മനം മയക്കാൻ മീൻവല്ലം!
Saturday, April 13, 2024 10:07 PM IST
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധിക്കാലം ആഘോഷമാക്കാൻ മീൻവല്ലം തേടിപ്പോകുന്നു പലരും. ദേശീയപാത പാലക്കാട്- മണ്ണാർക്കാട് റൂട്ടിൽ തുപ്പനാട് ജംഗ്ഷനിൽനിന്നു വനത്തിന് എട്ടു കിലോമീറ്റർ ഉള്ളിലാണ് മീൻവല്ലം.
ട്രക്കിംഗ്: കല്ലടിക്കോടൻ മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന തുപ്പനാട് നദിയിലേക്ക് 45 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം. അഞ്ചു തട്ടുകളുള്ള വെള്ളച്ചാട്ടമെന്നതാണ് മീൻവല്ലത്തിന്റെ പ്രത്യേകത. വെള്ളച്ചാട്ടത്തിന്റെ അഞ്ചു തട്ടുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ സഞ്ചാരികൾക്കു പ്രവേശനമുള്ളു. ഏതു വേനലിലും വറ്റാത്ത ചെറു നീരുറവയായി ഈ വെള്ളച്ചാട്ടം ഉണ്ടാകും. അതുകൊണ്ടു വേനൽക്കാലത്തും ഇവിടേക്ക് എത്താം. തുപ്പനാട് നദി ഉൾപ്പെടെ മുറിച്ചു കടന്നുള്ള രണ്ടു കിലോമീറ്റർ ട്രക്കിംഗ് കഴിഞ്ഞുവേണം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ എന്നതിനാൽ യാത്ര രസകരമാണ്.
ശ്രദ്ധിക്കണം: പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ ഒലവക്കോട് റെയ്ഞ്ചിലെ തുടിക്കോട് വനസംരക്ഷണ സമിതിക്കാണ് ഇതിന്റെ സംരക്ഷണം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള വനങ്ങൾ സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഭാഗമാണ് . പാലക്കാട്ടുനിന്ന് 34 കിലോമീറ്ററും മണ്ണാർക്കാട്ടുനിന്ന് 26 കിലോമീറ്ററുമാണ് ദൂരം. സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് സന്ദർശനത്തിന് ഏറ്റവും നല്ല സമയം. അപകട സാധ്യത കൂടുതലായതിനാൽ അതീവ ശ്രദ്ധ വേണം.
കൂടുതൽ വിവരങ്ങൾക്ക്: 04924- 240705, 92497 87624.
എം.വി. വസന്ത്