ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
Sunday, March 3, 2024 12:28 AM IST
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമിഴിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നയാള്‍ ആ കൊലക്കേസില്‍ അറസ്റ്റിലായിരുന്നു എന്നറിയുമ്പോള്‍ സംശയമകലും. ആ കേസ് അദ്ദേഹത്തിന്റെ കരിയറും ജീവിതംതന്നെയും തുലച്ചുവെന്നു കേള്‍ക്കുമ്പോള്‍ വിധിയെന്നു ദീര്‍ഘശ്വാസമെടുക്കും. അതാണ് എം.കെ. ത്യാഗരാജ ഭാഗവതരുടെ കഥ, അമ്പരപ്പിക്കുന്ന ജീവിതകഥ. 1910 മാര്‍ച്ച് ഒന്നിന് പഴയ തഞ്ചാവൂര്‍ ജില്ലയിലെ മയിലാടുംതുറൈയിലാണ് (അന്നത്തെ മായാവാരം) അദ്ദേഹത്തിന്റെ ജനനം.
സ്വര്‍ണപ്പണിക്കാരനായിരുന്ന കൃഷ്ണസ്വാമി ആചാരിയുടെ മൂത്ത മകന്. പിതാവിന്റെ മരണശേഷം കുടുംബം തിരുച്ചിറപ്പള്ളിയിലേക്കു മാറി. അവിടെ ഒരു സ്കൂളില്‍ ചേര്‍ത്തെങ്കിലും ത്യാഗരാജന് പഠിപ്പിനു പകരം പാട്ടിനോടായിരുന്നു കമ്പം. പഠിക്കാന്‍ ഇഷ്ടമില്ലാഞ്ഞും പാടുമ്പോള്‍ പിതാവ് ശാസിക്കുന്നതു ഭയന്നും വീട്ടില്‍നിന്ന് ഓടിപ്പോയ ചരിത്രംതന്നെയുണ്ട് മുമ്പ്. അന്നു പിതാവ് കണ്ടുപിടിച്ചു തിരിച്ചെത്തിക്കുകയായിരുന്നു. അദ്ദേഹം അന്വേഷിച്ചു ചെല്ലുമ്പോള്‍ കഡപ്പ പട്ടണത്തില്‍ തെലുങ്കരായ ഒരു കൂട്ടം ശ്രോതാക്കള്ക്കുമുന്നിലിരുന്നു പാടുകയാണ് ത്യാഗരാജന്.
പാട്ടുകാരനാവുകയെന്നത് അന്നത്തെക്കാലത്ത് ഒരു മാന്യതയുള്ള തൊഴിലായി കരുതപ്പെട്ടിരുന്നില്ലെങ്കിലും പിതാവിന്റെ അനുതാപവും പിന്തുണയും ക്രമേണ ത്യാഗരാജനു കിട്ടി. അങ്ങനെ ഭജനുകള്‍ പാടിത്തുടങ്ങി.അമച്വര്‍ നാടക സംഘമായ രസിക രഞ്ജന സഭയുടെ സ്ഥാപകന്‍ നടേശ അയ്യരാണ് ത്യാഗരാജനെ സ്റ്റേജില്‍ കയറ്റിയത്. ഹരിശ്ചന്ദ്ര നാടകത്തില്‍ ലോഹിതദാസന്റെ വേഷമായിരുന്നു. നാടകം വിജയമായി. അഭിനയത്തോടൊപ്പം പാട്ടിലും ത്യാഗരാജന് ശ്രദ്ധവച്ചു. വിഖ്യാതനായ വയലിനിസ്റ്റ് മധുരൈ പൊന്നു അയ്യങ്കാറിന്റെ കീഴില്‍ ആറു വര്‍ഷക്കാലം കര്‍ണാടക സംഗീതം അഭ്യസിക്കുകയും ചെയ്തു. അങ്ങനെ ത്യാഗരാജ ഭാഗവതരുമായി.
സിനിമയിലേക്ക്...
ത്യാഗരാജന് അഭിനയിച്ച പാവലക്കോടി എന്ന നാടകം കണ്ട് ബിസിനസുകാരായ ലക്ഷ്മണ ചെട്ടിയാരും അളഗപ്പ ചെട്ടിയാരും കഥ അതേ പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. കെ. സുബ്രഹ്മണ്യമായിരുന്നു സംവിധായകന്. ത്യാഗരാജനുതന്നെ മുഖ്യവേഷം. അഡയാറില്‍ ഷൂട്ട് ചെയ്ത സിനിമ വന്‍ ജനപ്രീതി നേടി. 1934ല്‍ ആയിരുന്നു ഇത്. അതോടെ ത്യാഗരാജ ഭാഗവതരുടെ സിനിമാ ജീവിതത്തിനു തുടക്കമായി.
പാടി അഭിനയിക്കുന്ന സിനിമകള്‍ വന്നു. 1937 മുതല്‍ 44 വരെയുള്ള കാലംകൊണ്ട് ത്യാഗരാജ ഭാഗവതര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. എംകെടി എന്ന വിളിപ്പേരും കിട്ടി. സിനിമകള്‍ എല്ലാം ഹിറ്റുകള്‍. 1944ല്‍ പുറത്തിറങ്ങിയ ഹരിദാസ് എന്ന ചിത്രം മൂന്നു വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്കു സാക്ഷ്യംവഹിച്ചാണ് മദ്രാസിലെ ബ്രോഡ് വേ തിയറ്റര്‍ വിട്ടത്.
അക്കാലത്ത് ഏറ്റവുമധികം പ്രതിഫലംപറ്റുന്ന നായകനായിരുന്നു ത്യാഗരാജ ഭാഗവതര്‍. നീണ്ട മുടിയും മധുരമായ സ്വരവും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.രചയിതാവ് പാപനാശം ശിവനുമായി ചേര്‍ന്ന് എംകെടി ഒരുക്കിയ ഭക്തിഗാനങ്ങള്‍ സംഗീതപ്രേമികള്‍ ഒരുപാടിഷ്ടത്തോടെയാണ് സ്വീകരിച്ചത്. ഹിറ്റ് ഗാനങ്ങളുടെ നിരതന്നെ അക്കൂട്ടത്തിലുണ്ട്.
കുരുക്കായി കൊലക്കേസ്
സിനിമാ ദൂത് എന്ന പേരില്‍ വാരിക നടത്തിയിരുന്ന കുപ്രസിദ്ധ ഫിലിം ജേർണലിസ്റ്റ് സി.എന്‍. ലക്ഷ്മികാന്തന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ജയിലില്‍ പോകേണ്ടിവന്നത് ത്യാഗരാജ ഭാഗവതരുടെ ജീവിതത്തിന്റെ അസ്തമയത്തിനു തുടക്കമിട്ടു. സിനിമാക്കാരുടെ അണിയറക്കഥകളും ഗോസിപ്പുകളും പ്രസിദ്ധീകരിച്ചിരുന്ന വാരികയായിരുന്നു സിനിമാ ദൂത്. തങ്ങളുടെ കഥകള്‍ വാരികയില്‍ വരാതിരിക്കാന്‍ വലിയ തുക ലക്ഷ്മികാന്തിനു സിനിമാക്കാർ നല്കാറുണ്ടായിരുന്നു.
അതിനിടെ ഭാഗവതരും ഹാസ്യനടനായ എന്‍.എസ്. കൃഷ്ണനും സംവിധായകന് എസ്.എം. ശ്രീരാമലു നായിഡുവും ലക്ഷ്മികാന്തിനെതിരേ അന്നത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വാരികയുടെ ലൈസന്‍സ് റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. അങ്ങനെ ലൈസന്‍സ് റദ്ദാക്കപ്പെട്ടു.
എന്നാൽ, ലക്ഷ്മികാന്തന്‍ പിന്നീടു മറ്റൊരു മാഗസിന് തുടങ്ങി ഭാഗവതരും കൃഷ്ണനും അടക്കമുള്ളവരെക്കുറിച്ചു കഥകള്‍ ഇറക്കി. സ്വന്തമായി പ്രിന്റിംഗ് പ്രസ് വരെ ലക്ഷ്മികാന്തന്‍ തുടങ്ങിയിരുന്നു. 1944 നവംബറില്‍ ലക്ഷ്മികാന്തന്‍ കുത്തേറ്റു മരിച്ചു. ഇതു പ്രമാദ കേസായി മാറി. സംശയനിഴലില്‍ നിന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്യാഗരാജ ഭാഗവതരും കൃഷ്ണനും നായിഡുവും അക്കൂട്ടത്തിലുണ്ടായിരുന്നു.
ജയിൽവാസം
ഹരിദാസ് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുനില്ക്കുന്ന സമയമാണ്. 12 സിനിമകള്‍ക്കു കരാറൊപ്പിടുകയും ചെയ്തിരുന്നു. അറസ്റ്റും തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തെ ജയില്‍വാസവും ഭാഗവതരുടെ കരിയറിനെയും ജീവിതത്തെയും തകിടം മറിച്ചു. കേസു നടത്താനായി സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നു.
പുനര്വിചാരണയില് കുറ്റം ഒഴിവാക്കപ്പെട്ടു ജയിലില്‍നിന്നു പുറത്തുവന്നെങ്കിലും കാര്യങ്ങളൊന്നും പഴയതുപോലെ ആയില്ല. പിന്നീട് ഏതാനും സിനിമകള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയെങ്കിലും വിജയിച്ചില്ല. എങ്കിലും കച്ചേരികള്‍ക്ക് ആളു കൂടുമായിരുന്നു. അന്ത്യനാളുകള്‍ ഭക്തിയുടെ മാര്‍ഗത്തിലേക്കു തിരിഞ്ഞു. തീര്‍ഥാടന പാതയിലായിരുന്നു പിന്നീടു ജീവിതം. ഇതിനിടെ, രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ വലച്ചു.
കച്ചേരികള്‍ക്കിടയില്‍ ഭാഗവതര്‍ സ്വയം ഇന്‍സുലിന്‍ ഇന്ജക്ഷന് എടുക്കുന്നത് അക്കാലത്തു കേള്‍വിക്കാര്‍ക്ക് അദ്ഭുതമായിരുന്നു. അങ്ങനെയിരിക്കേ പൊള്ളാച്ചിയില്‍ ഒരു കച്ചേരിയുടെ അവസാനം പ്രമേഹം മാറുമെന്നു വിശ്വസിപ്പിച്ചു ഭാഗവതര്‍ക്ക് ഒരു മരുന്നു നല്കി. എന്നാല്‍, അത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി.
1959 നവംബര്‍ ഒന്നിന് മദ്രാസ് ജനറല്‍ ആശുപത്രിയില്‍വച്ചു സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യമായി. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് സംസ്കാരച്ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിക്കാനെത്തിയത്. രണ്ടാമതൊരാള്‍ അറിയാതെ ഒട്ടേറെപ്പേര്‍ക്കു സഹായങ്ങള്‍ നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം. കടുത്ത ദാരിദ്ര്യം അനുഭവിച്ച ശേഷമായിരുന്നു മരണം. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങള്‍ വിചിത്രം, അല്ലേ..!
ഹരിപ്രസാദ്