മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾക്കു പ്രിയമേറിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കടൽപ്പാലമുള്ള ഏക ബീച്ചാണെന്ന പ്രത്യേകതയും കുഴുപ്പിള്ളിക്കുണ്ട്.
150 മീറ്ററോളം കടലിലേക്കു നീണ്ടു നിൽക്കുന്ന കടൽപ്പാലത്തിലൂടെയുള്ള യാത്ര കൗതുകവും വിസ്മയവും പകരും. ഇതിൽ കയറുന്നതിന് 150 രൂപയാണ് ഫീസ്.
കാഴ്ചകൾ: സമൃദ്ധമായ തീരവും കാറ്റാടി മരങ്ങളുടെ കൂട്ടവും നേരത്തേതന്നെ കുഴുപ്പിള്ളി ബീച്ചിലേക്കു സന്ദർശകരെ ആകർഷിച്ചിട്ടുണ്ട്. ചെറായി ബീച്ച് സന്ദർശകരുടെ തിരക്കുകൊണ്ട് ശ്രദ്ധേയമാകുന്പോൾ, കുഴുപ്പിള്ളിയുടെ ശാന്തമായ അന്തരീക്ഷമാണ് പലർക്കും ഇഷ്ടം. മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങളും ചെമ്മീൻ കെട്ടുകളും ഇവിടുത്തെ കാഴ്ചയാണ്. സ്വകാര്യ മേഖലയിൽ വിവിധ വാട്ടർ സ്പോർട്സുകൾ ഉൾപ്പെടെയുള്ള അഡ്വഞ്ചർ പാർക്കുമുണ്ട്.
നല്ല നാടൻ ഭക്ഷണം കിട്ടുന്ന തട്ടുകടകൾക്കു പുറമേ കടൽ, കായൽ വിഭവങ്ങളും മറ്റും വിളമ്പുന്ന റിസോർട്ടുകളുമുണ്ട്. പാർക്കിംഗിനും പ്രത്യേകം സൗകര്യമുണ്ട്.
വഴി: എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽനിന്നു ഗോശ്രീ പാലങ്ങൾ കടന്നു വൈപ്പിൻ സംസ്ഥാന പാത വഴി ഞാറയ്ക്കൽ നായരമ്പലം എടവനക്കാട് പ്രദേശങ്ങളിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലെത്തും. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞു ചെമ്മീൻ പാടങ്ങളുടെ ഇടയിലൂടെയുള്ള വിശാലമായ റോഡിലൂടെ കുഴുപ്പിള്ളി ബീച്ചിലെത്താം.
വടക്കൻ ജില്ലകളിൽനിന്നു വരുന്നവർ തൃശൂർ, കൊടുങ്ങല്ലൂർ വഴി വടക്കൻ പറവൂരിലെത്തി അവിടെ നിന്നു ചെറായി ദേവസ്വം നട വഴി പത്തു കിലോമീറ്റർ യാത്ര ചെയ്താൽ കുഴുപ്പിള്ളി ബീച്ച് കാണാം.
ഹരുണി സുരേഷ്