ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
Sunday, February 18, 2024 3:36 AM IST
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാജവംശമാണ് ഈ നഗരം പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
മനോഹര ശില്പങ്ങളും പ്രൗഢഗംഭീര ക്ഷേത്രങ്ങളും നിറഞ്ഞ ഈ നഗരം രാജ്യത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ്. മധ്യപ്രദേശില്‍ ഏറ്റവുമധികം സന്ദർശകരെത്തുന്ന ഇടംകൂടിയാണിത്. നിര്മിതികളില് ഏറിയ പങ്കും എ.ഡി 950നും എ.ഡി1050നും ഇടയിൽ നിർമിച്ചവയാണ്. മനുഷ്യരുടെ ആത്മബന്ധം, ആത്മീയ ശിക്ഷണം, ധ്യാനം തുടങ്ങിയവയെല്ലാം ശില്പങ്ങൾക്കു വിഷയമായിട്ടുണ്ട്.
20 ക്ഷേത്രങ്ങൾ
പൂര്‍വം, പശ്ചിമം, ദക്ഷിണം എന്നിങ്ങനെ മൂന്നു കൂട്ടങ്ങളായാണ് ഇവിടെ ക്ഷേത്രങ്ങളെ വേര്‍തിരിക്കുന്നത്. നാഗര ശൈലിയാണ് നിർമാണത്തിന്റെ സൗന്ദര്യം. ഇന്നു നിലനില്‍ക്കുന്ന 20 ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതും പ്രശസ്തവുമായത് കന്ദാരീയ മഹാ ദേവ ക്ഷേത്രമാണ്. 11-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പണികഴിപ്പിക്കപ്പെട്ട ക്ഷേത്രത്തിൽ പരമശിവനാണ് പ്രധാനമൂര്‍ത്തി.
ത്രിമാനരൂപത്തിലുള്ള ക്ഷേത്രം അതിസുന്ദര ഗോപുരങ്ങളാല്‍ സമ്പന്നം. ഈ ഗോപുരങ്ങള്‍ ശിഖാരകള്‍ എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ ഉള്ളിലെ 226 ശില്പങ്ങളും പുറത്തെ 646 ശില്പങ്ങളും ആരുടെയും മനംകവരും. ബ്രഹ്മാവ്, ഗണപതി, വിഷ്ണു തുടങ്ങിയ ദേവതകളുടെ രൂപങ്ങളാണ് ഇവിടെയുള്ളതില്‍ അധികവും.
എന്നാല്‍, ദക്ഷിണഭാഗത്തെ ഭിത്തിയില്‍ കാണപ്പെടുന്ന വിവിധ രീതിയിലുള്ള രതിസാന്ദ്രമായ ശില്പങ്ങളാണ് ഖജുരാഹോയെ മറ്റു ക്ഷേത്രങ്ങളില്‍നിന്നു വേറിട്ടു നിര്‍ത്തുന്നത്. സന്തോഷത്തെയും പുഷ്കലതയെയും പ്രതിനിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹാക്ഷേത്രം നിലകൊള്ളുന്നത്. അതിനാല്‍ ഈ ശില്പങ്ങളെ മഹത്തരമായി കണക്കാക്കുന്നു. ഖജുരാഹോയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ലക്ഷ്മണക്ഷേത്രം. ഗുര്‍ജാരാ-പ്രതിഹാര രാജാക്കന്മാരില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചതിന്റെ സ്മരണയ്ക്കായി പണിതീര്‍ത്തതാണ് ഈ ക്ഷേത്രം.
രതിശില്പങ്ങൾ
ഖജുരാഹോയിലെ ഏറ്റവും രതിസാന്ദ്രമായ ശില്പങ്ങളുള്ള ക്ഷേത്രം ഏതെന്ന ചോദ്യം എത്തി നില്ക്കുക ദേവി ജഗദംബി ക്ഷേത്രത്തിലാണ്. കന്ദാരീയ മഹാദേവ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ് ഈ ക്ഷേത്രം. എഡി 1000നും 1025നും ഇടയിലാണ് പണികഴിപ്പിക്കപ്പെട്ടത്. ആദ്യ കാലത്ത് മഹാവിഷ്ണുവായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠ, ഇവിടെ കൊത്തിവച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ഇതിന്റെ തെളിവാണ്.
എന്നാല്‍, പിന്നീടു ക്ഷേത്രം പാര്‍വതി ദേവിക്കും ഭദ്രകാളിക്കുമായി സമര്‍പ്പിക്കപ്പെട്ടു. ക്ഷേത്രത്തിനകത്തെ പാര്‍വതിദേവിയുടെ വിഗ്രഹം ഭദ്രകാളിയെ അനുസ്മരിപ്പിക്കും വിധം കറുത്ത നിറത്തിലുള്ളതാണ്. ശൂന്യമായ കൈകളുമായി സിംഹത്തെ നേരിടുന്ന യോദ്ധാവ് ഏറ്റവും ആകര്‍ഷണീയമായ ശില്പങ്ങളിലൊന്നാണ്.
ചൗസാത് യോഗിനി ക്ഷേത്രം എന്നറിയപ്പെടുന്ന ഏകതാര്സോ മഹാദേവ ക്ഷേത്രമാണ് ഏറ്റവും പഴക്കം ചെന്ന ഖജുരാഹോ ക്ഷേത്രം. ഖജുരാഹോ ക്ഷേത്രങ്ങളിലെ ഏക ഗ്രാനൈറ്റ് ക്ഷേത്രവും രാജ്യത്ത് സംരക്ഷിക്കപ്പെടുന്ന അപൂര്‍വം യോഗിനി ക്ഷേത്രങ്ങളിലൊന്നാണിത്. വൃത്താകാരത്തിലുള്ള ക്ഷേത്രത്തില്‍ 65 അറകളാണുള്ളത്. അതില്‍ 64 എണ്ണം കാളിക്കായും ഒരെണ്ണം യോഗിനിക്കായും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ചതുരാകൃതിയിലുള്ള പാര്‍ശ്വനാഥ ജൈനക്ഷേത്രമാണ് ഖജുരാഹോയിലുള്ള മറ്റൊരു പ്രധാന ക്ഷേത്രം. ഏകമൂര്ത്തിയെ ആരാധിക്കുന്ന ക്ഷേത്രം ചതുരാകൃതിയിലുള്ള ഏകഗോപുര നിര്‍മിതിയാണ്. രതിശില്പങ്ങള് ഇല്ലാത്ത ഖജുരാഹോയിലെ ഏക ക്ഷേത്രവും ഇതാണ്.
ചിത്രഗുപ്ത ക്ഷേത്രം, വരാഹ ക്ഷേത്രം, ആദിനാഥ് ക്ഷേത്രം,വാമന ക്ഷേത്രം എന്നിങ്ങനെ ബാക്കിയുള്ള ക്ഷേത്രങ്ങളും വാസ്തുവിസ്മയങ്ങള്‍ തന്നെയാണ്. 1986ല്‍ യുനസ്കോ ഖജുരാഹോ ക്ഷേത്രങ്ങളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
അജിത് ജി. നായർ