കള്ളപ്പം
Sunday, February 4, 2024 3:27 AM IST
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്പ് (കള്ളപ്പം സോഫ്റ്റ് ആകാൻ ആണ് ഇത് ചേർക്കുന്നത്; അതിനു പകരം അരിപ്പൊടി കപ്പി കാച്ചി ചേർക്കാം; അല്ലെങ്കിൽ ചോറ് ചേർക്കാം;)
3 ) തേങ്ങാ ചിരകിയത് - മുക്കാൽ കപ്പ്
4 ) തേങ്ങാ വെള്ളം - മുക്കാൽ കപ്പ്
5 ) യീസ്റ്റ് - അര ടീ സ്പൂൺ
6 ) പഞ്ചസാര - രണ്ടു ടേബിൾ സ്പൂൺ
7 ) ഉപ്പ് - ആവശ്യത്തിന്
8 ) ചെറിയുള്ളി - രണ്ടെണ്ണം
9 ) വെളുത്തുള്ളി - ഒരെണ്ണം
10 ) നല്ല ജീരകം (ചെറിയ ജീരകം ) - അര ടീ സ്പൂൺ
11 ) വെള്ളം - ആവശ്യമുണ്ടെങ്കിൽ മാത്രം
തയാറാക്കുന്ന വിധം
1 ) ആദ്യം തേങ്ങാവെള്ളത്തിൽ യീസ്റ്റും ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്തു മിനിമം നാലു മണിക്കൂർ മുതൽ എട്ടുമണിക്കൂർ വരെ വയ്ക്കുക. ഇങ്ങനെ പുളിപ്പിച്ച തേങ്ങാവെള്ളം തയാറാക്കാം.
2 )പച്ചരി നന്നായി കഴുകി നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക;
3 ) പച്ചരിയും തേങ്ങാവെള്ളവും റെഡിയായാൽ അവൽ നന്നായി കഴുകി എടുക്കുക; കഴുകുമ്പോൾതന്നെ അവൽ നന്നായി കുതിരും; വെള്ളത്തിൽ ഇട്ടു വയ്ക്കരുത്;
4 ) മിക്സിയുടെ ജാറിൽ കുതിർത്ത അരിയും കുതിർത്ത അവലും പുളിപ്പിച്ച തേങ്ങാവെള്ളവും ബാക്കിയുള്ള ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അല്പം ഉപ്പും ചേർത്തു നല്ല മഷി പോലെ മയത്തിൽ അരച്ചെടുക്കുക
5 ) അടുത്തതായി മിക്സിയുടെ ജാറിൽ തേങ്ങാ ചിരകിയതും ചെറിയുള്ളിയും വെളുത്തുള്ളിയും ജീരകവും അരഞ്ഞു കിട്ടാനുള്ള കുറച്ചു വെള്ളവും ചേർത്തു തരുതരുപ്പായി അരച്ചെടുക്കുക
6 ) അരച്ച അരിക്കൂട്ടും തേങ്ങാക്കൂട്ടും കൂടി നന്നായി ഇളക്കി യോജിപ്പിച്ചു ഉപ്പു നോക്കി പാകമാക്കി ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കുക.
7 ) ഈ മാവ് ഒരു കുഴിയുള്ള പാത്രത്തിൽ അടച്ചു ആറു മണിക്കൂർ പൊങ്ങാൻ വയ്ക്കുക;
8 ) പൊന്തി വന്ന മാവു നന്നായി ഇളക്കി ദോശക്കല്ല് അടുപ്പിൽ വച്ചു ചൂടാകുമ്പോൾ മാവൊഴിച്ച് അപ്പം മറിച്ചിട്ട് എടുക്കാം.
വളരെ സോഫ്റ്റ് ആയ രുചികരമായ കള്ളപ്പം റെഡി
ആര്യ അജീഷ്, അങ്കമാലി