ആനി മസ്ക്രീൻ, പോരാട്ട വീര്യം
Sunday, February 25, 2024 2:39 AM IST
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരിക്കുന്ന ഒരു മഹനീയ വ്യക്തി. തിരു-കൊച്ചിയിലെ പറവൂർ ടി.കെ. നാരായണപിള്ള മന്ത്രിസഭയിൽ അംഗമായിരിക്കേ ഭരണപക്ഷത്തിന്റെതന്നെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു മന്ത്രിസ്ഥാനം ഉപേക്ഷിച്ച ഒരു ധീരവനിത. "തിരുവിതാംകൂറിന്റെ ഝാൻസി റാണി'' എന്നു മള്ളുർ ഗോവിന്ദപ്പിള്ള വിശേഷിപ്പിച്ച ആനി മസ്ക്രീൻ എന്ന സ്വാതന്ത്ര്യസമര പോരാളി.
ആദ്യ വനിതാ എംപി, സ്വാതന്ത്ര്യസമര പോരാളി, പാർലമെന്റിലേക്കു തിരുക്കൊച്ചിയിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിത എന്നിങ്ങനെ സമാനതകളില്ലാത്ത നേതൃഗുണവും പ്രവർത്തനവീര്യവും ഒന്നുചേർന്ന ആനി മസ്ക്രീന്റെ പേര് നിരവധി വിശേഷണങ്ങളോടുകൂടിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും കേരള ചരിത്രത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയും മർദനവും ജയിൽവാസവും ഈ സ്ത്രീരത്നത്തിന്റെ പോരാട്ടവീര്യത്തെ കൂടുതൽ ബലപ്പെടുത്തി എന്നതാണ് യാഥാർഥ്യം.
1951ൽ നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നു സ്വതന്ത്രയായി മത്സരിച്ച ആനി മസ്ക്രീൻ പരാജയപ്പെടുത്തിയത് താൻ മന്ത്രിയായിരുന്ന മന്ത്രിസഭയുടെ തലവനായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയെതന്നെ ആയിരുന്നു. പറവൂർ ടി.കെ. നാരായണപിള്ളയ്ക്ക് 48,500 വോട്ടുകൾ ലഭിച്ചപ്പോൾ ആനി മസ്ക്രീന്റെ വോട്ടുകളുടെ എണ്ണം 1,16,617 ആയിരുന്നു.
ഇതിൽനിന്ന് അവർക്കുണ്ടായിരുന്ന ജനപിന്തുണയുടെ ആഴം മനസിലാക്കാം. കേരളത്തിൽനിന്ന് ആദ്യമായും അവസാനമായും ഒരു വനിത സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു ലോക്സഭയിൽ എത്തിയത് ആനി മസ്ക്രീൻ മാത്രമാണ്. ഇന്ത്യൻ ഭരണഘടനയുടെ കരടുരേഖയിൽ ഒപ്പുവച്ച എക ദക്ഷിണേന്ത്യൻ വനിത എന്ന പ്രത്യേകതയും കേരളത്തിന്റെ ആനി മസ്ക്രീന് മാത്രം അവകാശപ്പെട്ടതാണ്.
1949ൽ തിരുവിതാംകൂർ നിയമസഭയിൽനിന്നു കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അവർ 1952 വരെ അതിൽ അംഗമായിരുന്നു. ഭാരതത്തിന്റെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ ആനി മസ്ക്രീനും തന്റേതായ പങ്ക് വഹിച്ചിരുന്നുവെന്നത് ഓരോ മലയാളിക്കും ഓരോ മലയാളി സ്ത്രീക്കും അഭിമാനം നൽകുന്ന വസ്തുതയാണ്.
തിരുവനന്തപുരത്ത് 1902 ജൂൺ ആറിന് തിരുവിതാംകൂറിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകളായി ജനിച്ച ആനി, തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് സ്കൂൾ, മഹാരാജാസ് കോളജ് (ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കോളജ്) എന്നിവിടങ്ങളിൽ പഠിച്ച്, ബിരുദാനന്തര ബിരുദം നേടി സിലോണിലെ കോളജിൽ അധ്യാപികയായി കുറച്ചു കാലം ജോലിചെയ്തു. തിരികെ നാട്ടിലെത്തിയ അവർ ബിഎൽ പഠിച്ചു വിജയിക്കുകയും വഞ്ചിയൂർ കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
വളരെ ചെറിയ കാലംകൊണ്ടുതന്നെ ജനകീയ വക്കിൽ എന്ന പേരു സമ്പാദിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ അംഗമായ ആദ്യ വനിതകളിൽ ഒരാൾ ആനി മസ്ക്രീനായിരുന്നു. അക്കാമ്മ ചെറിയാനൊപ്പം സ്റ്റേറ്റ് കോൺഗ്രസിലെ പുരുഷമേധാവിത്വത്തോടു പൊരുതി സ്ത്രീകൾക്കു മാന്യമായ പദവികൾ യോഗ്യതയ്ക്ക് അടിസ്ഥാനമായി നേടിക്കൊടുത്തു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലെ ആദ്യ വനിതാ വർക്കിംഗ് കമ്മിറ്റി അംഗവും ആനി മസ്ക്രീനല്ലാതെ മറ്റാരുമായിരുന്നില്ല.
സ്വാതന്ത്ര്യസമരം അതിന്റെ മൂർധന്യതയിലായിരുന്ന 1939-1947 കാലഘട്ടത്തിൽ നിരവധി തവണ അവർ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കപ്പെട്ടു.വിവിധ ഇടങ്ങളിലെ തീപ്പൊരി പ്രസംഗങ്ങൾ സ്വാതന്ത്ര്യസമര പോരാളികളായ അണികൾക്ക് ആവേശം നല്കിയതോടൊപ്പം ആനിക്കു ജയിൽവാസവും നേടിക്കൊടുത്തു. പുന്നപ്ര വയലാർ സമരത്തെ സർക്കാർ രക്തപങ്കിലമാക്കി എന്നു പറയാൻ അവർ മടി കാട്ടിയില്ല. അതിന്റെ പേരിലും ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ധീരമായ പോരാട്ടത്തോടൊപ്പം സ്വതന്ത്ര രാഷ്ട്രമായ ഇന്ത്യയിൽ തിരുവിതാംകൂറിന്റെ സ്ഥാനം സമന്വയിപ്പിക്കാനും ഉറപ്പിക്കാനുമുള്ള ഒരു പോരാട്ടം കൂടിയാണ് അവർ നടത്തിയതെന്നു ചരിത്രം വിശകലനം ചെയ്യുന്നവർക്കു ബോധ്യമാകും. അങ്ങനെയാണ് തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്ന വിളിപ്പേരിന് അവർ അർഹയായത്.
1963 ജൂലൈ 19ന് 61-ാം വയസിൽ ഈ ഭൂമിയിലെ സ്വാതന്ത്ര്യ പോരാട്ടം അവസാനിപ്പിച്ച് അവർ മടങ്ങി. കേരളക്കരയിലെ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിലേക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും കഴിഞ്ഞ നൂറ്റാണ്ടിൽ കുറച്ചു വനിതകൾ കടന്നുവന്നിട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ആനി മസ്ക്രിനെ പോലെയുള്ള സ്ത്രീ നേതൃത്വങ്ങളായിരുന്നു എന്ന കാര്യം വിസ്മരിക്കാതിരിക്കാം.
ആന്റണി ആറിൽചിറ ചമ്പക്കുളം