കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
Saturday, April 6, 2024 10:39 PM IST
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗഢഗംഭീരമായതും മഹത്തായതുമായ കോട്ടകളുടെ നിരയിലാണ് മധ്യപ്രദേശിലെ ഗ്വാളിയര്‍ കോട്ടയുടെ സ്ഥാനം.
ഇത്ര കെട്ടുറപ്പുള്ള ഈ കോട്ടയുടെ നിര്‍മാണത്തിന് കോണ്‍ക്രീറ്റ് ഉപയോഗിച്ചിട്ടില്ലെന്നത് ചരിത്രകാരന്മാരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. പത്താം നൂറ്റാണ്ട് മുതല്‍ കോട്ട ഉണ്ടായിരുന്നെന്നാണ് ആദ്യ വിലയിരുത്തല്‍. എന്നാല്‍, പരിസരങ്ങളില്‍നിന്നു കിട്ടിയ ശിലാശാസനങ്ങള്‍ കോട്ട ആറാം നൂറ്റാണ്ട് മുതല്‍ ഇവിടെയുണ്ടായിരുന്നു എന്നതിന്റെ സൂചനയായിരുന്നു.
കൈവിട്ട കോട്ട
കഥയനുസരിച്ചു സുരാജ് സെന്‍ എന്ന രാജാവ് മൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ കോട്ട. സുരാജ് സെന്നിന്റെ കുഷ്ഠരോഗം ചികിത്സിച്ചു ഭേദമാക്കിയ ഗ്വാലിപ എന്ന വിശുദ്ധനോടുള്ള സ്മരണാര്‍ഥം നഗരത്തിനു രാജാവ് ഗ്വാളിയര്‍ എന്ന പേര് സമ്മാനിക്കുകയായിരുന്നുവെന്നാണ് ഐതിഹ്യം. വിശുദ്ധമായ ഒരു കുളത്തിലെ വെള്ളം ഗ്വാലിപ രാജാവിനു നല്‍കുകയും അങ്ങനെ അദ്ദേഹം സുഖപ്പെടുകയുമായിരുന്നത്രേ. കൊട്ടാര സമുച്ചയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ആ കുളത്തിന്റെ ഇന്നത്തെ പേര് സുരാജ് കുണ്ഡ് എന്നാണ്.
അന്നു രാജാവിനു 'സംരക്ഷകന്‍' എന്നര്‍ഥം വരുന്ന 'പാല്' എന്ന സ്ഥാനനാമവും ഗ്വാലിപ നല്കി. രാജാവിനു ശേഷം വന്ന 83 തലമുറയില്‍പ്പെട്ട രാജാക്കന്മാര് കോട്ട ഭരിച്ചു. എന്നാല്‍, 84-ാമത്തെ രാജാവായ തേജ് കരണ്‍ ഈ പദവി കാത്തു സൂക്ഷിക്കാനായില്ല. അദ്ദേഹം ഒടുവില്‍ കോട്ട കൈവിട്ടു.
ഹൂണ ചക്രവര്‍ത്തി മിഹിരകുലനാണ് ആദ്യ കാലത്തു കോട്ട ഭരിച്ചിരുന്നത്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗുജാര-പ്രതിഹാര രാജാക്കന്മാര് കോട്ട കീഴടക്കി. അവരാണ് തേലി കാ മന്ദിര്‍ പണികഴിപ്പിച്ചത്. ചെറിയ കാലയളവില്‍ മുഗള്‍ ഭരണത്തിനും കോട്ട സാക്ഷ്യംവഹിച്ചു. വൈകാതെ മറാത്തകള്‍ പിടിച്ചെടുത്തു. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈവശമായി.
1844ല്‍ ഗ്വാളിയറിലെ മറാത്ത സിന്ധ്യ കുടുംബത്തിനു ബ്രിട്ടീഷുകാര്‍ കോട്ട കൈമാറി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലും വലിയ പങ്കാണ് ഗ്വാളിയര്‍ വഹിച്ചത്. ബ്രിട്ടീഷുകാരോടു പൊരുതാന്‍ ഗ്വാളിയറില്‍ എത്തിയ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിക്ക് അഭയസ്ഥാനമായതും ഗ്വാളിയര്‍ കോട്ടയായിരുന്നു. പോരാട്ടത്തിനൊടുവില്‍ ആ മഹതി വീരചരമം പ്രാപിക്കുന്നതിനും കോട്ട സാക്ഷിയായി.
മൂന്നു കിലോമീറ്റർ!
1947 വരെ സിന്ധ്യമാര്‍ തന്നെയായിരുന്നു കോട്ട ഭരിച്ചത്. അവര്‍ നിരവധി സ്മാരകങ്ങളും ഇവിടെ പണികഴിപ്പിച്ചു. നിരവധി ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ജലസംഭരണികളും കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു. മന് മന്ദിര്‍ കൊട്ടാരം, ഗുജാരി മഹല്‍, ജഹാംഗിര്‍ മഹല്‍, ഷാജഹാന് മഹല്‍, കാരന് മഹല്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. മൂന്നു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് കോട്ട വ്യാപിച്ചു കിടക്കുന്നത്.
മുഗള്‍ ഭരണകാലത്തു നശിപ്പിക്കപ്പെട്ട ആയിരക്കണക്കിനു തീര്‍ഥങ്കര വിഗ്രഹങ്ങളും ഇവിടെ കാണാം. തേലി കാ മന്ദിറും സഹസ്രബാഹു മന്ദിറും അതുല്യമായ കൊത്തുപണികളാല്‍ മനോഹരമായ ഹിന്ദുക്ഷേത്രങ്ങളാണ്. ദത്താ ബണ്ടി ചോര്‍ ഗുരുദ്വാരയാണ് സമുച്ചയത്തിനുള്ളിലെ മറ്റൊരു വിശുദ്ധ സ്ഥലം. ഇവിടെയാണ് സിഖ് ഗുരു ഹര്‍ഗോബിന്ദ് സാഹിബിനെ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ തടവില്‍ പാര്‍പ്പിച്ചത്.
അജിത് ജി. നായർ