മനസുനിറയ്ക്കുന്ന പച്ചപ്പും കാടിന്റെ നിശബ്ദതയുമാണ് ചുറ്റും. ഇടയ്ക്ക് ഏതാനും കിളിനാദങ്ങൾ കേൾക്കാം... മാനുകൾ ഓടിമറയുന്നു. പീലി വിടർത്തുന്ന മയിലുകളും മലമുഴക്കി വേഴാന്പലുകളും കണ്ണിനും കാതിനും വിരുന്നാകുന്പോൾ ഏതു നിമിഷവും പ്രത്യക്ഷപ്പെടാവുന്ന കടുവകളും പുലിയും കരടിയും ആനക്കൂട്ടവും കാട്ടുപോത്തുകളും സമ്മാനിക്കുന്നത് പേടിയുടെ തണുത്ത പുതപ്പുമൂടിയ നിഗൂഢമായ ആനന്ദം... ഇത് പറന്പിക്കുളം. രാജ്യത്തെ പ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ വിനോദസഞ്ചാരകേന്ദ്രം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള ഈ വന്യജീവി സങ്കേതത്തിലേക്ക് നഗരത്തിരക്കുകളിൽനിന്നുമാറി ഒരു ദിവസം ചെലവഴിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കേറുകയാണ്.
കാട്ടിലേക്കുള്ള യാത്ര മനുഷ്യന് അവന്റെ ആദിമ ജീവിത സംസ്കൃതിയിലേക്കുള്ള മടക്കമാണെന്നു പറയാറുണ്ട്. കാനനസൗന്ദര്യം നുകർന്നും കാട്ടുമൃഗങ്ങളോടു പടവെട്ടിയും പിന്നിട്ട അസ്തിത്വത്തിലേക്കുള്ള സഞ്ചാരങ്ങൾ മനുഷ്യരെ കൊച്ചുകുട്ടികളെപ്പോലെ ഉല്ലാസഭരിതരാക്കുന്നു.
പശ്ചിമഘട്ടത്തിലെ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന പറന്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയും അങ്ങനെയൊരു നവ്യാനുഭൂതിയാണ്. സ്വന്തം തറവാട്ടിലേക്ക് തിരിച്ചുചെല്ലുന്നതുപോലുള്ള ആത്മപ്രഹർഷം കാടിനകത്തേക്കു കടക്കുന്പോൾതന്നെ സന്ദർശകരെ വലയം ചെയ്യും. വന്യജീവിതത്തിന്റെ ലഹരിയിലേക്കുള്ള തിരിച്ചുപോക്ക്. മാലിന്യം കലരാത്ത വായുവും പ്രകൃതിയും തണുത്ത കൈകകളാൽ ഇവിടെയെത്തുന്ന തലമുറകളെ ആലിംഗനം ചെയ്യുന്നു.
നീലഗിരിയുടെ സഖികളേ...
പശ്ചിമഘട്ടത്തിലെ ജലാശയങ്ങൾ നീലമലകളുടെ താഴ്്വരകളിൽ വെള്ളിയരഞ്ഞാണംപോലെ ചുറ്റിക്കിടക്കുന്ന കാഴ്ചയെ ചേതോഹരമെന്നു വിശേഷിപ്പിച്ചാൽ മതിയാവില്ല. ജൈവവൈവിധ്യങ്ങൾക്ക് തെളിനീരേകി ഓളങ്ങളൊഴിഞ്ഞുകിടക്കുന്ന പച്ചനിറമുള്ള തടാകങ്ങൾ ആരെയും മോഹിപ്പിക്കും. പ്രകൃതിയോടുള്ള ഭ്രമവും ആസക്തിയും മനുഷ്യനിൽ ജന്മനാ പിറവിയെടുക്കുന്നതാണെന്ന തിരിച്ചറിവാണ് ഈ കാഴ്ചകൾ നൽകുക.
നദികൾ, ജലസംഭരണികൾ, അണക്കെട്ടുകൾ എന്നിവയുൾപ്പെടെ നിരവധി ജലാശയങ്ങളാൽ ആകർഷകമാണ് ഇവിടം. പറന്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകൾ സമ്മാനിക്കുന്നത് മതിവരാക്കാഴ്ചകൾ. ഈ അണക്കെട്ടുകളിലേക്കാണ് ഇവിടത്തെ പ്രധാന യാത്രകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
റിസർവോയറിലേക്ക് സന്ദർശകർക്കായി ബാംബൂ റാഫ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. ഗോത്രസമുദായത്തിലെ പരിചയസന്പന്നരായ നാലുപേർ ഇരുഭാഗങ്ങളിലുമിരുന്ന് വലിയ തുഴകൾ വെള്ളത്തിലൂന്നുന്പോൾ ഈ മുളംചങ്ങാടം മുന്നോട്ടുനീങ്ങും. കടുത്ത വേനലിലും കരയോടു ചേർന്നുതന്നെ 145 അടിക്കു മേൽ വെള്ളം. വിവിധയിനം മത്സ്യങ്ങൾ മാത്രമല്ല മുതലകളുമുണ്ട്.
മുളംചങ്ങാടത്തിലിരിക്കുന്പോൾ കരയിൽ വെയിൽകാഞ്ഞുകിടക്കുന്ന മുതലകളെയും മുളങ്കൂട്ടങ്ങളുടെ വശ്യഭംഗിയും ചുറ്റിനും കോടപുതച്ച മലനിരകളും കാണാം. കൗതുകവും ആനന്ദവും ഒരുപോലെ അനുഭവിക്കാം. 643 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പറന്പിക്കുളവും ഈ ജലാശയങ്ങളും പ്രകൃതിസ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും നൽകുന്ന നിർവൃതി വാക്കുകൾക്കപ്പുറം.
വന്യജീവികളെ കാണാൻ
വന്യജീവികളുടെ വൻ സങ്കേതമാണ് പറന്പിക്കുളം. പ്രധാന ഇനമായ ബംഗാൾ കടുവയെ കൂടാതെ, ആനകൾ, പുള്ളിപ്പുലികൾ, ഇന്ത്യൻ കാട്ടുപോത്തായ ഗൗർ, മ്ലാവ്, പുള്ളിമാൻ, കാട്ടുപന്നി, മുയൽ, കാട്ടുകോഴികൾ എന്നിവയെല്ലാം ഇവിടെ അവരുടേതായ ആവാസവ്യവസ്ഥകളിൽ കഴിയുന്നു. ഗ്രേറ്റ് ഇന്ത്യൻ വേഴാന്പൽ, മലബാർ പൈഡ് വേഴാന്പൽ, ക്രെസ്റ്റഡ് സർപ്പന്റ് ഈഗിൾ തുടങ്ങിയവും വിവിധ ദേശാടനപ്പക്ഷികളും പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടുന്നു.
ഉരഗങ്ങൾ, ഉഭയജീവികൾ, പ്രാണി വർഗങ്ങൾ, വിവിധതരം കുരങ്ങുകൾ എന്നിവയെയും ഇവിടെ കാണാം. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജന്തുജാലങ്ങൾ ഇവിടെയുണ്ട്. ഉച്ചയ്ക്കുമുന്പും ഇരുട്ടുവീഴുന്പോഴും ഇവ ഭക്ഷണം തേടി വഴിയോരങ്ങളിലേക്കെത്തും. വാഹനങ്ങളിലിരുന്ന് ഇവരെ മതിവരുവോളം കാണാം. അവയെ ശല്യപ്പെടുത്താതിരിക്കുക എന്നതുമാത്രമാണ് പ്രത്യേകം ഓർക്കേണ്ട കാര്യം.
വൃക്ഷങ്ങളും സസ്യജാലങ്ങളും
ആകാശചുംബികളായ വൻമരങ്ങളും മുളങ്കൂട്ടങ്ങളും പുൽമേടുകളും സസ്യജാലങ്ങളും പറന്പിക്കുളത്തിന്റെ പ്രൗഢി അടയാളപ്പെടുത്തുന്നതാണ്. ലോകപ്രശസ്തമായ തേക്കുമരങ്ങൾ ഇവിടെ വളരുന്നു. പടുകൂറ്റൻ കന്നിമാര തേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ തേക്ക് മരങ്ങളിലൊന്നാണ്. ഈ മരത്തിൽ കെട്ടിപ്പിടിച്ചാൽ മംഗല്യഭാഗ്യം ഉണ്ടാകുമെന്നാണ് ഗോത്രവിശ്വാസം. റോസ്വുഡ്, വേങ്ങ, ഈട്ടി, നീർമരം, മരുതി, കാട്ടുപ്ലാവ്, ചന്ദനം തുടങ്ങി ഇടതൂർന്നുനിൽക്കുന്ന മരങ്ങൾ പ്രകൃതിയുടെ അത്ഭുതലോകം തുറക്കുന്നു.
വിസ്മയിപ്പിച്ച് ഇക്കോ ടൂറിസം
പുലർച്ചെ കാടിന്റെ തണുപ്പും പക്ഷികളുടെ കളകളാരവവും ഏറ്റുവാങ്ങി ഗൈഡിനൊപ്പം ഒരു ട്രെക്കിംഗ്. പറന്പിക്കുളം സന്ദർശിക്കുന്നതിന്റെ ഒരു പ്രധാന ആകർഷണം ഇതാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിൽ നടത്തുന്ന ജംഗിൾ സഫാരികളുമുണ്ട്. വന്യജീവികളെ കാണാനുള്ള അവസരം ട്രെക്കിംഗിൽ ഏറെയാണ്. കരിയാൻസോള ട്രെയിൽ, തൂണക്കടവ് ട്രെക്ക് തുടങ്ങിയ ട്രെക്കിംഗ് പാതകൾ കാടിനെ മനസിലാക്കാനും അതിന്റെ ജീവസ്പന്ദനങ്ങളേറ്റുവാങ്ങാനുമുള്ള സാഹചര്യമാണ് നൽകുന്നത്.
പ്രകൃതി സംരക്ഷണത്തെ മുൻനിർത്തി രൂപകൽപന ചെയ്തതാണ് ഇക്കോ ടൂറിസം പദ്ധതി. ആദിവാസി വിഭാഗത്തിലെ ആളുകളാണ് ഗൈഡുകളായും ജീവനക്കാരായും പ്രവർത്തിക്കുന്നത്. ഇവർ പ്രദേശത്തെ കുറിച്ച് കൂടുതലറിയാൻ സന്ദർശകരെ സഹായിക്കുന്നു.
നഗരത്തിന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് താമസിക്കാനും സന്ദർശകർക്ക് സൗകര്യമുണ്ട്. തടാകത്തോടുചേർന്ന് തൂണുകളിൽ നിൽക്കുന്ന തടികൊണ്ട് നിർമിച്ച വീടും വനംവകുപ്പിന്റെ വീടുകളും ടെന്റുകളും ദിവസ വാടകയ്ക്ക്് ലഭിക്കും. 900 രൂപ മുതൽ 10,000 വരെ ഈടാക്കുന്ന താമസ സൗകര്യങ്ങളാണിവ. ഇവിടങ്ങളിലെ താമസം വന്യജീവികൾക്കൊപ്പമുള്ള സാഹസികത കൂടിയാണ്. ഭക്ഷണത്തിന് കാന്റീൻ സൗകര്യവുമുണ്ട്.
ഗോത്രകലയുടെ ഭംഗി
സുസ്ഥിര പരിസ്ഥിതി ടൂറിസം പ്രചരിപ്പിക്കുന്ന പറന്പിക്കുളം കടുവാ സങ്കേതത്തിൽ ഗോത്ര പൈതൃകം പിന്തുടരുന്ന ആദിവാസി വിഭാഗങ്ങളും ജീവിച്ചു വരുന്നു. കാടർ, മലസർ, മുതുവർ എന്നിവർ ഉൾപ്പെടെ നിരവധി ഗോത്രങ്ങളാണ് ഇവിടെ കഴിയുന്നത്. തലമുറകളായി ഈ ഗോത്രങ്ങൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു. സന്ദർശകർക്ക് ഇവരുമായി സംസാരിക്കാനും അവസരമുണ്ട്. ജീവിതരീതി, പരന്പരാഗത ആചാരങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് അവരിൽനിന്ന് മനസിലാക്കാം.
വിനോദസഞ്ചാരികൾക്കുവേണ്ടി ദിവസവും രാത്രി ഏഴോടെ ഗോത്രസംസ്കാരത്തിന്റെ ഭാഗമായ കലകളുടെ അവതരണവുമുണ്ട്. മുളവെട്ടുന്പോഴും ജീവിതത്തിന്റെ പല ചടങ്ങുകളിലും അവർ പാടുന്ന പാട്ടുകളുണ്ട്. തദ്ദേശീയമായ ഉടുക്കുകൊട്ടിന്റെ അകന്പടിയോടെ ഇവ ഉറക്കെപ്പാടി അവർ വട്ടത്തിൽ നൃത്തമാടും. സ്ത്രീകളാണ് പാടി നൃത്തംവയ്ക്കുന്നത്. പുരുഷൻമാരും കൗമാരക്കാരും ഉടുക്കുകൊട്ടും. യാത്രികർക്കും അവർക്കൊപ്പം ചുവടുവയ്ക്കാം.
പോകാം, പറന്പിക്കുളത്തേക്ക്
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പറന്പിക്കുളം ടൈഗർ റിസർവിലേക്ക് എത്തിച്ചേരാനാകും. ഏറ്റവും അടുത്തുള്ള പട്ടണം തമിഴ്നാട്ടിലെ പൊള്ളാച്ചിയാണ്. കേരളത്തിൽനിന്ന് യാത്രചെയ്യുന്നവർക്ക് ഏറ്റവും അടുത്ത പട്ടണം ചാലക്കുടി. അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ പൊള്ളാച്ചിയും പാലക്കാട് ജംഗ്ഷനും. കോയന്പത്തൂർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് സമീപത്തുള്ളവ. ഓണ്ലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്തുവേണം പറന്പിക്കുളം സന്ദർശിക്കാൻ. വർഷം മുഴുവനും ഇവിടം തുറന്നിരിക്കും.
നവംബർ മുതൽ ഏപ്രിൽ വരെയാണ് ഏറ്റവുമധികം സന്ദർശകരെത്തുന്നത്. റിസർവിന്റെ ഇൻഫർമേഷൻ സെന്ററിൽ പ്രവേശന അനുമതികളും ഗൈഡ് സൗകര്യവും ഉറപ്പാക്കാവുന്നതാണ്. പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. 500 രൂപയാണ് ജംഗിൾ സഫാരിയുടെ ഫീസ്. ബാംബൂ റാഫ്റ്റിംഗ്, ട്രെക്കിംഗ് എന്നിവയ്ക്കും പ്രത്യേക ഫീസുണ്ട്. വണ്വേ ട്രിപ്പ്, താമസ സൗകര്യത്തോടെയുള്ള ട്രിപ്പ് എന്നിവയും ലഭ്യമാണ്.
ഓണ്ലൈൻ ബുക്കിംഗിന് www.parambikulam.org സന്ദർശിക്കാം.
Tags : forest calls parambikulam