Sports
നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ സെമി എതിരാളികൾ ആരെന്ന് ചൊവ്വാഴ്ച അറിയാം. കനത്ത മഴയെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച നടക്കുന്ന നേപ്പാൾ-ശ്രീലങ്ക ക്വാർട്ടർ ഫൈനലിലെ വിജയികളെയാണ് ഇന്ത്യ വ്യാഴാഴ്ച രണ്ടാം സെമിയിൽ നേരിടുക.
നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് തന്നെയാണ് സെമി പോരാട്ടത്തിന്റെയും വേദി. അതേസമയം ഇന്ത്യ - അഫ്ഗാൻ മത്സരം ഉപേക്ഷിച്ചതിൽ അഫ്ഗാൻ താരം മുഹമ്മദ് അക്രം സസായ് നിരാശ പ്രകടിപ്പിച്ചു. ടൂർണമെന്റ് നിയമപ്രകാരം നോക്കൗട്ട് മത്സരം മഴയോ മോശം കാലാവസ്ഥയോ മൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഉയർന്ന സീഡിംഗുള്ള ടീമിനാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം.
ഐസിസി ടി20 റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സീഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനേക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യയ്ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയായിരുന്നു.
Sports
തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് ഓൾറൗണ്ടർമാരും നാല് ബൗളർമാരും ഉൾപ്പെടുന്ന കോംബിനേഷനുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഓൾറൗണ്ടർ നമൻ ധിർ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു. അതേസമയം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രോഹിത് ശർമയുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. 2027ലെ ഏകദിന ലോകകപ്പിനായുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയെ ഇന്ത്യ കാണുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ഇനി 14 ഏകദിന മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
പ്ലേയിംഗ് ഇലവൻ വെസ്റ്റ് ഇൻഡീസ് : ജോൺ കാംപ്ബെൽ, ജസ്റ്റിൻ ഗ്രീവ്സ്, കീസി കാർത്തി, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ആമിർ ജംഗൂ, ജുവൽ ആൻഡ്രൂ, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഗൂഡാകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ. എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് പൊൻതിളക്കം. വനിതകൾക്ക് പിന്നാലെ പുരുഷ ടീമും സ്വർണം സ്വന്തമാക്കി. ആവേശം അവസാന മിനിറ്റ് വരെ നീണ്ട ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇറാനെ 40-34 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് പുരുഷ കബഡി ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഒമ്പതാം സ്വർണമെഡലാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ 18-17 എന്ന സ്കോറിന് ഇറാനായിരുന്നു മുന്നിൽ നിൽന്നിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ സുനിൽ കുമാറിന്റെയും അർജുൻ ദേശ്വാളിന്റെയും തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ മത്സരം തിരികെ പിടിക്കുകയായിരുന്നു.
അസ്ലം, അർജുൻ ദേശ്വാൾ എന്നിവരുടെ മിന്നൽ റെയ്ഡിംഗും സുമിത്, രാഹുൽ എന്നിവരുടെ പ്രതിരോധ മികവും ചേർന്ന് കളി ഇന്ത്യയുടെ കൈപ്പിടിയിലാക്കി. മത്സരം തീരാൻ രണ്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ഒമ്പതു പോയിന്റിന്റെ കൂറ്റൻ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.ഒടുവിൽ 40-34 എന്ന വ്യക്തമായ മാർജിനിൽ വിജയം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ വനിതാ ഫൈനലിലും ഇറാനെ കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി. വനിതാ ഫൈനലിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ഇറാനെ 37-34ന് കീഴടക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ നിർണായക നീക്കങ്ങളിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കി.
ഗെയിംസിന്റെ ഏഴാം ദിനത്തിൽ പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി. വ്യക്തിഗത മികച്ച സമയമായ രണ്ട് മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാവൻ ബർവാൾ വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസ് പുരുഷ മാരത്തണിൽ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. മികച്ച പ്രകടനത്തോടെ താരം ദേശീയ റിക്കാർഡും സ്വന്തമാക്കി.
Sports
നാഗോയ : ഏഷ്യൻ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയിലെ നേപ്പാൾ - അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ലഭിച്ചിരുന്നു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് തങ്ങളുടെ പ്രധാന ടീമിനെത്തന്നെ മത്സരത്തിനായി അയച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ്മ, വൈസ് ക്യാപ്റ്റൻ തിലക് വർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം. ആവേശം അവസാന നിമിഷംവരെ നീണ്ട മത്സരത്തിൽ ഇറാനെ 37-34ന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി.
20-19ന് ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മുന്നേറ്റങ്ങളുമായി കളം പിടിച്ച ഇന്ത്യൻ താരങ്ങൾ നിർണായക ഓൾഔട്ടുകളിലൂടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവസാന നിമിഷങ്ങളിലെ മിന്നും നീക്കങ്ങൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
ക്യാപ്റ്റൻ പുഷ്പ റാണയുടെ നേതൃത്വത്തിൽ റെയ്ഡർമാരും പ്രതിരോധ താരങ്ങളും ഒത്തൊരുമിച്ച് നടത്തിയ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. കബഡിയിൽ പുരുഷ ടീമും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നുണ്ട്. ഇറാന് തന്നെയാണ് എതിരാളികള്‍. അതേസമയം പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യക്ക് അഭിമാനനേട്ടം സ്വന്തമാക്കി.
വ്യക്തിഗത മികച്ച സമയമായ രണ്ടു മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാവൻ ബർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ പുരുഷ മാരത്തണിൽ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലും ഇന്ത്യവെള്ളി നേടി.
പോയിന്റ് പട്ടികയിൽ 105 സ്വര്‍ണവും 39 വെള്ളിയും 25 വെങ്കലവുമടക്കം169 മെഡലുമായി ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണമടക്കം 120 മെഡലുമായി ജപ്പാൻ രണ്ടാമതും 13 സ്വര്‍ണമടക്കം 69 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. മൂന്ന് സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമടക്കം 27 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ 12-ാം സ്ഥാനത്താണ്.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണമണിഞ്ഞത്. ഇന്ത്യയുയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അർധ സെഞ്ചുറിയുമായി തിളങ്ങി. 45 പന്തുകൾ നേരിട്ട സ്മൃതി ഏഴു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 79 റൺസാണ് അടിച്ചെടുത്തത്. 22 പന്തിൽ 49 റൺസുമായി റിച്ച ഘോഷും 29 പന്തിൽ 48 റൺസുമായി ഓപ്പണർ ഷെഫാലി വർമയും ബാറ്റിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഒരു ഘട്ടത്തിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 21 പന്തിൽ 29 റൺസടിച്ച ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. കവിഷ ദിൽഹരി (11), കൗശിനി നുത്യാംഗന (14) എന്നിവരും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നു. ഏഴു ശ്രീലങ്കൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി.
ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും ശ്രേയാങ്ക പാട്ടീൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മറ്റൊരു മത്സരത്തിൽ ബംഗ്ലദേശിനെ തോൽപിച്ച് പാക്കിസ്ഥാൻ വെങ്കലം സ്വന്തമാക്കി.
Sports
ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരം ചൊവ്വാഴ്ച നടക്കും. സുഡോകി കപ്പിന്റെ ഭാഗമായുള്ള ഈ മത്സരം വരുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള ഇരു ടീമുകളുടെയും സുപ്രധാന ഒരുക്കങ്ങള്‍ കൂടിയാണ്. ജപ്പാനിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് മത്സരം ആരംഭിക്കും. അതേസമയം ഈ മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇടം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും താരം ബെഞ്ചിലായിരുന്നു. സിംബാബ്വേ പര്യടനത്തിലും ദുലീപ് ട്രോഫിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയും ലോക റാങ്കിംഗില്‍ 41-ാം സ്ഥാനത്തുള്ള ജപ്പാനും തമ്മിലാണ് മത്സരം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബേസ്ബോളിന് ഏറെ ജനപ്രീതിയുള്ള ജപ്പാനില്‍ ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഈ മത്സരം സഹായിക്കുമെന്ന് ജപ്പാന് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. വി.വി.എസ്. ലക്ഷ്മണന്റെ പരിശീലനത്തിൻ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. ഷൂട്ടിംഗിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ഹിമാൻഷു ധില്ലൻ, പാർത്ത് മാനെ, രുദ്രാൻക്ഷ് പാട്ടിൽ എന്നിവരടങ്ങിയ സംഘം തകർപ്പൻ പോരാട്ടത്തിനൊടുവിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
1890.1 ആണ് ഇന്ത്യയുടെ സ്കോർ. ഈ ഗെയിംസിൽ ഷൂട്ടിംഗിൽ മാത്രം ഇന്ത്യ നേടുന്ന മൂന്നാം വെള്ളിയാണിത്. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും, വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ഇന്ത്യൻ താരം എളവേനിൽ വാളറിവൻ വെള്ളി മെഡലുകൾ നേടിയിരുന്നു.
ഇതിനുപുറമേ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും രുദ്രാൻക്ഷ്, ഹിമാൻഷു എന്നിവർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഷൂട്ടിംഗിന് പുറമെ മിക്സഡ് മാർഷ്യൽ ആർട്സിലും (എംഎംഎ) ഇന്ത്യ മെഡൽ നേട്ടം ആവർത്തിച്ചു. സെമിഫൈനലിൽ പരാജയപ്പെട്ടെങ്കിലും സുചിത തരിയൽ വെള്ളി മെഡൽ കരസ്ഥമാക്കി.
International
ന്യൂഡൽഹി: ഇന്ത്യയുടെ നാവികസേന കപ്പലിൽ പാക്കിസ്ഥാൻ കപ്പൽ വന്ന് ഇടിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ കപ്പലിലാണ് പാക്കിസ്ഥാൻ നാവിക സേന കപ്പൽ വന്ന് ഇടിച്ചത്.
അന്താരാഷ്ട്ര മേഖലയിൽ നാവിക സേന കപ്പലുകളുടെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കണമെന്ന ധാരണ പാകിസ്ഥാൻ ലംഘിച്ചു എന്ന് ഇന്ത്യ. പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ കപ്പലിന് കാര്യമായ കേടില്ലെന്നാണ് സൂചന. ഒമാൻ കടൽത്തീരത്തിന് കിഴക്കൻ മേഖലയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് സംഭവം.
പാക്കിസ്ഥാൻ നാവിക യൂണിറ്റുകളുടെ അംഗീകരിക്കാനാകാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വച്ചുണ്ടായ ഈ സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പാക്കിസ്ഥാൻ നാവിക കപ്പലിന്റെ പെരുമാറ്റം സൈനിക പരിശീലനങ്ങൾ, കുസൃതികൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് നൽകുന്നത് സംബന്ധിച്ച് 1991 ഏപ്രിലിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണെന്നും ഇന്ത്യ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, എല്ലാ സൈനിക യൂണിറ്റുകളും തക്കതായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രസക്തമായ കരാറുകളിലെ വ്യവസ്ഥകളെ മാനിക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട പാക്കിസ്ഥാൻ അധികൃതരെ അറിയിക്കാൻ പാക് പ്രതിനിധിയോട് നിർദേശിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യൻ പ്രതിനിധിയോടും പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ സമാനമായ പ്രതിഷേധം രേഖപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
Sports
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ആദ്യ മത്സരത്തിനിടെ കാലിന് പരിക്കേറ്റ സ്പിന്നർ വരുണ്‍ ചക്രവര്‍ത്തി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും പുറത്തായി. പരിക്ക് ഗുരുതരമല്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് താരത്തെ ഒഴിവാക്കിയതെന്ന് ടീം മാനേജുമെന്റ് വ്യക്തമാക്കി.
ഈ മാസം അവസാനം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വരുണിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. പരിക്കിൽ നിന്ന് മുക്തനായി രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ടീമിലേക്ക് തിരിച്ചെത്തിയത്. വരുണിന് പകരം പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ടീമിൽ സ്പിന്നർമാരായുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകുന്നേരം 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ അഫ്ഗാനിസ്ഥാന് ജയം അനിവാര്യമാണ്.
Auto
ആഡംബര സെഡാൻ ശ്രേണിയിൽ ലെക്സസിന്റെ എട്ടാം തലമുറ മോഡലായ ലെക്സസ് ഇഎസ് 350എച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇഎസ് 300 എച്ചിന് പകരക്കാരനായി എത്തുന്ന ഇഎസ് 350എച്ച് സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് വിപണിയിലെത്തുന്നത്. ഇന്ത്യയിൽതന്നെ നിർമിക്കുന്ന വാഹനത്തിന് 66.10 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. എക്സ്ക്വിസിറ്റ്, ലക്ഷ്വറി എന്നി രണ്ട് വകഭേദങ്ങളിലാണ് ലെക്സസ് ഇഎസ് 350എച്ച് ലഭ്യമാകുക.
ഉയരം കൂടുതൽ
മുൻ മോഡലിനേക്കാൾ കൂടുതൽ വലുപ്പമുള്ള ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. സെഡ് ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാംപുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാംപുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ വാഹനത്തിന്റെ പുറംരൂപത്തിന് ആധുനിക ഭാവം നൽകുന്നു. ഇന്ത്യൻ റോഡുകളിലെ ഉപയോഗം കണക്കിലെടുത്ത് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 20 മില്ലിമീറ്റർ വർധിപ്പിച്ചിട്ടുണ്ട്. അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ്ബോർഡിൽ 14 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്. 17 സ്പീക്കറുകളുള്ള മാർക്ക് ലെവിൻസണ് പ്രീമിയം ഓഡിയോ സംവിധാനവും ലഭ്യമാണ്.
ഹൈബ്രിഡ് കരുത്ത്
2.5 ലിറ്റർ നാല് സിലിണ്ടർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും ലിഥിയംഅയണ് ബാറ്ററിയുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് 244 എച്ച്പി കരുത്താണ് ലഭിക്കുന്നത്. ഇ-സിവിടി ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇഎസ് 350എച്ചിലുള്ളത്. ലിറ്ററിന് 25.22 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.7 സെക്കൻഡ് സമയം മതി.
പുതിയ സേഫ്റ്റി സിസ്റ്റം
സുരക്ഷയ്ക്കായി ലെക്സസിന്റെ പുതിയ സേഫ്റ്റി സിസ്റ്റം എൽഎസ്എസ്+4.0 ആണ് ലെക്സസ് ഇഎസ് 350എച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ട് എയർബാഗുകൾക്ക് പുറമെ ലെവൽ 2 അഡാസ് സംവിധാനവും വാഹനത്തിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഡ്രൈവർ മോണിറ്റർ സിസ്റ്റം തുടങ്ങിയവയും പുതിയ വാഹനത്തിലുണ്ട്.
വില: 66.10 ലക്ഷം
മൈലേജ്: 25.22 കിലോമീറ്റർ
Sports
ദുബായി: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബംഗ്ലാകടുവകളെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക-പാകിസ്ഥാൻ സെമിഫൈനൽ വിജയിയാകും ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ അർധസെഞ്ചറിയാണ് (40 പന്തിൽ 64) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ഹർമൻപ്രീത് കൗർ (24), റിച്ച ഘോഷ് (21), പ്രതിക റാവൽ (20) എന്നിവരും നിർണായക സംഭാവന നൽകി. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റെടുത്തു. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.150 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി ഷൊർണ അക്തർ 18 പന്തിൽ പുറത്താകാതെ 22 റൺസ് നേടി ടോപ് സ്കോററായി.
ദിലാറ അക്തർ (21), നിഗർ സുൽത്താന (19), ശോഭന മൊസ്താരി (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഈ ജയത്തോടെ ഇന്ത്യ തുടർച്ചയായ പത്താം തവണയാണ് ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്.
National
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇന്റർ-ഗവൺമെന്റൽ റെയിൽവേ മീറ്റിംഗിന്റെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന വാർഷികയോഗത്തിൽ അന്തിമ ചർച്ചകൾ നടത്താനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ.
ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായാൽ വൈകാതെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും.
ബംഗ്ലാദേശ് ധാക്കയിലെ ഉഭയകക്ഷി യോഗത്തിൽ ഇരുരാജ്യങ്ങളുടെയും റെയിൽവേ അധികൃതരും മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കും. അതിർത്തി കടന്നുള്ള ട്രെയിൻ സർവീസുകൾ, റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ചരക്കു ഗതാഗതം എന്നിവയാണു പ്രധാന ചർച്ചാവിഷയങ്ങൾ. 2024-ൽ സർവീസുകൾ നിർത്തിവച്ചതിനുശേഷം ഇതാദ്യമായാണ് ഈ വിഷയം ഔദ്യോഗികമായി വാർഷിക യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നത്.
കൊൽക്കത്തയിൽനിന്നു ധാക്കയിലേക്കു സർവീസ് നടത്തുന്ന മൈത്രി എക്സ്പ്രസ്, കൊൽക്കത്തയെയും ഖുൽനയെയും ബന്ധിപ്പിക്കുന്ന ബന്ധൻ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽനിന്നു ധാക്ക കന്റോൺമെന്റിലേക്കു സർവീസ് നടത്തുന്ന മിതാലി എക്സ്പ്രസ് എന്നീ പ്രധാന സർവീസുകളാണു നിലവിൽ പുനരാരംഭിക്കാൻ പദ്ധതിയിടുന്നത്. 2024-ൽ ബംഗ്ലാദേശിൽ ഉണ്ടായ രാഷ്ട്രീയ അസ്വസ്ഥതകളെ തുടർന്നാണു സർവീസുകൾ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായത്.
നിലവിലെ സർവീസുകൾ പുനരാരംഭിക്കുന്നതിനു പുറമെ ബംഗ്ലാദേശ് നഗരമായ രാജ്ഷാഹിയിൽനിന്ന് കൊൽക്കത്തയിലേക്കു പുതിയൊരു പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാനും ബംഗ്ലാദേശ് യോഗത്തിൽ നിർദേശം വയ്ക്കും. കൂടാതെ മൈത്രി എക്സ്പ്രസിന്റെ നിലവിലെ റൂട്ട് മാറ്റി പദ്മ പാലം വഴി തിരിച്ചുവിടാനും അവർ നിർദേശിച്ചേക്കും.
ചരക്കു ഗതാഗതത്തോടൊപ്പം ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന റെയിൽവികസന പദ്ധതികളും ചർച്ചയാകുന്നുണ്ട്. ബംഗ്ലാദേശ് റെയിൽവേയുടെ നവീകരണത്തിനായി ഇന്ത്യ നിർമിക്കുന്ന 200 ബ്രോഡ്ഗേജ് കോച്ചുകളിൽ ആദ്യത്തെ 19 എൽഎച്ച്ബി കോച്ചുകൾ പഞ്ചാബിലെ കപുർത്തല ഫാക്ടറിയിൽനിന്നു പുറത്തിറക്കിയിട്ടുണ്ട്. 915 കോടി രൂപയുടെ ഈ പദ്ധതി അടുത്തവർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Sports
ദുബായി: ഇന്ത്യ-പാക്കിസ്ഥാൻ വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെ നടത്തിയ ആഘോഷപ്രകടനം വിവാദമായതിന് പിന്നാലെ പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ നടപടിയുമായി ഐസിസി. മത്സരത്തിനിടെ ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ പുറത്തായപ്പോൾ ഡഗ്ഔട്ടിലേക്ക് കൈചൂണ്ടി കയറി പോകാൻ ആംഗ്യം കാണിച്ചതിനാണ് നടപടി.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം ഫാത്തിമ സനയ്ക്ക് മത്സരഫീസിന്റെ പത്തു ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ പുറത്താകുന്ന ബാറ്ററോട് പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള വാക്കുകളോ ആംഗ്യങ്ങളോ നടത്തുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായിരുന്നു.
മറുപടി ബാറ്റിംഗിൽ സാദിയ ഇക്ബാലിന്റെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് ഷെഫാലി ഇന്ത്യയുടെ ചേസിങ്ങിന് തുടക്കമിട്ടത്. 12 റൺസെടുത്ത ഷെഫാലിയെ പുറത്താക്കിയപ്പോൾ ഫാത്തിമ സന വലിയ ആഘോഷപ്രകടനം നടത്തി. ക്യാച്ചെടുത്തതിന് പിന്നാലെ ഷെഫാലിയോട് ഡ്രസിംഗ് റൂമിലേക്ക് മടങ്ങാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു.
എന്നാൽ ഫാത്തിമയുടെ ആംഗ്യം അവഗണിച്ച് ഷെഫാലി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് വർഷത്തിനിടെ ഫാത്തിമ സനയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണിത്. 2025ൽ അയർലൻഡിനെതിരായ മത്സരത്തിനിടയിലും മോശം പെരുമാറ്റത്തിന്റെ പേരിൽ പാക് ക്യാപ്റ്റനെതിരെ നടപടി സ്വീകരിച്ചിരുന്നു.
Sports
ഷെന്‍ഷെന്‍: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം ഇന്ത്യയുടെ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന്. ചൈനയുടെ ഹെ ജിറ്റിംഗ്-റെന്‍ സിയാങ്യു കൂട്ടുകെട്ടിനെതിരേ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലൂടെയാണ് ഇന്ത്യ സഖ്യം കിരീടത്തിലെത്തിയത്.
സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന്റെ കരിയറിലെ 10-ാം ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടമാണിത്.
ഒരു മണിക്കൂര്‍ 10 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 11-21, 21-13, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം നടത്തിയ ഉജ്വല തിരിച്ചുവരവ് ജയം.
ആദ്യ ഗെയിമില്‍ ചൈനീസ് സഖ്യം 5-0ന്റെ ലീഡുമായി തുടക്കം മുതല്‍ കുതിപ്പ് നടത്തി. തിരിച്ചുവരാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും 11-5, 18-10 എന്നിങ്ങനെ ലീഡ് നേടിയ ചൈനീസ് കൂട്ടുകെട്ട് 21-11നു ഗെയിം സ്വന്തമാക്കി.
തുടര്‍ന്നുള്ള നിര്‍ണായക ഗെയിമില്‍ ഇന്ത്യന്‍ സഖ്യം 2-0ന്റെ ലീഡുമായി തുടങ്ങി. എന്നാല്‍, 3-3, 6-6 എന്നിങ്ങനെ ചൈനക്കാര്‍ ഒപ്പംപിടിച്ചു. എന്നാല്‍, 11-7, 17-11 എന്നിങ്ങനെ ലീഡ് നേടിയ ഇന്ത്യന്‍ ജോഡി 21-13നു ഗെയിം കൈക്കലാക്കി. രണ്ടിന്റെ തുടര്‍ച്ചയായി മൂന്നാം ഗെയിമിലും ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തി.
Sports
താഷ്കന്റ്: എഎഫ്സി അണ്ടർ-20 ഏഷ്യാ കപ്പ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ നിർണായക ജയം സ്വന്തമാക്കിയത്. ഡാനി ലെയ്ഷ്റാം, വിശാൽ യാദവ്, മുഹമ്മദ് അർബാഷ് എന്നിവരാണ് ഗോൾ നേടിയത്.
മത്സരം തുടങ്ങി 25-ാം മിനിറ്റിൽ ഡാനി ലെയ്ഷ്റാമിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ വിശാൽ യാദവിന്റെ മനോഹരമായ ഓവർഹെഡ് കിക്കിലൂടെ ലീഡ് രണ്ടാക്കി. 78-ാം മിനിറ്റിൽ മുഹമ്മദ് അർബാഷ് മൂന്നാം ഗോൾ കണ്ടെത്തിയതോടെ ജയം ഉറപ്പായി.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളോടെ ഇന്ത്യക്ക് ആറ് പോയിന്റായി. നേരത്തെ സിറിയയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഉസ്ബെക്കിസ്ഥാനാണ് നിലവിൽ ഗ്രൂപ്പിൽ മുന്നിൽ.
ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ സിറിയ പരാജയപ്പെട്ടാൽ ഇന്ത്യയുടെ മുന്നേറ്റസാധ്യതകൾ കൂടുതൽ ശക്തമാകും. അടുത്ത വർഷമാണ് എഎഫ്സി അണ്ടർ-20 ഏഷ്യാ കപ്പ് നടക്കുന്നത്. 2006ലാണ് ഇന്ത്യ അവസാനമായി അണ്ടർ-20 ഏഷ്യാ കപ്പിൽ കളിച്ചത്.
അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായിരുന്നു. 20 വർഷത്തിന് ശേഷം ടൂർണമെന്റിലേക്ക് തിരിച്ചെത്താനുള്ള പ്രതീക്ഷയാണ് താഷ്കന്റിലെ ജയത്തോടെ ഇന്ത്യ സജീവമാക്കിയത്.
Sports
ദുബായി: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ ഹസ്തദാനം ഒഴിവാക്കുന്ന സമീപനം വനിതാ ഏഷ്യാ കപ്പിലും തുടർന്നു.
ടോസിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും പരസ്പരം കൈകൊടുത്തില്ല. ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കുന്നതായി അറിയിച്ച ഫാത്തിമ സന ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്നു. സമീപകാലത്ത് ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകൾ നേർക്കുനേർ വരുമ്പോഴെല്ലാം ക്യാപ്റ്റൻമാർ കൈകൊടുക്കാറില്ല.
എന്നാൽ അടുത്തിടെ നടന്ന ഹോക്കി ലോകകപ്പിൽ ഇതായിരുന്നില്ല സ്ഥിതി. മത്സരശേഷം ഇരുടീമുകളും ഹസ്തദാനം ചെയ്താണ് മടങ്ങിയത്. എന്നാൽ ടി20 ലോകകപ്പിലും അന്നത്തെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ടോസിന് ശേഷം പരസ്പരം കൈ കൊടുത്തിരുന്നില്ല. മത്സരശേഷം താരങ്ങളും ഹസ്തദാനത്തിന് മുതിർന്നിരുന്നില്ല.
Sports
ന്യൂഡൽഹി: ഇന്ത്യ-ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളും ടി20 ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. 22ന് ജപ്പാനിലെ സാനോ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടത്തുന്നതെന്ന് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ വ്യക്തമാക്കി.
സുസുക്കി കപ്പ് എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജപ്പാനിൽ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുന്നതിനായി ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു. ഇന്ത്യൻ ടീമിനെ പുതിയൊരു ഭൂമേഖലയിലേക്ക് എത്തിക്കുന്നതിനും ജപ്പാനിലും കിഴക്കൻ ഏഷ്യയിലും ക്രിക്കറ്റിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനും മത്സരം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ലോക ചാമ്പ്യന്മാരെ ജപ്പാനിലേക്ക് ക്ഷണിക്കാൻ കഴിയുന്നത് തങ്ങളുടെ അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണെന്ന് ജെസിഎ സിഇഒ നവോക്കി മിയാജി വ്യക്തമാക്കി. ഈ ലക്ഷ്യത്തിനായി ഞങ്ങളോടൊപ്പം പ്രവർത്തിച്ച ബിസിസിഐയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Sports
ദുബായി: വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് 137 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹോങ്കോംഗ് 16.2 ഓവറിൽ 56 റൺസിന് എല്ലാവരും പുറത്തായി. സ്കോർ: ഇന്ത്യ 193/ 5 ഹോങ്കോംഗ് 56/10 (16.2).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 64 പന്തിൽ 124 റൺസെടുത്ത മന്ദാനയാണ് ടോപ് സ്കോറർ. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോങ്കോംഗിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി.
ഇതോടെ ഹോങ്കോംഗിന്റെ ബാറ്റിംഗ് നിരയ്ക്ക് ചെറുത്തുനിൽക്കാനായില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദനി ശർമ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ഹോങ്കോംഗിനായി ക്യാപ്റ്റൻ നതാഷ മൈൽസ് 15 റൺസും മറീന ലാംപ്ലോ 14 റൺസും വിക്കറ്റ് കീപ്പർ യസ്മിൻ ദാസ്വനി 11 റൺസും നേടി.
Sports
ദുബായി: വനിതാ ഏഷ്യാകപ്പിൽ ഹോങ്കോംഗിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 64 പന്തിൽ 124 റൺസെടുത്ത മന്ദാനയാണ് ടോപ് സ്കോറർ.
ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ഹോങ്കോംഗ് ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ ആറ് ഓവറിൽ തന്നെ സ്കോർ 60 കടത്തി. ആറാം ഓവറിൽ ഷഫാലി 22 റൺസാണ് അടിച്ചുകൂട്ടിയത്. എട്ടാം ഓവറിൽ 17 പന്തിൽ 28 റൺസെടുത്ത ഷഫാലി പുറത്തായി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന മന്ദാന ആക്രമണം തുടർന്നു.
ഹോങ്കോംഗ് ബൗളർമാരെ തുടർച്ചയായി ബൗണ്ടറികൾക്ക് പറത്തിയ മന്ദാന സ്കോറിങ്ങിന് വേഗം കൂട്ടി. പത്ത്ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലായിരുന്നു. ഇതിനിടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും മന്ദാന സ്വന്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ വനിതാ താരമെന്ന റിക്കാർഡും മന്ദാനയുടെ പേരിലായി. 18 സെഞ്ചുറികളുമായി ഓസ്ട്രേലിയയുടെ മെഗ് ലാനിങ്ങിനെയാണ് മന്ദാന മറികടന്നത്. ലാനിങ്ങിന്റെ പേരിൽ 17 സെഞ്ചുറികളാണുള്ളത്.
Sports
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വി.വി.എസ്.ലക്ഷ്മൺ പരിശീലിപ്പിക്കും. ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് മേധാവിയായ ലക്ഷ്മൺ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. അന്ന് ടീം സ്വർണ മെഡൽ നേടിയിരുന്നു.
ലക്ഷ്മണിനൊപ്പം സുനിൽ ജോഷി, ശുഭദീപ് ഘോഷ്, ഹൃഷികേശ് കനിത്കർ എന്നിവരും പരിശീലകസംഘത്തിലുണ്ടാകും. ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസ് പരമ്പരയും ഒരേസമയം നടക്കുന്നതിനാലാണ് ലക്ഷ്മണിന് വീണ്ടും പരിശീലക ചുമതല നൽകിയത്. ജപ്പാനിലെ ഐചി-നഗോയയിലാണ് 19 മുതൽ ഒക്ടോബർ നാല് വരെ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
27 മുതൽ ഒക്ടോബർ 17 വരെയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ടീമിനൊപ്പമുണ്ടാകും. ഇതോടെയാണ് ഏഷ്യൻ ഗെയിംസിലെ ടീമിന്റെ പരിശീലക ചുമതല ലക്ഷ്മണിനെ ഏൽപ്പിച്ചത്.
ഇത്തവണയും ശക്തമായ ടീമുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങുന്നത്. ശ്രേയസ് അയ്യറാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് തുടങ്ങിയ പേസർമാർക്കൊപ്പം അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.
Sports
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നായകനായ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംനേടി. തിലക് വർമ ഉപനായകനാകും. വിക്കറ്റ് കീപ്പർ സ്ഥാനത്ത് സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ടീമിലുണ്ട്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ.
ശിവം ദുബെയും അക്ഷർ പട്ടേലും ഓൾറൗണ്ടർമാരായി ഇടം നേടി. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പരമ്പരയിൽ കളിക്കാനാകൂ. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് 13ന് തുടക്കമാകും. 15, 17 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങൾക്കും ഡൽഹിയാണ് വേദി.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ നിതീഷ് കുമാർ റെഡ്ഡി*, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ*, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ*, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ*.
Sports
ആംസ്റ്റൽവീൻ: പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം. ബെൽജിയത്തോട് ഷൂട്ടൗട്ടിൽ 4-3ന് തോറ്റതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിന് അവസാനം കുറിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ആറാം മിനിറ്റിൽ അഭിഷേക് ഇന്ത്യയ്ക്കായി ഗോൾ നേടി. എന്നാൽ രണ്ടാം ക്വാർട്ടറിൽ ബെൽജിയം ശക്തമായി തിരിച്ചെത്തി. 22-ാം മിനിറ്റിൽ റോമൻ ദുവെകോട്ടും 23-ാം മിനിറ്റിൽ ഹ്യൂഗോ ലബുഷെയ്റും ലക്ഷ്യം കണ്ടതോടെ ബെൽജിയം 2-1ന് മുന്നിലെത്തി.
മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിലൂടെ ഇന്ത്യ വീണ്ടും സമനില പിടിച്ചു. നാലാം ക്വാർട്ടറിൽ നിക്കോളാസ് ഡി കെർപൽ ബെൽജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ തോൽവി സമ്മതിക്കാൻ ഇന്ത്യ തയാറായിരുന്നില്ല.
മത്സരം അവസാനിക്കാനിരിക്കെ ഹർമൻപ്രീത് വീണ്ടും ഗോൾ നേടി ഇന്ത്യയെ 3-3ന് ഒപ്പമെത്തിച്ചു. ഇതോടെ വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടിൽ 4-3ന് ബെൽജിയം ജയം സ്വന്തമാക്കി ഏഴാം സ്ഥാനത്തെത്തി. ഇന്ത്യ എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
National
മഹാരാജ്ഗഞ്ച് (യുപി): നേപ്പാളിലുണ്ടായ മിന്നൽപ്രളയം ഇന്ത്യയും നേപ്പാളും തമ്മിൽ അതിർത്തി കടന്നുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് വഴി കാഠ്മണ്ഡുവിലേക്കും നേപ്പാളിലെ മറ്റ് ഇടങ്ങളിലേക്കും പോകേണ്ട ചരക്കുവാഹനങ്ങൾ, റോഡുകൾ തകർന്നതും വെള്ളത്തിൽ മുങ്ങിയതും മൂലം അതിർത്തികളിൽ കാത്തുകിടക്കുകയാണ്. സോനൗലി അതിർത്തിയുടെ ഇന്ത്യൻ ഭാഗത്ത് ചരക്കുവാഹനങ്ങളുടെ ഏകദേശം 16 കിലോമീറ്റർ നിരയാണ് നേപ്പാളിലേക്കു പ്രവേശനം കാത്തുകിടക്കുന്നത്.
നൗടാൻവ വരെ നീളുന്ന വലിയ നിര ദേശീയപാതയിലെ ഗതാഗതത്തെ വരെ തടസപ്പെടുത്തുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് പോലീസും മറ്റ് സുരക്ഷാ ഏജൻസികളും മേഖലയിൽ നിരീക്ഷണം നടത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
സോണൗലി അതിർത്തിയിലെ ഗതാഗതക്കുരുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിലെ പോലീസ് മേധാവികൾക്കു ജാഗ്രതാ നിർദേശം നൽകിയതായി സർക്കിൾ ഓഫീസർ ബസന്ത് സിംഗ് അറിയിച്ചു. നേപ്പാളിലെ റോഡുകൾ പൂർവസ്ഥിതിയിലേക്ക് എത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
സമീപ മേഖലയായ ഖുശിനഗറിൽ നർവജോതിനും അഹിറൗലിക്കും ഇടയിലുള്ള 17.5 കിലോമീറ്ററിൽ റവന്യു, പോലീസ്, ദുരന്തനിവാരണ അധികൃതർ നീരീക്ഷണ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. നദീതീരങ്ങളിലെ ഗ്രാമങ്ങളിലും ജാഗ്രതാ ഇടപെടലുകൾ വർധിപ്പിച്ചതായി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വൈഭവ് മിശ്ര അറിയിച്ചു.
Sports
ന്യൂഡൽഹി: ബ്രസീലിന് പിന്നാലെ മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വായും ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കും. കോൽക്കത്തയിൽ വെച്ച് ഇന്ത്യ-ഉറുഗ്വായ് മത്സരം നടക്കുമെന്ന് എഐഎഫ്എഫ് ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബർ ആറിനാണ് മത്സരം.
ബ്രസീലിന് പുറമേ മറ്റൊരു രാജ്യവുമായി ഇന്ത്യ സൗഹൃദ മത്സരം കളിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേപ് വെർദെ, ഉറുഗ്വായ് രാജ്യങ്ങളെയാണ് ഇതിനായി സമീപിച്ചിരുന്നത്. രണ്ട് തവണ ലോകചാമ്പ്യന്മാരായ ഉറുഗ്വായ് ടീമിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യൻ ഫുട്ബോൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കോൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. അതിനുശേഷമാകും ഉറുഗ്വായ്ക്കെതിരെ കളിക്കുക. ബ്രസീലുമായുള്ള സൗഹൃദ മത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിൽ ആസിയാൻ കപ്പിൽ നിന്ന് പിന്മാറാൻ അടുത്തിടെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നു.
ഇന്തോനേഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്.
International
കാഠ്മണ്ഡു: “അച്ഛനു പകരമല്ല അമ്മ, അമ്മയ്ക്കു പകരമല്ല അച്ഛൻ”-ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേപ്പാളിലെ വിദേശകാര്യമന്ത്രി ശിശിർ കനാൽ നല്കിയ മറുപടിയാണിത്. എൻഡിവിയുടെ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
“ഇന്ത്യയും ചൈനയും ഏറ്റവും പ്രധാനപ്പെട്ട അയൽക്കാരാണ്. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണ്. അതു തുടരാനാണ് ആഗ്രഹം. ഇന്ത്യക്കു പകരമല്ല ചൈന, ചൈനയ്ക്കു പകരമല്ല ഇന്ത്യ. നിങ്ങൾക്കു പകരം ഇനി അമ്മ മതി എന്ന് എനിക്ക് അച്ഛനോടു പറയാനാകില്ല. അതുപോലതന്നെ അമ്മയ്ക്കു പകരം അച്ഛൻ മതിയെന്നും പറയാനാകില്ല. ”
നേപ്പാളിന്റെ വിദേശനയം ദേശീ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി വിശദീകരിച്ചു. ചൈന നേപ്പാളിനെ പിടിച്ചെടുത്തു എന്ന വാദങ്ങൾക്ക് അർഥമില്ല. ചൈന നേപ്പാളിനെ പിടിച്ചെടുത്തുവെന്ന വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വരാറുണ്ട്. ചൈനയുമായി നേപ്പാളിനു നല്ല ബന്ധമാണുള്ളത്. അതു തുടരും. നേപ്പാളിന്റെ വ്യാപാര ഇടപാടുകളിൽ മൂന്നിൽ രണ്ടും ഇന്ത്യയുമായിട്ടാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയിൽ ചേർന്നതുകൊണ്ട് നേപ്പാളിനു ഗുണമുണ്ടായില്ലെന്ന് മന്ത്രി സമ്മതിച്ചു. 2017ലാണ് കരാർ ഒപ്പിട്ടത്. ഇപ്പോൾ പത്തു വർഷമാകുന്നു. നേപ്പാളിന് ഇതുവരെ ഒരു ഡോളർ പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില. രണ്ടാം ഇന്നിംഗ്സിൽ ഫോളോ ഓൺ ചെയ്ത ലങ്ക അവസാന ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തുനിൽക്കെ ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് സ്വന്തമാക്കി.
ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടിയായത് ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയുടെ ഉജ്ജ്വല ചെറുത്തുനിൽപ്പാണ്. രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ദിനുഷ 264 പന്തിൽ രണ്ട് സിക്സും എട്ട് ഫോറുമടക്കം 133 റൺസുമായി പുറത്താകാതെ നിന്നു.
നാലാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. ഏഴ് റൺസുമായി സോനൽ ദിനുഷയും മൂന്ന് റൺസുമായി കേഷാര നുവാന്തയുമായിരുന്നു ക്രീസിൽ. അഞ്ചാം ദിവസം ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ചതോടെ മത്സരത്തിന്റെ ഗതി മാറി.
സ്കോർ 330ൽ നിൽക്കെ 46 റൺസെടുത്ത കേഷാര നുവാന്തയെ പുറത്താക്കിയെങ്കിലും പിന്നീട് എത്തിയ ബാറ്റർമാരെയും കൂട്ടുപിടിച്ച് ദിനുഷ ശക്തമായ ചെറുത്തുനിൽപ്പ് തുടർന്നു. ഇന്ത്യൻ പേസർമാരും സ്പിന്നർമാരും പല തന്ത്രങ്ങളും പരീക്ഷിച്ചെങ്കിലും ദിനുഷയെ പുറത്താക്കാനായില്ല. വാലറ്റത്ത് ലാഹിരു കുമാരയുടെ (90 പന്തില്‍ 2) പ്രകടനം നിര്‍ണായകമായി.
ആദ്യ ഇന്നിംഗ്സിലും ദിനുഷ (103) സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503നെതിരെ ശ്രീലങ്ക 290ന് എല്ലാവരും പുറത്താവുകയായിരുന്നു.
Sports
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503 റൺസിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ്.
ഇന്ത്യയേക്കാൾ 238 റൺസ് പിന്നിലുള്ള ആതിഥേയർക്ക് ഫോളോഓൺ ഒഴിവാക്കാൻ ഇനി 38 റൺസ് കൂടി വേണം. മഴയും വെളിച്ചക്കുറവും കാരണം മൂന്നാം ദിവസത്തെ കളി നേരത്തേ അവസാനിച്ചു. 85 റൺസുമായി സോനൽ ദിനുഷും എട്ട് റൺസുമായി ലാഹിരു കുമാരയും ക്രീസിലുണ്ട്. പസിന്ദു സൂര്യബന്ദാര 80 റൺസുമായി മികച്ച ചെറുത്തുനിൽപ്പ് നടത്തി.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ധ്രുവ് ജുറെലിന്റെ പുറത്താകാതെയുള്ള 115 റൺസും ദേവ്ദത്ത് പടിക്കലിന്റെ 117 റൺസുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
International
ബെയ്ജിംഗ്: അടുത്ത മാസത്തെ ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇന്ത്യയിലെത്തിയേക്കും.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി. ഷിയ്ക്കൊപ്പം 400 അംഗ പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന്റെയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെയും തിരക്കിലാണ് ചൈനീസ് അധികൃതരെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020ലെ ഗാൽവൻ അതിർത്തി സംഘർഷത്തെത്തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടാൻ ഷിയുടെ സന്ദർശനം വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈന സന്ദർശിച്ചിരുന്നു. മോദിയുടെ ചൈനാ സന്ദർശനവും ഏഴുവർഷത്തിനു ശേഷമായിരുന്നു.
അതേസമയം, ഷിയുടെ ഇന്ത്യാ സന്ദർശന പദ്ധതി സ്ഥിരീകരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി പങ്കെടുത്തില്ല.
ഷി ഇതിനു മുന്‍പ് ഇന്ത്യ സന്ദർശിച്ചത് 2019 ഒക്ടോബറിലായിരുന്നു. ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കെത്തിയ ഷി തമിഴ്നാട്ടിലെ മഹാബലിപുരത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് ഇരുന്നൂറംഗ പ്രതിനിധി സംഘമാണ് ഷിയ്ക്കൊപ്പം ഉണ്ടായിരുന്നത്.
ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിർത്തിത്തർക്കമായിരിക്കും വിഷയമെന്ന് സൂചനയുണ്ട്.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലിൽ. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയ യിഫാൻ-സാംഗ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിൽ ഇടംപിടിച്ചത്.
ആദ്യ ഗെയിം 21-16ന് നഷ്ടമായ ശേഷമായിരുന്നു ട്രീസ-ഗായത്രിയുടെ തകർപ്പൻ തിരിച്ചുവരവ്. സമ്മർദത്തെ അതിജീവിച്ച് രണ്ടാം ഗെയിം 21-15ന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം നിർണായകമായ മൂന്നാം ഗെയിമിൽ 21-13ന് വിജയം ഉറപ്പിച്ചു. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽ ഉറപ്പായി.
15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തുന്നത്. 2011ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഇന്ത്യൻ സഖ്യം വെങ്കല മെഡലും നേടിയിരുന്നു.
Sports
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസിന് പുറത്ത്. മൂന്നാം ദിനം 460/9 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.
പ്രസിദ്ധ് കൃഷ്ണയെ അസിത ഫെർണാണ്ടോ പുറത്താക്കിയതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചത്. ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ സെഞ്ചുറിയാണ് (167) ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ധ്രുവ് ജുറേലും (51) അർധസെഞ്ചുറിയുമായി നിർണായക സംഭാവന നൽകി. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാലും കേശര നുവന്ത മൂന്നും അസിത ഫെര്‍ണാണ്ടോ രണ്ടു വിക്കറ്റും വീഴ്ത്തി.
Sports
ആംസ്റ്റൽവീൽ: ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയിൽസിനെ 3-1ന് കീഴടക്കിയാണ് ഹർമൻപ്രീത് സിംഗും സംഘവും പടയോട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ഇരട്ടഗോളും സഞ്ജയ് നേടിയ ഗോളുമാണ് ഇന്ത്യയുടെ ജയത്തിന് കരുത്തായത്.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ സഞ്ജയിലൂടെ ഇന്ത്യയാണ് ആദ്യം വലകുലുക്കിയത്. മൂന്ന് മിനിറ്റിന് പിന്നാലെ പെനാൽറ്റി കോർണർ ഗോളിലൂടെ ഹർമൻപ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി. 43-ാം മിനിറ്റിൽ ക്യാപ്റ്റൻ വീണ്ടും പെനാൽറ്റി കോർണർ ഗോളിലൂടെ ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3-0ന് മുന്നിലെത്തി.
55-ാം മിനിറ്റിൽ സാം വെൽഷിലൂടെ വെയിൽസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യയുടെ വിജയത്തിന് ഭീഷണിയായില്ല. അവസാന വിസിൽ വരെ ലീഡ് കാത്തുസൂക്ഷിച്ച ഇന്ത്യ 3-1ന് തകർപ്പൻ ജയം സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ പൂൾ ഡിയിൽ ഒന്നാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ട്, വെയിൽസ്, പാക്കിസ്ഥാൻ എന്നിവരാണ് പൂൾ ഡിയിലെ മറ്റു ടീമുകൾ. ഇന്ത്യയുടെ അടുത്ത മത്സരം തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ്. 1975ലെ കിരീടവിജയത്തിന് ശേഷം ലോകകപ്പ് കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
National
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം വെളിപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആക്രമണത്തിന് പിന്നിൽ ആരാണെന്നും കുറ്റവാളികൾ ആരെന്നും ഉടൻ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നതായി ഡോവൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്പരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പഹൽഗാം ആക്രമണത്തിന് ശേഷമുള്ള നിർണായക നിമിഷങ്ങളെക്കുറിച്ച് ഡോവൽ വിശദീകരിച്ചത്. ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ രാജ്യത്തേക്ക് മടങ്ങിയെത്തി.
വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിദേശകാര്യ സെക്രട്ടറി എത്തിയിരുന്നു. അവിടെവെച്ചുതന്നെ ഉന്നതതല യോഗം ചേരുകയും യോഗത്തിൽ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. ആക്രമണം നടത്തിയത് ആരാണെന്നും അതിന് ഉത്തരവാദികൾ ആരാണെന്നും കുറ്റവാളികളെ കൃത്യമായി തിരിച്ചറിയണമെന്നും പ്രധാനമന്ത്രി തന്നോട് നിർദ്ദേശിച്ചതായി അജിത് ഡോവൽ പറഞ്ഞു.
രാജ്യത്തിന്റെ ഉദാരതയും സഹിഷ്ണുതയും ദൗർബല്യമായി ആരും കാണരുതെന്ന ശക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകത്തിന് നൽകിയതെന്നും ഡോവൽ പറഞ്ഞു. അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ തന്നെ കടുത്ത പ്രഹരം നടത്താനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരക്യാമ്പുകൾ, പ്രത്യേകിച്ച് പഹൽഗാം ആക്രമണവുമായി ബന്ധമുള്ള കേന്ദ്രങ്ങൾ തകർക്കുക എന്നതായിരുന്നു 88 മണിക്കൂർ നീണ്ട സൈനിക ദൗത്യത്തിന്റെ ലക്ഷ്യമെന്നും ഡോവൽ പറഞ്ഞു. ഭീകരതയ്ക്ക് പിന്തുണ നൽകുന്നതും ഭീകരർക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിലെ വീഴ്ചയും ഇനി ഇന്ത്യ അംഗീകരിക്കില്ലെന്ന സന്ദേശം പാക്കിസ്ഥാൻ സൈന്യത്തിന് നൽകുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sports
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് സായ് സുദർശനെ ടീമിൽനിന്ന് ഒഴിവാക്കിയതോടെയാണ് മുംബൈ താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചത്.
സുദർശന്റെ പരിക്ക് ഭേദമാകുന്നതിൽ പുരോഗതിയുണ്ടെങ്കിലും ലങ്കയ്ക്കെതിരായ പരമ്പരയിൽ കളിക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. 15ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ടീമിൽ മാറ്റം. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 171 റൺസ് നേടിയിരുന്നു.
ടീം പ്രഖ്യാപനത്തിന് ശേഷം ഇന്ത്യൻ സംഘത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. നേരത്തെ പേസ് ബൗളർ ജസ്പ്രീത് ബുംറയെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബുംറയ്ക്കും സുദർശനും ശാരീരികക്ഷമത തെളിയിക്കണമെന്ന നിബന്ധന സെലക്ടർമാർ മുന്നോട്ടുവെച്ചിരുന്നു.
Sports
യൂജിന്‍: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടു മെഡല്‍കൂടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്ന് ആയി. പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ആശിഷ് യാദവ് വെള്ളി നേടിയതിനു പിന്നാലെ പുരുഷ ഹൈജംപില്‍ ബസന്ത് കുമാര്‍ മേഘ്വാളും വെള്ളി മെഡല്‍ സ്വന്തമാക്കി.
2.21 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു ബസന്ത് കുമാറിന്റെ വെള്ളി നേട്ടം. ബസന്തിന്റെ മികച്ച വ്യക്തിഗത പ്രകടനമാണിത്. അള്‍ജീരിയയുടെ യൂനസ് അയാച്ചിക്കാണ് (2.21) സ്വര്‍ണം. ബ്രിട്ടന്റെ ഒറ്റിസ് പോള്‍ (2.21) വെങ്കലം അണിഞ്ഞു. 2.21 മീറ്റര്‍ അയാച്ചി ആദ്യ ശ്രമത്തിലും ബസന്ത് രണ്ടാം ശ്രമത്തിലും ഒറ്റിസ് മൂന്നാം ശ്രമത്തിലുമായിരുന്നു ക്ലിയര്‍ ചെയ്തത്. പുരുഷ വിഭാഗം ലോംഗ്ജംപില് ഷാനവാസ് ഖാന് വെങ്കലം സ്വന്തമാക്കി.
7.84 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു ഷാനവാസിന്റെ മെഡല്‍ നേട്ടം. ഇറ്റലിയുടെ ഡാനിയേല്‍ ലിയൊനാര്‍ഡൊ ഇന്സോലിക്കാണ് (7.97 മീറ്റര്‍) സ്വര്‍ണം. ഓസ്ട്രേലിയയുടെ മാസണ് മക്ഗ്രോഡര്‍ (7.96) വെള്ളി സ്വന്തമാക്കി. ലോക അണ്ടര്‍ 20 അത്ലറ്റിക്സ് മീറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായാണ് ലോംഗ്ജംപ്, ഹൈജംപ് ഇനങ്ങളില്‍ മെഡല്‍ നേടുന്നത്.
Sports
തായ്പേയ്: തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ വിയറ്റ്നാമിന്റെ കരുത്തയായ എൻഗുയെൻ തുയ് ലിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് കൗമാരതാരം തൻവി ശർമ്മ കിരീടം ചൂടിയത്. സ്കോർ: 21-16, 21-16.
മത്സരത്തിലുടനീളം തൻവി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. വിയറ്റ്നാം താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ അവസരം നൽകാതെയായിരുന്നു ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. ആദ്യ ഗെയിം 21 -16 ന് സ്വന്തമാക്കിയ തൻവി അതേ ആത്മവിശ്വാസത്തോടെ രണ്ടാം ഗെയിമും പിടിച്ചെടുക്കുകയായിരുന്നു.
വെറും 36 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കിയ തൻവി ടൂർണമെന്റിലുടനീളം പുറത്തെടുത്ത മികവ് ഫൈനലിലും ആവർത്തിച്ചു. സെമി ഫൈനലിൽ അഞ്ചാം സീഡ് തായ്പേയ് താരം ഹുയാംഗ് യു സെന്നിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്.
ബാഡ്മിന്റൺ വേൾഡ് ടൂറിൽ തൻവിയുടെ കരിയറിലെ കന്നി കിരീടമാണിത്. പഞ്ചാബ് സ്വദേശിനിയായ ഈ പതിനേഴുകാരി 2024ൽ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
Movies
സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. ചിത്രത്തിൽ മൂന്ന് മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
ചിത്രത്തിലെ രണ്ട് ചുംബനരംഗങ്ങൾ വെട്ടിമാറ്റാനും ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ സിനിമയുടെ കഥാതന്തുവിലോ ആക്ഷൻ രംഗങ്ങളിലോ മറ്റ് പ്രധാന മാറ്റങ്ങൾ നിർദേശിച്ചിട്ടില്ല. ജൂലൈ 30-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ടോം ഹോളണ്ട് പീറ്റർ പാർക്കറായും സെൻഡേയ എം.ജെയായും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രണ്ടു മണിക്കൂർ 25 മിനിറ്റാണ് യഥാർഥ ചിത്രത്തിന്റെ ദൈർഘ്യം. ക്രിസ് മക്കെന്നയും എറിക് സമ്മേഴ്സും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് സംവിധാനം.
Sports
മുംബൈ: സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീമിനെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മൺ. ക്യാപ്റ്റൻ എന്ന നിലയിൽ കരിയറിന്റെ തുടക്കത്തിൽ ശ്രേയസ് അയ്യർക്ക് കനത്ത തിരിച്ചടികൾ നേരിട്ടു.
എന്നാൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രേയസും സംഘവും ടി20 പരമ്പര സ്വന്തമാക്കിയതിന് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്ന് ലക്ഷ്മൺ വ്യക്തമാക്കി. ഹരാരെയിൽ ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ 35 റൺസിന് വിജയിച്ചാണ് ഇന്ത്യ 3-0 പരമ്പര സ്വന്തമാക്കിയത്. അയർലൻഡിനെതിരായ പരമ്പരയിൽ 2-0, ഇംഗ്ലണ്ടിനെതിരെ 4-0 തോൽവികൾ ഏറ്റുവാങ്ങിയ ശേഷമാണ് സിംബാബ്വെയിൽ പരമ്പര സ്വന്തമാക്കിയത്.
പുതിയ താരങ്ങൾ ഉൾപ്പെട്ട യുവനിരയുമായി കളത്തിലിറങ്ങിയപ്പോഴും ശ്രേയസ് കാണിച്ച ആത്മവിശ്വാസവും ഊർജവും എടുത്തുപറയേണ്ടതാണെന്ന് ബിസിഐ പുറത്തുവിട്ട വീഡിയോയിൽ ലക്ഷ്മൺ പറഞ്ഞു. ടീം അംഗങ്ങളുടെ കൂട്ടായ പരിശ്രമവും വിജയികളുടെ മാനസികാവസ്ഥയുമാണ് പരമ്പരയിലുടനീളം വിജയം സമ്മാനിച്ചതെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.
Business
ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില കുറയ്ക്കുന്നതിന് ഇന്ത്യയിൽ തന്നെ ലിഥിയം-അയണ്‍ ബാറ്ററി സെല്ലുകളുടെ ഉത്പാദനം വർധിപ്പിക്കുകയാണ് പ്രധാന പോംവഴിയെന്ന് കേന്ദ്ര സർക്കാർ ഉറച്ചു വിശ്വസിക്കുന്നു.
ഒരു ഇലക്ട്രിക് വാഹനത്തിന്റെ ആകെ നിർമാണച്ചെലവിന്റെ പകുതിയോളവും ബാറ്ററികൾക്കാകുന്നതിനാൽ, വിദേശ ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സർക്കാർ 18,100 കോടിയുടെ ‘അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) പിഎൽഐ’ പദ്ധതിക്ക് തുടക്കമിട്ടു.
വരുന്ന വർഷങ്ങളിൽ അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾക്കുള്ള (എസിസി) ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യം സർക്കാർ നല്കുന്ന പിന്തുണയിൽ ബാറ്ററി അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി മാത്രം നടത്തിയിരുന്ന അവസ്ഥയിൽ നിന്ന് മാറി, ആഭ്യന്തരമായിതന്നെ ബാറ്ററിയുടെ രാസവസ്തുക്കൾ വികസിപ്പിക്കുന്ന രാജ്യമായി മാറുന്നമെന്ന് പഠനങ്ങൾ.
ഇവികൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കണമെങ്കിൽ ബാറ്ററി പാക്കുകൾ കൂട്ടിയോജിപ്പിക്കുന്നതു (അസംബിൾ ചെയ്യുന്നത്) കൊണ്ട് മാത്രം കാര്യമായില്ല; അതിന് ബാറ്ററി സെല്ലുകൾ രാജ്യത്തിനകത്തുതന്നെ നിർമിക്കണം. എന്നാൽ നിലവിൽ, ഈ പ്രാദേശിക ഉത്പാദന പദ്ധതികൾ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സർക്കാരിന്റെ ലക്ഷ്യമായ മണിക്കൂറിൽ 50 ഗിഗാവാട്ട് ശേഷിയിൽ, ഇതുവരെ വെറും 1.4 GWh ശേഷി മാത്രമാണ് ആരംഭിക്കാനായത്.
എന്താണ് എസിസി?
അഡ്വാസ്ഡ് കെമിസ്ട്രി സെല്ലുകൾ അഥവ എസിസി എന്നത് വൈദ്യുതോർജത്തെ ഇലക്ട്രോകെമിക്കലായോ കെമിക്കൽ രൂപത്തിലോ സംഭരിക്കാനും ആവശ്യാനുസരണം അതിരെ തിരികെ വൈദ്യുതോർജമാക്കി മാറ്റാനും ശേഷിയുള്ള പുതിയ തലമുറ ബാറ്ററി സാങ്കേതികവിദ്യയാണ്.
ആവശ്യമുയരും
2025-നും 2030-നും ഇടയിൽ ഇന്ത്യയിലെ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ആവശ്യകത 39 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്നാണ് ബ്രോക്കേജ് സ്ഥാപനമായ നുവാമ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ആവശ്യകത 2025ലെ മണിക്കൂറിൽ 40 ഗിഗാവാട്ട് ശേഷയിൽനിന്ന് 2030 ആകുന്പോഴേക്കും ഏകദേശം 700 GWh ആയി ഉയരും. അതിനുശേഷവും ഈ വളർച്ച ശക്തമായി തുടരുമെന്നും 2030നും 2035നും ഇടയിൽ 27 ശതമാനം പ്രതിവർഷ വളർച്ചാ നിർക്കിൽ ഉയരുമെന്നും കരുതപ്പെടുന്നു.
2025-30 കാലയളവിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെ ആവശ്യകത പ്രതിവർഷം 35 ശതമാനം തോതിൽ വളരുമെന്നാണ് കണക്കാക്കുന്നത്. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളാകും ഈ കാലയളവിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖല. ഇതേ കാലയളവിൽ ഇവയുടെ ആവശ്യകത 78 ശതമാനം പ്രതിവർഷം സംയുക്ത വളർച്ചനിരക്കിൽ വർധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
ആഗോളതലത്തിൽ, അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകളുടെ ആവശ്യകത 2025-30 കാലയളവിൽ ഏകദേശം 20 ശതമാനം പ്രതിവർഷ വളർച്ച കൈവരിക്കുമെന്നും, തുടർന്ന് 2030-35 കാലയളവിൽ ഇത് എട്ടു ശതമാനമായി കുറയുമെന്നുമാണ് കരുതുന്നത്. വിപണിയിലെ അധിക നിർമാണ ശേഷി പൂർണമായും ഉപയോഗിക്കപ്പെടുന്നതോടെ ആഗോള ആവശ്യകതയിലുള്ള വളർച്ച ക്രമേണ വിതരണത്തിലെ വളർച്ചയെ മറികടക്കുകയും ഉത്പാദനശേഷിയുടെ വിനിയോഗ നിരക്ക് വർധിക്കുമെന്നും നുവാമ വിലയിരുത്തുന്നു.
ഇന്ത്യയിൽ ബാറ്ററി നിർമാണം വികസിക്കുന്നു
ഇന്ത്യയുടെ ബാറ്ററി നിർമാണ രംഗവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എസിസി ബാറ്ററികൾക്കായുള്ള സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിലൂടെ 50 GWh ശേഷിയുള്ള തദ്ദേശീയ സെൽ നിർമാണശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനുപുറമെ, പത്തിലധികം നിർമാതാക്കൾ ഏകദേശം 178 GWh ബാറ്ററി നിർമാണ ശേഷി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബാറ്ററി കെമിക്കലുകൾക്കും അസംസ്കൃത വസ്തുക്കൾക്കും രാജ്യത്ത് വൻ തോതിലുള്ള ആവശ്യകത സൃഷ്ടിക്കുന്നു. ലിഥിയം, നിക്കൽ, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കളുടെ തദ്ദേശീയമായ ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്ക് നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ സഹായകരമാകുമെന്നാണ് നുവാമയുടെ റിപ്പോർട്ട് പറയുന്നത്.
കുറഞ്ഞ നിർമാണച്ചെലവ്, ഉയർന്ന സുരക്ഷ, മികച്ച ആയുസ് എന്നിവ കാരണം ലിഥിയം അയണ്‍ ഫോസ്ഫേറ്റ് (എൽഎഫ്പി) ആഗോളതലത്തിൽ പ്രധാന ബാറ്ററി കെമിസ്ട്രിയായി തുടരുമെന്നാണ് കണക്കാക്കുന്നത്. എൽഎഫ്പിയിലേക്കുള്ള ഈ മാറ്റം അയണ്‍ ഫോസ്ഫേറ്റ്, ഗ്രാഫൈറ്റ്, കണ്ടക്റ്റീവ് കാർബണ്‍ ബ്ലാക്ക്, കാർബണ്‍ നാനോട്യൂബുകൾ, ഇലക്ട്രോലൈറ്റ് വസ്തുക്കൾ എന്നിവയുടെ ആവശ്യകത വർധിപ്പിക്കുമെന്നും, അതേസമയം കൊബാൾട്ടിന്റെ ദീർഘകാല ആവശ്യകതയിലെ വളർച്ച മന്ദഗതിയിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ ബാറ്ററി-മെറ്റീരിയൽസ് മൂല്യശൃംഖല വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പ്രധാന ധാതുക്കൾ ഇപ്പോഴും വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്പോൾ; കാഥോഡ്, ആനോഡ് വസ്തുക്കൾ, ഇലക്ട്രോലൈറ്റുകൾ, കണ്ടക്റ്റീവ് അഡിറ്റീവുകൾ എന്നിവയുടെ തദ്ദേശീയ ഉത്പാദന ശേഷി വർധിച്ചുവരികയാണ്. ബാറ്ററി സെൽ നിർമാണവും വേഗത്തിൽ വികസിക്കുന്നുണ്ട്. അതേസമയം സിലിക്കണ്‍-കാർബണ്‍ ആനോഡുകൾ, എൽഎംഎഫ്പി, സോഡിയം-അയൺ, സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഭാവിയിലെ വലിയ സാധ്യതകളായി ഉയർന്നുവരുന്നുമുണ്ട്.
ഇറക്കുമതി പൂർണമായി ഒഴിവാക്കാനാകില്ല
ലിഥിയം, കൊബാൾട്ട്, നിക്കൽ, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കൾ സംസ്കരിക്കാനുള്ള ശേഷി ഇന്ത്യക്ക് തീരെയില്ലാത്തതിനാൽ, സെല്ലുകൾ പ്രാദേശികമായി നിർമിച്ചാൽ പോലും അസംസ്കൃത വസ്തുക്കൾ വിദേശത്തുനിന്നുതന്നെ ഇറക്കുമതി ചെയ്യേണ്ടി വരും. യന്ത്രസാമഗ്രികളുടെ ക്ഷാമം, സാങ്കേതിക തടസങ്ങൾ, പ്രാദേശിക നിയന്ത്രണങ്ങളിലെ കാലതാമസം എന്നിവയ്ക്കൊപ്പം, നിർമാതാക്കൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഇതുവരെ ലഭ്യമാക്കാൻ സാധിച്ചിട്ടുമില്ല.
ഉപഭോക്താവിന്റെ ഭാരം എപ്പോൾ കുറയും?
പ്രാദേശിക ബാറ്ററി ഉത്പാദനം വർധിക്കുന്നത് കണ്ടുമാത്രം വാഹന വിലയിൽ പെട്ടെന്നൊരു വൻ കുറവ് ഉപഭോക്താക്കൾ പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ, ഇന്ത്യയിൽ നിർമിക്കുന്ന ഇവികളിൽ ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകളുടെ 99 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. തദ്ദേശീയ നിർമാണം വേഗം കൈവരിക്കുന്പോൾ പോലും, ഈ ഗിഗാഫാക്ടറികൾ സ്ഥാപിക്കാൻ മുടക്കിയ ഭീമമായ തുക തിരിച്ചുപിടിക്കാനായിരിക്കും കന്പനികൾ ആദ്യഘട്ടത്തിൽ മുൻഗണന നൽകുക.
ബാറ്ററി സെല്ലുകൾ മാത്രം നിർമിക്കുന്നത് പര്യാപ്തമല്ല
ചെലവ് നിയന്ത്രിക്കുന്നതിന് ബാറ്ററി സെല്ലുകൾ നിർമിക്കുന്നത് മാത്രം ഒരു എളുപ്പവഴിയല്ലെന്ന് വ്യവസായ വിദഗ്ധർ ഊന്നിപ്പറയുന്നു. സാന്പത്തികവിജയം കൈവരിക്കുന്നതിന്, ഇന്ത്യ സമഗ്രവും പൂർണവുമായ ഒരു വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കണം. നിർണായകമായ അസംസ്കൃത ധാതുക്കൾ ശുദ്ധീകരിക്കുന്നതിനും, കാഥോഡ് ആക്റ്റീവ് മെറ്റീരിയലുകൾ ഉത്പാദിപ്പിക്കുന്നതിനും, സെമികണ്ടക്ടറുകൾ സംയോജിപ്പിക്കുന്നതിനും, കർശനമായ ഗുണനിലവാര പരിശോധനാ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും, കരുത്തുറ്റ ബാറ്ററി റീസൈക്ലിംഗ് ശൃംഖല സജ്ജമാക്കുന്നതിനുമുള്ള ആഭ്യന്തര സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
International
വാഷിംഗ്ടൺ ഡിസി: നിർബന്ധിത തൊഴിൽ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയ തീരുവയിൽ, ഇന്ത്യ കുറഞ്ഞ സ്ലാബിൽ ഇടം നേടി.
നേരത്തെ ഇന്ത്യക്ക് 12.5 ശതമാനം തീരുവ ചുമത്താനാണു യുഎസ് തീരുമാനിച്ചതെങ്കിലും തൊഴിൽനയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളെയും ഇന്ത്യയുടെ വിദേശവ്യാപാര നയത്തിലെ ഭേദഗതികളെയും തുടർന്നാണ് നിരക്ക് കുറച്ചത്.
തീരുവയിലെ ഇളവിനെ ഇന്ത്യ സ്വാഗതം ചെയ്തു. യുഎസുമായുള്ള വിപുലമായ ഉഭയകക്ഷി വ്യാപാരക്കരാർ എത്രയും വേഗം യാഥാർഥ്യമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടാൻ ഈ തീരുമാനം സഹായിക്കുമെന്ന് വാണിജ്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഓഫീസ് ഓഫ് ദി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് വ്യാഴാഴ്ച പുറത്തുവിട്ട ഉത്തരവുപ്രകാരം 60 രാജ്യങ്ങൾക്ക് മേലാണ് 10 മുതൽ12.5 ശതമാനം വരെ പുതിയ തീരുവ ചുമത്തിയിട്ടുള്ളത്. ഇതിൽ യുകെ, കാനഡ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മെക്സിക്കോ എന്നിവയുൾപ്പടെ 17 രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തിയിട്ടുള്ളത്.
ചൈന, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് 12.5 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് യുഎസ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ മത്സരക്ഷമത നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Sports
കാർഡിഫ്: ജോ റൂട്ടിന്റെ അപരാജിത ബാറ്റിംഗ് കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആവേശ ജയം. നാല് വിക്കറ്റിനാണ് ആതിഥേയർ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം 44.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
133 പന്തിൽ ഒമ്പതു ഫോറുകളോടെ 99 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. ഈ ജയത്തോടെ ഏകദിന പരമ്പരയിൽ (1-1) ഒപ്പമെത്താനും ഇംഗ്ലണ്ടിനായി. ആദ്യ മത്സരത്തിൽ ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.
ഒരു ഘട്ടത്തിൽ 5/ 125 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും വിൽ ജാക്സും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആറാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 72 റൺസിന്റെ കൂട്ടുകെട്ട് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. വിൽ ജാക്സ് 30 റൺസെടുത്ത് പുറത്താകുമ്പോൾ ടീം സ്കോർ 197-ൽ എത്തിയിരുന്നു.
പിന്നീട് ഗസ് ആറ്റ്കിൻസണെ (23*) കൂട്ടുപിടിച്ച് റൂട്ട് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 233 റൺസിന് ഓൾഔട്ടായിരുന്നു. വിരാട് കോഹ്ലിയുടെയും (65) ശ്രേയസ് അയ്യരുടെയും (66) അർധസെഞ്ചുറികളാണ് തകർച്ചയിലായിരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മറ്റ് മുൻനിര താരങ്ങൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഓപ്പണർ രോഹിത് ശർമ 26 റൺസെടുത്തും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസെടുത്തും പുറത്തായപ്പോൾ ഇഷാൻ കിഷന് (ഒന്ന്) തിളങ്ങാനായില്ല. മധ്യനിരയും വാലറ്റവും അതിവേഗം കീഴടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് 233 റൺസിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ഗസ് ആറ്റ്കിൻസണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
Sports
സതാംപ്ടണ്: ഇന്ത്യക്കെതിരായ അഞ്ചാം ടി20 മത്സരത്തിലും ഇംഗ്ലണ്ടിന് ജയം. 57 റൺസിന്റെ തകർപ്പൻ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് 4-0 സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ഇഷാന് കിഷനും, 25 പന്തില്‍ 53 റണ്‍സെടുത്ത തിലക് വര്‍മയും മാത്രമാണ് പൊരുതിയത്.
ശ്രേയസ് അയ്യര്‍ (28), സഞ്ജു സാംസണ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനും രണ്ട് വിക്കറ്റ് നേടിയ ആദില്‍ റഷീദുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
നേരത്തെ ജോസ് ബട്ലറുടെ (64 പന്തില്‍ 131) തകർപ്പൻ സെഞ്ചുറിയും 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ വെടിക്കെട്ടുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഈ പരമ്പര തോൽവിയോടെ ഇന്ത്യക്ക് ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടാണ് പുതിയ ഒന്നാം റാങ്കുകാർ.
International
ഭൂതകാലത്തിന്റെ ഏടുകളിൽ മറഞ്ഞുകിടന്ന, അത്യപൂർവമായ പുരാവസ്തുക്കൾ കണ്ടെത്തിയിരിക്കുന്ന ഗവേഷകർ. പ്രാചീന ഭാരതവുമായി ബന്ധമുള്ള അപൂർവ കണ്ടെത്തൽ, ഇരു ഭൂപ്രദേശങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെ അനാവരണം ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള പുരാമുദ്രകൾ ഗവേഷകർക്ക് അദ്ഭുതമായി. ഇതുവരെയുണ്ടായിരുന്ന പല നിഗമനങ്ങളും ഇനി പൊളിച്ചെഴുതേണ്ടിവരും.
പടിഞ്ഞാറൻ തായ്ലൻഡിലെ പുരാവസ്തു ഗവേഷണകേന്ദ്രത്തിൽനിന്നാണ് ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് സ്വർണമോതിരങ്ങൾ കണ്ടെത്തിയത്. ഇതിലൊന്നിന് പ്രാചീന ഇന്ത്യയിലെ ബ്രാഹ്മി ലിപിയുമായി ബന്ധമുണ്ടെന്നതാണ് ചരിത്ര-ശാസ്ത്ര ലോകത്തെ ആവേശത്തിലാക്കുന്നത്.
തായ്ലൻഡിലെ ഫെച്ചാബുരി പ്രവിശ്യയിലുള്ള ദോൺ യായ് തോങ് എന്ന പുരാവസ്തു ഖനന പ്രദേശത്തുനിന്നാണ് മനുഷ്യ അസ്ഥികൂടങ്ങൾക്കൊപ്പം സ്വർണമോതിരങ്ങൾ കണ്ടെടുത്തതെന്ന് തായ് ഗവൺമെന്റിന്റെ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മോതിരത്തിലെ രഹസ്യ ലിഖിതം
കണ്ടെത്തിയ രണ്ട് മോതിരങ്ങളിലൊന്നിന്, പുരാതന ഇന്ത്യൻ എഴുത്തുരീതിയായ ബ്രാഹ്മി ലിപിയിലുള്ള അക്ഷരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പ്രാഥമിക വിശകലനങ്ങൾക്കുശേഷം വിദഗ്ധർ ലിഖിതം വായിച്ചെടുത്തത്, പുസരഖിതസ - എന്നാണ്. ഇന്ത്യൻ ജ്യോതിശാസ്ത്ര പ്രകാരം ഏറ്റവും സവിശേഷവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന, പുഷ്യനക്ഷത്രവുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്. പുഷ്യ നക്ഷത്രത്താൽ സംരക്ഷിക്കപ്പെടുന്നവൻ - എന്നാണ് ഈ വാക്കിന്റെ അർഥം.
രണ്ടാമത്തെ സ്വർണമോതിരത്തിൽ അടയാളങ്ങളോ കൊത്തുപണികളോ ഉണ്ടായിരുന്നില്ല. രണ്ടു മോതിരങ്ങളും അക്കാലത്ത് ഇന്ത്യയിൽനിന്നും വ്യാപാരത്തിനായി എത്തിയ വൈശ്യവിഭാഗത്തിൽപ്പെട്ട ഏതെങ്കിലും ധനാഢ്യനായ വ്യാപാരിയുടേതാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.
Sports
ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ആദ്യമായി ഇന്ത്യയിലെത്തുന്നതിനു പകരമായി ഇന്ത്യയുടെ ഐപിഎൽ ഓസ്ട്രേലിയയിൽ നടത്താൻ പദ്ധതിയെന്നു റിപ്പോർട്ട്.
ബിബിഎൽ അടുത്ത സീസണിന്റെ ആദ്യമത്സരം ഡിസംബറിൽ ചെന്നൈയിൽ നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഐപിഎൽ ആദ്യമായി ഓസ്ട്രേലിയയിലും ഉടൻ സംഘടിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഇന്ത്യയുമായി ക്രിക്കറ്റ് സഹകരണത്തിലൂടെ നയതന്ത്ര, വാണിജ്യബന്ധം ശക്തമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ബിബിഎൽ, ഐപിഎൽ ഫ്രഞ്ചൈസികൾക്ക് സ്വകാര്യ നിക്ഷേപങ്ങളടക്കം ലഭിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുമെന്നും കരുതപ്പെടുന്നു.
ഓസ്ട്രേലിയയ്ക്കു പുറത്ത് ബിബിഎൽ നടക്കുന്നത് ആദ്യമായാണ്. ഇത്തരത്തിലുള്ള നീക്കത്തിലെ ആദ്യ വേദിയാകാൻ ഭാഗ്യം ലഭിച്ചത് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിനും. മെൽബൺ റെനഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിൽ ഡിസംബർ 12നാണ് മത്സരം.
ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഒരു വിദേശ ഫ്രഞ്ചൈസി ക്രിക്കറ്റ് ലീഗ് മത്സരമാണിതെന്നതും പ്രത്യേകത.
National
ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ധില്ലൻ എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗ് സ്പെയിനിൽ അറസ്റ്റിലായി.
പഞ്ചാബ് പോലീസിന്റെ ആന്റി ഗാംഗ്സ്റ്റർ ടാസ്ക് ഫോഴ്സ്, ചണ്ഡിഗഡ് പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പാനിഷ് അധികൃതരാണ് ഇയാളെ മാഡ്രിഡിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യൻ ഏജൻസികൾ നയതന്ത്ര-നിയമ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പത്തുലക്ഷം രൂപയും പഞ്ചാബ് പോലീസ് അഞ്ചുലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം 13ന് ചണ്ഡിഗഡിൽ ഫാർമസി കാഷർ ജാൻകി ദാസ് (45) കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ധില്ലനായിരുന്നു. പട്ടാപ്പകലാണു ദാസ് കൊല്ലപ്പെട്ടത്. കാനഡയിൽ നടന്ന ചില വെടിവയ്പു സംഭവങ്ങളിലും കാനഡയിലെ ബിസിനസുകാരെ ഭീഷണിപ്പെടുത്തിയ കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
മുമ്പ് ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ തുടങ്ങിയവര്‍ക്കൊപ്പം പ്രവർത്തിച്ചിരുന്ന ധില്ലൻ പിന്നീട് സ്വന്തമായി ക്രിമിനൽ ശൃംഖല രൂപീകരിക്കുകയായിരുന്നു.
2022ൽ ഇന്ത്യയിൽനിന്നു കടന്ന ഇയാൾ ജർമനിയിലാണ് ആദ്യമെത്തിയത്. തുടർന്ന് താവളങ്ങൾ മാറ്റിക്കൊണ്ടിരുന്നു. സിഗ്നൽ, സാംഗി എന്നീ ഇൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.
Kerala
കൊച്ചി: സീറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ പുസ്തക പരമ്പരയിലെ ‘സ്പ്രെഡ് ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ അപ് ടു എഡി 1500- ഡൈനാമിക്സ് ഓഫ് ഡിഫറൻസ്’എന്ന രണ്ടാം വാല്യം പ്രകാശനം ചെയ്തു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പ്രകാശനം നിർവഹിച്ചു. മന്ത്രി സണ്ണി ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി.
എഡി 1500 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ ക്രൈസ്തവവിശ്വാസം എങ്ങനെ വ്യാപിച്ചു എന്നതിനെക്കുറിച്ചുള്ള ആധികാരികവും അക്കാദമികവുമായ പഠനമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
യൂറോപ്യൻ അധിനിവേശത്തിനു മുന്‍പുതന്നെ ഭാരതീയ സംസ്കാരവുമായി ഇവിടത്തെ ക്രൈസ്തവസമൂഹം എങ്ങനെ ആഴത്തിൽ ഇടകലർന്നു ജീവിച്ചിരുന്നുവെന്നും പ്രാദേശികമായ വ്യതിയാനങ്ങളും സവിശേഷതകളും നിലനിർത്തിക്കൊണ്ടുതന്നെ വിശ്വാസവഴിയിൽ അവർ എങ്ങനെ മുന്നേറിയെന്നും പുസ്തകം ചരിത്രരേഖകളുടെ പിൻബലത്തോടെ സമഗ്രമായി ചർച്ച ചെയ്യുന്നുണ്ട്. സഭാ ചരിത്രകാരന്മാർക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
ഫാ.ഡോ. പയസ് മലേക്കണ്ടത്തിൽ, ഡോ. കെ. എസ്. മാത്യു, ഫാ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, ഫാ.ഡോ. ഫ്രാൻസിസ് തോണിപ്പാറ എന്നിവർ ചേർന്നാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ചടങ്ങിൽ ബിഷപ് മാർ ടോണി നീലങ്കാവിലും ഫാ. ഡോ. പയസ് മലേക്കണ്ടത്തിലും ഗ്രന്ഥം പരിചയപ്പെടുത്തി സംസാരിച്ചു.
ഇന്ത്യയിലെ ക്രൈസ്തവപൈതൃകത്തെ ചരിത്രരേഖകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സഭാചരിത്ര പഠനരംഗത്തിനു വിലപ്പെട്ട സംഭാവനയാണ്. സീറോമലബാർ സഭയുടെ ചരിത്രപൈതൃകവും ഗവേഷണപാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിൽ ഈ ഗ്രന്ഥപരമ്പര സുപ്രധാന പങ്ക് വഹിക്കുമെന്നും അവർ പറഞ്ഞു.
International
കാഠ്മണ്ഡു: ഇന്ത്യ നൽകിയ സാന്പത്തിക സഹായത്താൽ പുനരുദ്ധരിച്ച നേപ്പാളിലെ ബുദ്ധവിഹാരത്തിന് സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം.
2015ലെ ഭൂചലനത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച ,17-ാം നൂറ്റാണ്ടിലെ ലളിത്പുർ ജസ്ത വർണ മഹാവിഹാറാണ് ഇന്ത്യയുടെ സഹായത്താൽ പുനരുദ്ധരിച്ചത്.
ലളിത്പുരിൽ യുനെസ്കോ സംഘടിപ്പിച്ച ചടങ്ങിൽവച്ച് സംസ്കാരത്തിന്റെയും പൗരാണികതയുടെയും സംരക്ഷണത്തിനായുള്ള യുനെസ്കോ ഏഷ്യാ-പസഫിക് 2025 പുരസ്കാരം നേപ്പാളിലെ യുനെസ്കോ പ്രതിനിധി ജാകോ ഡു ടോയ്റ്റ്, ജസ്ത വർണ മഹാവിഹാർ അധികൃതർക്ക് കൈമാറി.
നേപ്പാളിലെ സാംസ്കാരിക-പൗരാണിക മേഖലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 13.78 കോടി നേപ്പാളി രൂപയാണ് ഇന്ത്യ നൽകിയതെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ മിഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ എംബസിയിലെ മിഷന്റെ ഡെപ്യൂട്ടി ചീഫ് രാകേഷ് പാണ്ഡേയും നേപ്പാളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ-നേപ്പാൾ സാംസ്കാരിക-പൗരാണിക പങ്കാളിത്തങ്ങളെക്കുറിച്ച് വിശദീകരിച്ച പാണ്ഡേ ജസ്ത വർണ മഹാവിഹാർ പ്രോജക്ടിന്റെ വിജയത്തിൽ ഭാഗഭാക്കായ ഏവരെയും അഭിനന്ദിച്ചു.
ആധുനികതയും പൈതൃകവും ഒത്തുചേർന്ന്
2024 മാർച്ച് 22 ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും നേപ്പാളിന്റെ ഗ്രാമ വികസന മന്ത്രി ധൻ ബഹാദൂർ ബുദ്ധയും ചേർന്നാണ് പുനരുദ്ധരിച്ച ജസ്ത വർണ മഹാവിഹാർ ഉദ്ഘാടനം ചെയ്തത്.
ഭൂകന്പത്തെ അതിജീവിക്കുന്ന ആധുനിക സങ്കേതങ്ങളും പരന്പരാഗത നിർമാണ ശൈലിയും സമന്വയിപ്പിച്ചായിരുന്നു ജസ്ത വർണ മഹാവിഹാറിന്റെ പുനരുദ്ധാനം.
National
ന്യൂഡല്‍ഹി: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ തീരുമാനം. നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള നവ സാങ്കേതികവിദ്യകള്‍, ഊര്‍ജ വിതരണ ശൃംഖല, വാണിജ്യ, വ്യാപാര, നിക്ഷേപ സഹകരണം തുടങ്ങി സാമ്പത്തിക സുരക്ഷ വരെയുള്ള മേഖലകളിലായിരിക്കും സഹകരണം ശക്തിപ്പെടുത്തുക.
തന്ത്രപരവും സൈനികവുമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന 16-ാമത് ഇന്ത്യ-ജപ്പാന് ഉച്ചകോടിയില്‍ ജപ്പാന് പ്രധാനമന്ത്രി സനേ തകായിച്ചിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇതിനായി ശ്രമം ഊര്‍ജിതമാക്കും.
സ്വതന്ത്രവും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക്കാണ് ഇരുരാജ്യങ്ങള്‍ക്കും പൊതുവായ മുന്‍ഗണനയെന്ന് തകായിച്ചി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ മഹാസാഗര്‍ സംരംഭവും ജപ്പാന്റെ പുതുക്കിയ ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്തോ-പസഫിക് (എഫ്ഒഐപി) നയവുമായി വളരെ യോജിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സംയുക്ത നാവികാഭ്യാസം കൂട്ടും. ഇന്ത്യയില്‍ നാവിക അറ്റകുറ്റപ്പണികളും നിര്‍മാണപദ്ധതികളും ശക്തിപ്പെടുത്തും. നിര്‍ണായക ധാതുവിതരണ ശൃംഖലകളില്‍ അടിയന്തരമായി പ്രതിരോധശേഷി വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അവര്‍ വിശദീകരിച്ചു.
നിര്‍മിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി എന്നിവയില്‍ പുതുതലമുറ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യക്കും ജപ്പാനും കഴിയുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വിപണിസാധ്യതയും ഒരുമിച്ച് സെമികണ്ടക്ടറുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍ണായക ധാതുക്കള്‍ എന്നിവയില്‍ ആഗോള വിതരണശൃംഖലകള്‍ നിര്‍മിക്കാനാകും. എയ്റോസ്പേസ്, പ്രതിരോധം എന്നിവയില്‍ വിപുല സഹകരണത്തിനു സാധ്യതകളുണ്ട്.
പൊതു-സ്വകാര്യ മേഖലകളുടെ ഏകീകൃത ശ്രമങ്ങളിലൂടെ ഇന്ത്യയും ജാപ്പനീസ് കമ്പനികളും തമ്മില്‍ 120 സഹകരണരേഖകള് പ്രഖ്യാപിച്ചു. ചാണകം ഉപയോഗിച്ച് ഇന്ത്യയിലാകെ 1,000 ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കും. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാകുമിത്. ജപ്പാനുമായി ചേര്‍ന്ന് ബയോഗ്യാസ് ഫോര്‍ ഗ്രോത്ത് പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് ജപ്പാന് സഹായം നല്‍കും. പവര്‍ ഏഷ്യ സംരംഭത്തിനു കീഴില്‍ ഇന്ത്യയുടെ പെട്രോളിയം സംഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ചര്‍ച്ച നടത്തുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. 17 തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപങ്ങള്‍ക്കു സഹകരിക്കും.
സാമ്പത്തിക സുരക്ഷ, നിര്‍മിത ബുദ്ധി, ഊര്‍ജ പ്രതിരോധശേഷി എന്നീ മൂന്നു സുപ്രധാന രേഖകള്‍ ഉച്ചകോടിക്കുശേഷം ഇരു രാജ്യങ്ങളും അംഗീകരിച്ചു. സാമ്പത്തിക സുരക്ഷ, ശുദ്ധ ഊര്‍ജം, നിര്‍ണായക സാങ്കേതികവിദ്യകള്‍, ഗവേഷണം, വികസനം എന്നിവയുള്‍പ്പെടെ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു.
രണ്ടു ട്രില്യണ്‍ യെന്‍ വിലമതിക്കുന്ന 120 സഹകരണ സംരംഭങ്ങള്‍ ഇന്ത്യയും ജപ്പാനും കണ്ടെത്തിയിട്ടുണ്ടെന്ന് ജപ്പാന്റെ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി മസാനാവോ ഒസാക്കി എക്സില്‍ അറിയിച്ചു.
പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പത്തു ട്രില്യണ്‍ യെന്‍ (12.5 ബില്യണ്‍ ഡോളര്‍) നിക്ഷേപം ഉറപ്പാക്കണമെന്ന് താജ് പാലസ് ഹോട്ടലിൽ നടന്ന ഇന്ത്യ-ജപ്പാൻ സാന്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജപ്പാനെ പ്രതിനിധീകരിച്ച് 150ലധികം വ്യവസായ സംരംഭങ്ങളുടെ പ്രതിനിധികൾ സാന്പത്തികഫോറത്തിൽ പങ്കെടുത്തു.
National
ന്യൂഡല്‍ഹി: ഇന്ത്യ- ജപ്പാന് ഉച്ചകോടി വിജയമായതിനു പിന്നില്‍ മലയാളികളായ വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജിന്റെയും ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ എം. മല്ലികിന്റെയും മികവ് പ്രകടം. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായിരിക്കേ സിബി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു ജപ്പാന് പ്രധാനമന്ത്രി സനേ തകായിച്ചിയുടെ ത്രിദിന സന്ദര്‍ശനം.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അടക്കമുള്ളവരും ഉച്ചകോടി ഫലപ്രദമാക്കാന്‍ നേതൃത്വം നല്കി.
എങ്കിലും മലയാളികളായ സിബിയുടെയും നഗ്മയുടെയും നയതന്ത്ര മികവിന് പൊന്‍തൂവലായി ഇന്നലത്തെ ഉച്ചകോടി. സിബി അംബാസഡറായിരിക്കേ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി മോദി ടോക്കിയോയിലും 2022ലും 2023ലും അന്നത്തെ ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ ന്യൂഡല്‍ഹിയിലും നടത്തിയ സന്ദര്‍ശനങ്ങളും ഇന്ത്യക്കു നേട്ടമായിരുന്നു.
ബുധനാഴ്ച ഡല്‍ഹിയിലെത്തിയ ജപ്പാന് പ്രധാനമന്ത്രി സനേ തകായിച്ചിക്ക് ഇന്നലെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ആചാരപരമായ സ്വീകരണം നൽകി. തുടര്‍ന്നായിരുന്നു ഹൈദരാബാദ് ഹൗസില്‍ ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചയും കരാര്‍ ഒപ്പിടലും. വൈകുന്നേരം താജ് പാലസ് ഹോട്ടലില്‍ 13-ാമത് വാര്‍ഷിക ഇന്ത്യ-ജപ്പാന് ബിസിനസ് ഫോറത്തില്‍ മോദിയും തകായിച്ചിയും പ്രസംഗിച്ചു.
ഫോറത്തിലെ പ്രദര്‍ശനവും ഇരുവരും വീക്ഷിച്ചു. ജപ്പാന് പ്രധാനമന്ത്രി ഇന്നു രാവിലെ ടോക്കിയോയിലേക്കു മടങ്ങും.
Sports
അഹമ്മദാബാദ്: ഏഷ്യന്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ (എവിസി) ഇന്ത്യന്‍ പുരുഷ ടീമിനു വെങ്കലം. മൂന്നാം സ്ഥാനപോരാട്ടത്തില്‍ ബെഹറിനെ ഒന്നിന് എതിരേ മൂന്നു സെറ്റുകള്‍ക്കു കീഴടക്കിയാണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്.
സ്കോര്‍: 25-23, 23-25, 25-21, 25-17. ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ്.
പൂള് എയില്‍ അപരാജിതരായി കുതിച്ച ഇന്ത്യ, ബെഹറിന്, കസാക്കിസ്ഥാന്‍, ചൈനീസ് തായ്പേയി, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളെ കീഴടക്കി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
എന്നാല്‍, സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഇന്തോനേഷ്യയോടു പരാജയപ്പെട്ടു. സ്കോര്‍: 25-15, 24-26, 20-25, 25-19, 13-15.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 378 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുടെ റിക്കാർഡ് സ്വന്തം പേരിലാക്കിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
കേവലം 11 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച വൈഭവ് 29 പന്തിൽ എട്ട് സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസ് വാരിക്കൂട്ടി. ഒന്നാം വിക്കറ്റിൽ വെറും 8.5 ഓവറിൽ 132 റൺസാണ് വൈഭവും പ്രിയാന്‍ഷ് ആര്യയും (39)ചേർന്ന് അടിച്ചെടുത്തത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ സഹൻ ആരാച്ചിഗെയുടെ പന്തിൽ വിജയകാന്ത് വിയസ്കാന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിന് പിന്നാലെ ഇന്ത്യൻ സ്കോറിംഗ് നിരക്ക് അൽപ്പം മന്ദഗതിയിലായി. ക്യാപ്റ്റൻ തിലക് വർമ (67) മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ നിഷാന്ത് സിന്ധും (18 പന്തിൽ 16), വിപ്രജ് നിഗവും (20 പന്തിൽ 27) ചേർന്നാണ് സ്കോർ മുന്നൂറു കടത്തിയത്. അനുകുൽ റോയ് 15 പന്തിൽ 39 റൺസെടുത്തു പുറത്തായി.
ലങ്കയ്ക്കുവേണ്ടി ഫെർണാണ്ടോ, വനുജാ സഹൻ, കുഖതാസ് മത്തുലൻ എന്നിവർ രണ്ടും മുഹമ്മദ് ഷിറാസ്, സഹൻ ആരാച്ചിഗെ, ദുലജ് സമുദിത, എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 95 റൺസിന് നെതർലൻഡ്സിനെ തകർത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് 17.3 ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ ബാബെറ്റെ 28 റൺസും ഹെതർ സൈജേഴ്സ് 21 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി നാല് വിക്കറ്റെടുത്തു. ഷെഫാലി വർമ മൂന്ന് വിക്കറ്റും നാന്ദനി ശർമ രണ്ട് വിക്കറ്റും ദീപ്തി ശർമ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെടുത്തത്. സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സ്മൃതി 74 റൺസും ഷെഫാലി 55 റൺസുമാണെടുത്തത്. റിച്ചാ ഘോഷ് 20 റൺസും ജെമീമ റോഡ്രിഗസ് 19 റൺസുമെടുത്തു.
നെതർലൻഡ്സിന് വേണ്ടി കാരോലിൻ ഡി ലാംൻഗെ രണ്ട് വിക്കറ്റെടുത്തു. ഐറിസ് സ്വില്ലിംഗും ഹെതർ സൈജേഴ്സും മൈത് വാൻ ഡെനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു ഇന്നത്തേത്. ഇതോടെ നാല് പോയിന്റായ ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
International
ജനീവ: അന്താരാഷ്ട്ര സമുദ്രപാതകളിൽ വാണിജ്യകപ്പലുകൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ രംഗത്ത്.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗൺസിലിലാണ് ഇന്ത്യ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനിയാണ് നിലപാട് വ്യക്തമാക്കിയത്.
നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ എല്ലാ കക്ഷികളും അടിയന്തരമായി ആത്മസംയമനം പാലിക്കണമെന്നും നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ വാണിജ്യകപ്പലുകളിൽ ഏറ്റവുമധികം ജോലിചെയ്യുന്നത് ഇന്ത്യൻ പൗരന്മാരാണ്.
ആക്രമണങ്ങൾ തുടർക്കഥയാകുന്നത് തങ്ങളുടെ പൗരന്മാരുടെ ജീവനുഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.പശ്ചിമേഷ്യൻ മേഖലയിൽ മാത്രം ഒരു കോടിയോളം ഇന്ത്യൻ പൗരന്മാർ ജോലിചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമപരിഗണന നൽകുന്നത്.
പശ്ചിമേഷ്യയിലെ അസ്ഥിരത അന്താരാഷ്ട്ര വ്യാപാരത്തെയും ഇന്ത്യയുടെ ഊർജ ഇറക്കുമതിയെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര നിയമങ്ങളെ എല്ലാവരും മാനിക്കണമെന്നും യുഎന്നിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതിനൊപ്പം ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും തർക്കങ്ങൾ പരിഹരിക്കാൻ ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
NRI
തിരുവനന്തപുരം: കാനഡയിലെ സര്‍വകലാശാല കാമ്പസില്‍ മൊട്ടിട്ട പ്രണയം കഴിഞ്ഞ ദിവസം പ്രകൃതിരമണീയമായ പാച്ചല്ലൂരിലെ ബീച്ച് റിസോര്‍ട്ടില്‍ സഫലമായി. വിദേശി - സ്വദേശി വിവാഹത്തിനാണ് റിസോര്‍ട്ട് സാക്ഷിയായത്.
പേയാട് ഡി.എസ്.സുധീഷ് ബാബു - എ.എന്‍. സൂര്യകുമാരി ദമ്പതികളുടെ ഇളയ മകള്‍ ശരണ്യ സുധീഷിന്റെയും (28) കനേഡിയന്‍ സ്വദേശികളായ ഡെവിഡ് വൈസ്മാന്-സാന്ദ്രാ വൈസ്മാന് ദമ്പതികളുടെ മകന് ഷോണ്‍ വൈസ്മാനുമാണ് (32) പാച്ചല്ലൂരിലെ ബീച്ച് റിസോര്‍ട്ടിലെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം താലി ചാര്‍ത്തി പുതുജീവിതത്തിലേയ്ക്ക് കടന്നത്.
കാനഡ സര്‍വകലാശാലയില്‍ മൊട്ടിട്ട പ്രണയമാണ് മൂന്ന് വര്‍ഷത്തിനു ശേഷം സഫലമായി മാറിയത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ സുവോളജി പഠനത്തിന് ശേഷം ബിരുദാനന്തര പഠനത്തിനായി കാനഡയില്‍ എത്തിയപ്പോഴാണ് ശരണ്യ ഷോണ്‍ വൈസ്മാനുമായി പരിചയപ്പെട്ടതും തുടര്‍ന്ന് അടുപ്പത്തിലായതും.
ശരണ്യയുടെ മുത്തശ്ശി സരോജത്തിന് വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് വിവാഹം പാച്ചല്ലൂരില്വച്ച് നടത്താന്‍ ഇടയായത്. ശരണ്യയുടെ സഹോദരന് സൂരജ് നാല് വര്‍ഷം മുമ്പ് കനേഡിയിന്‍ യുവതിയെ വിവാഹം കഴിച്ചിരുന്നു. നവദമ്പതികള്‍ 18ന് കാനഡയിലേയ്ക്ക് മടങ്ങും.
Kerala
ന്യൂഡൽഹി: കടുത്ത ആശങ്കയിലാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ. ഫിഫ ലോകകപ്പ് മത്സരത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഇനിയും ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാനാകുമോയെന്നതിൽ വ്യക്തതയില്ല. സംപ്രേഷണാവകാശം ഇനിയും ആരും ഏറ്റെടുക്കാൻ തയാറാകാത്തതിനാലാണ് ആശങ്ക തുടരുന്നത്.
കോടതിയിൽ
ഇതിനിടെ, ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതു മാത്രമാണ് ഏക ആശ്വാസകരമായ കാര്യം. കോടതി ഇടപെടൽ വഴി ഇന്ത്യയിൽ സംപ്രേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം ഫുട്ബോൾ ആരാധകർ.
ഹർജി സ്വീകരിച്ച ഡൽഹി ഹൈക്കോടതി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയത്.
ദൂരദർശൻ വഴി
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം. 2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാൽ, സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്കു ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി. ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Sports
ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് രണ്ടില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് റിക്കര്‍വ് ടീം ഇനത്തില്‍ സ്വര്‍ണം. ദീപിക കുമാരി, അങ്കിത ഭകത്, കൗമാരക്കാരിയായ കുംകും മൊഹോദ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി സ്വര്‍ണം സ്വന്തമാക്കിയത്.
കരുത്തരായ ചൈനയെ ഷൗട്ടൗട്ടില്‍ കീഴടക്കിയായിരുന്നു ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഷൂട്ടൗട്ടില്‍ ഇന്ത്യ 5-4(28-26) എന്ന സ്കോറില്‍ ജയം സ്വന്തമാക്കി.
National
ന്യൂഡൽഹി: ഇന്ത്യയിൽ എണ്ണ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർധന പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാൽ, പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധന ഉണ്ടായേക്കാം. ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.
മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽനിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയിൽ കടുത്ത ആഘാതം നേരിട്ടിട്ടും ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിട്ടില്ല.
Business
കൊച്ചി: ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ സുസ്ഥിരത, ട്രേസബിലിറ്റി, ഭക്ഷ്യസുരക്ഷാ നിലവാരങ്ങള്‍ എന്നിവ നിര്‍ണായക ഘടകങ്ങളായി മാറിയ സാഹചര്യത്തില്‍ മാര്‍ഗരേഖകളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി സുസ്ഥിര സുഗന്ധവ്യഞ്ജന മൂല്യശൃംഖലാ സെമിനാര്‍ സംഘടിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ നെതര്‍ലന്‍ഡ്സ് കോണ്‍സുലേറ്റും വേള്‍ഡ് സ്പൈസസ് ഓര്‍ഗനൈസേഷനും ചേര്‍ന്നു കൊച്ചി ലെ മെറിഡിയനില്‍ സംഘടിപ്പിച്ച സെമിനാറില്‍ കയറ്റുമതിക്കാര്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, അന്താരാഷ്ട്ര ഏജന്‍സികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ദക്ഷിണേന്ത്യയിലെ നെതര്‍ലാന്‍ഡ്സ് കോണ്‍സല്‍ ജനറല്‍ എവൗട്ട് ഡി വിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആഗോളനിലവാരങ്ങള് പാലിക്കാന്‍ ട്രേസബിലിറ്റിയും സര്‍ട്ടിഫിക്കേഷനും ഗുണനിലവാരവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഡിഎച്ച് പ്രോഗ്രാം മാനേജര്‍ സൗരഭ് സിന്‍ഹ, സുഗന്ധവ്യഞ്ജന വിതരണ ശൃംഖലയിലെ അപകടസാധ്യതകള്‍ തിരിച്ചറിയുന്നതും കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികസംവിധാനങ്ങള്‍ വിശദീകരിച്ചു.
എന്എസ്എസ്പി പദ്ധതിയുമായി സഹകരിക്കുന്ന കര്‍ഷക ഉത്പാദക സംഘടനകളെ പ്രതിനിധീകരിച്ച് നെഡ്സ്പൈസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗണപതി, തെലുങ്കാനയിലെ പശിദി പന്ത ഫൗണ്ടേഷന് സിഇഒ കൃഷ്ണയ്യ കോടിമല്ല എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
National
ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ മാസം 24ന് ഇന്ത്യയിലെത്തും.
മൂന്നു ദിവസത്തെ സന്ദർശനത്തിൽ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം ജനുവരിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തുന്നത്.
മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതി സെർജിയോ ഗോർ എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. നാളുകളായി സ്തംഭനാവസ്ഥയിലായ ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് മാർക്കോ റൂബിയോയുടെ സന്ദർശനത്തിലൂടെ ജീവൻ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Sports
സുഷൗ (ചൈന): 2026 എഎഫ്സി അണ്ടര്‍ 17 വനിതാ ഫുട്ബോളില്‍ ഇന്ത്യക്കു തോല്‍വിത്തുടക്കം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു. മറ്റൊരു മത്സരത്തില്‍ ജപ്പാന് 13-0ന് ലെബനോനെ തകര്‍ത്തു. ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ജപ്പാന് എതിരേയാണ്.