സാഞ്ചിയിലെ മഹാസ്തൂപം
Sunday, February 25, 2024 2:48 AM IST
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോര്‍ ഗരാനകള്‍ മധ്യപ്രദേശിനു സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടിക്കൊടുക്കുമ്പോള്‍ ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും മറ്റ് ചരിത്രമന്ദിരങ്ങളും സംസ്ഥാനത്തിനെ താരതമ്യങ്ങള്‍ക്ക് അതീതമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
ബുദ്ധമത കേന്ദ്രം
രാജ്യത്തെ ഏറ്റവും പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായി ഒരു കാലത്തു വിരാജിച്ച സാഞ്ചിയിലെ സ്തൂപം മധ്യപ്രദേശിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഭാരതത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും പുരാതനമായ ബുദ്ധമത സ്മാരകങ്ങളില്‍ ഒന്നായ സാഞ്ചിയിലെ മഹാസ്തൂപം, രാജ്യത്തെ ഏറ്റവും പഴക്കമേറിയ ശിലാ മന്ദിരങ്ങളിലൊന്നു കൂടിയാണ്.
ബിസി മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അശോകചക്രവര്‍ത്തി നിര്‍മിച്ചതെന്നു കരുതപ്പെടുന്ന സാഞ്ചിയിലെ മഹാസ്തൂപത്തില് ശ്രീബുദ്ധന്റെ ചിതാഭസ്മം അടക്കം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൗര്യ സാമ്രാജ്യ കാലഘട്ടത്തില്‍ വിദിഷ എന്നാണ് പ്രദേശം അറിയപ്പെട്ടിരുന്നത്. അശോകന്റെ പത്നിയായ ദേവിയുടെ ജന്മദേശമായിരുന്നു വിദിഷ. ഇതാവാം അശോകനെ ഇവിടെ സ്തൂപം നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.
നിര്‍മാണ സമയത്തു ചെറിയ സ്തൂപമായിരുന്നു ഇത്. എന്നാല്‍, ബിസി രണ്ടാം നൂറ്റാണ്ടില്‍ സ്തൂപത്തിനു തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് ഇതു പുതുക്കിപ്പണിതു വലുതാക്കി. ബിസി ഒന്നാം നൂറ്റാണ്ടോടെയാണ് സ്തൂപം അതിന്റെ യഥാരൂപം കൈവരിച്ചത്.
സ്തൂപം ചർച്ചകളിലേക്ക്
120 അടി വീതിയും 54 അടി ഉയരവുമുള്ളതാണ് ഈ മന്ദിരം. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ശിലാ മന്ദിരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന സാഞ്ചിയിലെ മഹാസ്തൂപം ബുദ്ധിസ്റ്റ് വാസ്തുവിദ്യയുടെയും കലാവൈഭവത്തിന്റെയും സൗന്ദര്യ പ്രതീകമായി കരുതപ്പെടുന്നു. അര്ധവൃത്താകാരത്തിലുള്ള മകുടസമാനമായ മേല്ക്കൂരയെ താങ്ങി നിര്‍ത്തുന്ന മതില്‍ക്കെട്ട് അറിയപ്പെടുന്നത് വേദിക എന്നാണ്. തോരാനകള് എന്നറിയപ്പെടുന്ന നാലു കവാടങ്ങളും സ്തൂപത്തിന്റെ പ്രത്യേകതയാണ്. കവാടങ്ങളിലെല്ലാം ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങളും ജാതകകഥകളിലെ അംശങ്ങളും കൊത്തിവച്ചിട്ടുണ്ട്.
നിരവധി നൂറ്റാണ്ടുകള്‍ രാജ്യത്തെ പ്രധാന ബുദ്ധവിഹാരമായി വര്‍ത്തിച്ച സാഞ്ചിസ്തൂപം 12-ാം നൂറ്റാണ്ടോടെ ഉപേക്ഷിക്കപ്പെട്ടു. പുനരുദ്ധാരണമില്ലാതെ ഈ സ്മാരകം തകര്‍ച്ചയെ നേരിട്ടു. 1818ല്‍ ബ്രിട്ടീഷ് ജനറല്‍ ഹെന്‍ട്രി ടെയ്ലര് പ്രദേശം സന്ദര്‍ശിക്കുകയും തന്റെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തതോടെയാണ് സാഞ്ചിയിലെ സ്തൂപം വീണ്ടും ചര്‍ച്ചകളിലേക്കെത്തുന്നത്.
1881ല്‍ ആരംഭിച്ച പുനരുദ്ധാരണം 1919ല്‍ ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഡയറക്ടര്‍ ജനറല്‍ ജോണ്‍ ഹൂബെര്‍ട്ട് മാര്‍ഷലിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയായത്. 1989ല്‍ മഹാസ്തൂപവും സാഞ്ചിയിലെ മറ്റ് ബുദ്ധമത സ്മാരകങ്ങളും യുനെസ്കോ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
അജിത് ജി. നായർ