ചുണ്ടൻവള്ളങ്ങളുടെ രാജശില്പി
ഓ​ള​പ്പ​ര​പ്പി​ൽ ക​രി​നാ​ഗ​ങ്ങ​ളെ​പ്പോ​ലെ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ കു​തി​ച്ചു​വരുന്പോ​ൾ സ്വ​ന്തം വ​ള്ളം ഒ​ന്നാ​മ​തെ​ത്താ​ൻ കരക്കാരും ക്ലബ്ബുകാരും ആ​ർ​പ്പു​വി​ളി​ക്കും. ഇ​തേ സ​മ​യം ഫിനിംഷിംഗ് പോയിന്‍റിലേക്ക് പാഞ്ഞെത്തുന്ന എ​ല്ലാ വ​ള്ള​ങ്ങ​ളും ഒ​ന്നാ​മ​തെ​ത്ത​ാൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രേ​യൊ​രാ​ൾ കായ​ലോ​ര​ത്തെ ജ​ന​സ​മു​ദ്ര​ത്തി​നി​ട​യി​ലു​ണ്ടാ​കും. മ​റ്റാ​രു​മ​ല്ല, ഈ ​ചു​ണ്ട​നു​ക​ളെ​​ല്ലാം പ​ണി​തു നീ​റ്റി​ലി​റി​ക്കി​യ പെ​രു​ന്ത​ച്ച​ൻ ഉ​മാ മ​ഹേ​ശ്വ​ര​നാണ് എല്ലാവരുടെയും വിജയം ഒരുപോലെ കാംക്ഷിക്കുന്നത്.
ച​ന്പ​ക്കു​ളം, കാ​രി​ച്ചാ​ൽ, ഗ​ബ്രി​യേ​ൽ, വ​ലി​യ ദി​വാ​ൻ​ജി, കാ​ട്ടീ​ൽ തെ​ക്കേ​ത്, ദേ​വ​സ്, ഇ​ല്ലി​ക്ക​ളം, ജ​വ​ഹ​ർ, ശ്രീ ​വി​നാ​യ​ക​ൻ, പാ​യി​പ്പാ​ട്, ആ​ല​പ്പാ​ട്, വ​ലി​യ ദി​വാ​ൻ​ജി എ​ന്നീ പ​തി​മൂ​ന്നു ചു​ണ്ട​നു​ക​ളെ മാ​ന്ത്രി​കവി​ര​ലി​ൽ പ​ണി​തു​രു​മ്മി നീ​രേ​റ്റി​യ രാ​ജ​ശി​ൽ​പി​ക​ളാ​ണ് കോ​യി​ൽ​മു​ക്ക് നാ​രാ​യ​ണ​ൻ ആ​ശാ​രി​യും മ​ക​ൻ ഉ​മാ മ​ഹേ​ശ്വ​ര​നും. മൂ​ന്നു പ​തി​റ്റാ​ണ്ടു മു​ൻ​പുവ​രെ ചു​ണ്ട​ൻ നി​ർ​മാ​ണ​ വി​സ്മ​യ​ത്തി​ലെ കു​ല​പ​തി​യാ​യി​രു​ന്നു കോ​യി​ൽ​മു​ക്ക് നാ​രാ​യ​ണ​ൻ ആ​ശാ​രി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള്ള​പ്പു​ര​യി​ൽ​നി​ന്നാ​ണ് മ​ക​ൻ ഉ​മാ മ​ഹേ​ശ്വ​ര​ൻ ആ​ഞ്ഞി​ലി​ത്ത​ടി​യി​ൽ ചു​ണ്ട​നെ ക​ട​ഞ്ഞെ​ടു​ക്കു​ന്ന മാ​ന്ത്രി​ക​സി​ദ്ധി പ​ക​ർ​ന്നെ​ടു​ത്ത​ത്.
ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി​യും വെ​പ്പു​മൊ​ക്കെ പ​ണി​യാ​ൻ തച്ചന്മാർ പ​ല​രു​ണ്ട്. എ​ന്നാ​ൽ ല​ക്ഷ​ണ​മൊ​ത്ത ചു​ണ്ട​ൻവ​ള്ളം നി​ർ​മിക്കാ​ൻ അ​ച്ഛ​ൻ മൂ​ത്താ​ശാ​രി​യെ​യും മ​ക​നാ​ശാ​രി​യെ​യും പോ​ലെ മ​റ്റാ​രു​മു​ണ്ടാ​കി​ല്ല.
ഭാ​രം ക​യ​റു​ന്പോ​ൾ നി​വ​രു​ക​യും ഭാ​രം ഇ​റ​ങ്ങു​ന്പോ​ൾ ചു​രു​ങ്ങു​ക​യും ചെ​യ്യു​ന്ന ത​ച്ചു​ശാ​സ്ത്ര​മാ​ണ് ചു​ണ്ട​ൻപ​ണി​യു​ടെ മാ​ന്ത്രി​ക​ത. നാ​ല്പ​ത്തിനാ​ലേ​കാ​ൽ കോ​ൽ മു​ത​ൽ അ​ൻ​പ​ത്തിനാ​ലേ​കാ​ൽ കോ​ൽ വ​രെ നീ​ളാ​യ​ത്തി​ൽ കൊ​ത്തി​യൊ​രു​ക്കു​ന്ന ചു​ണ്ട​ൻവ​ള്ള​ത്തി​ന്‍റെ അ​മ​ര​ത്തു പ​ങ്കാ​യ​ക്കാ​രും ചു​ണ്ട​ത്തു തു​ഴ​ച്ചി​ൽ​കാ​രും ക​യ​റു​ന്പോ​ൾ ഒ​ന്ന​ര മു​ത​ൽ ര​ണ്ട് അ​ടി വ​രെ വ​ള്ളം താ​ഴും. ആ​റു ട​ണ്ണി​ല​ധി​കം ഭാ​ര​മാ​ണ് തു​ഴ​യ​ൽവേ​ള​യി​ൽ ചു​ണ്ട​ൻവ​ള്ള​ത്തി​ൽ ക​യ​റു​ന്ന​ത് . കൂ​ടു​ത​ൽ ഭാ​രം ക​യ​റുന്പോ​ൾ വ​ള്ള​ത്തി​ന്‍റെ മ​ധ്യം ഏ​ക​ദേ​ശം അ​ര​യ​ടി മാ​ത്ര​മാ​ണ് താ​ഴു​ക. ഭാ​രം ക​യ​റു​ന്പോ​ൾ സാ​ധാ​ര​ണ ജ​ല​യാ​ന​ങ്ങ​ളി​ലേ​തുപോ​ലെ ഒ​രേ ആ​ഴ​ത്തി​ൽ താ​ഴാ​തെ അ​മ​ര​വും ചു​ണ്ടും മാ​ത്രം കൂ​ടു​ത​ൽ താ​ഴു​മെ​ന്ന​താ​ണ് ചു​ണ്ട​ൻ ത​ച്ചു​ശാ​സ്ത്ര​ത്തി​ന്‍റെ ര​ഹ​സ്യം.
നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രു​ടെ ജ​ലയു​ദ്ധ​ വി​ജ​യ​വേ​ള​ക​ളി​ൽ ചു​ണ്ട​ൻവ​ള്ള​ങ്ങ​ൾ എ​തി​രേ​ൽ​പു​കാ​രാ​യി​രു​ന്നു. നെ​റ്റി​പ്പ​ട്ടം ചാ​ർ​ത്തി മു​ത്തുക്കു​ട​ക​ളും വെ​ഞ്ചാ​മ​ര​വും ആല​വ​ട്ട​വു​മാ​യി ത​ല​യെ​ടു​പ്പു​ള്ള കൊ​ന്പ​നെപോ​ലെ ജ​ല​രാ​ജാ​വാ​യ ചു​ണ്ട​ൻ രാ​ജ​സൈ​ന്യ​ത്തെ ആ​ന​യി​ച്ചി​രു​ന്ന കാ​ലം.
1952ൽ ​ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​ല​പ്പു​ഴ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പാ​ര​ന്പ​ര്യ​പ്പെ​രു​മ​യി​ൽ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ അ​ക​ന്പ​ടി വ​രിക​യും, ആ​യി​രം പ​ങ്കാ​യ​ങ്ങ​ൾ ഒ​രേ താ​ള​ത്തി​ൽ വെ​ള്ള​ത്തു​ള്ളി​ക​ളെ മി​ന്നി​പ്പാ​യി​ക്കു​ക​യും ചെ​യ്തതിന്‍റെ വ​ശ്യ​ത​യും ആ​കാ​ര​വും വേ​ഗ​വുമുണ്ടാക്കിയ ആ​വേ​ശത്തിൽ നെഹ്റു ന​ടു​ഭാ​ഗം ചു​ണ്ട​നി​ൽ ചാ​ടി​ക്ക​യ​റി. കാ​ലം മു​ന്നേ​റി​യ​പ്പോ​ൾ ഓ​ള​പ്പ​ര​പ്പി​ലെ ഒ​ളിം​പി​ക്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്കു തു​ട​ക്ക​മാ​യി.
നാ​ലു നൂ​റ്റാ​ണ്ടി​ല​ധി​കം പാ​ര​ന്പ​ര്യ​മു​ള്ള ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യും മ​റ്റും നിലവിലുണ്ടാ​യി​രു​ന്നെ​ങ്കി​ലും നെ​ഹ്റു ട്രാ​ഫി​യു​ടെ വ​ര​വോ​ടെ ചു​ണ്ട​ൻവ​ള്ളം​ക​ളി​ക്ക് പെ​രു​മ​യേ​റി. ഒ​പ്പം ചു​ണ്ട​ൻ വള്ളങ്ങ​ളു​ടെ രൂ​പ​വും ഭാ​വ​വും മാ​റി.
ചു​ണ്ട​ൻവള്ളങ്ങളുടെ നിർമാണത്തിൽ അ​റി​യ​പ്പെ​ടാ​ൻ കാ​ര​ണം പി​താ​മ​ഹ​ന്മാ​രു​ടെ അ​നു​ഗ്ര​ഹ​വും നി​താ​ന്ത പ​രി​ശ്ര​മ​വു​മാ​ണെ​ന്നു പ​റ​യാ​നാ​ണ് ഉ​മാ മ​ഹേ​ശ്വ​ര​നു താ​ത്പ​ര്യം. ആ​ല​പ്പാ​ട് മു​ത​ൽ മൂ​ന്നു മാ​സം മു​ന്പ് പു​തു​ക്കി​പ്പ​ണി​തി​റ​ക്കി​യ കാ​രി​ച്ചാ​ൽവ​രെ പ​തി​മൂ​ന്നു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് ഉ​മാ മ​ഹേ​ശ്വ​ര​ൻ നി​ർ​മി​ച്ച​ത്.
നി​ലംപ​റ്റാ​തെ മു​റി​ച്ചുകൊ​ണ്ടു​വ​രു​ന്ന ല​ക്ഷ​ണ​മൊ​ത്ത ആ​ഞ്ഞി​ലി​യു​ടെ കാ​ത​ലി​ലാ​ണ് ചു​ണ്ട​ൻവ​ള്ള​ങ്ങ​ൾ പ​ണി​തെ​ടു​ക്കു​ക. നി​ർ​മാ​ണം അ​തി​സൂ​ക്ഷ്മ​ത​യി​ലാ​യി​രി​ക്ക​ണം. ഓ​രോ ഇ​ഞ്ചും പ​ണി​തെ​ടു​ക്കു​ന്പോ​ൾ വ​ള​വും ആയവും ചരിവും കു​ഴി​വും ശ്ര​ദ്ധി​ക്ക​ണം.
പ​ഴ​യകാ​ല​ങ്ങ​ളി​ൽ മൂ​ത്താശാ​രി​യും കൂ​ട്ടാ​ശാ​രി​മാ​രും ചു​ണ്ട​ൻ പണിയാൻ കെ​ട്ടി​യു​ണ്ടാ​ക്കു​ന്ന മാ​ലി​പ്പു​ര​യോ​ടു ചേ​ർ​ന്നുത​ന്നെ​യാ​യി​രു​ന്നു താ​മ​സം. നേ​ര​വും കാ​ല​വും നോ​ക്കി പു​ല​ർ​ച്ചെ പ​ണി തു​ട​ങ്ങു​ന്ന​തി​നും നി​ർ​മാണസാ​മ​ഗ്രി​ക​ളു​ടെ സൂക്ഷിപ്പിനും വേ​ണ്ടി​യാ​യി​രു​ന്നു അ​ത്.
കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ൽ ഒ​രു ചു​ണ്ട​ന്‍റെ ത​ടി​പ്പ​ണി​ക്ക് 1100 മു​ത​ൽ 1200 വ​രെ ദിവസത്തച്ചും ത​ടി അ​റ​പ്പി​ന് 300 ത​ച്ചും ഇ​രു​ന്പു​പ​ണി​ക്ക് 350 ത​ച്ചും ഉ​ൾ​പ്പ​ടെ ഏ​ക​ദേ​ശം 1750-1850 ദി​വ​സ​ത്തെ അ​ധ്വാ​ന​മാ​ണ് വേ​ണ്ടിവ​രി​ക. 800 ക്യു​ബി​ക് അ​ടി ത​ടി​യും 400 കി​ലോ ഇ​രു​ന്പും 25 കി​ലോ പി​ത്ത​ള​യും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​ണ് ഒ​രു വ​ള്ള​ം പണിയാൻ വേണ്ടത്. ഏ​ഴു മു​ത​ൽ എ​ട്ടു വ​രെ മാ​സ​ങ്ങ​ളെ​ടു​ത്താ​ണ് ഒ​രു ചു​ണ്ട​ൻ പ​ണി​തീ​ർ​ത്ത് എ​ണ്ണയി​ട്ടും പു​ക​യി​ട്ടും നീറ്റി​ലി​റ​ക്കു​ന്ന​ത്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത വ​ലിപ്പ​ത്തി​ലാ​ണ് ചു​ണ്ട​ൻവ​ള്ള​ങ്ങ​ൾ പ​ണി​തി​രു​ന്ന​ത്. ഇ​ക്കാ​ല​ത്ത് മി​ക്ക​തി​നും അ​ൻ​പ​ത്തി​നാ​ലേ കാ​ൽ കോ​ലാ​ണ് നീ​ളം. നീ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഒ​രു കോ​ലി​ന് ഒ​ന്ന​ര മു​ത​ൽ ര​ണ്ട് അം​ഗു​ലം വ​രെ വീ​തി എ​ന്ന​താ​യി​രു​ന്നു ക​ണ​ക്കു​ശാ​സ്ത്രം. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു കോ​ലി​ന് ഒ​രു അം​ഗു​ലം വീ​തി എ​ന്നാ​യിട്ടു​ണ്ട്. കു​ഴി​വ് 18 അം​ഗു​ല​വും. (ഒ​രു കോ​ൽ എന്നാൽ 72 സെ​ന്‍റി​മീ​റ്റ​ർ. ഒ​രു അം​ഗു​ലം എന്നാൽ മൂ​ന്നു സെ​ന്‍റി​മീ​റ്റ​ർ. അ​താ​യ​ത് 24 അം​ഗു​ലം ഒ​രു​കോ​ൽ. 39.06 മീ​റ്റ​റാ​ണ് മിക്ക ചു​ണ്ട​നു​ക​ളു​ടെ​യും നീ​ളം. വീ​തി 162 സെ​ന്‍റി​മീ​റ്റ​ർ. 39 മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള ചു​ണ്ട​ൻ​വ​ള്ള​ത്തി​ന്‍റെ വീ​തി ര​ണ്ടു മീ​റ്റ​റി​ൽ താ​ഴെയായിരിക്കും എന്നതാണ് നിർമാണത്തിലെ കൗതുകം.
ഓരോ പ്രദേശക്കാരും അവരുടെ കരയുടെ അ​ഭി​മാ​ന​മാ​യി ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ പ​ണി​തൊ​രു​ക്കു​ന്പോ​ൾ മാ​ലി​പ്പു​ര​ക​ളി​ൽ ആ​വേ​ശ​ത്തോ​ടെ പ​ണിയുടെ ഓരോ നീക്കവും നി​രീ​ക്ഷി​ക്കാ​ൻ നാട്ടുകാർ ത​ന്പ​ടി​ച്ചു നി​ൽ​ക്കും.
ഒ​രു ചു​ണ്ട​ൻവ​ള്ളം ആ​ദ്യം രൂ​പ​പ്പെ​ടു​ന്ന​ത് ത​ച്ച​ന്‍റെ ഹൃ​ദ​യ​ത്തി​ലാ​ണ്. ഹൃ​ദ​യ​ത്തി​ൽ നി​ന്ന് അ​ത് ബു​ദ്ധി​മ​ണ്ഡ​ല​ത്തി​ലെ​ത്തും. കൂ​ട്ടി​ക്കി​ഴി​ക്കലുകളുടെ കണക്ക് ത​ടി​യി​ൽ പി​റ​വി​കൊ​ള്ളു​ന്ന​താ​ണ് ചു​ണ്ട​ൻ എ​ന്ന അ​ത്ഭു​തം. ആ​യി​ര​മാ​യി​രം വ​ള്ള​പ്രേ​മി​ക​ളു​ടെ ആ​ഗ്ര​ഹ​വും പ്ര​തീ​ക്ഷ​ക​ളു​മാ​ണ് ത​ച്ച​ന്‍റെ കൈ​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ ആ​ഞ്ഞി​ലി​മ​ര​മാ​യി കൈ​മാ​റു​ന്ന​ത്. വ​ല്ലാ​ത്തൊ​രു പി​രി​മു​റു​ക്ക​ത്തോ​ടെ​യാ​വും ത​ച്ച​ൻ അതിന്‍റെ അ​ള​വെ​ടു​ക്കു​ന്ന​തും ഉ​ളി​യിൽ കൊത്തു തുടങ്ങുന്നതും. ത​ടി​യു​ടെ വ​ള​വോ പു​ള​വോ കേ​ടോ ക​ണ​ക്കു​കള്‌ തെ​റ്റി​ച്ചേ​ക്കാം. നോ​ട്ട​പ്പി​ശ​കി​ലു​ണ്ടാ​കാ​വു​ന്ന ചെ​റി​യ വീ​ഴ്ച​വ​രെ വള്ളത്തിന്‍റെ വേ​ഗ​ത്തെ​യും ഭാ​ര​ത്തെ​യും ബാ​ധി​ക്കും. പണിപ്പുരയില്‌ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും​ന​ട​ത്തു​ന്ന ഏ​കാ​ഗ്ര ധ്യാ​നം എ​ല്ലാ പി​രി​മു​റു​ക്ക​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കു​ന്നു​വെ​ന്നാ​ണ് ഉ​മാ ​മ​ഹേ​ശ്വ​ര​ന്‍റെ അ​നു​ഭ​വം.
നീ​റ്റി​ലി​റ​ക്കി​യ എ​ല്ലാ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളെ​യും സ്വ​ന്തം മ​ക്ക​ളാ​യി ക​രു​തുകയാ​ണ് ഈ ​പെരുന്തച്ചൻ. എ​ല്ലാ മ​ക്ക​ളോടും ഒ​രു​പോ​ലെ സ്നേ​ഹം. എ​ല്ലാ മ​ക്ക​ളും എ​ല്ലാ മ​ത്സ​ര​ത്തി​ലും വി​ജ​യി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്നയാൾ.
ഭാ​ര്യ ച​ന്ദ്ര​മ​തി​യോ​ടും മ​ക​നോ​ടുമൊപ്പം പാ​യി​പ്പാ​ട്ടെ വ​സ​തി​യി​ൽ ആരോഗ്യവാനായി 76 -ാം വ​യ​സി​ലും അ​ടു​ത്ത ചു​ണ്ട​ൻവ​ള്ള​ത്തി​ന്‍റെ രൂപ​വും ഭാ​വ​വും ഹൃ​ദ​യ​ത്തി​ൽ ഒ​രു​ക്കിയെ​ടു​ക്കു​ക​യാ​ണ് നാടിന്‍റെ പെരുമ ഉയർത്തുന്ന ഈ ശിൽപി.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ഒ​രു വ​ള്ളം പ​ണി​തി​റ​ക്കി. ഇ​നി​യും പി​റ​വി​യെ​ടു​ക്കാ​ൻ വേ​റേയു​മു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ലും അ​തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലും ധ്യാ​ന​ത്തി​ലു​മാ​ണ് ഉമാ മഹേശ്വരൻ.​

ആ​ന്‍റ​ണി ആ​റി​ൽ​ചി​റ, ച​ന്പ​ക്കു​ളം