മഹാബോധി ലോകത്തോടു പറയുന്നത്
Sunday, March 17, 2024 2:33 AM IST
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളുകളെ ഉണര്‍ത്തുക എന്നതായിരുന്നു ശ്രീബുദ്ധന്റെ ലക്ഷ്യം. ഇന്ത്യയില്‍ ആവിര്‍ഭവിച്ച ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാനകേന്ദ്രമാണ് ബിഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രം.
ബിസി മൂന്നാം നൂറ്റാണ്ടില്‍ മൗര്യ ചക്രവര്‍ത്തിയായ അശോകനാണ് സെന്‍ട്രല്‍ ബിഹാറില്‍ ഈ മഹാക്ഷേത്രം പണി കഴിപ്പിച്ചത്. ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ആരാധനാ കേന്ദ്രങ്ങളിലൊന്നായി മഹാബോധി ക്ഷേത്രത്തെ കരുതിപ്പോരുന്നു. ശ്രീബുദ്ധന്റെ ജീവിതവും മഹാനിര്വാണവുമെല്ലാമായി ഈ ക്ഷേത്ര സമുച്ചയം ബന്ധപ്പെട്ടു കിടക്കുന്നു.
ഗുപ്ത കാലഘട്ടത്തിലെ ഇഷ്ടിക വാസ്തുവിദ്യയുടെ മികവാണ് തകര്‍ച്ചയെ അതിജീവിച്ചു നൂറ്റാണ്ടുകള്‍ നിലനില്ക്കാന് ക്ഷേത്രത്തെ സഹായിച്ചത്. എന്നാല്‍, ഇന്നു നാം കാണുന്ന മഹാബോധി ക്ഷേത്രം 1-2 എഡിയിൽ നിര്‍മിച്ചതാണെന്നു കരുതപ്പെടുന്നു. 19-ാം നൂറ്റാണ്ട് വരെ നിരവധി പുനരുദ്ധാരണങ്ങള്ക്കു ക്ഷേത്രം വിധേയമായി.
180 അടി ഉയരം
ബോധ്ഗയയില്‍ നിരഞ്ജന നദിയുടെ തീരത്താണ് മഹാബോധി ക്ഷേത്രം. 180 അടി ഉയരമുള്ള പിരമിഡ് ആകാരമായ ഗോപുരമാണ് ക്ഷേത്രത്തിനുള്ളത്. കമാനങ്ങളാലും കൊത്തുപണികളാലും സമ്പുഷ്ടം. രൂപഘടനയില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത നാലു ചെറിയ ഗോപുരങ്ങള്‍ പ്രധാന ഗോപുരത്തെ ചുറ്റിയിരിക്കുന്നു. ചില്ലു കൂട്ടിൽ ബുദ്ധവിഗ്രഹം ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്.
48,600 ഹെക്ടര്‍ പ്രദേശത്താണ് മഹാബോധി ക്ഷേത്രസമുച്ചയം പരന്നു കിടക്കുന്നത്. ബുദ്ധന് ധ്യാനനിരതനായ വജ്രാസനം എന്ന ശിലാനിര്‍മിതമായ ഇരിപ്പിടവും നിര്‍വാണം പ്രാപിച്ച വിശുദ്ധ ബോധിവൃക്ഷവും സ്തൂപങ്ങളാല്‍ ചുറ്റപ്പെട്ടതും ജ്ഞാനോദയവുമായി ബന്ധപ്പെട്ടതുമായ വേറെ ആറ് പുണ്യസ്ഥലങ്ങളും ഉള്‍പ്പെടെ പൗരാണികതയുടെ നിരവധി ബിംബങ്ങള്‍ ഈ പ്രദേശത്തുണ്ട്.
നടുമുറ്റത്തിനു പുറത്തു പുണ്യസ്ഥലമായി കരുതപ്പെടുന്ന ഒരു താമരപ്പൊയ്കയ്ക്കും ബുദ്ധമത ഐതിഹ്യത്തില്‍ വലിയ പങ്കുണ്ട്.
മഹാബോധി വൃക്ഷം
ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും വലിയ ഒരു ആകര്‍ഷണം മഹാബോധി വൃക്ഷമാണ്. സിദ്ധാര്‍ഥ രാജകുമാരന് ബോധോദയം സംഭവിച്ചു ബുദ്ധനായി തീര്‍ന്നത് ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ ഇരുന്നാണെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ബുദ്ധനു ബോധോദയം സംഭവിച്ച ആ ബോധിവൃക്ഷം ഇന്നില്ല. അതേ വൃക്ഷത്തിന്റെ വേരുകളില്‍നിന്നു മുളച്ചു വന്നതെന്നു കരുതപ്പെടുന്ന അരയാല്‍ മരമാണ് മഹാബോധി വൃക്ഷമായി അറിയപ്പെടുന്നത്. ജാതകകഥകളനുസരിച്ചു ഭൂമിയുടെ നാഭിയുടെ സ്ഥാനമാണ് ഈ സ്ഥലം. ബുദ്ധന്റെ ബോധോദയത്തിന്റെ ഭാരം താങ്ങാന്‍ ലോകത്തെ മറ്റൊരിടത്തിനും ആകുമായിരുന്നില്ലെന്നാണ് അവരുടെ വിശ്വാസം.
കൽപാന്തകാലത്ത്
മറ്റൊരു വിശ്വാസം അനുസരിച്ചു കല്പാന്തകാലത്ത് ലോകത്തുനിന്ന് ഏറ്റവും ഒടുവിലായി അപ്രത്യക്ഷമാവുന്ന ഭൂവിഭാഗം ഇതാണ്. അതോടൊപ്പം അടുത്ത കല്പം ആരംഭിക്കുമ്പോള്‍ ആദ്യമായി ഉയര്‍ന്നു വരുന്ന പ്രദേശവും ഇതുതന്നെയായിരിക്കും. പുതിയ കല്പത്തില് ഒരു ബുദ്ധന് ജനിച്ചാല്‍ ഇവിടെയുള്ള താമരപ്പൊയ്കയില്‍ ഒരു താമര വിരിയുമെന്നും എത്ര ബുദ്ധന്മാര് ജനിക്കുന്നുവോ അത്രയും താമരപ്പൂക്കള്‍ ഇവിടെ വിരിയുമെന്നുമാണ് വിശ്വാസം. ഗൗതമ ബുദ്ധന് ജനിച്ച ദിവസം ഇവിടെ ഒരു ബോധിവൃക്ഷം ഉയര്‍ന്നു വന്നതായി ബുദ്ധമത ഐതിഹ്യങ്ങളില്‍ പറയുന്നുണ്ട്.
ബുദ്ധന് തന്റെ ശിഷ്യന്മാര്ക്ക് ഉപദേശം നല്‍കിയിരുന്നതായി പറയപ്പെടുന്ന ജീതാവന ഉദ്യാനവും ഇവിടെ കാണാം. അശോക ചക്രവര്‍ത്തിയാണ് ഇവിടെ ആദ്യമായി ക്ഷേത്രം പണികഴിപ്പിച്ചതെങ്കിലും പിന്നീട് പല കാലങ്ങളില്‍ പല രാജവംശങ്ങള്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ പങ്കുവഹിച്ചു.
2013ല്‍ ക്ഷേത്രത്തിന്റെ മുകള്ഭാഗം 289 കിലോഗ്രാം സ്വര്‍ണംകൊണ്ട് പൊതിഞ്ഞു. തായ്ലന്ഡിലെ രാജാവും അവിടെയുള്ള ഭക്തരും ചേര്‍ന്നു സമ്മാനിച്ചതായിരുന്നു ആ സ്വര്‍ണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെയായിരുന്നു ഈ കൂട്ടിച്ചേര്‍ക്കല്‍.
അജിത് ജി. നായർ