എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
Sunday, February 18, 2024 6:24 AM IST
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്ങിയത് ഒന്നരക്കൊല്ലമെങ്കിലും സൈനിക സേവനം ചെയ്യണം. മുപ്പതാം ജന്മദിനവേളയിൽ അയാൾ സൈന്യത്തിൽ അസിസ്റ്റന്റ് ഡ്രിൽ ഇൻസ്ട്രക്ടറാണ്. കഴിഞ്ഞ ദിവസം ഒരു ആർമി ബൂട്ട് ക്യാന്പിൽനിന്നുള്ള അയാളുടെ ചിത്രങ്ങൾ പുറത്തുവന്നു. ലോകമെന്പാടും വൈറലാകുകയും ചെയ്തു. ആരാണയാൾ?
വെറുതെ തോന്നുകയാണ്- ഈ പേരിൽ അയാളെ തിരിച്ചറിയില്ല എന്ന്. സ്വന്തം കുടുംബാംഗമെന്നപോലെ പുതിയ തലമുറയ്ക്കു പരിചയക്കാരനാണ് ഈ യുവാവ്. കൂടുതൽ അറിയുന്നത് മറ്റൊരു പേരിലാണെന്നു മാത്രം: ജെ-ഹോപ്! ദക്ഷിണ കൊറിയൻ റാപ്പർ, ഡാൻസർ, പാട്ടെഴുത്തുകാരൻ, പ്രൊഡ്യൂസർ... ഇതിനെല്ലാം പുറമേ അയാൾക്കു മറ്റൊരു വിലാസം കൂടിയുണ്ട്- ബിടിഎസ്! യു ട്യൂബ് നോക്കി കൊറിയൻ ഭാഷ പഠിക്കുന്ന, പത്തു മിനിറ്റു കിട്ടിയാൽ കെ-ഡ്രാമ കാണുന്ന തലമുറയ്ക്ക് ഇപ്പോഴേ നെഞ്ചിടിപ്പു കൂടിക്കാണും!
ഡാൻസിൽനിന്നു പാട്ടിലേക്ക്
ബിടിഎസ് അംഗം എന്നറിയപ്പെടുന്നതിനു മുന്‍പേ ഡാൻസ് കൊണ്ട് അറിയപ്പെട്ടയാളാണ് ജെ-ഹോപ്. ന്യൂറോണ്‍ എന്ന ഡാൻസ് ടീമിൽ അംഗമായിരുന്ന അയാൾ ജന്മനാട്ടിലെ ഗുവാങ്യു മ്യൂസിക് അക്കാഡമിയിൽ വർഷങ്ങളോളം നൃത്തം പഠിപ്പിച്ചിരുന്നു- സ്കൂൾ വിദ്യാർഥിയായിരിക്കുന്പോൾതന്നെ. ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് കന്പനിയുമായായിരുന്നു കരാർ. 2008ൽ ദേശീയതലത്തിൽ നടന്ന നൃത്തമത്സരത്തിൽ അയാളായിരുന്നു ഒന്നാമൻ. മെല്ലെ പാട്ടിന്റെ ലോകത്തേക്ക് അയാൾ ചുവടുവച്ചു. റാപ്പർ എന്ന നിലയ്ക്കും അറിയപ്പെട്ടു തുടങ്ങിയത് പെട്ടെന്നാണ്.
ഗ്ലോബൽ സൈബർ യൂണിവേഴ്സിറ്റിയിൽനിന്നു ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടെയ്ൻമെന്റ് ബിരുദം, തുടർന്ന് ഹാന്യാങ് സൈബർ യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് പഠനം എന്നിങ്ങനെ മുന്നോട്ടു പോകുന്പോൾ പാട്ട് കൂടുതൽ ഗൗരവമുള്ളതായി.
സൈനിക സേവനം
ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിന്റെ കീഴിൽ ബിടിഎസ് ബോയ് ബാൻഡിനു തുടക്കമായപ്പോൾ 2013ൽ അതിന്റെ ഭാഗമായി. ബിടിഎസ് എന്ന ഏഴംഗ സംഘത്തിന് ആരാധകരില്ലാത്ത മുക്കുംമൂലയും പോലുമില്ല ലോകത്ത്. സംഘാംഗങ്ങൾക്കു ദക്ഷിണ കൊറിയയിലെ നിർബന്ധിത സേവനകാലം പൂർത്തിയാക്കാൻ 2022 ജൂണ്‍ 14ന് ബിടിഎസ് ബാൻഡ് താത്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. 2025ൽ ആയിരിക്കും അവരുടെ പുനഃസമാഗമം എന്നാണ് കരുതപ്പെടുന്നത്. 2022 മുതൽ അംഗങ്ങൾ പല ഘട്ടങ്ങളിലായി സൈനിക സേവനത്തിലാണ്. ഇപ്പോൾ ജെ-ഹോപ്പും.
2022ൽ അദ്ദേഹം പുറത്തിറക്കിയ ജാക്ക് ഇൻ ദ ബോക്സ് എന്ന ആദ്യ സ്റ്റുഡിയോ ആൽബവും കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓണ്‍ ദ സ്ട്രീറ്റ് എന്ന സിംഗിളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ സാധാരണ പട്ടാളക്കാരനായി സേവനം തുടങ്ങിയ ജെ-ഹോപ് പരിശീലനത്തിനു ശേഷം വോണ്യുവിലെ 36-ാം ഇൻഫൻട്രി ഡിവിഷനിൽ അസിസ്റ്റന്റ് ട്രെയിനിംഗ് ഇൻസ്ട്രക്ടറായി പ്രവർത്തിക്കുന്നു. അവിടെനിന്നുള്ള ഒഴിവു സമയത്തെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായത്. തന്റെ പ്രശസ്തമായ ചിരി പട്ടാള ക്യാന്പിനുള്ളിലും ജെ-ഹോപ് കാത്തുസൂക്ഷിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
പ്രതീക്ഷയുടെ പേര്
ആരാധകർക്കു പ്രതീക്ഷ സമ്മാനിക്കുക എന്ന ആശയത്തിൽനിന്നാണ് ജെ-ഹോപ് തന്റെ സ്റ്റേജ് നാമം തെരഞ്ഞെടുത്തത്. ബിടിഎസിന്റെ പ്രതീക്ഷ എന്ന അർഥവും അതിനുണ്ടത്രേ. അതേസമയം, പൻഡോരയുടെ പെട്ടി എന്ന പഴങ്കഥയിലെ ബാക്കിയാകുന്ന പ്രതീക്ഷയും ആ പേരിലുണ്ട്.
സ്റ്റേജിൽ ശബ്ദംകൊണ്ടും ചലനങ്ങൾകൊണ്ടും പകരുന്ന ഉൗർജമാണ് ജെ-ഹോപിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. വിവിധ സംഗീതധാരകളെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിനു പ്രത്യേക മിടുക്കുണ്ട്. മിനിറ്റുകൾകൊണ്ട് ശ്രോതാക്കളെ കൈയിലെടുക്കും. അടുത്ത നിമിഷം ഇയാൾ എന്താവും ചെയ്യുക എന്ന ആകാംക്ഷ അവരിൽ നിറയ്ക്കുകയും ചെയ്യും. ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും സ്ഥാനങ്ങളും ചെറുപ്രായത്തിൽത്തന്നെ ജെ-ഹോപ്പിനെ തേടിയെത്തി.
പിറന്നാൾ പൊരിക്കാൻ
ഇന്നാണ് ജെ-ഹോപ്പിന്റെ ജന്മദിനമെങ്കിലും ആഴ്ചകൾക്കുമുന്‍പേ ആരാധകർ ഒരുക്കം തുടങ്ങിയിരുന്നു. പലവിധമാണ് ആഘോഷം. പ്രത്യേക ആശയവുമായി തുടങ്ങിയിട്ടുള്ള ഒരു കഫേയും അതിന്റെ ഭാഗമാണ്. ടു ആർമി ഫ്രം ആർമി എന്നാണ് ആ ഇവന്റിന്റെ പേര്. ജെ-ഹോപ്പിനു മാത്രമല്ല രാജ്യത്തെ മുഴുവൻ സൈനികർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് ഇതൊരുക്കിയത്. പട്ടാളക്കാർക്ക് ഇവിടെ കോഫി സൗജന്യം. ജെ-ഹോപ്പ് സേവനംചെയ്യുന്ന ബായ്ഖോ റിക്രൂട്ട് ട്രെയിനിംഗ് ബറ്റാലിയന്റെ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ നേരിട്ടെത്തിയാണ് ഈ ഉദ്യമത്തെ അഭിനന്ദിച്ചത്. കഴിഞ്ഞ ഏഴിനു തുടങ്ങിയ കഫേ ഇന്നുകൂടി പ്രവർത്തിക്കും.
അടുത്ത ഒക്ടോബർ 17നാണ് ജെ-ഹോപ്പിന്റെ സൈനിക സേവന കാലാവധി അവസാനിക്കുക. കെ-പോപ് സെൻസേഷന്റെ തിരിച്ചുവരവിനു കാത്തിരിക്കുകയാണ് ആരാധകർ. വൈറലായ പട്ടാളച്ചിത്രങ്ങൾ കണ്ട് അവർ പറഞ്ഞതിങ്ങനെയത്രേ: എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ!!
ഹരിപ്രസാദ്