Kerala
കൊച്ചി: മുട്ടില്‍ മരംമുറി തട്ടിപ്പ് കേസില്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിന് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
വയനാട് വനഭൂമിയില്‍ നിന്ന് മരം മുറിച്ചെന്ന കേസില്‍ തീര്‍പ്പുണ്ടാകും വരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.
വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള്‍ മലബാര്‍ ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില്‍ അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണ ആവശ്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കാത്തതില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും.
പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റീസ് എ. ബദറുദീന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ചെറിയ കുഴപ്പമുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി ചുമതല നിര്‍വഹിക്കുന്നില്ലെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു.
ഡിജിപി ശ്രീജിത്ത് മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്.
Kerala
കൊച്ചി: വഖഫ് ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനായി ആറാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചു. എത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
അമുസ്ലിംകളെ നിയമിക്കുന്നതില്‍ തീരുമാനം സുപ്രീം കോടതി വിധിക്ക് ശേഷം എടുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഇതോടെയാണ് ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാറിനോട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.
നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിച്ചുകൂടെ എന്നും കോടതി ചോദിച്ചു. ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നും കോടതി വ്യക്തമാക്കി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
Kerala
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ വീണ്ടും ഹൈക്കോടതിയിൽ.
ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ ആവശ്യം. മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കോടതിയിൽ നടക്കുന്ന കേസിന്റെ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു.
അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ പ്രതികളോട് 20 ന് കോടതിയിൽ ഹാജരാവാൻ നിർദേശം നല്‍കിയിരുന്നു.
Kerala
കൊച്ചി: വഖഫ് ബോര്‍ഡ് പുനഃസംഘടന ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അമുസ്ലിം അംഗത്വം ഒഴിച്ചിട്ട് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ കേസ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ സത്യവാംഗ്മൂലം നല്‍കുക. നിലവിലെ അപാകതകള്‍ പരിഹരിച്ച് പുനഃസംഘടന നടത്താമെന്നും സര്‍ക്കാര്‍ അറിയിക്കും.
അതേസമയം സംവരണം ആവശ്യപെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജടക്കം നല്കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ എതിര് സത്യാവാംഗ്മൂലം നല്കി. ഷിയ, ബോറ, അഖാനി, തുടങ്ങിയ മുസ്ലിം വിഭാഗങ്ങളിലെ സംവരണാര്‍ഹരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്നാണ് സത്യവാംഗ്മൂലം.
Kerala
കൊച്ചി: ബാറുകള്‍ക്കു പുലര്‍ച്ചെ മൂന്നു വരെ പ്രവര്‍ത്താനാനുമതി നല്‍കിയെന്നതിന്റെ മറവില്‍ രാത്രി വൈകിയുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നയപരിപാടിയുടെ ഭാഗമായി പുലര്‍ച്ചെ വരെ ബാറുകള്‍ക്ക് അനുമതി നല്കിയ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അഞ്ചു ലക്ഷം രൂപ അധിക ലൈസന്‍സ് ഫീ അടയ്ക്കുന്ന പഞ്ചനക്ഷത്ര ബാറുകള്‍ക്കു പുലര്‍ച്ചെ മൂന്നുവരെ പ്രവര്‍ത്തനാനുമതി നല്കുന്നതില് മാറ്റം ഉണ്ടായാല്‍ത്തന്നെ പ്രശ്നത്തിനു പരിഹാരമാകില്ലേയെന്ന വാദത്തിനിടെയുള്ള കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് സര്‍ക്കാരിനു വേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കിയത്.
കൊച്ചിയില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ നിരോധിച്ചതിനെതിരേ റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ലൈസന്‍സി ഉദയംപേരൂര്‍ സ്വദേശി മഹാദേവന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റീസ് മുരളി പുരുഷോത്തമന് ഹര്‍ജി വിധി പറയാന്‍ മാറ്റി.
ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് കൈമാറ്റമടക്കം നടക്കുന്നതായി കണ്ടെത്തിയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ചതോടെ കൊച്ചിയിലെ ലഹരിമരുന്നു കേസുകള്‍ കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടികള്‍ ബുക്കു ചെയ്ത് പുറത്തുനിന്നെത്തിയിരുന്നവരാണു പ്രധാനമായും ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.
അര്‍ധരാത്രിക്കു ശേഷം നടന്ന സംഭവങ്ങളെ തുടര്‍ന്നുള്ളതാണ് പല കേസുകളുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ചെറുമീനുകള്‍ കുടുങ്ങുന്നതല്ലാതെ ഉറവിടം കണ്ടെത്താത്തതെന്തെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നാണു മയക്കുമരുന്ന് വരുന്നതെന്നും തടയാന്‍ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടപടി സ്വീകരിക്കുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
ബാറുകള്‍ മാത്രമല്ല തിയറ്ററുകളടക്കം പുലര്‍ച്ചെ വരെ സജീവമാണെന്നും അധികാരപരിധി മറികടന്നാണ് എസ്എച്ച്ഒയും മറ്റും നോട്ടീസ് നല്‍കുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സ് എസ്പി എസ്. ശശിധരന് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസിലെ 17 പരാതികളില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
30 പരാതികളില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന ക്രമക്കേട് കണ്ടെത്തിയില്ലെന്നും ഇത് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചതായും അറിയിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റപത്രം നല്കാന് വൈകുന്നുവെന്നുമുള്ള വിമര്‍ശനത്തോടെയാണ് എസ്പിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 2016ലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എം.എന്‍. സോമന് അടക്കമുള്ള പ്രതികള്‍ അന്വേഷണത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
Kerala
കൊച്ചി: കപ്പല്‍ ജീവനക്കാരുടെ ശമ്പള കുടിശികയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദേശ കപ്പല്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അറസ്റ്റ് ചെയ്യപ്പെട്ട കപ്പലിന്റെയും ബാധ്യത വരുത്തിയ കപ്പലിന്റെയും ഉടമസ്ഥര്‍ ഒന്നല്ലാത്തതിനാല്‍ സഹോദര കപ്പല്‍ (സിസ്റ്റര്‍ വെസല്‍) എന്ന നിലയില്‍ കണക്കാക്കി തടഞ്ഞുവയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അറസ്റ്റ് ഉത്തരവ് ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹക്കീം റദ്ദാക്കിയത്.
മൂന്നു കപ്പലുകളിലേക്ക് ജീവനക്കാരുടെ സേവനം ലഭ്യമാക്കിയതിലൂടെ ലഭിക്കാനുള്ള 94.44 ലക്ഷത്തോളം രൂപ ഈടാക്കാനായി ചെന്നൈ കേന്ദ്രമായ ലൈറ്റ് ഹൗസ് മറൈന്‍ സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുളളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2024 മേയിലാണ് ന്യുസിലഡിലെ കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന എം.ടി ഓഷ്യന്‍ ഫേ എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവുണ്ടായത്.
എന്നാല്‍, കപ്പലുകളുടെ ഉടമസ്ഥാവകാശം വ്യത്യസ്ഥമാണെന്ന് വ്യക്തമാക്കി യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വണ്‍ മൂണ്‍ മറൈന്‍ സര്‍വീസസ് അടക്കം നല്കിയ ഉപഹര്‍ജിയിലാണ് അറസ്റ്റ് ഉത്തരവ് റദ്ദാക്കിയത്. കപ്പല്‍ വിട്ടു നല്‍കാനായി നേരത്തെ ഹൈക്കോടതിയില്‍ കെട്ടിവെച്ച 1.03 കോടി രൂപ തുക പലിശ സഹിതം ഉപഹര്ജിക്കാര്ക്ക് നല്കാന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് അഡ്മിറാലിറ്റി സ്യൂട്ടും കോടതി തള്ളി.
Kerala
കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. സ്ഥാപാനം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി സ്റ്റേ ചെയ്ത ഉത്തരവ് നടപടി കോടതി നീട്ടി. മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്.
ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍, നിലവില്‍ സ്ഥാപനം പ്രവര്‍ത്തിക്കാത്ത സാഹചര്യം ആയതിനാല്‍ പരിശോധനയില്‍ കാര്യമായ മലിനീകരണ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്ണതോതിലാക്കിയ ശേഷം വീണ്ടും പരിശോധന നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സ്ഥാപനം പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട കര്‍ശന വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചു. ഫ്രീസര്‍ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളില്‍ മാത്രമേ മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരാന്‍ പാടുള്ളൂ എന്നതടക്കമുള്ള ഉത്തരവുകള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: ഫ്രീഡം ക്വിസ് സവര്‍ക്കര്‍ വിവാദത്തില്‍ സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന് ഹൈക്കോടതിയെ സമീപിച്ചു. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദ് ആണ് ഹര്‍ജി നല്‍കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്‍ക്കറുടെ പേര്. അതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്‍ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും..
ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്. കുമ്പള, കാസര്‍ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍പി സ്കൂളുകളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Kerala
കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ ആറോളം പള്ളികള്‍ക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ പോലീസ് സുരക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും. യാക്കോബായ സഭ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് വിധി പറയുക.
എറണാകുളം പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂര്‍ സെന്റ് തോമസ്, പാലക്കാട് മംഗലംഡാം സെന്റ് മേരീസ്, എരിക്കിന്‍ചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കോടതിയിലുള്ളത്.
പോലീസ് സംരക്ഷണം ഉണ്ടായിട്ടും പള്ളികളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും തര്‍ക്കങ്ങളും കോടതി പരിഗണിക്കും. കഴിഞ്ഞ ഞായറാഴ്ച പിറമാടം പള്ളിയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥയും കോടതിയെ അറിയിക്കും. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുമെന്ന സര്‍ക്കാരിന്റെ സത്യവാഗ്മൂലവും ഡിവിഷന് ബെഞ്ച് പരിശോധിക്കും.
ഒരു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരമാണ് ലക്ഷ്യം. സഭാ നേതൃത്വങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് എത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ട ഇടപെടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദത്തില്‍ പിഎസ്സിക്ക് ആശ്വാസം. ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.
ഒന്നും രണ്ടും റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസിന്റെ പകര്‍പ്പും അഭിമുഖത്തിന്റെ മാര്‍ക്ക് വിവരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിയാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
വിവരങ്ങള്‍ നല്കാന് വിവരാവകാശ കമ്മിഷന് പിഎസ്സിയോട് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസം ആറിന് വിവരങ്ങള്‍ കൈമാറാനായിരുന്നു വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. ഇത് നല്‍കാതെ വന്നതോടെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് മുന്നറിയിപ്പ് നല്‍കുകയും പിഎസ്സിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎസ്സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും മൂന്നാം റാങ്കുകാരന് നോട്ടീസ് അയക്കുകയും ചെയ്തു.
മുഴുവന്‍ പരീക്ഷയുടെയും അഭിമുഖങ്ങളും നടപടികളും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ നല്‍കാനാവില്ല. ഉദ്യോഗാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണ്, അതിനാല്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന വാദമാണ് പിഎസ്സി ഉയര്‍ത്തിയത്.
Kerala
കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് പ്രധാനമായും ക്രമക്കേടുകൾ നടന്നിട്ടുള്ളത്. അംഗങ്ങളിൽ നിന്ന് നിയമവിരുദ്ധമായി അമിത പലിശ ഈടാക്കിയതായും അനുവദിച്ച വായ്പാ തുക ലക്ഷ്യം മാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം ഇതിനോടകം തന്നെ തയാറായിക്കഴിഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്റെ ഔദ്യോഗിക വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയാറായി വരികയാണെന്ന് വിജിലൻസ് എസ്പിഎസ് ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.
Kerala
കൊച്ചി: കശുവണ്ടി അഴിമതി കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികളായ കെ. രതീഷും ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനും. ഹര്‍ജി ഇന്ന് ഡിവിഷന് ബെഞ്ച് പരിഗണിക്കും. ജൂലൈ രണ്ടിന് പുറത്തിറക്കിയ വിവാദ ഉത്തരവടക്കം ഹാജരാക്കിയാണ് പ്രതികളുടെ അപ്പീല്‍.
സര്‍ക്കാര്‍ ഉത്തരവിന്റെ സാധുത പരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നാണ് പ്രതികളുടെ വാദം. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് അത് പുനഃപരിശോധിച്ച് വീണ്ടും ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത് നിയമപരമായ നടപടിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ പ്രതികള്‍ക്കെതിരെ വിചാരണയ്ക്ക് അനുമതി നല്കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴിപ്പെട്ടാണ് വിചാരണയ്ക്ക് അനുമതി നല്‍കിയതെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.
നിയമസാധ്യതകള്‍ പൂര്‍ണമായി പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിന്‍വലിച്ച ഉത്തരവിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് ലഭിച്ചിരുന്നു. ഈ ഉത്തരവ് ഉള്‍പ്പെടെയാണ് പ്രതികള്‍ ഇപ്പോള്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
Kerala
കൊച്ചി: ദേശിയ കോണ്‍ഫറന്‍സിന് നല്കിയ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട എംജി സര്‍വകലാശാല വിസിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോണ്‍ഫറന്‍സിന്റെ പോസ്റ്ററില്‍ പാറ്റയുടെയും ഡല്‍ഹിയില്‍ നടന്ന സിജെപിയുടെ സമരത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുവദിച്ച 2.81 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് വിസി ഉത്തരവിറക്കിയത്.
വിസിക്കും സര്‍വകലാശാലയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു സെമിനാറിന്റെ പ്രചാരണ പോസ്റ്ററില്‍ പാറ്റ ഇടംപിടിച്ചത്. യൂണിവേഴ്സിറ്റി കോഡ് ഓഫ് കണ്ടക്ടിന് വിരുദ്ധമാണ് ഫ്ളക്സ്. സര്‍വകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഒരു പരിപാടിയിലും രാഷ്ട്രീയം അനുവദിക്കുന്നതല്ലെന്ന് കാട്ടി വിസിയുടെ നിര്‍ദേശപ്രകാരം സര്‍ക്കുലറും ഇറക്കി.
ഈ സര്‍ക്കുലറിനെതിരെ അക്കാദമിക് സമൂഹം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പണം തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയത്. ഈ നടപടിയെ ചോദ്യം ചെയ്താണ് എംജി സര്‍വകലാശാല യൂണിയന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ പ്രോസിക്യൂഷന് ഉത്തരവ് പ്രതി ആര്. ചന്ദ്രശേഖരന് ചോര്‍ത്തി നല്‍കിയത് മനഃപൂര്‍വമാണെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ കെ.എ. രതീഷിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
കേസില്‍ സര്‍ക്കാര്‍ നല്കിയ പ്രോസിക്യൂഷന് അനുമതിയുടെ പകര്‍പ്പ് ആദ്യം ആര്. ചന്ദ്രശേഖരനാണ് ലഭിച്ചത്. പിന്നാലെ ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഉത്തരവിന്റെ പകര്‍പ്പ് മനപൂര്‍വ്വം നല്‍കിയതാണെന്നും അതില്‍ ആര്‍ക്കും സംശയമില്ലെന്നും ജസ്റ്റീസ് എ. ബദറുദീന്‍ വിമര്‍ശിച്ചു. ഉത്തരവ് ചോര്‍ന്നതില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്കി.
അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട ആളുകളെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അത്തരം നിയമനങ്ങള്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.
അതേസമയം, കെ.എ. രതീഷ് രാജിവെച്ച കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഴിമതിക്കേസില്‍ വിചാരണ കാത്തുനില്ക്കുന്ന ഒരു പ്രതി എങ്ങനെയാണ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
Kerala
കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ വയനാട് ജില്ലാ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച നാലുപേരുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി 11ന് വാദം കേള്‍ക്കും. ജാമ്യാപേക്ഷകള്‍ ഇന്നു പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നതിന് ബുധനാഴ്ചത്തേക്കാണ് ആദ്യം മാറ്റിയത്. അന്ന് കര്‍ക്കടക വാവുബലി പ്രമാണിച്ച് അവധിയായതിനാല്‍ 11ലേക്ക് തീരുമാനിക്കുകയായിരുന്നു.
മുത്തങ്ങ വനത്തില്‍ ഭൂസമരം നടത്തിയ ആദിവാസികളെ പോലീസ്, വനം സേനകള്‍ സംയുക്തമായി ബലപ്രയോഗത്തിലൂടെ കുടിയിറക്കിയ 2003 ഫെബ്രുവരി 19ന് പോലീസുകാരന് അബ്ദുള്‍സലാം, വനം ജീവനക്കാരന് ശശിധരന് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതു സംബന്ധിച്ച സിബിഐ കേസില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന് (72), സംസ്ഥാന സമിതിയംഗം ബത്തേരി തേലമ്പറ്റ രമേശന് കൊയ്യാലിപ്പുര (58), സമരമുഖത്തുണ്ടായിരുന്ന അനില്‍ അമ്മാനി (47), ബിനു നെയ്യാറ്റിന്‍കര (53) എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്ന്, മൂന്ന്, അഞ്ച്, 11 പ്രതികളാണ് ഇവര്‍.
പ്രതികള്‍ക്കെതിരേ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗൂഢാലോചന ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിന് 30 ദിവസം സാവകാശം അനുവദിച്ചിട്ടുണ്ട്.
കുടിയിറക്കുദിവസം പോലീസുകാരന് കെ.വി. വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതി അശോകന് എതിരേ മാത്രമാണ് തെളിവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന തെളിയിക്കപ്പെടാത്തതിനാല്‍ മറ്റു പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. അശോകന് ജീവിച്ചിരിപ്പില്ലാത്തതില്‍ ശിക്ഷ വിധിച്ചിരുന്നില്ല.
Kerala
കൊച്ചി: മുത്തങ്ങയില്‍ പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് ഹൈക്കോടതി. പ്രതികളുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. അപ്പീലില്‍ സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം, ഫോറസ്റ്റര്‍ ശശിധരന് എന്നിവരെ ആക്രമിച്ച കേസില്‍ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന് ഉള്‍പ്പെടെയുള്ളവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഗീതാനന്ദന്, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന് കോയാലിപ്പുര, പതിനൊന്നാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ക്ക് കല്പറ്റ സെഷന്‍സ് കോടതി വിധിച്ച 5 വര്‍ഷം കഠിന തടവിനെതിരെയാണ് അപ്പീല്‍. വിചാരണക്കോടതിയുടെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്ക്കുന്നു എന്ന് അന്തിമ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്തു. അന്തിമ ഉത്തരവില്‍ "പ്രഥമദൃഷ്ട്യാ' എന്ന പ്രയോഗം വരാറില്ല, അത് എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് വിധിയില്‍ പിഴവുകള്‍ ഉണ്ടെന്നും അവ സൂക്ഷ്മമായി പരിശോധിക്കണമെന്നും കോടതി നിലപാട് സ്വീകരിച്ചത്.
പ്രതികള്‍ 23 വര്‍ഷമായി കേസിന്റെ പിന്നാലെ നടക്കുകയാണെന്നും ഇനി ശിക്ഷ മരവിപ്പിക്കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ശിക്ഷ മരവിപ്പിക്കാന്‍ കോടതി തയാറായില്ല. സര്‍ക്കാരിന്റെയും സിബിഐയുടെയും വാദം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: പോലീസ് അസോസിയേഷന് പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് മേലുള്ള സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്. അജിത്തിന്റെ ആവശ്യം തള്ളി.
തുടര്‍ന്ന് ജി.ആര്. അജിത്ത് അപ്പീല്‍ പിന്‍വലിച്ചു. സിംഗിള്‍ ബെഞ്ചില്‍ എതിര്‍പ്പ് അറിയിക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചതോടെയാണ് അപ്പീല്‍ പിന്‍വലിച്ചത്. ജൂലൈ 27-ാം തീയതിയായിരുന്നു ആഭ്യന്തര വകുപ്പ് മൂന്ന് പോലീസ് അസോസിയേഷനുകളെ വെട്ടിച്ചുരുക്കി രണ്ടാക്കി പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
കേരള പോലീസ് അസോസിയേഷനെ പുറത്താക്കി കൊണ്ടായിരുന്നു പുനഃക്രമീകരണം. ജസ്റ്റീസ് ബെച്ചു കുര്യന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഈ ഉത്തരവ് സ്റ്റേ ചെയ്തത്. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കോടതി തടഞ്ഞു.
പോലീസ് അസോസിയേഷന് സംഘടന പിരിച്ചുവിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും അടുത്ത മാസം 30ന് ഉള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിക്കുകയുമായിരുന്നു ചെയ്തത്. ജൂലൈ 28ന് അഡ്ഹോക് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
പോലീസ് സംഘടനകളുടെ പുനഃസംഘടന നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവില്‍ കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സ്റ്റേ. അതേസമയം, സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന മൂന്ന് സംഘടനകളായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.
പുതിയ ഉത്തരവു പ്രകാരം ഇത് രണ്ടായി ചുരുക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്ഐ വരെ ഉള്‍പ്പെടുന്ന പോലീസ് അസോസിയേഷനും എസ്ഐ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാക്കി ആയിരുന്നു സംഘടനകള്‍ ചുരുക്കിയത്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്കും ജാമ്യം. വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആക്രമണം ഗൗരവതരമെങ്കിലും പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും കോടതി വിലയിരുത്തി.
ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം.
പ്രതികള്‍ കന്റോണ്‍മെന്റ് എസിക്ക് മുമ്പാകെ ഹാജരാകണം. സംഭവം നടന്ന പ്രദേശത്തോ അതിന്റെ സബ് ഡിവിഷന് പരിധിയിലോ പ്രവേശിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ടി.എസ്. കിരണ്‍, ജീവന്, അനില്‍കുമാര്‍, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്‍ഥ്, റഫീഖ്, ജി. നന്ദു, രാഹുല്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
പോലീസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികള്‍ 67 ദിവസമായി കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല, പിന്നെ എന്തിനാണ് പ്രതികള്‍ കസ്റ്റഡിയില്‍ തുടരുന്നതെന്ന് കോടതി ചോദിച്ചു.
വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ഇഡി കോടതിയില്‍ എതിര്‍ത്തു. എല്ലാ വധശ്രമങ്ങളിലും പരിക്ക് ഗുരുതരമാകണമെന്നില്ല എന്നായിരുന്നു ഇഡിയുടെ വാദം.
Kerala
കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിനുള്ള കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) സ്റ്റേ ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നു കരുതാനാകില്ലെന്നും ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ട എല്ലാവരെയും കക്ഷിചേര്ത്തില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് കെഎടി സ്റ്റേ ചെയ്ത നടപടി ചോദ്യംചെയ്ത് സര്‍ക്കാരും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചില മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരും നല്കിയ ഹര്‍ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
മാര്‍ച്ചില്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും നിലവില്‍ ഇതുപ്രകാരം ഒട്ടേറെ ഒഴിവുകളുള്ള സാഹചര്യത്തില്‍ ആരെയും ബാധിക്കാത്ത വിധം സ്ഥലംമാറ്റം നടപ്പാക്കാമായിരുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കെഎടിയിലെ ഹര്‍ജി. ഇക്കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിവച്ചാണ് കെഎടി സ്ഥലം മാറ്റ നടപടികള്‍ സ്റ്റേ ചെയ്തത്. എന്നാല്‍, ചില തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയപ്പോഴുണ്ടായ ഒഴിവുകളിലേക്ക് അനിവാര്യമായ സ്ഥലംമാറ്റം നടത്തുകയാണു ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സുഗമമായ ഭരണനിര്‍വഹണത്തിനു ഡോക്ടര്‍മാരുടെ സ്ഥലംമാറ്റവും ഉദ്യോഗക്കയറ്റവും തീരുമാനിക്കുകയെന്നതു സര്‍ക്കാരിന്റെ അധികാരമാണെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, എല്ലാ കക്ഷികളെയും കേട്ട് ട്രൈബ്യൂണല്‍ ഹർജികള്‍ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
Kerala
കൊച്ചി: വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് മുന്‍ എംഎല്‍എ ടി.എ. മധുസൂദനന്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയാണ് തന്നെ തോല്‍പ്പിച്ചത്. തെളിവുകളോ രേഖകളോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളന് എന്ന പ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അടുത്തയാഴ്ചയാകും ഹര്‍ജി കോടതി പരിഗണിക്കുക.
രക്തസാക്ഷി ഫണ്ട് കള്ളന് എന്ന വ്യാജ ആരോപണം നടത്തി. ആരോപണത്തിന് രേഖകളോ തെളിവുകളോ ഇല്ല. പ്രചാരണത്തിനിടെ പ്രസംഗങ്ങളില്‍ താന്‍ കളങ്കിതനാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. അതിനാല്‍ തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്യണമെന്നാണ് മധുസൂദനന്റെ ആവശ്യം. ഹര്‍ജി വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി വി. കുഞ്ഞികൃഷ്ണന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്തു വന്നതോടെ കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും സ്വതന്ത്രനായി മത്സരിച്ച് ചരിത്രം വിജയം നേടുകയും ചെയ്തതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു.
Kerala
കൊച്ചി: കശുവണ്ടി അഴിമതി കേസിലെ പ്രതിയായ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് സര്‍ക്കാര്‍ പദവികളില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഹൈക്കോടതി. ഇത്രയും വലിയ അഴിമതിക്കാരനെയാണോ സര്‍ക്കാര്‍ സുപ്രധാന പദവിയില്‍ ഇരുത്തിയതെന്ന് കോടതി വിമര്‍ശിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സെക്രട്ടറി, റൂട്രോണിക്സ് എംഡി എന്നീ പദവികളാണ് നിലവില്‍ രതീഷ് വഹിക്കുന്നത്. ഇതിനെതിരായി എത്തിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. കശുവണ്ടി അഴിമതി കേസില്‍ കെ.എ. രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ രതീഷിന് സുപ്രധാന പദവികള്‍ നല്കിയതും മന്ത്രിമാരോടൊപ്പം യോഗങ്ങളില്‍ പങ്കെടുക്കുന്നതും ചോദ്യം ചെയ്തു കൊണ്ടാണ്, രതീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജഹാന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കെ.എ. രതീഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് കോടതി വ്യക്തമാക്കി. ഇത്രയും വലിയ അഴിമതിക്കാരനെയാണോ രണ്ട് പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയോഗിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് എ. ബദറുദീന്‍ ചോദിച്ചു.
അഴിമതിക്ക് നല്ല സാധ്യതയുള്ള സ്ഥലത്താണല്ലോ വെച്ചിരിക്കുന്നത് എന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കകം വിശദീകരണം നല്കാന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 6ന് ആണ് കേസ് വീണ്ടും പരിഗണിക്കുക.
Kerala
കൊച്ചി: സിഎംആര്‍എല്‍എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പ്രതികളായ ശ്രീജിത്, ജീവന്, അനില്‍ കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, സിദ്ധാര്‍ഥ്, നിഷാദ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് പരിഗണിക്കുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ മാധ്യമങ്ങളില്‍ എത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് പ്രതികളുടെ വാദം.
56 ദിവസമായി റിമാന്‍ഡിലാണ്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകു പ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മേയ് 27 ന് നടന്ന അക്രമ സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
കൊച്ചി: യഥാര്‍ഥ ശമ്പളത്തിനനുസൃതമായി പിഎഫ് വിഹിതം അടച്ചുകൊണ്ടിരുന്ന 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ ഉയര്‍ന്ന പിഎഫ് പെന്ഷന് അര്‍ഹരാണെന്നു ഹൈക്കോടതി. 2014ലെ ഭേദഗതി നിലവില്‍ വന്നതിനു മുമ്പുള്ള കാലയളവില്‍ ഓപ്ഷന് നല്‍കിയില്ലെന്ന പേരില്‍ ഉയര്‍ന്ന പെന്ഷന് നിഷേധിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തും പിഎഫ് പെന്ഷന് പദ്ധതിയില്‍നിന്ന് പുറത്തുപോയെന്നു ചൂണ്ടിക്കാട്ടിയും ഉയര്‍ന്ന പെന്ഷന് നിഷേധിക്കപ്പെട്ടവര്‍ക്ക് അത് അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു. ഉയര്‍ന്ന പെന്ഷന് മുമ്പ് കൈപ്പറ്റിയവരില്‍നിന്ന് അധിക തുക തിരിച്ചുപിടിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഉയര്‍ന്ന പെന്ഷന് നിഷേധിച്ചതു ചൂണ്ടിക്കാട്ടി നല്കിയ 250ഓളം ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
ഉയര്‍ന്ന പെന്ഷന് അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ ആര്.സി. ഗുപ്ത കേസിലെ വിധി 2014ന് മുമ്പ് വിരമിച്ചവര്‍ക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. ഈ വിധിയില്‍ ഓപ്ഷന് നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സുനില്‍ കുമാര്‍ കേസിലെ സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് ഉയര്‍ന്ന പെന്ഷന് പിഎഫ് അധികൃതര്‍ നിഷേധിക്കുന്നത്. ഓപ്ഷന് നല്കാന് സമയപരിധി നിശ്ചയിച്ച നടപടി വിവിധ കോടതി ഉത്തരവുകളിലൂടെ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥ ശമ്പളത്തിന് വിഹിതം അടച്ചവര്‍ക്ക് ഓപ്ഷന് നല്കാന് വിരമിക്കല്‍ തടസമായി മാറില്ല.
വിധി പുറപ്പെടുവിച്ച് നാല് മാസത്തിനകം അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ ക്ഷേമത്തിനു നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ആനകളെ അശാസ്ത്രീയമായി തളയ്ക്കുന്നത് ഒഴിവാക്കണം, ആനക്കോട്ടയിലെ സ്ഥലപരിമിതി, അശാസ്ത്രീയ ഭക്ഷണ രീതി തുടങ്ങിയവ പരിഹരിക്കണം എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നല്‍കിയിരിക്കുന്നത്.
ആനക്കോട്ടയിലെ അസൗകര്യവും ശുചിത്വത്തിലെയും പരിപാലനത്തിലെയും അപാകതകളും ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഏഷ്യന്‍ എലഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മദപ്പാടുള്ള സമയത്തൊഴികെ ആനകളെ തളയ്ക്കാന്‍ ഇരുമ്പുചങ്ങലകള്ക്കു പകരം പരുത്തി കയറുകളോ മറ്റോ ഉപയോഗിക്കണം, തുടര്‍ച്ചയായി ഒരേ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം, കാലുകള്‍ മാറി മാറി തളയ്ക്കണം, മദപ്പാടുള്ളപ്പോള്‍ മാത്രം ചങ്ങലയില്‍ തളയ്ക്കുക തുങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍.
2019ലെ സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള ശാസ്ത്രീയമായ ഭക്ഷണക്രമം ആനകള്‍ക്ക് ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളത്തിനായി ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണം. എല്ലാ ആനകള്‍ക്കും ദിവസവും നാലു മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ നടക്കാന്‍ അവസരമൊരുക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ഒഴുക്കുള്ള വെള്ളത്തില്‍ കുളിപ്പിക്കണം, ആനക്കോട്ടയില്‍ ഉടനീളം സിസിടിവി കാമറകള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
ആനകള്‍ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ ദേവസ്വം അടിയന്തരമായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഉത്തരവുകള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയ കോടതി, ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ രണ്ടിന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ മൊഴിയെടുക്കാന്‍ അന്‍സിബ ഹസന് നേരിട്ട് ഹാജരാകണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അടുത്ത മാസം 29ന് ഹാജരാകണമെന്നാണ് അന്‍സിബയോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് അന്‍സിബ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
അന്‍സിബയുടെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേസെടുക്കാന്‍ ആവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. എന്നാല്‍ തന്റെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കണണെന്നും അന്‍സിബ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്‍സിബ നിയമ പോരാട്ടം തുടങ്ങിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ലക്ഷ്മിപ്രിയയ്ക്കും ഒരു യുട്യൂബ് ചാനലിനുമെതിരെ ജൂണ്‍ 26ന് ആണ് അന്‍സിബ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ചാനലിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അധികാര തര്‍ക്കവും പരസ്യ പോരും രൂക്ഷം. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോന് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കും.
കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന കോടതി വിധിയില്‍ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടിയുടെ വാദവും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്കിയ അപേക്ഷയും കോടതി പരിഗണിക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ലക്ഷ്മിപ്രിയക്കും ഓണ്‍ലൈന്‍ ചാനലിനും ശ്വേത മേനോനുമെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പോലീസ് നടപടിക്കെതിരെയു അന്‍സിബ പരാതി നല്‍കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒക്കുമെതിരെയാണ് പരാതി നല്‍കിയത്.
ഇതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാര്‍ സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് കത്തയച്ചു. രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ ശ്വേത മേനോന് ഭരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നീക്കം. അന്‍സിബ, മാല പാര്‍വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവര്‍ ചേര്‍ന്നാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചത്.
രാജി വെച്ചു പോയവര്‍ ചെക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആറു കോടി രൂപ ബാലന്‍സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജി വെച്ചു പോയവര്‍ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല തന്ത്രിയായി കണ്ഠരര് രാജീവരുടെ മകന് ബ്രഹ്മദത്തനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഇന്ന് ഹൈക്കോടതി പരിഗണിക്കും. വരാനിരിക്കുന്ന ചിങ്ങ മാസം മുതല്‍ ശബരിമല തന്ത്രിയായി തന്റെ മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവര് നല്കിയ കത്തിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ നിലപാട് തേടിയിരുന്നു.
ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാം എന്നായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ബ്രഹ്മദത്തനെ തന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കണ്ഠരര് രാജീവരര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം.
Kerala
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി നിരീക്ഷണം. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ദേവസ്വം ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയില്ലെന്നും 43 വര്‍ഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഓണ്‍ലൈന്‍ വഴിപാടുകളും ഡിജിറ്റല്‍ പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഓഡിറ്റിന് ആവശ്യമായ ലോഗിന്‍ വിവരങ്ങളും രേഖകളും ദേവസ്വം കൈമാറുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.
സ്വര്‍ണം, വെള്ളി, വെങ്കല പാത്രങ്ങള്‍, കുങ്കുമപ്പൂവ് തുടങ്ങി ക്ഷേത്രത്തിന്റെ വിവിധ ആസ്തികളുടെ കൃത്യമായ രജിസ്റ്റര്‍ പോലും പലപ്പോഴും സൂക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകളും പരിഹരിക്കേണ്ട പോരായ്മകളും വിശദീകരിക്കണമെന്ന് നിര്‍ദേശിച്ചു.
ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടുതല്‍ സുതാര്യവും ആധുനികവുമായ ഭരണ സംവിധാനം ഉറപ്പാക്കാന്‍ ആവശ്യമായ ശിപാര്‍ശകളും സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളില്‍ കര്‍ശനമായ സുതാര്യത ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: പയ്യന്നൂരില്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് നിഷാദിന് ഹൈക്കോടതി അടിയന്തര പരോള്‍ അനുവദിച്ചത്. പരോളിനുള്ള അപേക്ഷ ജയില്‍ സൂപ്രണ്ട് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അമ്മയുടെ ചികിത്സയ്ക്കായാണ് ഇത്തവണ പരോള്‍ അനുവദിച്ചത്.
നവംബര്‍ 25നാണ് വി.കെ. നിഷാദിനെ കോടതി 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ 26ന് പരോള്‍ ലഭിച്ചു പുറത്തിറങ്ങി. പിന്നീട് പരോള്‍ ജനുവരി 11 വരെ നീട്ടി. തുടര്‍ന്ന് 15 ദിവസത്തേക്കുകൂടി വീണ്ടും പരോള്‍ നീട്ടി. ഇതോടെ ഒരു മാസം ജയിലില്‍ കിടന്നപ്പോള്‍ നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു.
അച്ഛന്റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിന് അപേക്ഷിച്ചിരുന്നത്. പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്. ഫെബ്രുവരിയില്‍ വീണ്ടും ഏഴു ദിവസത്തേക്കു പരോള്‍ ലഭിച്ചു. പരോളിലായിരുന്നപ്പോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് വി. കുഞ്ഞിക്കൃഷ്ണനെതിരെ നടത്തിയ പ്രകടനത്തിലും നിഷാദ് പങ്കെടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിലില്‍നിന്നു മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്. അതിനാല്‍ മത്സരിക്കുന്നതിനു തടസമുണ്ടായില്ല. എന്നാല്‍, ശിക്ഷ റദ്ദാക്കാത്തതിനാല്‍ നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കാനായില്ല.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധി മരവിപ്പിക്കണമെന്ന രണ്ടു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിന് ബെഞ്ച് തള്ളി. അഞ്ചാം പ്രതി വടിവാള്‍ സലീമിന്റെയും ആറാം പ്രതി പ്രദീപിന്റെയും അപേക്ഷയാണ് തള്ളിയത്. ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
നേരത്തെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 20 വര്‍ഷം കഠിന തടവാണ് കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ചത്. ആ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശിക്ഷ മരവിപ്പിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് നടിയുടെ അഭിഭാഷക ചൂണ്ടിക്കാണിച്ചിരുന്നു. ശിക്ഷ മരവിപ്പിക്കുന്നതിനെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് അപ്പീല്‍ തള്ളിയത്.
വിചാരണ കോടതിയുടെ വിധിയില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ നിയമവിരുദ്ധതകളോ ഉള്ളതായി ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ പണം വാങ്ങി നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഗൗരവമേറിയ ആസൂത്രിത കുറ്റകൃത്യമാണ്. ശിക്ഷാ വിധി മരവിപ്പിക്കാന്‍ തക്കതായ കാരണങ്ങളില്ല എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Kerala
കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച സംസ്ഥാന വഖഫ് ബോർഡിന്റെ നിലവിലെ ഘടന നിയമപരമല്ലെന്നും അതിനാൽ ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് നിയമത്തിലെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാതിനിധ്യം കൃത്യമായി നിർണയിക്കാതെയാണ് ബോർഡ് രൂപീകരിച്ചത്. ഇത് പരിഹരിക്കാനാണ് പുനഃസംഘടനയ്ക്ക് തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ സർക്കാരും ബന്ധപ്പെട്ട മറ്റ് കക്ഷികളും മൂന്നാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് ഇനി നാലാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
കേരള വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 2025-ലെ നിയമഭേദഗതി അനുസരിച്ച് ബോർഡിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
Kerala
കൊച്ചി: വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന നിലപാട് ഹൈക്കോടതിയിലും ആവര്‍ത്തിച്ച് സര്‍ക്കാര്‍. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജുഡീഷല്‍ സിറ്റിംഗ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും അതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രണ്ടു പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു. വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. സത്യവാഗ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും ക്രിസ്ത്യന്‍ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേരത്തെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വഖഫ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
Kerala
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തിയ പ്രതി പിടിയില്‍. പച്ചാളം സ്വദേശി അരുണ്‍ ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പച്ചാളം കെ.എസ് ഉദയന്‍ റോഡില്‍ വച്ചായിരുന്നു സംഭവം.
മദ്യപിച്ച് അലക്ഷ്യമായി സ്കൂട്ടര്‍ ഓടിച്ചു വന്ന യുവാവ് ഡ്രൈവറെയും വാഹനത്തിലുണ്ടായ ജഡ്ജിയെയും അസഭ്യം പറയുകയായിരുന്നു. ജഡ്ജിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ നോര്‍ത്ത് പോലീസില്‍ നല്കിയ പരാതിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനും പരസ്യമായി അസഭ്യം പറഞ്ഞതിനും കേസ് എടുത്തു. അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ നിയമപരമായ വീഴ്ചകളില്‍ പോലീസിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റീസ് എ. ബദറുദീന്‍ വിമര്‍ശിച്ചു.
കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി ഡോ. റാമിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിലാണ് പോലീസിനെതിരേ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും.
ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമാണ് ഡോ. റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിയുടെ ഭക്ഷണവും പണവും പോലീസ് ഉദ്യോഗസ്ഥര്‍ വാങ്ങി. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എന്നും കോടതി വിമര്‍ശിച്ചു.
കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. 15,000 രൂപ ലോണെടുത്തയാള്‍ ജീവനൊടുക്കിയെന്നാണ് പറയുന്നത്. 15 കോടി വായ്പ എടുത്തവര്‍ ആത്മഹത്യ ചെയ്യുന്നില്ല. പോലീസിന്റെ കഥയില്‍ നിന്നു തന്നെ മനസിലായി അവര്‍ ആരുടെ കൂടെയാണെന്ന്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പോലീസ് എന്ന് കോടതി ചോദിച്ചു.
ഡോ. എം.കെ റാമിനെ ഹാജരാക്കിയപ്പോള്‍ എന്തൊക്കെ രേഖകള്‍ പോലീസ് നല്‍കിയെന്നും കോടതി ചോദിച്ചു. രേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നടപടിക്രമങ്ങള്‍ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും.
Kerala
കൊച്ചി: ശബരിമല തന്ത്രിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്നതില്‍ നിര്‍ണായക തീരുമാനം നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ എടുക്കും.
തന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ തന്ത്രി ആക്കണമെന്നും കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മേല്‍ശാന്തി ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ മണ്ഡലകാലത്ത് കണ്ഠരര് രാജീവരാണ് തന്ത്രി സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി പ്രതി പട്ടികയിലാണ്. ഇതോടെയാണ് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. കണ്ഠര് രാജീവരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ നിലപാട് തേടിയത്.
Kerala
കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ യുവതിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്. ബഹളം കേട്ടെത്തിയ വീട്ടുകാരാണ് യുവതി കിണറ്റില്‍ ചാടിയതു കണ്ടത്. അഗ്നിരക്ഷാസേനയെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് വ്യാജ പീഡന പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആലുവ അശോകപുരം പാടത്തുപറമ്പ് വീട്ടില്‍ ബിനു (35), ഭാര്യ ബിന്‍സി (32) എന്നിവര്‍ ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
ആംബുലന്‍സ് ഡ്രൈവറായ ബിനു ഹൈക്കോടതിക്ക് മുന്നിലെത്തി ആംബുലന്‍സില്‍ വച്ച് ഭാര്യയ്ക്കൊപ്പം അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. മുന്‍ സുഹൃത്തായ യുവതിയുടെ പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ജീവനൊടുക്കാൻ പോവുകയാണെന്ന് ബിനു സുഹൃത്തിനെ വിളിച്ചറിയിക്കുകയും ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സുഹൃത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് സമീപം ആംബുലന്‍സ് കണ്ടെത്തുകയായിരുന്നു.
അതേസമയം വിവാഹശേഷവും ബിനുവുമായുള്ള സൗഹൃദം തുടര്‍ന്ന യുവതി ഇയാളുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഒരുമിച്ചുള്ള ചിത്രം യുവതിയുടെ ഭര്‍ത്താവിന് ബിനു അയച്ചു. തുടര്‍ന്നാണ് യുവതി ബിനുവിനെതിരെ പീഡന പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ബിനുവിന് കോടതി ജാമ്യം നല്‍കിയിരുന്നു.
Kerala
കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാ ശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനുവും ഭാര്യ ബിന്‍സിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുന്‍ സുഹൃത്ത് നല്കിയ വ്യാജ പീഡന പരാതിയില്‍ പോലീസും പരാതിക്കാരിയുടെ ബന്ധുവായ ഒരു ജഡ്ജിയും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ദമ്പതികള്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കോടതിക്ക് മുന്നില്‍ ആംബുലന്‍സിലെത്തി ദമ്പതികള്‍ വിഷം കഴിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആലുവയിലുള്ള ഒരു ജഡ്ജിക്കും എതിരെയുള്ള ആത്മഹത്യാ കുറിപ്പ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി.
വിനുവിന്റെ മുന്‍ സുഹൃത്തായ യുവതി മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷമാണ് പീഡന പരാതി നല്‍കിയത്. വ്യാജ പരാതിയാണെന്ന് മനസിലായിട്ടും തനിക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തെന്നും സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചുവെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ആംബുലന്‍സില്‍ വച്ച് ഒരു വീഡിയോയും ഇവര്‍ ചിത്രീകരിച്ചിരുന്നു.
Kerala
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. പെണ്‍കുട്ടിക്ക് സംരക്ഷണം ഒരുക്കാന്‍ പാലാരിവട്ടം പോലീസിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ പാലാരിവട്ടം പോലീസിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ നല്കിയ ഹര്‍ജിയില്‍ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
പെണ്‍കുട്ടിയും ഭര്‍ത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പിന്നാലെ പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്കിയാല് മതിയെന്ന് പോലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും സെൻട്രല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പാസ്പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.
അതേസമയം മധ്യപ്രദേശ് പോലീസില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പോക്സോ കേസ് പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്ഹാന് തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
2025ല്‍ ദ്വാരപാലക പാളി കടത്താന്‍ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധന ഫലത്തില്‍ നിന്നും പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും കൊള്ളയടിച്ച സ്വര്‍ണം എത്രയാണെന്ന് വ്യക്തമായെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
സെപ്റ്റംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ള കേസില്‍ പല ഘട്ടങ്ങളിലായി ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
കട്ടിളപ്പാളി കേസില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രമിക്കാമെന്ന് കോടതിയില്‍ എസ്ഐടി അറിയിച്ചു. അളവ് കുറച്ച് സ്വര്‍ണം പൂശിയ നടപടി മറച്ചു വയ്ക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കണ്ടെത്തല്‍.
കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്ഐടി ഹൈക്കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2019ലെ ദ്വാരപാലക ശിലപങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട കേസിന്റെ ഒപ്പം തന്നെയായിരിക്കും 2025ലെ സ്വര്‍ണം പൂശലും അന്വേഷിക്കുക.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ സൗത്ത് 24 പർഗാനസ് ജില്ലയിലുള്ള ഓഫീസ് പൊളിക്കുന്നതു തടഞ്ഞ് കൽക്കട്ട ഹൈക്കോടതി. ഓഫീസ് കെട്ടിടം പൊളിക്കുന്നതു തടഞ്ഞ കോടതി, നിലവിലെ സ്ഥിതി തുടരാൻ ഉത്തരവിട്ടു.
അവധിദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് രാജ ബസു ചൗധരിയുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡയമണ്ട് ഹാർബർ റോഡിലുള്ള ഈ അഞ്ചുനില കെട്ടിടം പൊളിക്കുന്നതിനു ജൂലൈ അവസാനം വരെ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അനധികൃത നിർമാണമെന്നാരോപിച്ചാണ് ശനിയാഴ്ച ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങിയത്. ഇതിനെതിരേ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട ലീപ്സ് ആൻഡ് ബൗണ്ട്സ് എന്ന കമ്പനി സമർപ്പിച്ച അടിയന്തര ഹർജിയിലാണു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
കൃത്യമായ രേഖകളും അനുമതികളും വാങ്ങിയാണ് കെട്ടിടം നിർമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നിയമവിരുദ്ധമായാണ് അധികൃതർ നടപടിയെടുത്തതെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, അനധികൃത നിർമാണമെന്നാണ് അധികൃതരുടെ വാദം. പുതിയ ഉത്തരവുണ്ടാകുന്നതു വരെ തുടർനടപടികൾ പാടില്ലെന്ന് കോടതി അധികൃതർക്ക് നിർദേശം നൽകി.
Kerala
കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കരാര്‍ കമ്പനിയെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും കുറ്റപ്പെടുത്തി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമ ദൃഷ്യാ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. നിര്‍മ്മാണ കമ്പനിക്ക് മുമ്പും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കി എന്നാണ് അമിക്കസ് ക്യൂറിയുടെ വിമര്‍ശനം.
ദുരന്ത സാധ്യതയുള്ള ഏതു നിര്‍മ്മാണവും അതോറിറ്റിക്ക് പരിശോധിക്കാന്‍ നിയമപരമായ അധികാരമുണ്ട്. കള്ളാടി പാലത്തിന് സമീപത്തെ മണ്‍കൂമ്പാരം അപകടകരമാണെന്ന് ദുരന്തനിവാരണ വിഭാഗം അഞ്ചു തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കരാര്‍ കമ്പനി അവഗണിച്ചു.
കരാറുകാരായ ദിലീപ് ബില്‍ഡ്കോണിന് മുമ്പും നിര്‍മ്മാണ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്ധ്രയിലെ അനഗപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്കോണ്‍ നിര്‍മ്മിച്ച ഫ്ലൈ ഓവര്‍ തര്‍ന്നുള്ള അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.
കമ്പനിയുടെ മുന്‍കാലചരിത്രം പരിശോധിച്ചു വേണം കരാര്‍ നല്കാന്. പരിസ്ഥിതിലോല പ്രദേശത്ത് കരാര്‍ നല്കുമ്പോള് കര്‍ശന പരിശോധന വേണമായിരുന്നു എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. തുരങ്ക നിര്‍മ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവയ്ക്കാനും ശുപാര്‍ശയുണ്ട്.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിലവില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടുത്ത വെള്ളിയാഴ്ച കോടതി വിഷയത്തില്‍ തുടര്‍ നിലപാട് അറിയിക്കും.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് രണ്ടു നീതിയാണെന്നും കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും കോടതി വിമര്‍ശിച്ചു. പ്രതിയെ പിടികൂടാത്തതിന്റെ ഉത്തരവാദിത്തം എഡിജിപി എച്ച് വെങ്കിടേഷിനാണെന്നും കോടതി പറഞ്ഞു.
ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വയുടെയും ചിത്തരേഷിന്റെയും വിവാദ നിയമന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പോലീസിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം തലശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും തള്ളിയിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. അതിനാല്‍ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. ട
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.
Kerala
കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ പുനപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാപ്പ തടവില്‍ നിന്ന് ഇടക്കാലമോചനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ചട്ടപ്രകാരം തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സുഗതന് നല്കിയ ഹര്‍ജിയില്‍ ഉച്ചയ്ക്ക് രണ്ടിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കും. അക്രെഡിറ്റഡ് മാധ്യമപ്രവര്‍ത്തകരെ കൂടി ജയിലില്‍ കയറ്റിക്കൂടെ എന്നും കോടതി ചോദിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ അസാധവാക്കി കൊണ്ടുള്ള ഉത്തരവ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനപ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം.
ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20ലെ കൗണ്‍സിലറായ സുഗതന്. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍ കാപ്പാ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സുഗതന്റെ ഹർജിയിലെ പ്രധാന ആവശ്യം. 14നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
നെടുമങ്ങാട് കോടതി നേരത്തെ മറ്റ് രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഗതന്റെ ഹർജി പരിഗണിക്കവെ കൗൺസിലറുടെ സത്യപ്രതിജ്ഞ ജയിലിൽ വെച്ച് തന്നെ നടത്തിക്കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം സുഗതനെ യാതൊരു കാരണവശാലും ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്നാണ് സർക്കാർ നിലപാട്. ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ നിയമപരമായി സാധിക്കുമോയെന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. മറ്റ് കൗൺസിലർമാർ നേരത്തെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Kerala
കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതിയിലെ വിവാദ പ്രോസിക്യൂഷന് ഉത്തരവില്‍ കെ. ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. പുതിയ മാപ്പപേക്ഷയുടെ സത്യവാഗ്മൂലം പുതുക്കി നല്കാന് കോടതി നിര്‍ദേശിച്ചു. കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ ആയുധമാകരുത് എന്നും ബിജുവിനോട് കോടതി പറഞ്ഞു.
കോടതി നിര്‍ബന്ധിച്ചതിനാല്‍ സമയം കിട്ടിയില്ല എന്നായിരുന്നു ബിജുവിന്റെ ആദ്യ ഉത്തരവിലെ വിശദീകരണം. അതുകൊണ്ട് ഈ ഭാഗത്തില്‍ വ്യക്തത ഉണ്ടാക്കിയ ഒരു മാപ്പപേക്ഷ പുതിയത് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് കെ. ബിജുവിനെതിരെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗസ്ഥന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന് ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ആദ്യ ഉത്തരവില്‍ ഹൈക്കോടതി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ പ്രതികളുടെ കൈകളില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Kerala
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തതിനെതിരെ അതിജീവിത പരാതിയുമായി രംഗത്ത്.
ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമാണ് അതിജീവിത പരാതി നൽകിയത്. ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അതിജീവിത നിവേദനം നൽകിയത്.
അതീവ ഗൗരവതരമായ ആരോപണങ്ങളാണ് അതിജീവിത നൽകിയ നിവേദനത്തിലുള്ളത്. അതിക്രമ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ പരിശോധിക്കപ്പെട്ടുവെന്നും ഇതിൽ ജഡ്ജി ഉൾപ്പെടെയുള്ളവർ ഭാഗമാണെന്നും നിവേദനത്തിൽ ആരോപിക്കുന്നു.
അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരും നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്നാണ് അതിജീവിതയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: എഡിജിപി എസ്.ശ്രീജിത്തിന്റെ അബുദാബി സന്ദർശനത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയിരുന്നു.
ഇതിനിടെ അദ്ദേഹം സ്വകാര്യ ആയുർവേദിക് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
അനുമതി ഇല്ലാതെയാണ് ആയുർവേദ സെന്ററിന്റെ ഉദ്ഘാടനത്തിന് എസ്. ശ്രീജിത്ത് പോയതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്. അബുദാബിയിലേക്ക് പോകുന്ന കാര്യം ശ്രീജിത്ത് സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന സമയത്ത് ശ്രീജിത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ, ട്രാൻസ്ഫറുകൾ തുടങ്ങിയവ സംബന്ധിച്ചും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ധാക്കുകയും ചെയ്തു.
വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനും കോര്പ്പറേഷന് എംഡി കെ.എ. രതീഷുമാണ് പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
അതേസമയം കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് മനോജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Kerala
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്കി ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റീസ് എം.ബി. സ്നേഹലതയുടെ ഇടക്കാല ഉത്തരവ്.
ചിക്കന്‍പോക്സിനെത്തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് (മസ്തിഷ്ക വീക്കം) ബാധിച്ചാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് മസ്തിഷ്കമരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിട്ടുള്ളത്.
സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റ് അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്നോളജി നടപടികളിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആര്‍ടി) നിയമപ്രകാരം ബീജം ശേഖരിക്കാന്‍ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ കഴിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഇനി വൈകിയാല്‍ പിതൃത്വത്തിനുള്ള സാധ്യത എന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നും അറിയിച്ചു.
തുടര്‍ന്ന് യുവാവിന്റെ ബീജം ശേഖരിക്കാനും ശീതീകരിച്ച് സൂക്ഷിക്കാനും (ക്രയോപ്രിസര്‍വേഷന്‍) കോടതി അനുമതി നല്‍കുകയായിരുന്നു. ചികിത്സയിലുള്ള ആശുപത്രിയോ മറ്റു അംഗീകൃത എആര്‍ടി ക്ലിനിക്കുകളോ മുഖേന ബീജം ശേഖരിക്കാം.
എന്നാല്‍, ഗര്‍ഭധാരണത്തിനടക്കം മറ്റു എആര്‍ടി നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. കേസ് ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ. ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ല എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലിൽ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം.
മൂന്നുവർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാതെ ഇരുന്നാൽ മാത്രമേ സെക്ഷൻ 164( 2) ബാധകമാവുകയുള്ളൂ. നിലവിൽ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡിൻ നമ്പറുകൾ അപ്പീലർമാർ ഹാജരാക്കിയിരുന്നു.
ഡിൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ ഒരു നിയമവും രൂപീകരിച്ചിട്ടില്ല. കൂടാതെ എസ്എൻഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന കമ്പനിയാണെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം. ദേശീയ ട്രിബ്യൂണലിന് മാത്രമാണ് കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ ആവുകയെന്നും അപ്പീലിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒമ്പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താൽകാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി-2വിന് പ്രദർശനാനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
സിനിമയുടെ പ്രദർശനം പാടില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്മേൽ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് കോടതി ഇടപെടൽ.
ജസ്റ്റീസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുതാല്പര്യ സ്വഭാവമുള്ള ഹർജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Movies
വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്.
സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.
കേരളത്തിന്റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്.
എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്‍സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.
സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
എ. പത്മകുമാര്‍, മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്. എന്നാൽ സ്വർണക്കട്ടിളപാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നിലവിൽ ജയിൽ മോചിതനാകാൻ കഴിയില്ല
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്.
ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കുറ്റവിമുക്തരാക്കണമെന്നു ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളായ വടിവാൾ സലീം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്.
അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. അപ്പീൽ പരിഗണിച്ചു തീർപ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണമെന്നും ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾക്കു ഗൂഢാലോചനയിൽ പങ്കില്ല. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുണ്ട്. ഗൂഢാലോചനയിലോ കുറ്റകൃത്യത്തിലോ തങ്ങൾക്കു പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. പ്രോസിക്യൂഷന്റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിൽ പറയുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കഴിഞ്ഞ ദിവസം കോടതി 20 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചത്. ആറ് പ്രതികൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹർജിയിലെ സർക്കാരിന്റെ വാദം.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നും അത് കേസിനെ തന്നെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. എംഎൽഎ ആയ വ്യക്തി സമൂഹത്തിലടക്കം വളരെ സ്വാധീനമുള്ളയാളാണ്. കേസിനെ അട്ടിമറിക്കാൻ സാധ്യതയുള്ളയാളാണ്. അതുകൊണ്ട് പ്രതിക്ക് മുൻകൂര്‍ ജാമ്യം നൽകുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. രാഹുൽ സമാനമായ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ 15ാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ ഇന്ന് വോട്ട് ചെയ്യാൻ പാലക്കാട് എത്തുമെന്നാണ് സൂചന. കുന്നത്തൂർമേട്ടിലുള്ള സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്.
സ്വര്‍ണകൊള്ള കേസിലെ എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അരിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ൽ നൽകേണ്ടത്. സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്.