Editorial
മുടിയനായ പുത്രൻ എന്ന നാടകത്തിൽ ഒഎൻവി കുറുപ്പ് എഴുതി ജി. ദേവരാജൻ സംഗീതം നൽകി കെപിഎസി സുലോചന പാടിയ പ്രശസ്തമായ ഒരു ഗാനമുണ്ട്. “അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്...” എന്നു തുടങ്ങുന്ന ആ ഗാനം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. ഭൂമിയിലെ മനുഷ്യരെയും വിണ്ണകത്തെ അദ്ഭുതങ്ങളെയും മനോഹരമായ ഭാവനയിലൂടെ ബന്ധിപ്പിക്കുകയാണ് കവി. പക്ഷേ, ഇന്ന് “മാനത്തെ മാളികയിൽ ഇരിക്കുന്ന നാണംകുണുങ്ങിയുടെ കൈയിൽനിന്ന്” കുപ്പിവള ചോദിച്ചാൽ കിട്ടുക മാരകമായ ലേസർ കിരണങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളുടെ പെരുമഴയുമാകും! ആഹ്ലാദകാരിയായ ഭാവനയിൽനിന്നുവഴിമാറി മനുഷ്യർ ഭയാനകമായ വികലഭാവനയിൽ അഭിരമിക്കുകയാണിപ്പോൾ.
ബഹിരാകാശം ആരുടേതാണ് എന്ന ചോദ്യം വീണ്ടും മനുഷ്യരാശിക്കുമേൽ ഡെമോക്ലീസിന്റെ വാൾപോലെ തൂങ്ങിനിൽക്കുന്നു. പ്രപഞ്ചം മുഴുവൻ തങ്ങളുടെ കുടിപ്പകയും യുദ്ധക്കൊതിയും തീർക്കാനുള്ള പടനിലങ്ങളാണെന്നാണ് അൽപബുദ്ധികളായ രാഷ്ട്രത്തലവന്മാർ കരുതുന്നത്.
ഭൂമിയുടെ ഭ്രമണപഥത്തിൽ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാൻ തങ്ങൾ ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ ആയുധങ്ങൾ’ സജ്ജമാക്കിയിട്ടുണ്ടെന്ന അമേരിക്കൻ വ്യോമസേനാ സെക്രട്ടറി ട്രോയ് മെയിൻകിന്റെ വെളിപ്പെടുത്തലാണ് ബഹിരാകാശയുദ്ധത്തിന്റെ സാധ്യതകൾ വീണ്ടും ചർച്ചയാകാൻ കാരണം.ഭൂമിയിലെ യുദ്ധങ്ങൾ കരയും കടലും ആകാശവും സൈബറിടവും കടന്ന് അഞ്ചാമത്തെ യുദ്ധക്കളത്തിലെത്തിയിരിക്കുന്നു. ഇത് ഭൂമിയെന്ന ഗ്രഹത്തെത്തന്നെ ഇല്ലാതാക്കുമോ?
ചൈനയും റഷ്യയും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് പതിവുപോലെ അമേരിക്കയുടെ ഭാഷ്യം. രണ്ടാം ലോകയുദ്ധകാലത്തെ വി-2 റോക്കറ്റുകളിൽ തുടങ്ങി, ശീതയുദ്ധകാലത്തെ സോവ്യറ്റ്-അമേരിക്കൻ മത്സരത്തിലൂടെ വളർന്ന ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.
വാർത്താവിനിമയം, ഇന്റർനെറ്റ്, വിമാന-കപ്പൽ ഗതാഗതത്തെ നിയന്ത്രിക്കുന്ന ജിപിഎസ്, ഉപഗ്രഹ ബാങ്കിംഗ്, കാലാവസ്ഥാ പ്രവചനം എന്നിവ മുതൽ ദുരന്തനിവാരണം വരെയുള്ള സകല മേഖലകളും നിലനിൽക്കുന്നത് ഉപഗ്രഹ ശൃംഖലകളെ ആശ്രയിച്ചാണ്. ഭ്രമണപഥത്തിലെ ചെറിയ ഏറ്റുമുട്ടൽപോലും സമാധാനപരമായ ജീവിതവഴികളെ നിമിഷനേരംകൊണ്ട് തകിടംമറിക്കും. ഉപഗ്രഹവിരുദ്ധ മിസൈലുകളോ ലേസർ ആയുധങ്ങളോ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ സൃഷ്ടിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ വരുംതലമുറകൾക്ക് ഭ്രമണപഥംതന്നെ അപ്രാപ്യമാക്കുന്ന പ്രതിസന്ധിയിലെത്തിച്ചേക്കും.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1967ൽ ഒപ്പുവച്ച "ഔട്ടർ സ്പേസ് ട്രീറ്റി' ബഹിരാകാശത്ത് ആണവായുധങ്ങളും മറ്റ് കൂട്ട നശീകരണ ആയുധങ്ങളും വിന്യസിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. മുഴുവൻ മനുഷ്യരാശിയുടെയും നന്മയ്ക്കായി ഉപയോഗിക്കേണ്ട പൊതുസ്വത്താണ് ബഹിരാകാശമെന്ന സങ്കൽപമാണ് ഈ കരാറിന്റെ അടിത്തറ. എന്നാൽ, പുതുതായി വികസിപ്പിച്ച ലേസറുകൾ, മൈക്രോവേവ് ആയുധങ്ങൾ, ജാമറുകൾ, കില്ലർ ഉപഗ്രഹങ്ങൾ എന്നിവയെ തടയാൻ പഴഞ്ചൻ നിയമങ്ങൾക്കു സാധിക്കുന്നില്ല.
ആയുധങ്ങളുടെ ഭൗതികരൂപത്തെ നിരോധിക്കുന്നതിനു പകരം, ബഹിരാകാശത്ത് നാശനഷ്ടം വരുത്തുന്ന രാജ്യങ്ങളുടെ വിനാശകരമായ പെരുമാറ്റത്തെയും ആക്രമണങ്ങളെയും കുറ്റകരമാക്കുന്ന പുതിയ രാജ്യാന്തര നിയമങ്ങളാണ് ഇനി വേണ്ടത്.
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിരോധിക്കാൻ റഷ്യയും ചൈനയും ചേർന്ന് 2008ൽ ഒരു ഉടമ്പടി തയാറാക്കിയെങ്കിലും അമേരിക്ക ഇത് നിരസിക്കുകയായിരുന്നു. ബഹിരാകാശത്തെ ആയുധമത്സരം തടയുന്നതിനുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭയിൽ ഭൂരിപക്ഷം രാജ്യങ്ങളും പിന്തുണയ്ക്കുമ്പോൾ അമേരിക്ക മാത്രമാണ് എതിർക്കുന്നത്.
ബഹിരാകാശത്ത് ആയുധങ്ങളുണ്ടെന്നു പറയുമ്പോഴും ഏതു തരത്തിലുള്ള ആയുധങ്ങളാണെന്ന് മെയിൻക് വെളിപ്പെടുത്തുന്നില്ല. ആന്റി സാറ്റലൈറ്റ് മിസൈലുകൾ തൊട്ട് ബഹിരാകാശത്തുനിന്ന് ഭൂമിയിലെ ലക്ഷ്യങ്ങളിലേക്ക് ടങ്സ്റ്റൺ പോലുള്ള ഭാരിച്ച ലോഹങ്ങളുടെ ദണ്ഡുകൾ അതിവേഗത്തിൽ പതിപ്പിച്ച്, സ്ഫോടകവസ്തുക്കൾ ഇല്ലാതെതന്നെ കൂറ്റൻ സ്ഫോടനത്തിനു തുല്യമായ പ്രഹരമുണ്ടാക്കുന്ന ‘കൈനറ്റിക് ബോംബാർഡ്മെന്റ്’ വരെ എത്തിനിൽക്കുകയാണ് ബഹിരാകാശ യുദ്ധസന്നാഹങ്ങൾ.
‘മിഷൻ ശക്തി’പരീക്ഷണത്തിലൂടെ ഇന്ത്യയും ബഹിരാകാശ ആയുധശേഷിയുള്ള ലോകത്തിലെ നാലാമത്തെ ശക്തിയായി. അമേരിക്കയ്ക്കു പിന്നാലെ മറ്റു രാജ്യങ്ങളും സ്വന്തം ബഹിരാകാശ ആയുധങ്ങൾ പരസ്യമാക്കാൻ തുടങ്ങിയാൽ പ്രതിസന്ധി നിയന്ത്രണാതീതമാകും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണ സംവിധാനവും വിനാശകരമായ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്കെതിരേ ശക്തമായ സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള വിചാരണാധികാരവും രൂപപ്പെടേണ്ടതുണ്ട്.
അമ്പിളിമാമനും നക്ഷത്രവിളക്കുകളും തിളങ്ങുന്നത് കാണാൻ നമ്മുടെ കുഞ്ഞുങ്ങൾ ആഹ്ലാദത്തോടെ ആകാശത്തേക്കു നോക്കുമ്പോൾ അവരെ ലേസർ രശ്മികൾ കരിച്ചുകളയരുത്. മറ്റൊരു ഡെമോക്ലീസ് വാളിനു കീഴെയാകരുത് സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം.
International
ഗാസ: യുദ്ധത്തിൽ തകർന്ന കെട്ടിടം നിലംപതിച്ച് ഗാസയിൽ അഞ്ചു കുട്ടികളടക്കം 20 പേർ മരിച്ചു. ഗാസ നഗരത്തിലെ താൽ അൽ-ഹവാ മേഖലയിലെ ആറുനില കെട്ടിടമാണ് തകന്നുവീണത്.
ഡസൻകണക്കിന് ആളുകളെ കാണാതായതായും അവശിഷ്ടങ്ങളിൽക്കിടയിൽനിന്ന് ഇപ്പോഴും നിലവിളിയും ഞരക്കവും കേൾക്കുന്നതായും രക്ഷാപ്രവർത്തകർ പറയുന്നു. കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പുകളുണ്ടായിട്ടും ഇവ അവഗണിച്ച് പത്തോളം കുടുംബങ്ങളാണു കെട്ടിടത്തിൽ കഴിഞ്ഞുവന്നതെന്ന് തദ്ദേശവാസികൾ പറയുന്നു.
ഗാസാ മേഖലയിലേക്ക് യന്ത്രസാമഗ്രികൾ കടത്തിവടുന്നതിന് ഇസ്രയേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ആദ്യഘട്ടങ്ങളിൽ വെറും കൈയാലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് രക്ഷാപ്രവർത്തനം നടത്തിയ സംഘങ്ങൾ ആരോപിച്ചു.
എന്നിരുന്നാലും നിലവിൽ യുഎൻ ഏജൻസികളിൽനിന്നും ഈജിപ്ഷ്യൻ ദുരിതാശ്വാസ സംഘങ്ങളിൽനിന്നും വലിയ യന്ത്രസാമഗ്രികളെത്തിച്ച് തെരച്ചിൽ നടത്താൻ കഴിയുന്നതായി പറഞ്ഞു.
താമസ സകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്, സുരക്ഷിതമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുടുംബങ്ങൾക്ക് ആ കെട്ടിടത്തിൽ തങ്ങേണ്ടിവന്നതെന്ന് ഗാസ പ്രതിരോധന സേന ഡയറക്ടർ റായദ് അൽ-ദഹ്ഷാൻ അഭിപ്രായപ്പെട്ടു. ദൗർഭാഗ്യവശാൽ അത് പൂർണമായും അവർക്കുമേൽ തകർന്നുവീഴുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി/മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കു സഹകരിക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സന്നദ്ധത അറിയിച്ചതായി റഷ്യ.
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഈ വാഗ്ദാനം മുന്നോട്ടു വച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ നിലപാടിനെ സ്വാഗതം ചെയ്തതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് പുടിൻ മോദിയെയും ഷി ജിൻപിംഗിനെയും ധരിപ്പിച്ചതായും പെസ്കോവ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന മധ്യസ്ഥനീക്കങ്ങൾ വഴിമുട്ടി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നയതന്ത്ര നീക്കം. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും മോസ്കോയിലും കീവിലും സന്ദർശനം നടത്തുകയും ട്രംപ് നേരിട്ടു പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും ചർച്ചകളിൽ വഴിത്തിരിവുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
യുക്രെയ്നുമായും റഷ്യയുമായും ഒരുപോലെ നല്ല നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വെള്ളിയാഴ്ച പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും സമാധാനശ്രമങ്ങൾക്കു സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
സംയുക്ത പ്രസ്താവനയിൽ യുക്രെയ്ൻ വിഷയം ഒഴിവാക്കി
ഡൽഹിയിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് പരാമർശമില്ലാത്തതു ചർച്ചയായി.
പലസ്തീൻ, പശ്ചിമേഷ്യ, സിറിയ, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളെക്കുറിച്ചും ക്യൂബയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധത്തെക്കുറിച്ചും 15 ഖണ്ഡികകളിൽ വിവരണം നൽകിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ പേരുപോലും എടുത്തുപറയാതെ പൊതുവായ നയതന്ത്ര ആഹ്വാനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും സഖ്യം പുലർത്തുമ്പോഴും റഷ്യയുമായുള്ള ദൃഢമായ ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ പരന്പരാഗത നയതന്ത്ര സമവായത്തിനു തെളിവാണ് ഈ മാറ്റമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു.
കഴിഞ്ഞ വർഷം ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം പ്രത്യേകമായി എടുത്തുപറയുകയും യുഎൻ ഉൾപ്പടെയുള്ള വേദികളിലെ നിലപാടുകൾ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
Kerala
ബുവാനോസ് ആരീസ്: മുറിവേറ്റ ലോകത്തിന് സമാധാനത്തിന്റെയും പ്രത്യാശയുടെയും വാഹകരായി തീരുവാൻ എല്ലാ മതങ്ങളിലെയും നേതാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട്.
അർജന്റീനയിലെ ബുവാനോസ് ആരീസിൽ നടക്കുന്ന, "വൈവിധ്യത്തിലെ സംഭാഷണം, സാഹോദര്യത്തിലേക്കുള്ള ഒരു പങ്കിട്ട പാത" എന്ന യോഗത്തിൽ പങ്കെടുത്ത് സന്ദേശം നല്കുകയായിരുന്നു മാർ കൂവക്കാട്ട്.
ലോകം ഇന്ന് യുദ്ധവും സംഘർഷവും അനിശ്ചിതത്വവും അനുഭവിക്കുന്ന സാഹചര്യത്തിൽ പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല. യഥാർഥവും ഉത്തരവാദിത്വമുള്ളതുമായ സംവാദത്തിലൂടെ മാത്രമാണ് സമാധാനത്തിലേക്ക് മുന്നേറാൻ കഴിയുകയെന്നും കർദിനാൾ പറഞ്ഞു.
വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ മുൻവിധികളും വിവേചനങ്ങളും മാറ്റിവച്ച് പരസ്പരം കേൾക്കാനും ബഹുമാനിക്കാനും തയാറാകണം. വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മറ്റുള്ളവരെ തുല്യ അവകാശങ്ങൾ ഉള്ള സഹോദരങ്ങളായി അംഗീകരിക്കുകയാണ് സമാധാനത്തിന്റെ അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതാന്തര സംവാദങ്ങൾ കേവലം വാക്കുകളിലൊതുങ്ങുന്നതല്ലെന്നും അത് ജീവിതത്തിൽ പ്രകടമാകണമെന്നും കർദിനാൾ കൂവക്കാട് വ്യക്തമാക്കി. മതാന്തര സംവാദം ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം ആവശ്യമാണ്. അക്രമത്തിന് പകരം സമാധാനത്തിന്റെ പ്രവർത്തനങ്ങളാണ് ലോകത്തിന് ആവശ്യം. കുടുംബങ്ങളിലും സമൂഹങ്ങളിലും സമാധാനത്തിനായി പാലങ്ങൾ പണിയുകയും മതസ്വാതന്ത്ര്യം, വിവേചനരഹിതമായ സമൂഹം, മനുഷ്യജീവന്റെ മഹത്വം, ദുർബലരുടെ സംരക്ഷണം, പൊതുഭവനമായ സൃഷ്ടിയുടെ സംരക്ഷണം എന്നിവയ്ക്കായി കൂട്ടായി പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
International
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും കുതിച്ചുയർന്ന് എണ്ണവില. അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിലെത്തി. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില നൂറ് ഡോളറിലേക്കെത്തുന്നത്.
ഹോർമുസ് പ്രതിസന്ധിയുൾപ്പെടെ എണ്ണ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് വില വർധനവിന് കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബുധനാഴ്ച തുടക്കത്തിൽ 2.3 ശതമാനം വർധിച്ച് ബാരലിന് 100 ഡോളറിലെത്തി.
യുഎസ് ക്രൂഡ് ഓയിൽ വില 1.3 ശതമാനം വർധിച്ച് ബാരലിന് 94 ഡോളറിലെത്തി. ഇറേനിയൻ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണവും സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളുമാണ് എണ്ണവില വീണ്ടും കുതിച്ചുയരാൻ ഇടയാക്കിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് സെപ്റ്റംബറിൽ വീണ്ടും എണ്ണവില കുതിച്ചുയരാൻ കാരണമായതെന്നാണ് വിലയിരുത്തലുകൾ. 2026ൽ ഇതുവരെ ബ്രെന്റ്, യുഎസ് ക്രൂഡ് ഓയിൽ വില 60 ശതമാനത്തിലേറെയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ, ഡീസൽ വിലയും കുതിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഹോർമുസിൽ ഒമാനുമായി ചേർന്നുള്ള പാത ഉടനെ പ്രഖ്യാപിക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ വീണ്ടും രംഗത്ത്. ഒമാനുമായി ചേർന്നുള്ള പാതയിലൂടെ കൂടുതൽ ആധിപത്യം ഉറപ്പാക്കാനാണ് ഇറാന്റെ നീക്കം.
യുഎസ് നിലപാടിന് കാത്തുനിൽക്കാതെ ഹോർമുസ് ഭാഗികമായി തുറക്കാനുള്ള നീക്കത്തിലാണ് ഇറാൻ. ഒമാനുമായി ചേർന്നുള്ള കരാർ പ്രകാരമുള്ള പാത ഉടനെ തുറക്കുമെന്ന് ഇറാന്റെ പരമാധികാര ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് പ്രഖ്യാപിച്ചത്.
ഹോർമുസ് ഭാഗികമായി തുറക്കുന്നതിലൂടെ സമുദ്ര മേഖലയിലും തങ്ങളുടെ നിയന്ത്രണം കൊണ്ടുവരാനുള്ള ഇറാന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് പൂർണമായി തുറക്കൂ.
അതേസമയം ഹോർമുസ് കടലിടുക്കിന് പകരമായി സിറിയ മുന്നോട്ടുവച്ച ബദൽമാർഗം അമേരിക്ക സ്വാഗതം ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സിറിയ പുതിയ ഗതാഗത മാർഗം മുന്നോട്ടുവച്ചത്.
International
ദുബായ്: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. ഹോര്മുസിലെ ലാറഖ് ദ്വീപിലെ ഇറേനിയൻ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇക്കാര്യം യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രത്യാക്രമണത്തിന്റെ ഭാഗമായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐആർജിസി പിന്നീട് അറിയിച്ചു. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയും വർധിച്ചിട്ടുണ്ട്. എണ്ണവിലയിൽ രണ്ട് ശതമാനത്തിലധികം വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.
International
ഇറാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക നീക്കവുമായി അമേരിക്ക. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധമേർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്നാണ് ഉപരോധ നടപടികൾക്ക് അമേരിക്ക നൽകിയിരിക്കുന്ന പേര്.
ഇറാനുമായി ഇടപാടുകൾ പാടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്റ് അറിയിച്ചു. ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് ബസന്റ് കൂട്ടിച്ചേർത്തു.
International
ടെൽഅവീവ്: ഇറാൻ തന്റെ മകനെ വധിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ തന്റെ മക്കളിലൊരാളെ കൊല്ലാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ചാനൽ 14ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് മക്കളാണ് നെതന്യാഹുവിന്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ നെതന്യാഹുവിന്റെ കുടുംബത്തിന് സുരക്ഷ വർധിപ്പിക്കുന്നതിന് ഇസ്രയേൽ സെക്യൂരിറ്റി ഏജൻസി പ്രത്യേക അനുമതി നൽകിയിരുന്നു. അതേസമയം നെതന്യാഹുവിന്റെ ആരോപണത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
International
മോസ്കോ: യുക്രെയ്ൻ സേന റഷ്യയിലുടനീളം നടത്തി ഡ്രോൺ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ക്രാസ്നോദാറിലുണ്ടായ അക്രമണത്തിൽ രണ്ടു കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ബെൽഗരോദ്, ലുഹാൻസ് പ്രദേശങ്ങളിലും രണ്ടു വീതം പേർ കൊല്ലപ്പെട്ടു.
സമാര മേഖലയിലെ ആക്രമണത്തിൽ ഒരു റിഫൈനറിയിൽ തീപിടിത്തമുണ്ടായി. റഷ്യയിലെ പ്രമുഖ ഓൺലൈൻ വിൽപ്പന സ്ഥാപനമായ ഓസോണിന്റെ ഒരു ഗോഡൗണും ഇവിടെ ആക്രമിക്കപ്പെട്ടു.
നേരത്തെ യുക്രെയ്നിലെ ക്രവ്യി റിഹ് നഗരത്തിലെ ഷോപ്പിംഗ് മാളിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും 130 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
വാഷിംഗ്ടൺ ഡിസി: യുദ്ധത്തിൽ അടിയറവു പറയാൻ തയാറാകാത്ത ഇറാനെ സാന്പത്തികമായി തളർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെ സാന്പത്തിക നടപടികളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന യുദ്ധം ആറു മാസമായിട്ടും അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റ പുതിയ നീക്കം.
ഇറാനെതിരേ ഇനി സാന്പത്തികയുദ്ധം നടത്തുമെന്നും മുന്പു കണ്ടിട്ടില്ലാത്തവിധം ഇറാനെ ഒറ്റപ്പെടുത്തുമെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇറാനിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഏതെങ്കിലും തരത്തിൽ സഹായം നല്കുന്ന രാജ്യങ്ങൾ കടുത്ത സാന്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരും.
അതേസമയം, എന്തുതരം നടപടികളാണു പരിഗണനയിലുള്ളതെന്നു ട്രംപ് വ്യക്തമാക്കിയില്ല. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ ഇറാൻ വിമർശിച്ചു. അമേരിക്കയിലെ സാന്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കൻജനതയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഉപരോധവും സമ്മർദവും പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും ചർച്ച നടത്താനാണു ശ്രമിക്കേണ്ടതെന്നും ചൈന പ്രതികരിച്ചു.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളഇലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം; 40നു മുകളിൽപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളഉം നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു.
കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ മുതലായവയും ആക്രമിക്കപ്പെട്ടു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലും കനത്ത റഷ്യൻ ആക്രമണമുണ്ടായി.
അതേസമയം, ഡ്രോൺ ഘടങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ, ആയുധ സംഭരണശാല മുതലായ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം മൂലം അടുത്തിടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ പേട്രിയറ്റിനേ കഴിയൂ.
യുക്രെയ്ന്റെ സഖ്യകക്ഷികൾ പേട്രിറ്റ് മിസൈലുകൾ നല്കാൻ തയാറാകണമെന്ന് പ്രസിഡന്റ് സെലൻസ്കി ഇന്നലെ വീണ്ടും അഭ്യർഥിച്ചു.
International
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ഇറാൻ കരസേന മേധാവി ആരാഞ്ഞു. മേഖലയിൽ വർധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം ശക്തമാക്കുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎ ഇനിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു.
മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യുഎഇ നിർത്തിവച്ചു.
International
വാഷിംഗ്ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാന് നഷ്ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്റെ പിടി അയയുന്നത്.
കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.
സുരക്ഷയൊരുക്കി യുഎസ്
ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വില വീണ്ടും ഉയർന്നു. ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് എണ്ണ വില വർധിക്കുന്നതിന് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു.
എന്നാൽ ഇറാനുമായി ഇനി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറേനിയൻ അധികൃതർ അറിയിച്ചിരുന്നു.
International
ടെഹ്റാൻ: ഇറാൻ സൈന്യവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി അറിയിച്ചു.
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും മൊഹേബി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഐആർജിസിയുമായി അമേരിക്ക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൊഹ്സെൻ റെസായി തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. ഇറാനെതിരെയുള്ള ഉപരോധവും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനനിലും ഗാസയിലുമടക്കം മേഖലയിലുടനീളം വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
International
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ. അമേരിക്ക തുറമുഖ, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകിയെങ്കിൽ മാത്രമേ വീട്ടുവീഴ്ചയ്ക്കുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലോകത്തെ ആകെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊർജവിപണിയെയും സാമ്പത്തികരംഗത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
ഹോർമൂസിൽ താത്കാലിക കപ്പൽപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൂർണ അനുമതി, അമേരിക്കയുമായുള്ള ചർച്ചകൾക്ക് വിധേയമായിരിക്കും.
NRI
ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ലെന്നും സമാധാനത്തിലൂടെയും സഹവര്ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു.
1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയില് നടന്ന ആണവാക്രമണത്തിന്റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്റെ അനിവാര്യത എന്നിവ ചര്ച്ച ചെയ്ത പരിപാടിയില് വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖര് പങ്കെടുത്തു.
യുവ സോഷ്യല് മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന് പരിപാടി ഉദ്ഘാടനം ചെയ്തു. ഹിരോഷിമ ആണവാക്രമണത്തിന്റെ ചരിത്രപശ്ചാത്തലവും അതുണ്ടാക്കിയ മാനുഷിക ദുരന്തവും അദ്ദേഹം വിശദീകരിച്ചു.
ഒരു നിമിഷംകൊണ്ട് ലക്ഷക്കണക്കിന് ജീവനുകളെ കവര്ന്നെടുക്കുകയും തലമുറകളോളം ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ ദുരിതങ്ങള് സമ്മാനിക്കുകയും ചെയ്ത ഹിരോഷിമ ദുരന്തം ലോകത്തിന് എന്നും മറക്കാനാകാത്ത മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല. അത് മനുഷ്യജീവിതങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും മാത്രമാണ് നശിപ്പിക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും പുരോഗതിയോടെയും ജീവിക്കണമെങ്കില് രാഷ്ട്രങ്ങള് സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വഴിയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് മുഹമ്മദ് അമാന് അഭിപ്രായപ്പെട്ടു.
സമാധാനത്തിന്റെ സന്ദേശം സമൂഹത്തിലുടനീളം പ്രചരിപ്പിക്കുന്നതില് യുവജനങ്ങള് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ലോകം ഹിരോഷിമയില് നിന്ന് ചരിത്രപാഠങ്ങള് പഠിച്ചിട്ടും ഇന്നും വിവിധ രാജ്യങ്ങളില് യുദ്ധങ്ങളും സംഘര്ഷങ്ങളും മാനുഷിക ദുരന്തങ്ങളും തുടരുകയാണെന്ന് ചര്ച്ചയില് പങ്കെടുത്തവര് അഭിപ്രായപ്പെട്ടു.
യുദ്ധം ഒരിക്കലും സൈനികരെ മാത്രം ബാധിക്കുന്നതല്ല; സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുള്ള നിരപരാധികളാണ് അതിന്റെ ഏറ്റവും വലിയ ഇരകളാകുന്നതെന്നും അവര് ചൂണ്ടിക്കാട്ടി.
യുദ്ധങ്ങള് മനുഷ്യജീവിതങ്ങള് നശിപ്പിക്കുന്നതിനൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക വളര്ച്ചയെയും സാമൂഹിക ഐക്യത്തെയും മാനസികാരോഗ്യത്തെയും പ്രകൃതിയെയും തലമുറകളോളം ബാധിക്കുന്ന ദുരന്തങ്ങള് സൃഷ്ടിക്കുന്നുവെന്നും അവര് പറഞ്ഞു.
ആയുധങ്ങള്ക്കായി ചെലവഴിക്കുന്ന വിഭവങ്ങള് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മനുഷ്യ ക്ഷേമത്തിനും സമാധാന സംരംഭങ്ങള്ക്കുമായി വിനിയോഗിക്കേണ്ട സമയമാണിതെന്നും അഭിപ്രായപ്പെട്ടു.
International
കീവ്/മോസ്കോ: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ഒഡേസ തുറമുഖത്തിനു നേർക്കുള്ള ആക്രമണം ലോക ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. യുക്രെയ്ന്റെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഒഡേസയിലൂടെയാണ്.
ഇതിനിടെ റഷ്യയിലെ ബെൽഗരോദ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളടക്കം 25 പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ അടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു.
International
റിയാദ്: ഇറാനും യുഎസും തമ്മിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ജൂലൈയിൽ ഇരു രാജ്യങ്ങളും സമ്മതിച്ച ഇടക്കാല ധാരണ അമേരിക്ക പാലിക്കാത്തിടത്തോളം ഇറാൻ ചർച്ചയ്ക്കു തയാറാകില്ല. അതേസമയം, ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ഉദ്ദേശിക്കുന്ന കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ ഈ കരാർ ഉണ്ടായതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ കരാർ പ്രകാരം ഹോർമുസ് തുറക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കമുള്ള ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാലേ ഹോർമുസ് തുറക്കൂവെന്ന് വിപ്ലവഗാർഡ് വക്താവ് ഹുസൈൻ മുഹെബ്ബിയും പറഞ്ഞു. ഉപാധികൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാദേശികതലത്തിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്ക ഇടപെടരുതെന്നും മുഹെബ്ബി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന ഹോർമുസിന്റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്. അമേരിക്ക ആക്രമച്ചതിനെത്തുടർന്ന് ഇറാൻ ഈ കടലിടുക്ക് പൂട്ടിയിരിക്കുകയാണ്.
ഹോർമുസ് തുറക്കാൻ ഇറാൻ-ഒമാൻ കരാർ ഉടനുണ്ടാകുമെന്ന സൂചന അമേരിക്കൻ വൃത്തങ്ങളും നല്കുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതു മുതൽ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥ പൂർണമായി പരിഹരിക്കുന്ന വിപുലമായ ഉടന്പടിക്ക് ഹോർമുസ് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
..........
യുഎഇ ടാങ്കർ ആക്രമിക്കപ്പെട്ടു
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇന്നലെ യുഎഇ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടു. യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലിനു നേർക്ക് ഇറാൻ മിസൈൽ അയച്ചുവെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാർക്കു പരിക്കില്ല.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ കീവ് പ്രാന്തത്തിലെ ഗ്രാമത്തിൽ മൂന്നു വയസുള്ള ആൺകുഞ്ഞും അതിന്റെ മുത്തശ്ശി-മുത്തശ്ശനും മരിച്ചു. ഇതടക്കം നാലു പേരാണ് വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആറു ബാലിസ്റ്റിക് മിസൈലുകളും 151 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ കഴിഞ്ഞില്ല. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലുപയോഗിക്കുന്ന മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ജൂലൈയിൽ റഷ്യ പ്രയോഗിച്ച 195 ബാലിസ്റ്റിക് മിസൈലുകളിൽ 29 എണ്ണം വെടിവച്ചിടാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണ
ത്തിൽ പാർപ്പിട കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഡ്രോൺ പതിച്ചു വീടിനു തീപിടിച്ചാണ് കുഞ്ഞും ബന്ധുക്കളും മരിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച രാത്രി റഷ്യയിലെ രണ്ടു റിഫൈനറികൾക്കു നേർക്ക് യുക്രെയ്ൻ സേന ഡ്രോൺ പ്രയോഗിച്ചു. രണ്ടിടത്തും തീപീടിത്തമുണ്ടായി.
International
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയ നവൽനയ ചെയർമാനായ മനുഷ്യാവകാശ സംഘടനയ്ക്ക് വിലക്കേർപ്പെടുത്തി റഷ്യ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ’ സംഘടനയെ ‘അനഭിമത’ സംഘടനയായി റഷ്യൻ ഭരണകൂടം മുദ്രകുത്തി.
റഷ്യൻ ഭരണകൂടത്തിനു ഭീഷണി ഉയർത്തുന്ന പ്രസ്ഥാനങ്ങളെയാണ് ‘അനഭിമതം’ എന്നു മുദ്രകുത്താറുള്ളത്. ഇതിനർഥം ഇതിന്റെ പ്രവർത്തനം നിരോധിച്ചു എന്നാണ്. ഇവയുമായി സഹകരിക്കുന്നവർ വിചാരണ നേരിടേണ്ടിവരും.
യൂലിയയുടെ സംഘടന റഷ്യയെ ഏകാധിപത്യ ഭീകരഭരണകൂടമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. റഷ്യൻ സൈന്യത്തെ താറടിച്ചുകാണിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു.
അതേസമയംനിരോധനത്തിലൂടെ സംഘടനയുടെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് റഷ്യയിലെ പുടിൻ ഭരണകൂടം ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രതികരിച്ചു.
International
മോസ്കോ: യുക്രെയ്നും റഷ്യയും അടി-തിരിച്ചടി തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി.
യാരോസ്ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്ഒായിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യാരോസ്ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
International
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
അതേസമയം ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.
എന്നാൽ അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു.
International
കീവ്: വ്യോമപ്രതിരോധ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 21 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ തലസ്ഥാനമായ കീവും പരിസരപ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. ചില്ലറവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളും റെയിൽവേ സ്റ്റേഷനും നശിച്ചു. കീവിൽ ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി.
വ്യോപ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും പേർ മരിക്കാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. മിത്രരാജ്യങ്ങൾ വ്യോമപ്രതിരോധ മിസൈലുകൾ നല്കി സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
115 ഡ്രോണുകൾ, 24 ബാലിസ്റ്റിക് മിസൈലുകൾ, നാല് സിർകോൺ ക്രൂസ് മിസൈലുകൾ എന്നിവയാണ് റഷ്യ തൊടുത്തത്. ഡ്രോണുകളിൽ തൊണ്ണൂറു ശതമാനവും നിർവീര്യമാക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലുകളിൽ ഒന്നുപോലും വെടിവച്ചിടാൻ കഴിഞ്ഞില്ല.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തെയാണ് യുക്രെയ്ൻ ആശ്രയിക്കുന്നത്. പേട്രിയറ്റിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത അഭാവം യുക്രെയ്ൻ നേരിടുന്നു.
ഡ്രോൺ നിർമാണ ഘടകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ സേന നിരന്തരം ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
National
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ എത്തിയേക്കാമെന്ന് വ്യോമസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാളുടെ നില ഗുരുതരമാണെന്നും കീവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച കീവിലും പരിസരങ്ങളിലും ഉണ്ടായ റഷ്യൻ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി യുക്രെയ്ൻ ഡ്രോണുകൾ കരിങ്കടലിൽ റഷ്യയുടെ കണ്ടെയ്നർ കപ്പൽ മുക്കിയിരുന്നു.
അതിനിടെ മോസ്കോയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ഇ-കൊമേഴ്സ് ഭീമനായ വൈൽഡ്ബെറീസിന്റെ ഡിപ്പോകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽ പൗരന്മാരെ ഡ്രോൺ ഉപയോഗിച്ച് വേട്ടയാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
International
ഗാസ സിറ്റി:രണ്ടു വര്ഷം മുന്പ് ഗാസയിലുണ്ടായ ഇസ്രേലി ആക്രമണത്തില് കൊല്ലപ്പെട്ട രണ്ടു കുടുംബങ്ങളിലെ 112 അംഗങ്ങളുടെ മൃതസംസ്കാരം ഇന്നലെ ഒരുമിച്ചു നടത്തി. ഒരേ ഗോത്രത്തില്പ്പെട്ട അബു ഷരിയ, ഹസ്സയ്നാ കുടുംബങ്ങളില്പ്പെട്ട ഇവരില് 40 കുട്ടികളും 38 സ്ത്രീകളും ഭിന്നശേഷിക്കാരായ ഏഴു പേരും ഉള്പ്പെടുന്നു.
2023 നവംബര് 22ന് ഗാസ സിറ്റിയിലെ സാബ്ര പ്രാന്തത്തിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര് ഒരുമിച്ചു മരിച്ചത്. അടുത്ത ദിവസങ്ങളില് കെട്ടാവശിഷ്ടങ്ങള്ക്കടിയില് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
International
മോസ്കോ: അധിനിവേശ ക്രിമിയയില് റഷ്യന് സൈനികന് സഹസൈനികര്ക്കു നേരെയടക്കം നടത്തിയ വെടിവയ്പില് നാലു മരണം. ഒരു സൈനികനും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നാണ് അറിയിപ്പ്.
സഹസൈനികര്ക്കു നേരെയാണ് ആദ്യം വെടിയുതിര്ത്തത്. 71, 59 വയസുള്ള പുരുഷന്മാരും 64 വയസുള്ള വനിതയുമാണ് കൊല്ലപ്പെട്ട സിവിലിയന്മാര്.
വെടിവയ്പു നടത്താനുള്ള പ്രേരണ വ്യക്തമല്ല. സംഭവത്തില് മൂന്നു പേര്ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി.
International
മോസ്കോ:യുക്രെയ്ന് സേന റഷ്യയില് നടത്തിയ ഡ്രോണ് ആക്രമണങ്ങളില് ആറു പേര് കൊല്ലപ്പെടുകയും ഒന്പതു പേര്ക്കു പരിക്കേല്ക്കുകയും ചെയ്തു. പ്രധാന മോസ്കോ, സെന്റ് പീറ്റേഴ്സ്ബെര്ഗ് നഗരങ്ങളിലെ ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്കോയിലെ ആക്രമണത്തില് അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യന് വൃത്തങ്ങള് അറിയിച്ചു.
പ്രമുഖ ഓണ്ലൈന് വ്യാപാര സ്ഥാപനമായ വൈല്ഡ്ബെറീസിന്റെ ഗോഡൗണ് ആണ് സെന്റ് പീറ്റേഴ്സ്ബെര്ഗില് ആക്രമിക്കപ്പെട്ടത്. ഇവിടെ ആളപമായില്ല. യുക്രെയ്ന് അതിര്ത്തിയോടു ചേര്ന്ന ബെല്ഗരോദ് നഗരത്തിലുണ്ടായ ഡ്രോണ് ആക്രമണത്തിലാണ് ആറാമതു മരണം.
ഇതിനിടെ, റഷ്യന് സേന വടക്കന് യുക്രെയ്നിലെ സുമി നഗരത്തില് നടത്തിയ ബോംബാക്രമണത്തില് രണ്ടു കുട്ടികളും ഒരു വയോധികയും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന് റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലെന്ഡ്ഷിക് നഗരത്തിലെ ബീച്ചിലുണ്ടായ യുക്രെയ്ന് ഡ്രോണ് ആക്രമണത്തില് ഏഴു പേര് കൊല്ലപ്പെട്ടിരുന്നു.
International
റിയാദ്: ഇറാനുമായുള്ള സംഘർഷം വർധിപ്പിക്കരുതെന്ന് സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് ട്രംപ് അറിയിച്ച ശനിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചുവെന്നാണു റിപ്പോർട്ട്.
അമേരിക്കൻ ആക്രമണത്തിനു പ്രതികാരമായി സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദന-വിതരണ സംവിധാനങ്ങളെ ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന ആശങ്ക ട്രംപിനെ മുഹമ്മദ് രാജകുമാരൻ ധരിപ്പിച്ചുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞയാഴ്ച ഇറാക്കിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുമേൽ യുഎസ് നടത്തിയ ആക്രമണത്തിൽ സൗദിയും പങ്കുചേർന്നിരുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ വൻ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇറാനെ അടിയറവു പറയാൻ പ്രേരിപ്പിക്കുന്ന തരം ആക്രമണം നടത്തണമെന്ന് അമേരിക്കൻ സേനയ്ക്ക് പ്രസിഡന്റ് ട്രംപ് നിർദേശം നല്കിയത്രേ.
ഇറാനെ ശക്തമായി അടിക്കാൻ പോവുകയാണെന്നും ഇനിയിതു താങ്ങാൻ ഞങ്ങൾക്കു കഴിയില്ലെന്ന് ഇറാൻ പറയേണ്ടിവരുമെന്നും ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. നുണ പറയുകയും കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഇറാനിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലും പങ്കുചേരുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശുദ്ധീകരണ ശാലകളിലും ഊർജ സംവിധാനങ്ങളിലും ഇതുവരെ കാണാത്ത ബോംബാക്രമണത്തിനാണ് പദ്ധതിയെന്നും പറയുന്നു. ആക്രമണത്തിന് അന്തിമാനുമതി നൽകേണ്ടത് ട്രംപാണ്.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ഇറാനിൽ ബോംബിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് യുഎസ് ഒറ്റയ്ക്കാണ് ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നത്. അറബി രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി.
International
കയ്റോ: പരസ്പരം രൂക്ഷ ആക്രമണവുമായി യുഎസും ഇറാനും. ജോർദാനിലെ തങ്ങളുടെ താവളത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി യുഎസ് സേന ഇറാനിലുടനീളം കനത്ത വോമ്യാക്രമണം നടത്തി.
കഴിഞ്ഞയാഴ്ച ബോംബാക്രമണം താത്കാലികമായി നിർത്തിവച്ചതിനുശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്.
കുവൈറ്റിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു. ചൈനീസ് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി.
ജോർദാനിലേക്ക് ഇന്നലെയും ഇറാൻ മിസൈൽ വർഷം നടത്തി. അഞ്ചു മിസൈലുകൾ തകർത്തെന്ന് ജോർദാൻ അറിയിച്ചു. ജോർദാനു നേർക്കുള്ള ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. റവലൂഷണറി ഗാർഡ് കേന്ദ്രങ്ങൾ, ഡ്രോൺ, മിസൈൽ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ഖെഷം ദ്വീപിലെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ദന്പതികളും രണ്ടു വയസുള്ള കുട്ടിയുമാണു മരിച്ചത്. ബുധനാഴ്ച ഈജിപ്ഷ്യൻ തുറമുഖമായ ഡമിയേറ്റയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു പ്രകൃതിവാതക കപ്പലുകൾക്കു തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ അറിയിച്ചു.
യുഎസ് ഉടമസ്ഥതയിലുള്ള ഫ്ലോട്ടിംഗ് സംഭരണ സംവിധാനവും ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഈജിപ്റ്റ് യുഎസ്-ഇറാൻ സമാധാന ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ്. ഈജിപ്റ്റിൽ ഇതുവരെ നേരിട്ടുള്ള ആക്രമണം ഉണ്ടായിട്ടില്ല. ഇറാനോ കൂട്ടാളികളോ ആണ് ഈജിപ്റ്റിൽ ആക്രമണം നടത്തിയതെങ്കിൽ മേഖലയിൽ സംഘർഷം വ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ട്.
ബുധനാഴ്ച യുഎസ്-സൗദി സംയുക്ത ആക്രമണത്തിൽ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങളും ആറ് ഇറേനിയൻ ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ്-ഇറാൻ സംഘർഷം കനത്തത്.
International
ദുബായ്: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷം. യുഎസ്-സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ കിഴക്കൻ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു.
ഷിയാ സായുധ സംഘമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ (പിഎംഎഫ്) അംഗങ്ങളാണു കൊല്ലപ്പെട്ടത്. 32 പേർക്കു പരിക്കേറ്റു. തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ടതായി പിഎംഎഫ് സ്ഥീകരിച്ചു. സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ആക്രമണത്തിൽ ആറ് ഇറേനിയൻ ഉപദേശകരും കൊല്ലപ്പെട്ടതായി ഇറാക്കി സായുധ സംഘം അറിയിച്ചു.
ഇറാക്കിലെ ആക്രമണത്തിനു പിന്നാലെ ജോർദാനിലേക്കു മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. കിഴക്കൻ ജോർദാനിലെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണുണ്ടായത്. റവലൂഷണറി ഗാർഡിന്റെ ഏറോസ്പേസ് ഫോഴ്സ് ആണ് മിസൈൽ വർഷം നടത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് യാത്ര തുടർന്ന മൂന്ന് എണ്ണടാങ്കറുകൾ ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ചൊവ്വാഴ്ച ഇറാൻപക്ഷ സായുധ സംഘം സൗദി അറേബ്യയിലേക്കു ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ യുഎസ് സേനയ്ക്കും സൗദിക്കും നേർക്ക് മുപ്പതിലേറെ ഡ്രോണുകളാണ് റവലൂഷണറി ഗാർഡ് തൊടുത്തത്. ഇതിനു തിരിച്ചടിയായാണ് ഇറാക്കിൽ സൗദി ആക്രമണം നടത്തിയത്.
തിങ്കളാഴ്ച സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ ഇറാൻപക്ഷ ഹൂതികൾ ആക്രമിച്ചിരുന്നു. കിഴക്കൻ സൗദിയിലെ ആരാംകോയുടെ അബ്ഖ്വായിഖ് എണ്ണശുദ്ധീകരണശാലയിൽ നാശനഷ്ടമുണ്ടായി. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറിയാണിത്.
ഹോർമുസ് കടലിടുക്കിൽ സംയുക്ത നിയന്ത്രണം ആകാമെന്ന ഒമാന്റെ നിർദേശം ഇറാന്റെ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബബാഗി തള്ളി. യുഎസ്- സൗദി ആക്രമണത്തെ ഇറാക്കി പ്രസിഡന്റ് നിസാർ അമിദി അപലപിച്ചു.
ഇറാക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അമിദി കുറ്റപ്പെടുത്തി. ഇറാക്കി പ്രധാനമന്ത്രി അലി അൽ-സെയ്ദിയുടെ സൗദി സന്ദർശനം അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.
International
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യ.
പശ്ചിമേഷ്യാ സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ പ്രതിനിധി പർവതനേനി ഹരീഷാണ് ഇക്കാര്യം പറഞ്ഞത്.
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കു നേരേ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. അന്താരാഷ്ട്ര ജലപാതയിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായി നല്ലരീതിയിൽ ചർച്ച നടക്കുകയാണെന്നും കരാറിനു സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഇതിനിടെ സൗദി, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ ഇറാൻ അനുകൂലികൾ ഡ്രോൺ ആക്രമണം നടത്തി. അമേരിക്കൻ സേന ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമണം നിർത്തിവച്ചിരിക്കുകയാണ്.
ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നതായി ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയിൽ സ്ഥിരീകരിച്ചു. ഇറാൻ നയതന്ത്രമാർഗം ഉപേക്ഷിച്ചിട്ടില്ല.
ചർച്ച വേണണെന്ന് ഇറാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ സ്വയംപ്രഖ്യാപിത വെടിനിർത്തൽ തുടരുന്നിടത്തോളം കാലം ഇറാൻ ആക്രമണം നടത്തില്ലെന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്ക നിയമവിരുദ്ധ നാവിക ഉപരോധത്തിനു ശ്രമിക്കുകയാണെന്ന് ഇറേനിയൻ സൈന്യം ആരോപിച്ചു. ഇതിനു പിന്നാലെ സൗദിയിലെ പെട്രോളിയും ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിൽ. ഇവർക്ക് ഉചിതമായ തിരിച്ചടി നല്കുമെന്ന് സൗദി കൂട്ടിച്ചേർത്തു.
സൗദിയുടെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പെപ്പ്ലൈന് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതികളും അറിയിച്ചു.
International
ടെഹ്റാൻ: അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കാൻ താത്പര്യമില്ലെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്നും ഇറാൻ.
13 ദിവസത്തെ തുടർച്ചയായ ബോംബിംഗിനുശേഷം ഇറാനിൽ ആക്രമണം നിർത്തിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചയ്ക്കുവേണ്ടിയാണ് ഇതെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ മൈക്ക് വാൾട്സ് പിന്നീട് വിശദീകരിച്ചു.
എന്നാൽ, അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അവരുടെ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പ്രതികരിച്ചു.
അമേരിക്ക ആക്രമണം നിർത്തിയാൽ ഇറാനും നിർ ത്തുമെന്ന് ടെഹ്റാനിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനു മറുപടി ആക്രമണം എന്നതാണ് ഇറാന്റെ നിലപാട്.
ഇതിനിടെ, അമേരിക്ക ഇറാനിൽ ബോംബിംഗ് നിർത്തിയത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിയാൻ സഹായിച്ചു. കഴിഞ്ഞയാഴ്ച വീപ്പയ്ക്കു നൂറു ഡോളറിനു മുകളിൽപ്പോയ ബ്രെന്റ് ഇനം ക്രൂഡ് വില ഇന്നലെ 90നു താഴെയെത്തി.
അതേസമയം, ഗൾഫിൽനിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയെത്തുന്ന സുപ്രധാന പാതയിലെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇന്നലെ രാവിലെ അനുമതിയില്ലാതെ ഹോർമുസിലൂടെ കടക്കാൻ ശ്രമിച്ച ആറു കപ്പലുകളെ ഇറാൻ തിരിച്ചയച്ചു. ഇതിലൊരു കപ്പൽ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാൻ നിർദേശിക്കുന്ന പാതിയലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും ഇതര മേഖലകൾ അപകടകരമാണെന്നും ഇറേനിയൻ വൃത്തങ്ങൾ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയെന്ന വാർത്തകൾ തള്ളി പ്രസിഡന്റ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളുള്ളത് അമേരിക്കയ്ക്കാണെന്നും അത് ആവശ്യത്തിലധികമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് ഉത്കണ്ഠ വേണ്ടെന്ന് യുഎസിന്റെ യുഎൻ അംബാസഡർ മൈക്ക് വാൾട്സും പറഞ്ഞു. ഇറാനെതിരേ യുദ്ധം ചെയ്യാൻ ആവശ്യമുള്ളത് അമേരിക്കയ്ക്കുണ്ടെന്നും അടിസ്ഥാനമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും വാൾട്സ് കൂട്ടിച്ചേർത്തു.
വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ ശേഖരം കുറഞ്ഞതു മൂലമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് നിർത്തിവച്ചതെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തത്.
ഇത്തരം സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയുടെയും ഗൾഫിലെ സഖ്യകക്ഷികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് സൈനിക ഉപദേശകർ ട്രംപിനു മുന്നറിയിപ്പു നല്കിയത്രേ.
ഇതിലുപരി ആക്രമണത്തിനു പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്ന വിലയിരുത്തലും യുഎസ് നേതൃത്വത്തിനുണ്ട്. ചർച്ചാ മേഖലയിലേക്കു തള്ളിവിടുന്നതിനു പകരം ഇറാനിൽ ഐക്യം വളർത്താനാണത്രേ ആക്രമണങ്ങൾ ഉപകരിക്കുന്നത്.
International
റിയാദ്: യുഎസ്-ഇറാൻ സംഘർഷത്തിനു താത്കാലിക ഇടവേള. അതേസമയംതന്നെ സൗദിയും ഇറാന്റെ പിന്തുണയുള്ള ഹൂതികളും ഏറ്റുമുട്ടി.
വെള്ളിയാഴ്ച യെമനിലെ ഹൊദെയ്ദ തുറമുഖവും അതിനടുത്ത കമാരാൻ ദ്വീപും ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിനു പിന്നാലെ സൗദിയിലെ യാൻബുവിലേക്കും ജിസാനിലേക്കും ഹൂതികൾ മിസൈൽ തൊടുത്തു.
യാൻബുവിലെ സൗദി എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ വെടിച്ചിട്ടുവെന്നാണു റിപ്പോർട്ട്. അതേസമയം, ജിസാൻ നഗരത്തിൽ മിസൈലാക്രമണത്തെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായെന്നു ഹൂതി വൃത്തങ്ങൾ അവകാശപ്പെട്ടു.
ഹൂതികൾ ചെങ്കടലിൽ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിലൂടെ വന്ന സൗദി എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു.
ഇതിനിടെ, വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും യുഎസ് -ഇറാൻ ഏറ്റുമുട്ടലുണ്ടായില്ല. 13 ദിവസത്തിനു ശേഷമാണ് ഇരു വിഭാഗവും ആക്രമണത്തിൽനിന്നു വിട്ടുനിന്നത്. ഇതിനു മുന്പുള്ള ദിവസങ്ങളിൽ ഇറാനിൽ അമേരിക്ക ബോംബിടുന്നതും മറുപടിയായി ഇറാൻ അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുന്നതും പതിവായിരുന്നു.
ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഒമാനിൽനിന്നുള്ള പ്രതിനിധി സംഘം ഇന്നലെ ഇറാനിലെത്തി. അമേരിക്കയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്.
ഇറാൻ വിഷയത്തിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. ഇറാനുമേൽ കൂടുതൽ ആക്രമണം നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഹോർമുസ് വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും അടുത്തയാഴ്ച ലണ്ടനിൽ ഉച്ചകോടി നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
കപ്പലിനു നേർക്ക് യുഎസ് വെടി
റിയാദ്: ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച വാണിജ്യകപ്പലിനു നേർക്ക് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
ഒമാൻ ഉൾക്കടലിൽ നാലു തവണ ഉപരോധം മറികടക്കാൻ ശ്രമിച്ച എം.വി. ലാവിൻ എന്ന കപ്പലിനു നേർക്ക് വെടിയുതിർക്കേണ്ടിവന്നു. അമേരിക്കൻ സേന നല്കിയ നിർദേശം കപ്പൽ ജീവനക്കാർ അനുസരിക്കാൻ തയാറായില്ല. തുടർന്ന് കപ്പലിന്റ എൻജിൻ റൂമിലേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ കപ്പൽ പ്രവർത്തനരഹിതമായി.
International
വാഷിംഗ്ടൺ ഡിസി: ചെങ്കടലിലെ കപ്പലാക്രമണത്തിന് ഇറാനും അവരുടെ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കും ശിക്ഷ നല്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ചെങ്കടലിൽ ഇനി കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ അതിന് ഉത്തരവാദി ഇറാനായിരിക്കും.
ഇറാനെതിരേ വൻ സൈനിക ഓപ്പറേഷൻ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയിലാണെന്നും ട്രംപ് അറിയിച്ചു. ഇറാൻ ആവശ്യത്തിനു വേദന അനുഭവിച്ചിട്ടില്ല.
ചരക്കുകപ്പലുകൾക്കുണ്ടാകുന്ന നഷ്ടം ഇറാന്റെ പണം ഉപയോഗിച്ചു വീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുള്ള ഇറേനിയൻ ആസ്തികൾ ചെലവഴിക്കുന്നതിനെക്കുറിച്ചാണു ട്രംപ് സൂചിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ സ്വത്ത് കവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഇതിനിടെ, ചെങ്കടൽ വഴി സൗദിയുടെ കയറ്റുമതി നിലച്ചത് ആഗോള വിപണിയിൽ എണ്ണവില നൂറു ഡോളറിനു മുകളിലെത്താൻ ഇടയാക്കി. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് സൗദി എണ്ണ ടാങ്കറുകളെ ആക്രമിച്ചതായി ഹൂതികൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ആക്രമണം തുടരുന്നു
ഇറാൻ-യുഎസ് സംഘർഷത്തിനു ശമനമില്ല. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഇറാനിൽ യുഎസ് ബോംബിട്ടു. ഖെഷം ദ്വീപിലും ഹോർമുസ് കടലിടുക്കിലും അമേരിക്കൻ മിസൈലുകൾ പതിച്ചു.
അഹ്വാസ് നഗരത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
International
മനില: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. ലാവ്റോവുമായി തുറന്ന ചർച്ചയാണുണ്ടായത്. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റൂബിയോ തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് ലാവ്റോവ് അറിയിച്ചു. ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കഴിഞ്ഞ വർഷം അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണ പാലിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: കണ്ണിനു കണ്ണെന്ന തരത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി ഉയർത്തി.
അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട്
സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.
അമേരിക്ക ഇനിയും ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു. ഇനിയും ഇറാനെ ആക്രമിച്ചാൽ മേഖലയിൽ ആരും തന്നെ എണ്ണ വിൽക്കില്ല, ഹോർമൂസ് കടക്കില്ല, മേഖലയിലെ പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പടെ എല്ലാം തകർക്കുമെന്നും എം.ബി. ഗാലിബാഫ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 3,750 കോടി ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ).
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിലെ വിനിയോഗ കമ്മിറ്റിയെ അറിയിച്ചതാണ് ഇക്കാര്യം.
പശ്ചിമേഷ്യയിലേക്ക് 6,700 കോടി അടക്കം യുഎസ് പ്രതിരോധ വകുപ്പിന് 8,700 കോടി ഡോളർ അടിയന്തരമായി അനുവദിക്കണമെന്ന് ഹെഗ്സെത്ത് ആവശ്യപ്പെട്ടു.
പണം ലഭിച്ചില്ലെങ്കിൽ സൈനികരുടെ ശന്പളം വൈകുന്നതിനു പുറമേ ആയുധ ദൗർലഭ്യവും ഉണ്ടാകാമെന്ന് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
International
കീവ്: റഷ്യൻ തലസ്ഥാനത്തിനു നേർക്ക് യുക്രെയ്ന്റെ കനത്ത ഡ്രോൺ ആക്രമണം. 400ലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ പറഞ്ഞു.
കീവിലും മറ്റ് യുക്രെയ്ൻ നഗരങ്ങൾക്കും നേരേ റഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഡ്രോൺ മിന്നലാക്രമണം. 10 പേർക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി.
മോസ്കോയിലെ എണ്ണസംസ്കരണ കേന്ദ്രത്തിനു നേർക്കും ആക്രമണമുണ്ടായി. കരിങ്കടലിൽ റഷ്യയുടെ നാലു ചരക്കുകപ്പലുകളുൾപ്പെടെ ആറ് കപ്പലുകളെ ആക്രമിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
International
റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളിലും അക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥനകൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തും ലെയോ പതിനാലാമൻ മാർപാപ്പ.
വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോർഫോ ഇന്നലെ ത്രിസന്ധ്യാ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
യുദ്ധവും അക്രമവും തകർത്ത വിവിധ രാജ്യങ്ങളിലെ സംഭവവികാസങ്ങളെ അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് മാർപാപ്പ പറഞ്ഞു. “ഈ സംഘർഷങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുത്. സമാധാനത്തിനായുള്ള ആത്മാർഥമായ ശ്രമങ്ങൾക്കൊപ്പം നമ്മുടെ നിരന്തരമായ പ്രാർഥനകളും ചേർത്തുവയ്ക്കാം” - മാർപാപ്പ ഓർമിപ്പിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന തിന്റെയും ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും തുടർന്ന് കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരേ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും ഉൾപ്പെടെ പശ്ചിമേഷ്യയിലുണ്ടായ പുതിയ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലാണു മാർപാപ്പയുടെ ആഹ്വാനം.
ക്രൈസ്തവർ പുലർത്തേണ്ട വിനയത്തെയും കാരുണ്യത്തെയും കുറിച്ച് ഓർമിപ്പിച്ച മാർപാപ്പ, ബലപ്രയോഗത്തിലൂടെയോ ആധിപത്യത്തിലൂടെയോ ആഡംബരത്തോടെയോ കടന്നുവരുന്ന ഒരു ശക്തനായ ഭരണാധികാരിയായി ദൈവത്തെ സങ്കൽപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഈമാസം 27 വരെ മാർപാപ്പ കസ്തേൽ ഗണ്ടോൾഫോയിൽ വിശ്രമത്തിൽ തുടരും.
International
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉത്പാദന പ്ലാന്റിന് നേരെയാണ് ആക്രമണം.
ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി കുവൈറ്റ് അധികൃതർ അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനും തടസമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ചെങ്കടലിലേക്കുള്ള കവാടം അടയ്ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ.
യെമനിലെ ഹൂതികളെ ഉപയോഗിച്ചാണ് ഇറാൻ പുതിയ നീക്കത്തിനൊരുങ്ങുന്നത്. ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണ് ഹൂതികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചതോടെയാണ് പുതിയ തീരുമാനം. പെട്രോളിയം വിതരണത്തിൽ ഈ ജലപാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്.
ഇറാൻ നൽകിയ നിർദേശത്തെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ആയുധങ്ങൾ വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഹൂതികളുടെ നീക്കം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്ന കാര്യത്തിൽ വൻ നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ പരിഗണനയിൽ.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ആലോചനയിലുണ്ട്.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്സ് മൗണ്ടൻ' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും.
ഇതോടെ ഇറാനുമേൽ വലിയ സാമ്പത്തിക സമ്മർദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്.
International
ദുബായ്: ഇറാനിലേക്ക് രൂക്ഷ ആക്രമണം തുടർന്ന് അമേരിക്ക. ഇറേനിയൻ ആർമി ബാരക്കിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. ഈയിടെ നടന്ന ആക്രമണങ്ങളിൽ മാത്രം ഇറാനിൽ മരണം 35 ആയി. ചൊവ്വാഴ്ച രാത്രി മാത്രം മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഇറേനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴു മണിക്കൂറാണ് ഇറാനിൽ യുഎസ് സേന ബോംബുവർഷം നടത്തിയത്. ഇന്നലെ പകലും ആക്രമണം തുടർന്നു. ഇറാന്റെ തീര പ്രതിരോധ സംവിധാനങ്ങൾ, ക്രൂസ് മിസൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കുവൈറ്റിലും ബഹ്റിനിലും ജോർദാനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു.
മൂന്ന് ഇറേനിയൻ മിസൈലുകൾ വെടിവച്ചിട്ടെന്ന് ജോർദാൻ അറിയിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം ഇന്നലെ യുഎസ് പുനഃസ്ഥാപിച്ചു. ഇടക്കാല വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിലിലായിരുന്നു നാവിക ഉപരോധം പിൻവലിച്ചത്.
അടുത്തയാഴ്ച സമാധാനചർച്ച പുനരാരംഭിച്ചില്ലെങ്കിൽ രണ്ടു ദിവസത്തിനകം ഇറാനിലെ പാലങ്ങളും ഊർജകേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫോക്സ് ന്യൂസ് ചാനലിനോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകളും പൂട്ടുമെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് ഭീഷണി മുഴക്കി. സംഘർഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 85 ഡോളറായി ഉയർന്നു.
ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫന്ററി ബ്രിഗേഡിനു നേർക്കാണ് ഇന്നലെ യുഎസ് ആക്രമണമുണ്ടായത്. 13 മിസൈലുകളാണ് യുഎസ് സേന തൊടുത്തത്. ഏഴു സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരിക്കേറ്റു.
ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൻബ് ദ്വീപിലേക്കും യുഎസ് സേന വ്യോമാക്രമണം നടത്തി. ദ്വീപിലെ ഇറേനിയൻ പ്രതിരോധ, മിസൈൽ കേന്ദ്രങ്ങളിലെയാണ് ലക്ഷ്യമിട്ടത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
ബാബ് അൽ മണ്ഡെപിന്റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്റെ പദ്ധതി.
ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.
ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.
Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.