National
ഗോഹട്ടി: 12 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി ആസാം മന്ത്രിസഭ വികസിപ്പിച്ചു. 11 മന്ത്രിമാർ ബിജെപിയിൽനിന്നും ഒരാൾ എജിപിയിൽനിന്നും ആണ്.
റനോജ് പേഗു, അശോഖ് സിംഘാൾ, ബിശ്വജിത് ഡൈമറി, കേശബ് മഹന്ത( എജിപി) എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ആസാമിൽ മുഖ്യമന്ത്രി ഉൾപ്പെടെ 17 മന്ത്രിമാരായി.
മേയ് 12ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും നാലു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
National
നൽബാരി: ആസാമിൽ ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ നേതാവിനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. മധുർജ്യ ബർമൻ (19) ആണ് കൊല്ലപ്പെട്ടത്.
ബർമന്റെ കഴുത്തിനും തലയ്ക്കുമാണു കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ബന്ധുവായ പെൺകുട്ടിയുടെ നില ഗുരുതരമാണ്. കൗമാരക്കാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബർമനും പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ ബന്ധുവും നൽബാരി ടൗണിൽനിന്നു പുസ്തകങ്ങൾ വാങ്ങിയശേഷം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവേയായിരുന്നു ആക്രമണം. ആഷിക് അലി എന്നയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി ബർമനെയും ബന്ധുവിനെയും കുത്തുകയായിരുന്നു. ഉടൻ പോലീസെത്തി അലിയെ കസ്റ്റഡിയിലെടുത്തു.
എന്നാൽ, ബർമനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാനായി അലിക്കൊപ്പം പോലീസ് സംഘം പോകവേ പോലീസുകാരന്റെ റൈഫിൾ തട്ടിയെടുത്ത് അലി വെടിയുതിർത്തു. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ അലി കൊല്ലപ്പെട്ടു. ഇയാളുടെ നെഞ്ചിനാണു വെടിയേറ്റത്.
പ്രണയനിരാസമാണ് ബർമന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. ബർമന്റെ ബന്ധുവായ പെൺകുട്ടിയോട് അലി പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, പെൺകുട്ടി നിരസിച്ചു.
ഒന്പതാംക്ലാസിൽ പഠിക്കവേയാണ് അലി പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയത്. ഇരുവരും ഒരേ പ്രായക്കാരുമാണ്. മാതാപിതാക്കളുടെ മുന്നിൽവച്ച് കൊല്ലുമെന്ന് അലി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
National
ദിസ്പുർ: ആസാമിൽ മാധ്യമസ്ഥാപനത്തിന് നേരെ ആക്രമണം. മാധ്യമപ്രവർത്തകന് മർദനമേറ്റു. സിൽചാർ ടൗണിലെ സെക്കൻഡ് ലിങ്ക് റോഡ് പ്രദേശത്തുള്ള ബരാക് ബാനി എന്ന ബംഗാളി വാർത്താ മാധ്യമ സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവസമയം ഓഫീസിലുണ്ടായിരുന്ന രാജു ദാസ്(25) എന്ന റിപ്പോർട്ടറെ സംഘം മർദിക്കുകയും ചെയ്തു. അക്രമി സംഘം ഓഫീസിലെ സാധനസാമഗ്രികൾ തകർത്തു.
ഒരു ചർച്ചയ്ക്ക് എന്ന വ്യാജേനയാണ് അക്രമിസംഘം ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചത്. തുടർന്നാണ് ഇവർ മാധ്യമപ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുകയും ഓഫീസിൽ അക്രമം അഴിച്ചുവിടുകയും ചെയ്തത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ രാജു ദാസിനെ സിൽച്ചാറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: അസം-പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കൽ, മദ്രസകളിലെ വന്ദേമാതരാലാപനം വിഷയങ്ങളില്‍ ആശങ്കകള്‍ അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് ഇതുസംബന്ധിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് കത്തയച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം സന്തുലിതമാക്കണമെന്നാണ് കത്തിലെ ആവശ്യം.
അസമിലെ ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ ഭരണഘടനാ നീതി, സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കണം. പശ്ചിമ ബംഗാള്‍ മദ്രസകളില്‍ 'വന്ദേമാതരം' ചൊല്ലാനുള്ള ഉത്തരവ്, കന്നുകാലി കശാപ്പ് നിയന്ത്രണങ്ങള്‍ എന്നിവയിലുടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്ക്കുന്നുവെന്നും കത്തിൽ പറയുന്നു.
National
ഗുവാഹത്തി: വരാനിരിക്കുന്ന ബക്രീദ് ആഘോഷങ്ങളിൽ പശുക്കളെ ബലി നൽകുന്നത് പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ മുഴുവൻ ഈദ് കമ്മിറ്റികളോടും അഭ്യർത്ഥിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ മതവികാരങ്ങളെ മാനിച്ചും നിലവിലുള്ള നിയമങ്ങൾ പാലിച്ചും ബക്രീദ് 'പശുബലി വിരുദ്ധ' ഈദ് ആയി ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഹൊജായ്, ധുബ്രി, ബോംഗൈഗാവ്, ഉദർബന്ദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ ഈദ്ഗാഹ്-ഖബർസ്ഥാൻ കമ്മിറ്റികൾ പശുബലി ഒഴിവാക്കാൻ മഹല്ല് നിവാസികളോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ത്യ പല ജാതി മതസ്ഥർ ജീവിക്കുന്ന നാടാണെന്നും ഇവിടുത്തെ സാഹോദര്യവും സമാധാനവും നിലനിർത്തേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ധുബ്രി ടൗൺ ഈദ്ഗാഹ് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഇസ്ലാമിൽ പശുവിനെത്തന്നെ ബലി നൽകണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും, പകരം അനുവദനീയമായ (ഹലാൽ) മറ്റ് മൃഗങ്ങളെ ബലി നൽകാൻ വ്യവസ്ഥയുണ്ടെന്നും മതനേതാക്കൾ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിലുള്ള 'അസം കന്നുകാലി സംരക്ഷണ നിയമം-2021' അനുസരിച്ച് പശുക്കളെ അറുക്കുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്ന് ഈദ് കമ്മിറ്റികൾ തന്നെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ ധുബ്രി പോലുള്ള ജില്ലകളിൽ സർട്ടിഫൈഡ് അറുപ്പുശാലകൾ ഇല്ലാത്തതിനാൽ കന്നുകാലി ബലി പൂർണമായും നിരോധിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിൽ ചില സാമൂഹികവിരുദ്ധർ ബക്രീദ് സമയത്ത് മനഃപൂർവ്വം വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പശ്ചാത്തലത്തിൽ, ഇത്തവണ മൃഗബലിയുടെയോ മാംസത്തിന്റെയോ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് കമ്മിറ്റികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുസ്ലിം സംഘടനകളുടെ ഈ സ്വമേധയായുള്ള തീരുമാനത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്വാഗതം ചെയ്തു.
National
ഗോഹട്ടി: ആസാം നിയമസഭാ സ്പീക്കറായി ബിജെപിയിലെ രൺജീത് കുമാർ ദാസിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.
രണ്ടാം തവണയാണ് ദാസ് സ്പീക്കറാകുന്നത്.
ആസാമിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ 2016ൽ ദാസ് ആയിരുന്നു സ്പീക്കർ.
ഹിമന്ത ബിശ്വ ശർമ സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ നിയമസഭാംഗമായി. ബിജെപി ആസാം ഘടകം അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
National
ഗോഹട്ടി: ആസാമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. രാവിലെ 11.40ന് ഗോഹട്ടിയിലെ ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
National
ഗുവാഹത്തി: ആസാമിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. രാവിലെ 11.40ന് ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
പുതിയ മന്ത്രിസഭയിൽ 19 മന്ത്രിമാർ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരും.
മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം അങ്കമാലിയിൽ 400 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. മൂന്ന് ആസാം സ്വദേശികളാണ് കാറിൽ ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഹെറോയിൻ വാഹനത്തിന്റെ രഹസ് അറയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. വാഹനവും പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അങ്കമാലി കെഎസ്ആർടിസി പരിസരത്ത് വച്ചാണ് പ്രതികൾ അറസ്റ്റിലായത്.
National
ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. തെരഞ്ഞെടുപ്പ് ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും ഈ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയുക്ത എംഎൽഎമാരുമായി നടത്തിയ ചർച്ചയിലാണ് ഗൊഗോയ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യം പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘടനയെ പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസാമിൽ തുടർച്ചയായ മൂന്നാം തവണയാണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നത്. 102 സീറ്റുകൾ നേടിയാണ് എൻഡിഎയുടെ വിജയം. ബിജെപി 82 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി, ബിഒപിഎഫ് എന്നിവർക്ക് 10 സീറ്റുകൾ വീതം ലഭിച്ചു. അതേസമയം കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്.
National
ഗോഹട്ടി: ആസാമിൽ പുതിയ സർക്കാർ 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹിമന്ത ബിശ്വ ശർമ വീണ്ടും മുഖ്യമന്ത്രിയാകും. ഖാനാപാറയിലെ വെറ്ററിനറി ഫീൽഡിലാണ് സത്യപ്രതിജ്ഞ നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
National
ന്യൂഡൽഹി: ആസാമിലെ കോൺഗ്രസ് എംഎൽഎമാരിൽ ഒരാളൊഴികെ എല്ലാവരും മുസ്ലിംകൾ.
19 കോൺഗ്രസ് എംഎൽഎമാരാണ് ആസാം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ 18 പേരും മുസ്ലിംകളാണ്. കോൺഗ്രസ് മത്സരിപ്പിച്ച 79 മുസ്ലിം ഇതര സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണു വിജയിച്ചത്.
ബംഗാളിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച രണ്ട് എംഎൽഎമാരും മുസ്ലിംകളാണ്. ബംഗാളിൽ 63 മുസ്ലിംകൾക്കാണു കോൺഗ്രസ് സീറ്റ് നല്‍കിയത്.
126 അംഗ നിയമസഭയിൽ ബിജെപി സഖ്യം 102 സീറ്റാണു നേടിയത്. മണ്ഡല പുനർനിർണയമാണ് ആസാമിൽ ബിജെപിയുടെ വൻ വിജയത്തിനു കാരണമായത്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങൾ ഗോത്രവർഗ സംവരണ മണ്ഡലങ്ങളായതു ബിജെപിക്കു ഗുണം ചെയ്തു. മുന്‍പ് ആസാമിൽ 35 മണ്ഡലങ്ങളിൽ മുസ്ലിംകൾക്കു സ്വാധീനമുണ്ടായിരുന്നു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും ആസാമിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ബിജെപി. ബംഗാളിലേക്ക് കേന്ദ്രമന്ത്രി അമിത് ഷായെയും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും ആസാമിലേക്ക് കേന്ദ്രമന്ത്രി ജെ.പി.നദ്ദയെയും ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയെയും നിരീക്ഷകരായി നിയമിച്ചു.
ഭവാനിപുരിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളായ ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൾ, സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ പേരും പാർട്ടിയുടെ പരിഗണനയിലുണ്ട്.
ബംഗാളിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യംകുറിച്ചാണ് ബിജെപി 206 സീറ്റുകൾ നേടി അധികാരത്തിലെത്തിയത്. ആസാമിൽ ബിജെപി സഖ്യം 102 സീറ്റുകൾ പിടിച്ചാണ് ഹാട്രിക് വിജയം നേടിയത്. മത്സരിച്ച 90 സീറ്റുകളിൽ 82 ഇടത്തും ബിജെപിക്ക് വിജയിക്കാനായി.
സഖ്യകക്ഷികളായ ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടും ആസാം ഗണ പരീഷത്തും 10 വീതം സീറ്റുകൾ പിടിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന മുന്നണി 100ലധികം സീറ്റുകൾ നേടുന്നത്. നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
National
ഗോഹട്ടി: ആസാമിൽ തുടർച്ചയായ മൂന്നാം തവണ അധികാരത്തിലേറി ബിജെപി. 126 അംഗ നിയമസഭയിൽ ബിജെപി ഒറ്റയ്ക്ക് 82 സീറ്റ് നേടി. സഖ്യകക്ഷികളായ എജിപിയും ബിപിഎഫും പത്ത് സീറ്റ് വീതം നേടി. കോൺഗ്രസിന് 19 സീറ്റിലൊതുങ്ങി.
ആദ്യമായാണ് ആസാമിൽ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുന്നത്. ഹിമന്ത ബിശ്വ ശർമ വീണ്ടും മുഖ്യമന്ത്രിയാകും. ജലുക്ബാരി മണ്ഡലത്തിൽ 87,000 വോട്ടിനാണ് ഹിമന്ത വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പ്രദ്യുത് ബർദലോയി 49,000 വോട്ടിനു വിജയിച്ചു.
കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന എഐയുഡിഎഫ് ഇത്തവണ രണ്ടു സീറ്റിലേക്കു ചുരുങ്ങി. ആസാമിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയായിരുന്ന ഗൗരവ് ഗൊഗോയി ജോർഹട്ട് മണ്ഡലത്തിൽ വലിയ മാർജിനിൽ പരാജയപ്പെട്ടു. പ്രതിപക്ഷനേതാവ് ദേബബ്രത സൈക്കിയയും പരാജയപ്പെട്ടു.
കക്ഷിനിലകക്ഷിനില
ആകെ സീറ്റ് 126
ബിജെപി 82
കോൺഗ്രസ് 19
ബിപിഎഫ് 10
എജിപി 10
തൃണമൂൽ 1
എഐയുഡിഎഫ് 2
റായ്ജോർ ദൾ 1
National
ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയിക്ക് കാലിടറി. ഗോഗൊയ് തന്റെ രാഷ്ട്രീയ ജീവിതത്തിലാദ്യമായി തെരഞ്ഞെടുപ്പിൽ പരാജയം രൂചിച്ചു.
ബിജെപി നേതാവ് ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് കോൺഗ്രസ് അധ്യക്ഷനെ പരാജയപ്പെടുത്തിയത്. 23,182 വോട്ടിനായിരുന്നു പരാജയം. മൂന്നുതവണ എംപിയായ ഗോഗൊയ് പിതാവ് തരുൺ ഗൊഗോയിയുടെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയത്. ജോർഹാത് മണ്ഡലത്തിൽനിന്നും മത്സരിച്ച ഗൊഗോയ്ക്ക് 46,257 വോട്ടുകളാണ് നേടാനായത്.
69,439 വോട്ട് നേടിയ വെറ്ററൻ ബിജെപി നേതാവ് ഹിതേന്ദ്രനാഥ് തുടർച്ചയായ മൂന്നാം തവണയും മണ്ഡലം നിലനിർത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോർഹതിൽനിന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച ഗൊഗോയ് ഇത്തവണ നിയസഭയിലും മത്സരത്തിനിറങ്ങുകയായിരുന്നു.
ഇതോടെ ഗോഗൊയ്ക്കെതിരേ ആരോപണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ രംഗത്തെത്തി.
ഗോഗൊയ്ക്കും ബ്രിട്ടീഷ് വംശജയായ ഭാര്യക്കും പാക്കിസ്ഥാന്റെ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുകയും ചെയ്തു.
എന്നാൽ, ആരോപണം ഗൊഗോയ് തള്ളി. ഇത്തവണ കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയായാണ് ഗൊഗോയ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
National
ഗുവാഹത്തി: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ തൃപ്തി രേഖപ്പെടുത്തി ആസാം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുരാഗ് ഗോയൽ. സ്ട്രോംഗ് റൂമുകളുടെ സുരക്ഷയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയർന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കർശനമായ പ്രോട്ടോക്കോൾ ആണ് സംസ്ഥാനത്തുടനീളം പാലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ട്രോംഗ് റൂമുകൾക്ക് ചുറ്റും കേന്ദ്ര സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ കനത്ത സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നത്. സ്ട്രോംഗ് റൂമുകളുടെ പരിസരം മുഴുവൻ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ്. തിരിച്ചറിയൽ രേഖയും കൃത്യമായ രജിസ്ട്രേഷനും ഇല്ലാതെ ഉദ്യോഗസ്ഥർക്ക് പോലും സ്ട്രോംഗ് റൂം പരിസരത്തേക്ക് പ്രവേശനമില്ല.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ അനുവാദമുണ്ടെന്ന് അനുരാഗ് ഗോയൽ അറിയിച്ചു. സ്ഥാനാർത്ഥികൾക്കോ പ്രതിനിധികൾക്കോ സിസിടിവി മോണിറ്ററിംഗ് സോൺ വരെ പോകാം. ഒരേസമയം മൂന്ന് മുതൽ അഞ്ച് പേർക്ക് വരെ മാത്രമേ ഈ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. സ്ട്രോംഗ് റൂമിന്റെ വാതിലിന് അടുത്തേക്ക് ആർക്കും പ്രവേശനം അനുവദിക്കില്ല. വോട്ടെണ്ണൽ ദിനം വരെ ഇതേ സുരക്ഷാ ക്രമീകരണങ്ങൾ തുടരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Kerala
കൊച്ചി: ആലുവയിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. മെയ്നൂൽ ഹക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 ഗ്രാം ഹെറോയിൻ പിടികൂടി.
ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഭരണം നേടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് മെയ് നാല് വരെ മാത്രമെ തൃണമൂലിന്റെ ഭരണം അവേശേഷിക്കുകയുള്ളുവെന്നും ഹിമന്ത പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'-
ഹിമന്ത കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'- ഹിമന്ത അവകാശപ്പെട്ടു.
ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
Kerala
കോതമംഗലം: എറണാകുളം കോതമംഗലത്ത് രാസലഹരിയുമായി ആസാം സ്വദേശി പിടിയില്‍. അബു ഹനീഫ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 6.669 ഗ്രാം രാസലഹരിയും 38,500 രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തിന് കോഴിപ്പിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ചെറിയ പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ അബു ഹനീഫ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് പ്രതി ഇവിടെയെത്തിയത് എന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദ് പറഞ്ഞു.
എം.പി. പ്രമോദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ഷമീര്‍, പി.ബി. ലിബു, കെ.എ. റസാക്ക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എം. ഉബൈസ്, വി.ഐ. ബിന്‍സാര്‍ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കും ഭാര്യയ്ക്കുമെതിരായ പരാമർശത്തിൽ പവൻ ഖേരയ്ക്കെതിരെയുള്ള നിയമനടപടികൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പവൻ ഖേരയ്ക്ക് അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. "പാർട്ടി പവൻ ഖേരയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇത്തരം നടപടികൾ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട," എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും കുടുംബത്തിനുമെതിരെ പവൻ ഖേര നടത്തിയ അഴിമതി ആരോപണങ്ങളാണ് കേസിന് ആധാരം. ഈ കേസിൽ ഖേരയ്ക്ക് ലഭിച്ച നിയമപരിരക്ഷ നീക്കാനാണ് അസം സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സർക്കാർ നീക്കമെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അതേസമയം, നിയമപരമായ പോരാട്ടം തുടരുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകാധിപത്യപരമായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
National
ഗോഹട്ടി: ആസാമിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയ. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ അധികാരം നിലനിർത്തുക എന്നും ദിലീപ് സൈക്കിയ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലുണ്ടായ ഉയർന്ന പോളിംഗ് എൻഡിഎ അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്നും സൈക്കിയ പറഞ്ഞു. വ്യാഴാഴ്ച നടന്ന വൊട്ടെടുപ്പിൽ ആസാമിൽ
85.64 ശതമാനം പോളിംഗാണ് നടന്നത്.
എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുക 16-17 സീറ്റുകളായിരിക്കും. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഞ്ച് മുതൽ ആറ് സീറ്റിലും റയ്ജോര്‍ ദള്‍ ഒരു സീറ്റിലും ഒതുങ്ങുമ്പോള്‍ ആസാം ജതീയ പരിഷത് ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും സൈക്കിയ പ്രവചിക്കുന്നു.
National
ഹൈദരാബാദ്: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം. ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന് പവൻ ഖേര ആരോപിച്ചിരുന്നു.
തുടർന്ന് പവൻ ഖേരയ്ക്കെതിരെ ആസാം പോലീസ് കേസെടുത്തിരുന്നു. ഇതോടെ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന് ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. തന്റെ ഭാര്യാവീട് തെലുങ്കാനയിൽ ആയതിനാലാണ് തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്ന് പവൻ ഖേര വ്യക്തമാക്കി.
ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയുടെ പരാതിയെ തുടർന്ന് ഡൽഹി പോലീസും ആസാം പോലീസും പവൻഖേരയുടെ ഡൽഹിയിലെ വസതിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് തെലുങ്കാന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.
National
ദിസ്പൂർ: പുതുച്ചേരിയിലും അസമിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ അഭൂതപൂർവമായ പങ്കാളിത്തം. ഇരു സംസ്ഥാനങ്ങളിലും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
പുതുച്ചേരിയിൽ 89.83 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ അസമിൽ ഇത് 85.38 ശതമാനമാണ്. മുൻ വർഷങ്ങളിലെ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത്.
ഇത്തവണത്തെ 89.83 ശതമാനം പോളിംഗ് 2011-ലെ റെക്കോർഡായ 86.19 ശതമാനത്തെയാണ് മറികടന്നത്. 2016-ൽ രേഖപ്പെടുത്തിയ 84.67 ശതമാനമായിരുന്നു അസമിലെ ഇതുവരെയുള്ള ഉയർന്ന നിരക്ക്. ഇത്തവണ അത് 85.38 ശതമാനമായി ഉയർന്നു.
National
ന്യൂഡൽഹി: കേരളത്തിനു പുറമെ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ആസാമിലും പുതുച്ചേരിയിലും കനത്ത പോളിംഗ്. വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആസാമിൽ 75 ശതമാനവും പുതുച്ചേരിയിൽ 72 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
ആസാമിൽ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്. രണ്ടിടത്തും എൻഡിഎ ആണ് അധികാരത്തിലുള്ളത്.
ആസാമിൽ തുടർച്ചയായ മൂന്നാം വിജയം ബിജെപി ലക്ഷ്യമിടുന്പോൾ അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപിയുടെ തന്ത്രങ്ങളൊരുക്കുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ്. ഗൗരവ് ഗൊഗോയ് ആണ് കോൺഗ്രസിന്റെ തുറുപ്പുചീട്ട്. 722 സ്ഥാനാർഥികളാണു രംഗത്തുള്ളത്.
ഹിമന്ത ജലുക്ബാരിയിലും ഗൊഗോയി ജോർഹട്ടിലും ജനവിധി തേടുന്നു. ആകെ 2.5 കോടി വോട്ടർമാർ. കോൺഗ്രസ് 99 സീറ്റിലും ബിജെപി 90ലും മത്സരിക്കുന്നു. എഐയുഡിഎഫ് 30 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കുന്നു. ബിജെപി, എജിപി, ബിപിഎഫ് എന്നിവയാണ് എൻഡിഎയിലെ ഘടകകക്ഷികൾ. 64 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ റായ്ജോർ ദൾ, ആസാം ജതിയ പരിഷത്ത്, സിപിഎം, എപിഎച്ച്എൽസി എന്നീ പാർട്ടികളുമുണ്ട്. എഎപി, തൃണമൂൽ കോൺഗ്രസ്, ജെഎംഎം എന്നിവർ ഒറ്റയ്ക്കു മത്സരിക്കുന്നു.
പുതുച്ചേരിയിൽ അഞ്ചാം തവണ മുഖ്യമന്ത്രിസ്ഥാനമാണ് എൻആർകോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസ്വാമി ലക്ഷ്യമിടുന്നത്. എൻആർ കോൺഗ്രസ്, ബിജെപി, അണ്ണാഡിഎംകെ, ഐജെകെ എന്നീ കക്ഷികളാണ് എൻഡിഎയിലുള്ളത്. കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ ഡിഎംകെയും വിസികെയും ഉൾപ്പെടുന്നു.
ഡിഎംകെയ്ക്കു നൽകിയ സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് പ്രതിപക്ഷസഖ്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പുതുച്ചേരിയിൽ 16 എംഎൽഎമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
National
ഗോഹട്ടി/പുതുച്ചേരി: ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. ആസാമിൽ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്. രണ്ടിടത്തും എൻഡിഎ ആണ് അധികാരത്തിലുള്ളത്.
ആസാമിൽ തുടർച്ചയായ മൂന്നാം വിജയം ബിജെപി ലക്ഷ്യമിടുന്പോൾ അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപിയുടെ തന്ത്രങ്ങളൊരുക്കുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ്. ഗൗരവ് ഗൊഗോയ് ആണ് കോൺഗ്രസിന്റെ തുറുപ്പുചീട്ട്. 722 സ്ഥാനാർഥികളാണു രംഗത്തുള്ളത്.
ഹിമന്ത ജലുക്ബാരിയിലും ഗൊഗോയി ജോർഹട്ടിലും ജനവിധി തേടുന്നു. ആകെ 2.5 കോടി വോട്ടർമാർ. കോൺഗ്രസ് 99 സീറ്റിലും ബിജെപി 90ലും മത്സരിക്കുന്നു. എഐയുഡിഎഫ് 30 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കുന്നു. ബിജെപി, എജിപി, ബിപിഎഫ് എന്നിവയാണ് എൻഡിഎയിലെ ഘടകകക്ഷികൾ. 64 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ റായ്ജോർ ദൾ, ആസാം ജതിയ പരിഷത്ത്, സിപിഎം, എപിഎച്ച്എൽസി എന്നീ പാർട്ടികളുമുണ്ട്. എഎപി, തൃണമൂൽ കോൺഗ്രസ്, ജെഎംഎം എന്നിവർ ഒറ്റയ്ക്കു മത്സരിക്കുന്നു.
പുതുച്ചേരിയിൽ അഞ്ചാം തവണ മുഖ്യമന്ത്രിസ്ഥാനമാണ് എൻആർകോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസ്വാമി ലക്ഷ്യമിടുന്നത്. എൻആർ കോൺഗ്രസ്, ബിജെപി, അണ്ണാഡിഎംകെ, ഐജെകെ എന്നീ കക്ഷികളാണ് എൻഡിഎയിലുള്ളത്. കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ ഡിഎംകെയും വിസികെയും ഉൾപ്പെടുന്നു.
ഡിഎംകെയ്ക്കു നല്കിയ സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് പ്രതിപക്ഷസഖ്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പുതുച്ചേരിയിൽ 16 എംഎൽഎമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
National
ഗോഹട്ടി: ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ഇരു സംസ്ഥാനങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. ആസാമിൽ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലുമാണുള്ളത്.
ആസാമിൽ 722 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ബിജെപി മുന്നണിയും കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയും ആസാമിൽ നേർക്കു നേർ പോരാട്ടത്തിലാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിജെപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചത്. ഗൗരവ് ഗൊഗോയി ആണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി.
ഹിമന്ത ബിശ്വ ശർമ, ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ, അതുൽ ബോറ, ചന്ദ്രമോഹൻ പട്ടോവാരി, അഖിൽ ഗൊഗോയി, ലുരിൻജ്യോതി ഗൊഗോയി തുടങ്ങിയവരാണ് മത്സരിക്കുന്ന പ്രമുഖർ.
പുതുച്ചേരിൽ 30 സീറ്റുകളിലേക്ക് 294 സ്ഥാനാർഥികൾ രംഗത്തുണ്ട്. എഐഎൻആർസി നേതൃത്വം നല്കുന്ന എൻഡിഎയിൽ ബിജെപി, അണ്ണാ ഡിഎംകെ, എൽജെകെ തുടങ്ങിയ കക്ഷികളുമുണ്ട്. എഐഎൻആർസി 16 സീറ്റിലും ബിജെപി പത്തിലും മത്സരിക്കുന്നു. അണ്ണാ ഡിഎംകെ, എൽജെകെ കക്ഷികൾക്ക് രണ്ടു വീതം സീറ്റ് ലഭിച്ചു.
പ്രതിപക്ഷമുന്നണിക്കു നേതൃത്വം നല്കുന്ന കോൺഗ്രസ് 16 സീറ്റിലാണ് മത്സരിക്കുന്നത്. ഡിഎംകെ 13ലും വിസികെ ഒരു സീറ്റിലും ജനവിധി തേടുന്നു.
ഡിഎംകെയുടെ ആറു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ രംഗത്തുള്ളത് മുന്നണിയിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. നടൻ വിജയിന്റെ ടിവികെ 28 സീറ്റിൽ മത്സരിക്കുന്നു. രണ്ടു സീറ്റ് നെയ്യം മക്കൾ കഴകത്തിനു വിട്ടുനല്‍കി.
National
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് സഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മികച്ച ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും ഖാർഗെ അവകാശപ്പെട്ടു.
'ആസാമിൽ കോൺഗ്രസ് സഖ്യത്തിന് അനുകൂലമായ സാഹചര്യമാണ്. സഖ്യത്തിന് കുറഞ്ഞത് 72 സീറ്റുകൾ കിട്ടും. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-ഖാർഗെ പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അഴിമതി സർക്കാരിനെ ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു. അവരെ പറഞ്ഞു വിടാൻ ജനങ്ങൾ തയാറായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപി തകർന്നടിയുമെന്നും ഖാർഗെ പറഞ്ഞു.
Kerala
പരവൂര്‍: രാജ്യത്തെ റെയില്‍വേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ സ്പെഷല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് അസമിലെ ന്യൂ തിന്സൂക്കിയയിലേക്കാണ് പ്രത്യേക സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
4,028 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ട്രെയിനിന്റെ യാത്ര 83 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂര്‍ത്തിയാകും.ട്രെയിന്‍ നമ്പര്‍ 06015 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂ ടിന്‍സൂക്കിയ ഇന്ന് വൈകുന്നേരം 4.45-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും.
അഞ്ചാം ദിവസം പുലര്‍ച്ചെ 4.30-ന് ന്യൂ ടിന്സൂക്കിയയില് എത്തും.ട്രെയിന്‍ നമ്പര്‍ 06016 ന്യൂ ടിന്‍സൂക്കിയ - തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍ ഒമ്പതിന് രാത്രി എട്ടിന് ന്യൂ ടിന്സൂക്കിയയില്നിന്ന് പുറപ്പെട്ട് അഞ്ചാം ദിവസം രാവിലെ 7.45-ന് തിരുവനന്തപുരത്ത് എത്തും.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, പാലക്കാട്, വിജയവാഡ, ഭുവനേശ്വര്‍, ഖരഗ്പൂര്‍, ന്യൂ ജല്‍പായ്ഗുരി, ഗുവാഹത്തി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്.
ആകെ 22 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക. രണ്ട്എസി ത്രീ ടയര്‍ കോച്ചുകള്‍.18 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍. ഭിന്നശേഷിക്കാര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയിലുള്ള രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അസമിലേയക്കും തിരിച്ചും ദീര്‍ഘദൂര യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാണ് റെയില്‍വേയുടെ പുതിയ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ്.
Kerala
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
കോണ്‍ഗ്രസിന് ലഭിക്കുക 16-17 സീറ്റുകളായിരിക്കും. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഞ് മുതൽ ആറ് സീറ്റിലും റയ്ജോര്‍ ദള്‍ ഒരു സീറ്റിലും ഒതുങ്ങുമ്പോള്‍ ആസാം ജതീയ പരിഷത് ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും ഹിമന്ത പ്രവചിക്കുന്നു.
തിഹു, നല്‍ബാരി സീറ്റുകളില്‍ എന്‍ഡിഎ വന്‍ വിജയം നേടും. അതേസമയം അഖില്‍ ഖൊഖോയ്യുടെ റയ്ജോര്‍ ദള്‍ ദിഹിംഗിലെ ഒരൊറ്റ സീറ്റില്‍ മാത്രമാണ് ജയിക്കുക. ശിബസാഗറില്‍ അതിശക്തമായ മത്സരത്തിനൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജയിക്കും. ധുബ്രി, ഗോലാകഞ്ച് എന്നിവിടങ്ങളില്‍ എന്‍ഡിഎ വിജയം നേടും.
ഗോഹട്ടിയിലെ എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ എന്‍ഡിഎയ്ക്കായിരിക്കും ജയം. ലഖിംപുര്‍, കസിരംഗ ലോക്സഭ മണ്ഡലങ്ങളിലെ എല്ലാ നിയമസഭ സീറ്റുകളിലും എന്‍ഡിഎ അനായാസ വിജയം നേടുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേര്‍ത്തു.
National
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ ക്രൂരമായി ആക്രമിച്ച് ഒരുസംഘമാളുകൾ. സോണിത്പൂരിലെ നടുവാർ നിയോജകമണ്ഡലത്തിലാണ് സംഭവം.
ഓൾ അസം ഗൂർഖ സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ സുനിൽ ഛേത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി, റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതൃത്വം, ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിൽ ആസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പ്രതിഷേധം അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.
National
ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ് പ്രകടനപത്രിക പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കും.
ഇന്ന് ലഖിംപൂരിലെ പ്രചാരണ യോഗത്തിൽ പ്രകടനപത്രിക പുറത്തിറക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ് അറിയിച്ചു.
സർക്കാരിന്റെ അഴിമതി പുറത്തുവിടുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
Leader Page
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഏതാണ്ട് അതേ രീതിയാണ് ആസാമിലെ ജോര്‍ഹട്ട് മേഖല. ലോകപ്രശസ്തമായ ആസാം തേയിലയിലൂടെ ഇന്ത്യയുടെ തേയില തലസ്ഥാനമായ ജോര്‍ഹട്ടില്‍ സമൃദ്ധമായ 130ലധികം തേയിലത്തോട്ടങ്ങളുണ്ട്. സായിപ്പന്മാര് 1870കളില്‍ മൂന്നാറില്‍ തേയിലകൃഷി ആരംഭിച്ചെങ്കില്‍, ആസാമിലെ സിന്നമോറ ടീ എസ്റ്റേറ്റ് 1850കളിലാണു സ്ഥാപിതമായത്. മൂന്നാറിലെ 7,900 അടി ഉയരത്തിലുള്ള കൊളുക്കുമലയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം.
കേരളത്തിലും ആസാമിലും ഒരുമിച്ചാണു നിയമസഭാ തെരഞ്ഞെടുപ്പ്. ആസാമില്‍ പക്ഷേ കേരളത്തിലേതുപോലെ വമ്പന്‍ തെരഞ്ഞെടുപ്പു പ്രചാരണമില്ല. രാഷ്ട്രീയവും ചൂടുപിടിച്ചിട്ടില്ല. കേരളത്തില്‍ പ്രചാരണം കൊഴുത്തിട്ടും ആസാമില്‍ തണുപ്പാണ്. ഉള്‍ഗ്രാമങ്ങളില്‍ പേരിനുപോലും പ്രചാരണകോലാഹലമില്ല. കേരളത്തിലേതുപോലുള്ള വീറും വാശിയും ആസാമിലെ തെരഞ്ഞെടുപ്പില്‍ പതിവില്ല.
കേരളവും ആസാമും ഒരുമിച്ച്
ഏപ്രില്‍ ഒമ്പതിനാണ് കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിധിയെഴുത്ത്. തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും പശ്ചിമബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലുമാണ് പോളിംഗ്. അഞ്ചു സംസ്ഥാനങ്ങളും വോട്ടണ്ണലിനു മേയ് നാലുവരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും ബംഗാളിലും അടക്കം 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ആസാമില്‍ ഒഴിവാക്കിയിരുന്നു.
അനധികൃത ബംഗ്ലാദേശികളെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കിയതിനാലാണ് ആസാമില്‍ എസ്ഐആര്‍ ഒഴിവാക്കിയതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. ആസാമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്ക് 798 സ്ഥാനാര്‍ഥികളുണ്ട്. ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു പ്രധാന മത്സരം. എഐയുഡിഎഫ്, എജിപി, എജെപി, യുപിപിഎല്‍, ബിപിഎഫ് തുടങ്ങിയ പാര്‍ട്ടികളുമുണ്ട്.
» ഹാട്രിക് നേടാന്‍ ബിജെപി
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഭരണത്തുടര്‍ച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഹാട്രിക് ജയത്തിനായാണു ബിജെപി കോപ്പുകൂട്ടുന്നത്. പത്തു വര്‍ഷമായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന്, കേരളത്തിന്റെ അത്ര പ്രതീക്ഷ ആസാമിലില്ല. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനും കോണ്‍ഗ്രസിലെ യുവനേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചുവരവു നടത്താന്‍ കഴിഞ്ഞിട്ടില്ല.
ദുര്‍ബല പ്രതിപക്ഷമെന്നതാണു ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസില്‍നിന്നുള്ള കാലുമാറ്റങ്ങള്‍ക്ക് അറുതിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും മണി, മസില് പവറുമെല്ലാം ബിജെപിക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ സഹായങ്ങളും ബിജെപിക്കുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
» അവസരവാദ രാഷ്ട്രീയക്കളി
കേരളത്തിലെ ‘സിജെപി’ പ്രയോഗം ആസാമിലുമുണ്ട്. കേരളത്തില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസിന്റെ ആരോപണം ആണെങ്കില്‍ ആസാമില്‍ സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസില്‍നിന്നു കാലുവാരിയെത്തിയവരുടെ പാര്‍ട്ടിയെന്ന നിലയില്‍ ആസാമില്‍ ബിജെപി ആണ് സിജെപി! എന്തൊരു വിരോധാഭാസം. മുന്‍ കോണ്‍ഗ്രസുകാരെ കുത്തിനിറച്ചതില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷവും അതൃപ്തിയും ഉണ്ടെങ്കിലും ആരും കാര്യമാക്കുന്നില്ല. പഴയ ബിജെപിക്കാർക്കു സീറ്റില്ലെന്നതാണു പ്രശ്നം.
ആശയാധിഷ്ഠിത രാഷ്ട്രീയത്തില്‍നിന്ന് അവസരവാദ രാഷ്ട്രീയത്തിലേക്കു രാജ്യം മാറുന്നതിന്റെ നേര്‍സാക്ഷ്യംകൂടിയാണ് ആസാം. തെരഞ്ഞെടുപ്പിനു മുമ്പായി എംഎല്‍എമാരും പാര്‍ട്ടി മാറുന്നത് ഇപ്പോള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇരുനൂറിലധികം എംഎല്‍എമാരും എംപിമാരും ബിജെപിയില്‍ ചേര്‍ന്നു. കൂറുമാറിയവരില്‍ 40 ശതമാനം കോണ്ഗ്രസുകരാണ്.
» ഉളുപ്പില്ലാതെ മാറി പ്രദ്യുത്
ആസാമിലെ കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്‍ഡോലോയ് ആണ് ഒടുവിലത്തേയാള്. മുഖ്യമന്ത്രി ഹിമന്ത ശര്‍മയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്ന ആളായിരുന്നു പ്രദ്യുത്. മുസ്ലിം വസ്ത്രം ധരിച്ച ഒരാളെ മുഖ്യമന്ത്രി ഹിമന്ത വെടിവയ്ക്കുന്നതിന്റെ വിവാദ വീഡിയോ പുറത്തുവന്നതു ഫെബ്രുവരി പത്തിനാണ്. “ഹിമന്തയെ ഓര്‍ത്തു നാണക്കേട് തോന്നുന്നു. ആസാമിന്റെ സാമൂഹിക ഘടനയെ ഒറ്റയ്ക്കു നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ ഇത്രയും ഭ്രാന്തമായ പുനര്‍നിര്‍മാണം മുമ്പൊരിക്കലും കണ്ടിട്ടില്ല” എന്നായിരുന്ന പ്രദ്യുത് ട്വീറ്റ് ചെയ്തത്.
ഇതേ പ്രദ്യുത് ബോര്ഡലോയി ആണ് കഴിഞ്ഞ 18ന് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്കാര്‍ഫും തൊപ്പിയും ധരിച്ച് നാണംകെട്ട പുഞ്ചിരിയോടെ ഹിമന്തയോടൊപ്പം നില്ക്കുന്ന പ്രദ്യുതിന്റെ ഫോട്ടോയാണു പിറ്റേന്നു പത്രങ്ങളില്‍ വന്നത്. ആസാം കണ്ട ഏറ്റവും അഴിമതിക്കാരനായ അധികാര ദല്ലാളന്മാരില് ഒരാളെന്നാണ് പ്രദ്യുതിനെ നേരത്തേ സംസ്ഥാന ബിജെപി വിശേഷിപ്പിച്ചത്. കൂറുമാറിയതോടെ ‘വിലപ്പെട്ട കാര്യകര്‍ത്താ’ ആയി സ്വാഗതം ചെയ്തു. ഏറ്റവും വലിയ അഴിമതിക്കാരനെന്നു ബിജെപി ആരോപിച്ച ഹിമന്ത ശര്‍മയാണ് ഇപ്പോള്‍ ബിജെപിയുടെ ആസാം മുഖ്യമന്ത്രി!
» അഴിമതിക്കാരന് പുണ്യാളന്!
ശതകോടികളുടെ ശാരദ ചിട്ടിഫണ്ട് അഴിമതിയിലെ നേരിട്ടുള്ള പങ്കു മുതല്‍ ദശലക്ഷക്കണക്കിനു കോടിയുടെ ലൂയി ബര്‍ഗര്‍, കോവിഡ് കാലത്തെ പിപിഇ കിറ്റ്, ഫ്ളൈ ഓവര്‍ പദ്ധതി അഴിമതികള്‍, ഉള്‍ഫ തീവ്രവാദികളെ സഹായിക്കല്‍ തുടങ്ങി ഹിമന്തയ്ക്കെതിരേ ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ വേഗം ആവിയായി. ബിജെപി വാഷിംഗ് മെഷിനീലെത്തിയതോടെ പുണ്യാളനായ അഴിമതിവീരനാണ് ഇപ്പോള്‍ നായകന്.
ഡല്‍ഹിയില്‍ താനുമായി സംസാരിക്കുമ്പോള്‍ വളര്‍ത്തുനായയ്ക്കു ബിസ്കറ്റ് നല്കിക്കൊണ്ടിരുന്ന് രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണു ബിജെപിയിലേക്കു കൂറുമാറാന്‍ ഹിമന്ത പറഞ്ഞ ന്യായം. ഹിമന്തയുടെ കൂറുമാറ്റത്തോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി. ആസാമിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ മൂന്നിലൊന്നു പേര് മുമ്പു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവരാണ്. ഇതൊരു പാര്‍ട്ടിയുടെ തകര്‍ച്ചയും മറ്റൊരു പാര്‍ട്ടിയുടെ വളര്‍ച്ചയും മാത്രമല്ല, പുതിയൊരു രാഷ്ട്രീയ ആവാസവ്യവസ്ഥയുടെ സ്വാംശീകരണം കൂടിയാണ്.
» വിമര്‍ശിച്ചവര്‍ പ്രതിരോധിക്കുന്നു
അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പണത്തിനും പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ പരക്കം പായാന്‍ തുടങ്ങിയോടെ പ്രത്യയശാസ്ത്രമൊക്കെ ചവറ്റുകൊട്ടയിലായി. ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ മുന്നറിയിപ്പു നല്‍കിയിരുന്ന നേതാക്കള്‍ കൂറുമാറി അതിലേറെ ശക്തിയോടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മതനിരപേക്ഷ നിലപാടുകളിലും വീഴ്ചയുണ്ടായി. മൃദു ഹിന്ദുത്വം മുതല്‍ തീവ്രവാദികളെ ഊട്ടിവളര്ത്തുന്നതുവരെ പലതും മറനീക്കി.
ദേശീയവാദത്തിന്റെ മറവില്‍ ഹിന്ദുത്വവാദം മറയില്ലാതെ ബിജെപി പുറത്തെടുത്തു. ഇതോടെ, പ്രതിപക്ഷ പാര്‍ട്ടികളിലും വര്‍ഗീയതയുടെ പുതുരൂപങ്ങള്‍ തെളിയുന്നുവെന്നാണ് ആക്ഷേപം. അധികാരവും പണവും കേന്ദ്രീകരിച്ചതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിക്കു വേഗത്തില്‍ കഴിയുന്നു. ഇന്ത്യയിലാകെ വലിയ സംഘടനാശക്തി ഉണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ബലം ചോര്‍ന്നതാണ് ആസാമിലും പ്രശ്നം.
» വൈകിയെത്തിയ സഖ്യബോധം
പത്രികാ സമര്‍പ്പണത്തിനു തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചിട്ടുണ്ട്. വൈകിയെത്തിയ സഖ്യംമൂലം പോരാട്ടമെങ്കിലുമുണ്ടെന്നു പറയാം. ആകെയുള്ള 126 സീറ്റുകളില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മത്സരിക്കും. 11 സീറ്റുകള്‍ റൈജോര്‍ ഡോളിന് വിട്ടുകൊടുത്തു, ഗൗരിപുര്‍, ഗോള്‍പാറ ഈസ്റ്റ് സീറ്റുകളില്‍ സൗഹൃദമത്സരമാണ്. ആസാം ജാതിയ പരിഷത്തിന് (എജെപി) പത്ത്, സിപിഎമ്മിനും ഓള് പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സിനും (എപിഎച്ച്എല്‍സി) രണ്ടു വീതം, സിപിഐഎംഎലിന് ഒന്ന് എന്നിങ്ങനെയാണു സീറ്റു വിഭജനം.
ഭരണപക്ഷത്ത് ബിജെപി 90 സീറ്റിലും ആസാം ഗണ പരിഷത്ത് (എജിപി) 26 സീറ്റിലും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) 11 സീറ്റിലുമാണു മത്സരിക്കുന്നത്. മസ്ബത്ത്, ബിശ്വനാഥ്, ഖുംതായ്, ചബുവ, ഗോസൈഗാവ്, രംഗപാര, മാര്‍ഗരിറ്റ, നഹര്‍കതിയ, ടിറ്റാബോര്‍ എന്നിവയുള്‍പ്പെടെ 21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സാന്നിധ്യം ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണിയാണ്.
National
ഗുവാഹത്തി: ബിജെപി നേതാവും ആസാം കായിക മന്ത്രിയുമായ നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്ളോംഗില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നന്ദിത ബിജെപി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഞായറാഴ്ച നന്ദിതയുടെ വീട്ടിലെത്തിയിരുന്നു. ഹാഫ് ലോംഗിൽ നിന്ന് നന്ദിത കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധിതേടും.
നേരത്തെ ഇവിടെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റാനാണ് തീരുമാനം. ഏപ്രിൽ ഒമ്പതിനാണ് ആസാമിൽ തെരഞ്ഞെടുപ്പ്. 19 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതില്‍ പലരും വിമതരായി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്.
National
ഗുവാഹത്തി: ആസാമിലെ ബിജെപി നേതാവും മുൻ മന്ത്രിയുമായ നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നു. ഹാഫ്ലോംഗിൽ നിന്നുള്ള എംഎൽഎ നന്ദിത ഗാർലോസയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് ചുവടുമാറ്റിയത്.
ഭരണവിരുദ്ധ വികാരം മറികടക്കാനായാണ് ഹാഫ്ലോംഗ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയതെന്നാണ് വിലയിരുത്തലുകൾ. ഹാഫ്ലോംഗിൽ ഗാർലോസയ്ക്ക് പകരം രൂപാലി ലാംഗ്താസയ്ക്ക് ആണ് ബിജെപി സീറ്റ് നൽകിയത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ഒരു ദിവസം മുൻപാണ് നന്ദിത ഗാർലോസയുടെ കോൺഗ്രസിലേക്കുള്ള ചുവടുമാറ്റം. ഇതോടെ ഹാഫ്ലോംഗിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ഗാർലോസ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച പുറത്തിറക്കിയ അഞ്ചാമത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിർമ്മൽ ലാംഗ്താസ ആയിരുന്നു ഹാഫ്ലോംഗിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ പുതിയ സാഹചര്യത്തിൽ ഗാർലോസയെ ഹാഫ്ലോംഗിൽ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് നീക്കം.
Leader Page
ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പിനു കളം മുറുകി. രാഷ്ട്രീയ യുദ്ധക്കളത്തില്‍ പോരാളികള്‍ നിറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തില്‍ പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയാക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലുള്ള തെരഞ്ഞെടുപ്പു പ്രചാരണമില്ല. പഴയകാല രീതികള്‍ വിട്ട് പ്രഫഷണല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും നേതാക്കളുടെ ബ്രാന്‍ഡിംഗും ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുമെല്ലാം സജീവമാണ്.
നിര്‍മിതബുദ്ധിയെന്ന എഐയുടെ കാലത്തും പത്ര, ടെലിവിഷന്‍ മാധ്യമങ്ങള്‍ തന്നെയാണു സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ആശ്രയം. പഴയകാല ചുവരെഴുത്തുകളും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും ഇപ്പോഴും കളം നിറയ്ക്കുന്നുണ്ട്. മൈക്ക് അനൗണ്‍സ്മെന്റുകള്‍ മാത്രമുണ്ടായിരുന്ന കാലം മാറി റോഡ് ഷോകള്‍ ഒഴിവാക്കാനാകാത്തതായി.
നിര്ണായകമീ ജനവിധി
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാണ്. അഞ്ചിടങ്ങളിലും വോട്ടെടുപ്പ് ഏപ്രിലില്‍ ആണ്. ജനവിധി അറിയാന്‍ മേയ് നാലു വരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും പുതുച്ചേരിയിലും ആസാമിലും തിങ്കളാഴ്ചയാണു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്ഥികളാരെന്നു വ്യക്തമായതോടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരം ആവേശകരമായി.
പ്രചാരണത്തിനു സമയം തീരെയില്ലെന്നതടക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും അതൃപ്തിയുണ്ട്. ഏപ്രില്‍ ഒമ്പതിനാണു മൂന്നിടത്തും വോട്ടെടുപ്പ്, തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും. എട്ടു ഘട്ടങ്ങളായി 2021ല്‍ തെരഞ്ഞെടുപ്പു നടന്ന പശ്ചിമബംഗാളില്‍ ഇക്കുറി രണ്ടു ഘട്ടങ്ങളേയുള്ളൂ. ഏപ്രില്‍ 23, 29 തീയതികളിലാണു ബംഗാളില്‍ പോളിംഗ്. വിവാദ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നിലും മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തൃപ്തരല്ല.
ആയുധമാക്കി എസ്ഐആര്‍
എസ്ഐആറിനെതിരേ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പട ഇപ്പോഴും ശമിച്ചിട്ടില്ല. കേരളത്തിലും പ്രശ്നങ്ങളുണ്ട്. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അസാധാരണമായ എണ്ണം വോട്ടര്‍മാരെയാണു നീക്കിയത്. മൗലികാവകാശമായ വോട്ടവകാശം നഷ്ടമായവര്‍ നിരവധിയാണ്. ബംഗാളില്‍ 60 ലക്ഷത്തിലധികം വോട്ടര്‍മാരെയാണു നീക്കുന്നത്. എസ്ഐആര്‍ സമയത്തുണ്ടായ അപാകതകള്‍ക്കും പൊരുത്തക്കേടുകള്‍ക്കും തൃപ്തികരമായ വിശദീകരണങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടില്ല.
കേരളത്തിലെ എന്‍ഡിഎയില്‍ ചേര്‍ന്ന ട്വന്റി 20 പാര്‍ട്ടിയുടെ രണ്ടു വനിതാ സ്ഥാനാര്ഥികള്ക്കടക്കം എസ്ഐആറില്‍ വോട്ട് നഷ്ടമായവര്‍ക്കു നീതി നിഷേധിക്കപ്പെട്ടു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ രണ്ടു സിനിമാ താരങ്ങള്‍ക്കും മത്സരിക്കാനായില്ല. വിവാഹിതരായ സ്ത്രീകള്‍ മുതല്‍ പ്രവാസികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ വരെ അര്‍ഹരായവര്‍ക്കും വോട്ട് നിഷേധിക്കപ്പെട്ടു.
അവിശ്വാസത്തില്‍ ഗ്യാനേഷ്
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിനു പ്രതിപക്ഷ എംപിമാര്‍ നല്കിയ നോട്ടീസ് നിലവിലിരിക്കെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്നത്. രണ്ടു വര്‍ഷം മുമ്പെങ്കിലും നടപ്പാക്കേണ്ടിയിരുന്ന വോട്ടര്‍പട്ടിക പരിഷ്കരണം തെരക്കിട്ടു നടപ്പാക്കിയതില്‍ ക്രമക്കേടുകളും അനീതിയും ഉണ്ടെന്നു പ്രതിപക്ഷം കരുതുന്നു. ബിജെപിക്ക് അനുകൂലമായി കമ്മീഷന് പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ശക്തമാണ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെ കോടതികളില്‍ ചോദ്യംചെയ്യുന്നതു വിലക്കിക്കൊണ്ടു പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയതോടെ, കമ്മീഷന്റെ നിഷ്പക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഗ്യാനേഷ് ഉള്‍പ്പെടെ മൂന്നു കമ്മീഷണര്‍മാരുടെയും നിയമന സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കാനും പ്രത്യേക നിയമം പാസാക്കിയതു ജനാധിപത്യ, ധര്‍മ പരിപാലനത്തിനാകില്ല! മോദിയും അമിത് ഷായും തെരഞ്ഞെടുത്ത കമ്മീഷണര്‍മാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന വിചാരിക്കുന്നതുപോലും മണ്ടത്തരമാണ്. പോളിംഗ് ബൂത്തുകളിലെ സിസിടിവി, വീഡിയോ അടക്കമുള്ള തെളിവുകള്‍ 45 ദിവസം കഴിഞ്ഞാലുടന്‍ നശിപ്പിക്കുന്നതിലും സംശയങ്ങളേറെ.
ആസാമില്‍ ഹാട്രിക് ജയം?
അഞ്ചു സംസ്ഥാനങ്ങളില്‍ ആസാം ഒഴികെ നാലിടത്തും ബിജെപിക്കു താരതമ്യേന ശക്തി കുറവാണ്. അഞ്ചു സംസ്ഥാനങ്ങളിലുമായി 17.4 കോടി ആളുകള്‍ വോട്ടര്‍മാരുണ്ട്. കേരളത്തോടൊപ്പം വോട്ടെടുപ്പു നടക്കുന്ന ആസാമില്‍ ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ ഹാട്രിക് വിജയത്തിനാണു ഒരുങ്ങുന്നത്. ഗൗരവ് ഗൊഗോയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തൊട്ടടുത്തുണ്ടെങ്കിലും വിജയം സ്വന്തമാക്കുക ദുഷ്കരമാകും.
കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്ഡലോയി മുതല്‍ പിസിസി അധ്യക്ഷനായിരുന്ന ഭൂപന്‍ കുമാര്‍ ബോറ വരെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം സൂചനയാകും. ആസാമിലെ 126 അംഗ സഭയില്‍ ഭൂരിപക്ഷം നേടാന്‍ നരേന്ദ്ര മോദിയുടെയും ഹിമന്ത ശര്‍മയുടെയും നേതൃത്വവും എസ്ഐആര്‍ അടക്കമുള്ള നടപടികളും ബിജെപിക്കു സഹായകമായേക്കും.
മമതയ്ക്കു വെല്ലുവിളി!
പശ്ചിമബംഗാളില്‍ തുടര്‍ച്ചയായ നാലാം ഭരണത്തിനാണു മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോപ്പു കൂട്ടുന്നത്. എന്നാല്‍, 294 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ 77 സീറ്റ് നേടിയ ബിജെപിയും പ്രതീക്ഷയിലാണ്. സിപിഎമ്മും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞതാണു തൃണമൂലിനും ബിജെപിക്കും നേട്ടമായത്. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സിപിഎമ്മിനും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ക്ഷയിച്ച കോണ്‍ഗ്രസിനും കേരളമെന്ന തുരുത്തെങ്കിലും പിടിക്കുകയെന്നതു നിലനില്പിന്റെ പ്രശ്നമാണ്.
പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളുടെ സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹത്തിലാണ് കോണ്‍ഗ്രസ്, ഡിഎംകെ, സിപിഐ സഖ്യം. സംസ്ഥാനത്തെ 30 സീറ്റുകളിലും ഇരുമുന്നണികളും നേരിട്ടുള്ള പോരാട്ടത്തിലാണ്. ചെറുസംസ്ഥാനമെങ്കിലും പുതുച്ചേരിയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അതും ഉത്തേജനമാകും.
തമിഴകത്ത് വാശിയേറെ
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ താഴെയിറക്കാന്‍ അണ്ണാ ഡിഎംകെയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. മുന്‍ മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപി, പിഎംകെ സഖ്യത്തിനു 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ അദ്ഭുതപ്പെടാനില്ല. കേരളത്തില്‍ പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അതിര്‍ത്തി കടന്നാല്‍ ഭായി ഭായി ആണ്.
സിനിമാതാരം വിജയ്യുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകളും സീറ്റുകളുമാകും നിര്‍ണായകം. ടിവികെ 15 ശതമാനം വോട്ടുകള്‍ പിടിച്ചാല്‍ ഡിഎംകെ മുന്നണിക്കു ക്ഷീണമാകും. മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്ന മറ്റൊരു പുതിയ പാര്‍ട്ടിയായ സീമന്‍ നേതൃത്വം നല്കുന്ന നാം തമിഴര്‍ കച്ചി (എന്‍ടികെ) നേടുന്ന വോട്ടുകളും പ്രബല മുന്നണികളുടെ ഉറക്കം കെടുത്തും.
National
ഗോഹട്ടി: ആസാമിൽ കോൺഗ്രസും റായിജോർ ദൾ പാർട്ടികൾ സീറ്റ് ധാരണയിലെത്തി. 11 സീറ്റുകളിലാണ് റായ്ജോർ ദൾ മത്സരിക്കുക. നിരവധി ദിവസത്തെ ചർച്ചയ്ക്കൊടുവിലാണ് ഇരു പാർട്ടികളും ധാരണയിലെത്തിയത്.
രണ്ടു സീറ്റിൽ ഇരു പാർട്ടികളും സൗഹൃദമത്സരം നടത്തും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയിയും റായിജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയിയും സീറ്റ്ധാരണ കരാറിൽ ഒപ്പുവച്ചു.
അഖിൽ ഗൊഗോയി ശിവസാഗർ മണ്ഡലത്തിൽ മത്സരിക്കും. അഖിലിന്റെ സിറ്റിംഗ് മണ്ഡലമാണിത്. കഴിഞ്ഞ തവണ ജയിലിലായിരുന്ന സമയത്താണ് ശിവസാഗറിൽ അഖിൽ വിജയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തിന്റെ പേരിലാണ് അഖിൽ ഗൊഗോയി ജയിലിലായത്.
പ്രതീക് ബർദലോയിക്കു നല്കിയ മാർഗരീറ്റ സീറ്റ് റായിജോർ ദളിനു നല്കി. പിതാവ് പ്രദ്യുത് ബർദലോയി ബിജെപിയിൽ ചേർന്നതിനാൽ മത്സരിക്കാനില്ലെന്ന് പ്രതീക് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
കോൺഗ്രസ് സഖ്യത്തിൽ റായിജോർ ദൾ, ആസാം ജതിയ പരിഷത്, സിപിഎം, എപിഎച്ച്എൽസി എന്നീ പാർട്ടികളാണുള്ളത്.
National
ന്യൂഡൽഹി: ആസാമിൽ 22 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. നാലു സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെടെയാണിത്. ഇതോടെ ആസാമിൽ കോൺഗ്രസിന് 87 സ്ഥാനാർഥികളായി.
മാർഗരീറ്റ മണ്ഡലത്തിൽ മത്സരത്തിൽനിന്നു പിന്മാറിയ പ്രതീക് ബർദലോയിക്കു പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.
ആദ്യഘട്ടത്തിൽ 42 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.ഗൗരവ് ഗൊഗോയ് ഉൾപ്പടെയുള്ള പ്രമുഖനേതാക്കൾ ആദ്യപട്ടികയിൽ ഇടം നേടിയിരുന്നു.
123 അംഗങ്ങളാണ് ആസാം നിയമസഭയിലുള്ളത്. 2023-ലമണ്ഡലപുനർനിർണയത്തിന് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണ് ആസാമിൽ നടക്കുന്നത്.
National
ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. കോൺഗ്രസിൽ നിന്ന് അടുത്തിടെ എത്തിയ നേതാക്കൾക്ക് പട്ടികയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ തട്ടകമായ ജലൂക്ബാരി മണ്ഡലത്തിൽ നിന്നും തുടർച്ചയായ ആറാം തവണയും ജനവിധി തേടും. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന എംപി പ്രദ്യുത് ബോർദോലോയിക്ക് ദിസ്പൂർ മണ്ഡലത്തിൽ ബിജെപി സീറ്റ് നൽകി.
ഈ സീറ്റിലെ നിലവിലെ എംഎൽഎയും മുതിർന്ന നേതാവുമായ അതുൽ ബോറയെ മാറ്റിയാണ് പ്രദ്യുതിന് അവസരം നൽകിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന അഞ്ച് കോൺഗ്രസ് നേതാക്കളിൽ നാല് പേർക്കും പട്ടികയിൽ സീറ്റ് ലഭിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിഹ്പുരിയ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
88 സ്ഥാനാർത്ഥികളിൽ ആറ് പേർ മാത്രമാണ് സ്ത്രീകൾ. ഇതിൽ മന്ത്രി അജന്ത നിയോഗ് ഒഴികെയുള്ള അഞ്ച് പേരും പുതുമുഖങ്ങളാണ്. ഡെപ്യൂട്ടി സ്പീക്കർ നുമൽ മോമിൻ, മന്ത്രി നന്ദിത ഗർലോസ എന്നിവരുൾപ്പെടെ 19 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ സീറ്റ് നൽകിയില്ല. മുതിർന്ന നേതാവ് സിദ്ധാർത്ഥ ഭട്ടാചാര്യയ്ക്കും പട്ടികയിൽ ഇടം ലഭിച്ചില്ല. അസമിൽ ബിജെപിക്കൊപ്പം അസം ഗണ പരിഷത്ത് , ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. എജിപി 26 സീറ്റുകളിലും ബിപിഎഫ് 11 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 88 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ സ്ഥിരം മണ്ഡലമായ ജലൂക്ബാരിയിൽ നിന്നും ജനവിധി തേടും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലൂക്ബാരി മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. അദ്ദേഹത്തിന്റെ ശക്തമായ സ്വാധീനമേഖലയായാണ് ഈ മണ്ഡലം കണക്കാക്കപ്പെടുന്നത്.
കോൺഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിൽ ചേർന്ന പ്രദ്യുത് ബോർദോലോയ് ഡിസ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിഹ്പുരിയയിൽ നിന്നും ജനവിധി തേടും.
സ്പീക്കർ ബിശ്വജിത് ദൈമാരി താമുൽപൂരിലും, മന്ത്രി ചന്ദ്രമോഹൻ പടോവാരി ടിഹുവിലും മത്സരിക്കും. എൻഡിഎ സഖ്യത്തിൽ ബിജെപി 89 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന് 26 സീറ്റുകളും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന് 11 സീറ്റുകളും നൽകിയിട്ടുണ്ട്. ആദ്യ പട്ടികയിൽ അഞ്ച് വനിതാ സ്ഥാനാർത്ഥികളെ പാർട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ ഒമ്പതിനാണ് ആസാമിൽ തെരഞ്ഞെടുപ്പ്. മേയ് നാലിന് വോട്ടെണ്ണൽ നടക്കും. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആസാമിൽ കോൺഗ്രസിന് കനത്ത പ്രഹരം. മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബോർദോലോയ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബുധനാഴ്ചയാണ് പ്രദ്യുത് ബോർദോലോയ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ശശി തരൂർ എംപിയെ പിന്തുണച്ചതിന്റെ പേരിൽ തനിക്ക് കോൺഗ്രസിനുള്ളിൽ കടുത്ത അപമാനം നേരിട്ടതായും പ്രദ്യുത് ബോർദോലോയ് ആരോപിക്കുന്നു. കോൺഗ്രസിൽനിന്നും രാജിവെച്ച് ഡൽഹിയിലെത്തിയ പ്രദ്യുത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.
പ്രദ്യുതിന്റെ മകൻ പ്രതീക് ബോർദലോയ് ഈ തെരഞ്ഞെടുപ്പിൽ മാർഗരിറ്റ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. നാഗോൺ മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംപിയായ കോൺഗ്രസ് നേതാവാണ് പ്രദ്യുത്.
National
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി അൽപസമയത്തിനകം പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് എന്നാണ് റിപ്പോർട്ട്.
തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം യോഗം ചേരും. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.
ആസാമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിന്നാലെ എൽഡിഎഫിലെ പാർട്ടികൾ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടും എന്നാണ് വിവരം. കോൺഗ്രസ് തിങ്കളാഴ്ചയും ബിജെപി ചൊവ്വാഴ്ചയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
National
ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. 14 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
അച്യുത് ദാസ് നവോബോയിച്ചയിൽ ജനവിധി തേടും. പുലിൻ ഗൊഗോയ് ഗെർഗാവുൺ മണ്ഡനത്തിലാണ് മത്സരിക്കുക. ജർബോം കുടും ജോഹ്പുരിൽ മത്സരിക്കും. അനുരൂപ ദേകരാജ ഗോഹട്ടി സെൻട്രലിൽ നിന്നായിരിക്കും ജനവിധി തേടുക.
തപൻ ഗൊഗോയ്, രഞ്ജിത്ത് ബോറോ, പല്ലവ് സൈക്കിയ, ബറുൺ ബികാസ് ജാസ് എന്നിവരും ആദ്യഘട്ട പട്ടികയിലുണ്ട്. 126 മണ്ഡലങ്ങളാണ് ആസാമിലുള്ളത്.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുതിർന്ന നേതാവ് റിപുൺ ബോറ. റിക്കാർഡ് ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസ് അധികാരത്തിലെത്തുകയെന്നും റിപുൺ ബോറ അവകാശപ്പെട്ടു.
"ജനങ്ങളെ വഞ്ചിച്ചവരാണ് ഭരണത്തിലുള്ളത്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.'-റിപുൺ ബോറ.
"മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അവർ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. വർഗീയമായിട്ട് ജനത്തിനെ വേർത്തിരിക്കുന്ന ആൾ കൂടിയാണ് ഹിമന്ത.'-റിപുൺ കുറ്റപ്പെടുത്തി.
National
ഗുവാഹത്തി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം ആസാമിൽ തകർന്നു വീണു. ആസാമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനം ഏകദേശം 60 കിലോമീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കണ്ടെത്താനായി വ്യോമസേന തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പതിവ് പരിശീലന പറക്കലിനായി ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. വിമാനം തകർന്നു വീണതായി പിന്നീട് സ്ഥിരീകരിച്ചു.
പൈലറ്റുമാരെ കണ്ടെത്താനായി കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സംഘങ്ങൾ പ്രദേശം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ഇതിനായി ഹെലികോപ്റ്ററുകളുടെ സഹായവും തേടിയിട്ടുണ്ട്.
വിമാനം തകരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
Kerala
മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിയുടെ കൈയ്ക്ക് ഗുരുതര പരിക്ക്. അസം സ്വദേശിയായ മുജാഹിദുൽ ഇസ്ലാമിന്റെ കൈയ്ക്ക് ആണ് ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. അരിപ്പൊടി നിർമാണ യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കുന്നത്തൊടി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിൽ ഉള്ള ഫാക്ടറിയിൽ ആണ് അപകടം.
തുടർന്ന് മലപ്പുറത്ത് നിന്ന് അഗ്നിശമന സേനയെത്തിയാണ് ഇയാളുടെ കൈ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജാഹിദുൽ ഇസ്ലാം നിലവിൽ ചികിത്സയിലാണ്.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും പാർട്ടി അധികാരം നിലനിർത്തുകയെന്നും ദിലീപ് സൈക്കിയ അവകാശപ്പെട്ടു.
"സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. ഹിമന്തയുടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. സർക്കാർ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'-ദിലീപ് സൈക്കിയ പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും ദിലീപ് പറഞ്ഞു. എംഎൽഎമാരുടെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയിട്ടുണ്ടെന്നും അവരെ വിജയിപ്പിക്കാൻ ജനം കാത്തിരിക്കുകയാണെന്നും ദിലീപ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രതിപക്ഷം ദുർബലമാണ്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ സ്ഥിതി അതീവ ദയനീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
National
ദിസ്പുർ: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 42 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
അസാം കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ജോർഹട്ടില്‍ നിന്ന് ജനവിധി തേടും. മുതിർന്ന കോൺഗ്രസ് നേതാവ് റിപുൻ ബോറ ബാർചല്ലയിൽ നിന്നും ജനവിധി തേടും.
126 നിയമസഭാ മണ്ഡലങ്ങളാണ് ആസാമിലുള്ളത്. കഴിഞ്ഞ തവണ 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ ഇത്തവണ എത്ര എന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ 46 സീറ്റുകളിൽ കോൺഗ്രസിന് വലിയ വിജയപ്രതീക്ഷയാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപായിത്തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം വലിയ മേൽക്കൈ ആണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാക്കാൻ കോൺഗ്രസ് എംപിമാരായ ഇമ്രാൻ മസൂദ്, സപ്തഗിരി ശങ്കർ ഉലക എന്നിവർ ഈയാഴ്ച തന്നെ മണ്ഡലപര്യടനങ്ങള്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഇരുവരും പാർട്ടി നേതാക്കളുമായും അണികളുമായും കൂടിക്കാഴ്ചകൾ നടത്തും. വിവിധ ജാതി മത വിഭാഗങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
National
ദിസ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് ഭുപൻ ബോറ. ബിജെപി അംഗത്വമെടുത്തതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസം പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഭൂപൻ കുമാർ ബോറ ഞായറാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയെ ചലിപ്പിക്കാനുള്ള പണം കോൺഗ്രസിനില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 16 നാണ് ബോറ കോൺഗ്രസ് വിട്ടത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേർന്നത്. സുരക്ഷിത സീറ്റ് അദ്ദേഹത്തിന് ബിജെപി ഉറപ്പു നൽകിയതായും റിപ്പോർട്ടുണ്ട്.
National
ഗോഹട്ടി: ആസാമിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ അബ്ദുർ റഷീദ് മണ്ഡൽ റായിജോർ ദളിൽ ചേർന്നു.
അഖിൽ ഗൊഗോയി നയിക്കുന്ന പാർട്ടിയാണ് റായിജോർ ദൾ. ഗോൾപാറ മണ്ഡലത്തിൽനിന്ന് അബ്ദുർ റഷീദ് മണ്ഡൽ മൂന്നു തവണ വിജയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആസാമിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു.
കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. കോൺഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും ഹിമന്ത അവകാശപ്പെട്ടു. ഗോഹട്ടിയിൽ പാർട്ടിയുടെ ബൂത്ത് വിജയ് സങ്കൽപ് സഭയെ അഭിസംബോദന ചെയ്യുകയായിരുന്നു അദ്ദേഹം.
"ആസാമിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. പാർട്ടിയുടെ വിജയം സുനിശ്ചിതമാണ്. അത് തടയാൻ ആർക്കും സാധിക്കില്ല. പ്രതിപക്ഷം ഒക്കെ വളരെ ദുർബലമാണ്.'-ഹിമന്ത പറഞ്ഞു.
"ജനങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. സംസ്ഥാനത്ത് വേണ്ടതെല്ലാം പ്രധാനമന്ത്രി നൽകുന്നുണ്ട്. റോഡുകൾ, ടണലുകൾ വൻ പദ്ധതികൾ അങ്ങനെ എല്ലാം. അതുകൊണ്ട് തന്നെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു.'-ഹിമന്ത പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി ബിജെപി ആസാം സംസ്ഥാന ഘടകം സമൂഹമാധ്യമത്തിൽ പങ്കുവച്ച വർഗീയ ചുവയുള്ള പോസ്റ്റിനെതിരേ ഇടത് പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.
"പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന അടിക്കുറിപ്പോടെ മുസ്ലിം ജനതയ്ക്കു നേരേ ഹിമന്ത ബിശ്വ ശർമ തോക്ക് ചൂണ്ടുന്ന പോസ്റ്റാണ് ആസാം സംസ്ഥാന ഘടകം കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും ബിജെപിക്കെതിരേ വലിയ വിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തുവന്നിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടത് പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ആസാം മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിനെതിരേ തുടരെ നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ കോടതിയുടെ അടിയന്തര ഇടപെടലും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തു വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അപ്പോൾ തെരഞ്ഞെടുപ്പുമായി പരോക്ഷ ബന്ധമുള്ള ഈ വിഷയം കോടതിയിൽ വാദം കേൾക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, വിവാദ പോസ്റ്റിനെതിരേ കോൺഗ്രസ് സംസ്ഥാന ഘടകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ഗോഹട്ടി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുകയാണെന്ന ആരോപണമുന്നയിച്ച് ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്.
മുഖ്യമന്ത്രിക്കെതിരേ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
ആസാം ബിജെപി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് പറയുകയായിരുന്നു ഗൗരവ് ഗൊഗോയ്.
National
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദമായ 'മിയാൻ' വോട്ടർ പരാമർശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ജനുവരി 27-ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗം "അതിരൂക്ഷമായ വെറുപ്പുളവാക്കുന്ന പ്രസംഗം" ആണെന്നും അത് ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ജാമിയത്ത് ഉലമ-ഇ-ഹിന്ദാണ് കോടതിയെ സമീപിച്ചത്.
അസമിലെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' സമയത്ത് നാല് മുതൽ അഞ്ച് ലക്ഷം വരെ 'മിയാൻ' വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും, താനും ബിജെപിയും ഈ വിഭാഗത്തിന് എതിരാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇവർ ഇന്ത്യയിലല്ല, ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
'മിയാൻ' എന്ന പദം അസമിലെ മുസ്ലീങ്ങളെ അവഹേളിക്കാൻ ബോധപൂർവ്വം ഉപയോഗിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയിൽ ബോധിപ്പിച്ചു. ഇത്തരം പ്രസംഗങ്ങൾ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനും സാമൂഹിക സൗഹാർദ്ദം തകർക്കാനും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.
ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗ പരാതികളിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നും അപേക്ഷയിൽ പറയുന്നു.
സമാധാന പ്രവർത്തകനായ ഹർഷ് മന്ദർ ഡൽഹി പോലീസിൽ മുഖ്യമന്ത്രി ഹിമന്തയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ അസമിലെ 43 പ്രമുഖ പൗരന്മാർ ഗുവാഹത്തി ഹൈക്കോടതിയെയും ഈ വിഷയത്തിൽ സമീപിച്ചിട്ടുണ്ട്.
Business
ഗുവാഹത്തി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ് നിർമിക്കും. ഇതിനായി 500 കോടിയുടെ നിക്ഷേപം നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. ബുധനാഴ്ച കന്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു
സംസ്ഥാനത്തെ തൊഴിലവസരങ്ങൾ, വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് കോട്ട വ്യക്തമാക്കി.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Sports
സിലാപത്തര്‍ (ആസാം): സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്ന് കേരളം. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആസാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്.
എം. മനോജും മുഹമ്മദ് അജ്സലും ദിൽഷാദുമാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്. മനോജ് 17-ാം മിനിറ്റിലും അജ്സൽ 45-ാം മിനിറ്റിലും ദിൽഷാദ് 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബ് ആണ് കേരളത്തിന്റെ എതിരാളികൾ. തമിഴ്നാടിനെ ഷൂട്ടൗട്ടിൽ 4-1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്.
National
ഗോഹട്ടി: ആസാമിലെ കൊക്രജാർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം.
ബോഡോ വിഭാഗവും ആദിവാസികളും തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചു. താത്കാലികമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
തിങ്കളാഴ്ച രാത്രി കൊക്രജറിലെ കരിഗാവ് ഔട്ട്പോസ്റ്റിലെ മാൻസിംഗ് റോഡിൽ മൂന്ന് ബോഡോകൾ സഞ്ചരിച്ച വാഹനം രണ്ട് ആദിവാസികളെ ഇടിച്ചിട്ടു.
പിന്നാലെ സമീപത്തെ ആദിവാസി ഗ്രാമത്തിലെ ആളുകൾ ബോഡോകളെ മർദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംഘർഷം വ്യാപിച്ചു.
National
ദിസ്പുർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി. ആസാമിലെ കൊക്രഝർ ജില്ലയിലാണ് സംഭവം.
ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പ്രതി റഫീക്കുൽ ഇസ്ലാമിന്റെ കാലിനാണ് വെടിയേറ്റത്. പോലീസുകാരുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.
റഫീക്കുലിനെ കൊക്രജാറിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരിൽ നിന്നും ആയുധം തട്ടിപ്പറിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.
തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ പ്രതിയെ ആദ്യം കൊക്രഝർ ആർഎൻബി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊക്രഝർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തരുഘട്ടിനടുത്തുള്ള ഒരു ലേബർ ക്യാമ്പിൽ അനാഥയും മാനസിക പ്രശ്നവുമുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് റഫീകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
National
ഗോഹട്ടി: ആസാമില്‍ ഏപ്രിലില്‍ ഒഴിവാകുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിയും അതിന്റെ സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി, ആസാം ഗണ പരിഷത്ത് (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎൽ) തുടങ്ങിയ സഖ്യകക്ഷികള്‍ ചേര്‍ന്ന 'യുണൈറ്റഡ് ഫ്രണ്ട്' ഇത്തവണ മൂന്ന് സീറ്റുകളിലും മത്സരിക്കും. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
നിലവില്‍ ഒഴിവാകാന്‍ പോകുന്ന സീറ്റുകള്‍ രണ്ടെണ്ണം ബിജെപി എംപിമാരായ ഭുവനേശ്വര്‍ കലിത, രമേശ്വര്‍ തെലി എന്നിവരുടേതാണ്. മൂന്നാമത്തേത് സ്വതന്ത്ര എംപി അജിത് ഭുയാന്റേതാണ്. കഴിഞ്ഞ തവണ അജിത് ഭുയാനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് അദ്ദേഹത്തെ നിഷ്പക്ഷനായി കണക്കാക്കിയതുകൊണ്ടായിരുന്നു. എന്നാൽ, എംപി ഫണ്ടുകളുടെ ദുരുപയോഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത്തവണ ബിജെപി ഇയാള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.
ആസാം നിയമസഭയില്‍ ബിജെപിക്ക് 64 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പത്, യുപിപിഎല്ലിന് ഏഴ്, ബിപിഎഫിന് മൂന്ന് എന്നിങ്ങനെയാണ് ശക്തി. ഈ ഭൂരിപക്ഷം കൊണ്ട് തന്നെ രണ്ട് സീറ്റുകളെങ്കിലും സഖ്യത്തിന് ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ തീരുമാനം ആസാം രാഷ്ട്രീയത്തില്‍ പുതിയൊരു തിരിവ് സൃഷ്ടിക്കുമെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.
National
ഗോഹട്ടി: ആസാമില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4:17നാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. മൊറിഗാവ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ അതിശൈത്യത്തിലും വീടുവിട്ട് വെളിയില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടി. വടക്കു കിഴക്കന്‍ മേഖലയില്‍ ഇതിന് മുന്‍പും നിരവധി ഭൂചലനങ്ങള്‍ക്ക് കാരണമായ കോപിലി ഫോള്‍ട്ട് ലൈന്‍ മേഖലയിലാണ് ഇത്തവണയും ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭൂചലനങ്ങള്‍ക്ക് സാധ്യത കൂടിയ അഞ്ചാമത് സീസ്മിക് സോണിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നത്. ഹിമാലയന്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന വടക്കു കിഴക്കന്‍ ഇന്ത്യയിലെ കോപ്ലി ഫോള്‍ട്ട് ലൈന്‍ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്ന പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും സജീവമായ ഭൂചലന മേഖലകളില്‍ ഒന്ന് കൂടിയാണ് ഇവിടം.