അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
Saturday, March 30, 2024 11:03 PM IST
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യത്തിന്റെ പലഭാഗത്തുണ്ട്. അതില്‍ത്തന്നെ പ്രഥമഗണനീയമായ പള്ളികളിലൊന്നാണ് ഓള്‍ഡ് ഗോവയില്‍ സ്ഥിതിചെയ്യുന്ന റോമന്‍ കത്തോലിക്ക പള്ളി , ബസിലിക്ക ഓഫ് ബോം ജീസസ്.
1594നും 1605നും മധ്യേ പണികഴിപ്പിച്ച ഈ മനോഹര നിര്‍മിതി നവോത്ഥാന ഇറ്റാലിയന്‍ ശൈലിയായ ബറോക്കിന്റെയും പോര്‍ച്ചുഗീസ് കൊളോണിയല്‍ വാസ്തുകലയുടെയും അനിതരസാധാരണമായ മാതൃകയാണ്. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ കബറിടമെന്ന നിലയിലും ബസിലിക്ക ഏറെ പ്രശസ്തം. 1541-49 കാലഘട്ടത്തിലായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഗോവ കേന്ദ്രീകരിച്ചു പ്രവർത്തിച്ചത്.
പോര്‍ച്ചുഗീസ് ഭരണകാലത്ത് അവരുടെ ഇന്ത്യയിലെ തലസ്ഥാനമായിരുന്ന ഓള്‍ഡ് ഗോവ വലിപ്പത്തിലും പ്രൗഢിയിലും അക്കാലത്തു പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിനോടു കിടപിടിച്ചിരുന്നതായി പറയപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രഥമ ജെസ്യൂട്ട് കേന്ദ്രവും ഇതായിരുന്നു.
1565ല്‍ ഇവിടെ രണ്ടു ലക്ഷം ആളുകള്‍ വസിച്ചിരുന്നതായാണ് കണക്കാക്കുന്നത്. എന്നാല്‍, പിന്നീട് മലേറിയയും കോളറയും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ നഗരത്തെ വിഴുങ്ങുകയും പതിനേഴാം നൂറ്റാണ്ടോടെ ഇതൊരു ഉപേക്ഷിക്കപ്പെട്ട നഗരമായി മാറുകയുമായിരുന്നു.
മൂന്നു കവാടങ്ങൾ
1594ല്‍ നിര്‍മാണം തുടങ്ങി 1605ല്‍ പൂർത്തിയായ ബോം ജീസസ് (ഉണ്ണി യേശു) പള്ളിക്ക് "ബസിലിക്ക'' പദവി ലഭിക്കുന്നത് 1946ലാണ്. ഡോറിക്, കോറിന്ത്യന്‍, കോംപോസിറ്റ് വാസ്തുശൈലികളുടെ മിശ്രണം കുരിശാകാരമായ ദേവാലയത്തെ അതിസുന്ദരമാക്കുന്നു. പ്രൗഢഗംഭീരമായ മൂന്നു കവാടങ്ങളാണ് ദേവാലയത്തിനുള്ളത്. ഇവയ്ക്കു മുകളിലായി ചതുരാകൃതിയിലുള്ള വലിയ ജനാലകളും അവയ്ക്കു മുകളിലായി വൃത്താകാരമായ ചെറിയ ജനാലകളും കാണാം.
കവാടത്തിലൂടെ എത്തിച്ചേരുക കൊത്തുപണികളാല്‍ സമൃദ്ധമായ നടുത്തളത്തിലാണ്. അകത്തളത്തിന്റെ ദക്ഷിണ ഭാഗത്തായി ഈശോസഭാ സ്ഥാപകനായ സെന്റ് ഇഗ്നേഷ്യസ് ലയോളയുടെ ശിഷ്യനും സഹയാത്രികനുമായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ശവകുടീരവും ചാപ്പലും കാണാനാവും. അമൂല്യമായ കല്ലുകൾ പാകി മാർബിൾ പതിച്ചതാണ് പള്ളിയുടെ തറ.
അഴുകാതെ ഭൗതികദേഹം
ഇറ്റലിയിലെ ടസ്കണിയിലെ ഗ്രാന്‍ഡ് ഡ്യൂക്ക് ആയിരുന്ന കോസിമോ മൂന്നാമന് സമ്മാനിച്ചതാണ് കൊത്തുപണികളാല്‍ സമ്പന്നമായ ഈ മൃതദേഹ പേടകം. ജിയോവന്നി ബാറ്റിസ്റ്റാ ഫോഗിനി എന്ന ശില്പിയാണ് പണിതീർത്തത്. 1689ല്‍ നിര്‍മാണം തുടങ്ങിയ ഈ ശവകുടീരം 1698ലാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇന്തോ- ഇറ്റാലിയന്‍ കലാവൈഭവത്തിന്റെ മകുടോദാഹരണമായ, വെള്ളിയിൽ തീർത്ത ഒരു പെട്ടിക്കുള്ളിലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്.
വിശുദ്ധന്റെ കാലപ്രാപ്തിക്ക് ഒരു വര്‍ഷത്തിനു ശേഷമാണ് ഭൗതിക ശരീരം ഇങ്ങോട്ടു മാറ്റുന്നത്. പോർച്ചുഗീസ് മലാക്കയിലെ വിശുദ്ധ പൗലോസിന്റെ പള്ളിയിലായിരുന്നു മൃതദേഹം ആദ്യം അടക്കം ചെയ്തത്. പിന്നീട് അത് കപ്പൽമാർഗം ഗോവയിലെത്തിക്കുകയായിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികദേഹം അഴുകാതെ കാണപ്പെടുന്നതാണ് ഇവിടുത്തെ പ്രധാന അദ്ഭുതം.
പത്തു വർഷത്തിലൊരിക്കൽ
വിശുദ്ധന്റെ തിരുനാൾ ദിവസമായ ഡിസംബര്‍ മൂന്നിന് അദ്ദേഹത്തിന്റെ ഭൗതികദേഹം വിശ്വാസികള്‍ക്കു വണങ്ങാൻ സൗകര്യമുണ്ട്. പത്തു വര്‍ഷത്തിലൊരിക്കല്‍ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കുന്നു. ഈ ചടങ്ങുകളില്‍ പങ്കെടുക്കാനായി ലോകമെമ്പാടുനിന്നും ആയിരക്കണക്കിന് ആളുകൾ ഇവിടേക്ക് എത്തും. 1986ല്‍ യുനസ്കോയുടെ ലോകപൈതൃക പട്ടികയിലും ബസിലിക്ക ഓഫ് ബോം ജീസസ് ഇടം നേടി. ഇന്നു ഗോവയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടംകൂടിയാണ് ഈ ബസിലിക്ക.
അജിത് ജി. നായർ