മലയാള നാടകത്തിന്റെ പിതാവ്
Sunday, February 11, 2024 1:07 AM IST
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനിയും അംഗീകരിക്കുന്നില്ല എന്നത് മലയാളത്തിന്റെ വേദനയാണ്. അതിനായി നാം എന്തെങ്കിലും ചെയ്യേണ്ടതല്ലേ..?
എക്ലോഗ് എന്ന പാശ്ചാത്യ നാടകപ്രസ്ഥാനത്തിന്റെ മാതൃകയിൽ 1855-1856 കാലഘട്ടത്തിൽ പഴയ മലയാള ഭാഷയിൽ പത്തോളം ഇടയനാടകങ്ങൾ എഴുതിയ പ്രതിഭയാണു വിശുദ്ധ ചാവറ അച്ചൻ. എന്നാൽ, 1882ൽ എഴുതപ്പെടുകയും 1890ൽ അവതരിപ്പിക്കപ്പെടുകയും ചെയ്ത കേരളവർമ വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളമാണ് മലയാള നാടക പ്രസ്ഥാനത്തിനു തുടക്കമിട്ടതെന്നു കാലങ്ങളായി നാം തെറ്റായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
കാവാലം പറഞ്ഞിട്ടും
കേരള നവോത്ഥാന നായകൻകൂടിയായ ചാവറയച്ചന്റെ ഇടയനാടകങ്ങളാണ് മലയാള നാടക പ്രസ്ഥാനത്തിന്റെ തുടക്കമെന്ന് കാവാലം നാരായണപ്പണിക്കരെപ്പോലെയുള്ള നാടക കുലപതികൾ സാക്ഷ്യപ്പെടുത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളി അതു തിരുത്തിയിട്ടില്ല എന്നതു സാഹിത്യ ചരിത്രത്തോടു ചെയ്യുന്ന അനീതികൂടിയാണ്.
മലയാളത്തിനു സ്വന്തമായ ഒരു നാടകവേദിയുടെ ഉദയം അനുഷ്ഠാനപരമായ ഇടയനാടകങ്ങളിൽ കാണാമെന്ന് ആധുനിക മലയാള നാടകപ്രസ്ഥാനത്തിന്റെ ചക്രവർത്തിയും കുട്ടനാട്ടുകാരനുമായ കാവാലം നാരായണപണിക്കർ നിസംശയം പറയുന്നു.
ഭാരതീയ ഭാഷകളിൽ എഴുതപ്പെട്ട ആദ്യ നാടകം റാം നാരായൺ തർക്കറാത്നയുടെ 'കുലിൻ കുലസർ ബാസവ' ആണെന്ന് നന്ദി ഭാട്യയുടെ 'മോഡേൺ ഇന്ത്യൻ തിയറ്റർ' എന്ന പുസ്തകത്തിൽ പറയുന്നു. അതിന്റെ രചനാകാലം 1857 ആണ്. അങ്ങനെയെങ്കിൽ ഇടയനാടകങ്ങൾ മലയാള നാടക ചരിത്രത്തിലെയും ഇന്ത്യൻ ഭാഷാ നാടക ചരിത്രത്തിന്റെയും ആദ്യത്തേതും ഒന്നാമത്തേതുമാകണ്ടതല്ലേ? ഇന്ത്യൻ ഭാഷാ നാടക ചരിത്രവും മലയാള നാടക ചരിത്രവും ഇടയനാടകങ്ങളിലാണ് തുടക്കമിടുന്നതെങ്കിൽ ഇന്ത്യയിലെയും കേരളത്തിലെയും ആദ്യ നാടകം ഇടയനാടകങ്ങളും ആദ്യ നാടകകൃത്ത് ചാവറ കുര്യാക്കോസ് ഏലിയാസച്ചനുമാണെന്നതിൽ തർക്കമില്ല.
കാൽ നൂറ്റാണ്ടു മുന്പ്
‘അഭിജ്ഞാനശാകുന്തളം' 1881ൽ വിദ്യാവിനോദിനി മാസികയിലൂടെ വെളിച്ചം കണ്ട് 1890ൽ വേദിയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു. എന്നാൽ, അഭിജ്ഞാനശാകുന്തളം വെളിച്ചം കാണുന്നതിനു കാൽനൂറ്റാണ്ട് മുന്പുതന്നെ ചാവറയച്ചന്റെ ഇടയനാടകങ്ങൾ എഴുതപ്പെടുകയും അരങ്ങേറുകയും ചെയ്തു എന്നതാണ് വാസ്തവം.
അടുത്ത കാലത്ത് ലഭിച്ച ഇടയനാടകങ്ങളുടെ കൈയെഴുത്ത് പ്രതികൾ ഇവയുടെ എഴുതപ്പെട്ട കാലഘട്ടത്തെ ഉറപ്പിക്കുന്നതായിരുന്നു. എന്നിരുന്നിട്ടും ഇതുവരെ നമ്മുടെ നാടക ചരിത്രത്തിൽ വേണ്ട കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനോ സ്കൂൾ, സർവകലാശാലാ പഠനത്തിൽ ഇത് കൊണ്ടുവരുന്നതിനോ സാധിച്ചിട്ടില്ല എന്നതു ഖേദകരമാണ്.
ഇടയനാടകങ്ങളെക്കുറിച്ച് പ്രഫ. മാത്യു ഉലകംതറ ഇങ്ങനെ എഴുതി: “ഒരു കവി എന്നോ നാടകകൃത്ത് എന്നോ ഉള്ള നിലയിലല്ല ചാവറയച്ചനെ കേരളീയർ സ്മരിക്കുന്നത്. എന്നാൽ, ആ ധന്യപുരുഷന്റെ അവിസ്മരണീയങ്ങളായ വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനങ്ങൾക്കിടയിൽ സർവതല സ്പർശിയായ ഒരു സാഹിത്യപ്രവർത്തന ചരിത്രം കൂടിയുണ്ടായിരുന്നു എന്നുള്ളത് അദ്ഭുതകരമാണ്.’’
ജോൺപോൾ സമാഹരിച്ച ചാവറയച്ചന്റെ ഇടയനാടകങ്ങൾ കേരള സാഹിത്യ അക്കാഡമി തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിന് അവതാരിക എഴുതിയിരിക്കുന്നത് കാവാലം നാരായണപ്പണിക്കരാണ്.
ആന്റണി ആറിൽചിറ ചമ്പക്കുളം