ അനീതിയിൽ രാജാവ് രോഷാകുലനായപ്പോൾ നാഥാൻ തുറന്നുപറഞ്ഞു. ആ മനുഷ്യൻ നീ തന്നെ. രാജാവായ ദാവീദിനു നാഥാൻ പ്രവാചകനെ നിശബ്ദനാക്കാമായിരുന്നു. സ്വന്തം പ്രവൃത്തിക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹത്തിനു കഴിയുമായിരുന്നു.
എന്നാൽ, ദാവീദ് രാജാവ് പറഞ്ഞു: ഞാൻ കർത്താവിനെതിരായി പാപം ചെയ്തു. (സാമുവൽ 12:13). സ്വന്തം തെറ്റ് സമ്മതിക്കാൻ അധികാരത്തേക്കാൾ വലിയ ഗുണമായ വിനയം വേണ്ടിയിരുന്നു. അതു ദാവീദ് രാജാവിനുണ്ടായിരുന്നു. മൂഢന്റെ വഴി അവന്റെ ദൃഷ്ടിയിൽ ശരിയാണ്. എന്നാൽ, ജ്ഞാനിയായവൻ ഉപദേശം ശ്രദ്ധിക്കുന്നു (സുഭാഷിതങ്ങൾ 12:15) എന്നു ദൈവവചനം നമ്മെ അനുസ്മരിപ്പിക്കുന്നു.
തന്റെ കണ്ടെത്തലിന് അർഹമായ അംഗീകാരം ലഭിക്കുന്നതു കാണാൻ സെബൻവൈസിനു ഭാഗ്യമുണ്ടായില്ല. 1865ൽ 47-ാം വയസിൽ അദ്ദേഹം മരിച്ചു. പിന്നീട് ലൂയി പാസ്റ്റർ, ജോസഫ് ലിസ്റ്റർ തുടങ്ങിയവരുടെ ഗവേഷണത്തിലൂടെ രോഗാണുക്കളെയും അണുബാധയെയുംകുറിച്ചുള്ള ശാസ്ത്രീയ അറിവ് വളർന്നു. സെബൻവൈസ് വർഷങ്ങൾക്കു മുന്പ് നിഷ്കർഷിച്ച കൈശുചിത്വത്തിന്റെ പ്രാധാന്യം വൈദ്യശാസ്ത്രം പിന്നീട് തിരിച്ചറിഞ്ഞു.
ഇന്ന് ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്ന ഡോക്ടമാർ കൈ കഴുകുന്നതു സാധാരണ കാഴ്ചയാണ്. എന്നാൽ, ആ ചെറിയ പ്രവൃത്തിക്കു പിന്നിൽ വലിയൊരു ജീവിതപാഠമുണ്ട്. ഇന്നലെ നാം ഉറച്ചുവിശ്വസിച്ച കാര്യം തെളിവുകളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്നു സമ്മതിക്കാനുള്ള വിനയം. സ്വന്തം അഭിപ്രായത്തേക്കാൾ സത്യത്തിന് പ്രാധാന്യം നൽകാനുള്ള ധൈര്യം.
നമ്മുടെ കൈകൾപോലെ മനസും ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. അത് അറിവിനെ തുടച്ചുമാറ്റാനല്ല, പുതിയ സത്യം അകത്തേക്കു കടക്കാൻ അനുവദിക്കുന്ന അഹങ്കാരത്തെ കഴുകി തുടച്ചുമാറ്റാനാണ്. ഒരിക്കലും തെറ്റു പറ്റാത്തവനല്ല യഥാർഥ ജ്ഞാനി. തെറ്റു പറ്റിയാൽ അതു സമ്മതിക്കാനും സത്യം തിരിച്ചറിയുന്പോൾ സ്വയം തിരുത്താനും ധൈര്യമുള്ളവനാണ് യഥാർഥ ജ്ഞാനി. അതു നമുക്കു മറക്കാതിരിക്കാം.
Tags : SundayDeepika prioritize truth