Kerala
കാലടി: സംസ്കൃത സര്‍വകലാശാലയില്‍ ബിഎഫ്എ തോറ്റ വിദ്യാര്‍ഥിക്ക് എംഎഫ്എയ്ക്കു പ്രവേശനം നല്‍കിയതിന്റെ ഫയല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വൈസ് ചാന്‍സലറെ തടയാന്‍ എസ്എഫ്ഐ ശ്രമം.
ലോക്ഭവന്റെ നിര്‍ദേശപ്രകാരം പോലീസ് സര്‍വകലാശാലാ കാമ്പസില്‍ എത്തിയാണു പ്രതിഷേധക്കാരെ നീക്കി വിസിക്കു പോകാന്‍ സൗകര്യമൊരുക്കിയത്.
വിദ്യാര്‍ഥിയുടെ എംഎഫ്എ പ്രവേശനവും വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കറ്റ് ഉപസമിതി ശിപാര്‍ശ ചെയ്തതു സംബന്ധിച്ച ഫയലുകളും ഇതു സംബന്ധിച്ച സിന്‍ഡിക്കറ്റ് രേഖകളും വൈകുന്നേരത്തിനുമുമ്പ് തനിക്കു നല്‍കണമെന്നായിരുന്നു രജിസ്ട്രാറോടും പരീക്ഷാ കണ്‍ട്രോളറോടും വിസി ഡോ. സിസാ തോമസ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കൈവശമില്ലെന്ന് രജിസ്ട്രാറും പരീക്ഷാ കൺട്രോളറും വിശദീകരണം നല്‍കിയതായാണു വിവരം.
ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും ഇതുസംബന്ധിച്ച രേഖകള്‍ നല്‍കാതിരുന്നതിനാലാണ് മുന്‍ വിസി ഡോ. ഗീതാകുമാരിയെ ചുമതലയില്‍നിന്നു നീക്കിയത്.
Kerala
കണ്ണൂർ: ഡിസിസി ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം. പ്രകടനവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഡിസിസി ഓഫീസിന് മുന്നിൽ നിന്ന് വെല്ലുവിളിക്കുകയാണ്.
സ്ഥലത്തെത്തിയ പോലീസ് ഗേറ്റ് പൂട്ടി, ഡിസിസി ഓഫീസിന് പരിസരത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞു.
ഡിസിസി ഓഫീസിൽ നിന്നും പുറത്തുവന്ന കോൺഗ്രസ് പ്രവർത്തകരും വെല്ലുവിളി മുഴക്കുന്നുണ്ട്. സ്ഥലത്ത് വലിയ സംഘർഷ സാധ്യതയാണ് നിലനിൽക്കുന്നത്. ഡിസിസി ഓഫീസിന് മുന്നിലെ ഗതാഗതം സ്തംഭിച്ചു.
National
ന്യൂഡൽഹി: ജെഎൻയു ക്യാമ്പസിൽ വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ക്യാമ്പസിൽ നിലവിൽ സംഘർഷം തുടരുകയാണ്. വ്യാപകമായി കല്ലേറും നടക്കുന്നതായാണ് വിവരം.
വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനയ്ക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി ആക്രമണം അഴിച്ചുവിട്ടെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ ആരോപണം. ക്യാമ്പസിൽ ഇടത് സംഘടനകൾ നടത്തിയ ജാഥയ്ക്ക് നേരെ എബിവിപി പ്രവർത്തകർ കല്ലേറ് നടത്തിയെന്നാണ് ആരോപണമുയരുന്നത്.
അതേസമയം ഇടത് സംഘടന പ്രവർത്തകർ തങ്ങളെ ആക്രമിച്ചെന്നാണ് എബിവിപി പ്രവർത്തകരുടെ വാദം. നിലവിൽ ക്യാമ്പസിൽ സംഘർഷ സാഹചര്യം തുടരുകയാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ ചൊല്ലി പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വാക്കുതർക്കം.
അക്രമ സംഭവത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം ആവശ്യമാണെന്ന നിലപാടിൽ എതിർപ്പുണ്ടായതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ ഔദ്യോഗികവിഭാഗം അനുമതി നിഷേധിക്കുകയായിരുന്നു.
നെടുമങ്ങാട് നടന്ന തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിലാണ് വാക്കുതർക്കം രൂപപ്പെട്ടത്. തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലും സമാന ആവശ്യം ഉന്നയിച്ച് രണ്ട് ചേരികളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ തർക്കത്തിലേർപ്പെട്ടിരുന്നു.
നെടുമങ്ങാട് നടന്ന സമ്മേളനത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം വേണമെന്ന് ആവശ്യമുയരുകയും തുടർന്ന് എസ്എഫ്ഐ ഗുണ്ടകൾ എന്ന പരാമർശം ഉണ്ടാകുകയും ചെയ്തതോടെയാണ് ബഹളമുണ്ടായത്.
Kerala
കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്.
വീടിനുള്ളിലാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ സ്വദേശിയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് എസ്എഫ്ഐ പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ സിവിൽ പോലീസുകാരനായ മിഥുൻ റോയിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ തെറ്റില്ലെന്നു റിപ്പോർട്ട്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ തയാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്കു സമർപ്പിച്ചു. മിഥുൻ റോയിയുടെ കൂടെയുണ്ടായിരുന്ന സത്രീക്കെതിരേയും കേസെടുത്തിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തെങ്കിലും നിസാര വകുപ്പുകളാണു ചുമത്തിയിരുന്നത്.
ആഘോഷത്തിനിടെ പോലീസ് ലാത്തിവീശിയതുമായി ബന്ധപ്പെട്ടു നേരത്തേ ഉണ്ടായ തർക്കമാണു മാളിലെ സംഘർഷത്തിലേക്കു നയിച്ചത്. എസ്എഫ്ഐ പ്രവർത്തകർ മാളിൽവച്ചു പോലീസുകാരനെ പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുന്നതിന്റെയും പോലീസുകാരൻ ഇടിവള ഉപയോഗിച്ചു നേരിടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസുകാരനും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പഴി എസ്എഫ്ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പോലീസുകാരനെയും തല്ലാന്‍ എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഒരു സംഘര്‍ഷത്തെയും എസ്എഫ്ഐ അനുകൂലിക്കുന്നില്ല. എസ്എഫ്ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നു. ചെറിയ ശതമാനം പുഴുക്കുത്തുകള്‍ പോലീസിലും ഉണ്ട്. അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല അനുഭവമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിവച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഡിസംബർ 31-ന് പുതുവത്സരാഘോഷവേളയിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ശനിയാഴ്ച ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ആക്രമിച്ചത്. മിഥുന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഹോദരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.
എന്നാൽ സഹോദരിയുടെ പേര് എഫ്ഐആറിൽ ഇല്ല. കണ്ടാലറിയാവുന്ന സ്ത്രീ എന്നു മാത്രമാണ് ചേർത്തിട്ടുള്ളത്. അതേസമയം, മിഥുൻ നൽകിയ പരാതിയിൽ ദുർബല വകുപ്പുകളിട്ടാണ് എസ്എഫ്ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുള്ളത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്.
ഔദ്യോഗിക ജോലിക്കിടയില്‍ ഉണ്ടായ പ്രശ്നങ്ങളുടെ പേരില്‍ പോലീസുകാരെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതികരണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.
ഇരുകൂട്ടരില്‍ നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകും.
പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്‍കാലത്ത് പരാതി ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിക്കും. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.
Kerala
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനു നേരെ മാളിലുണ്ടായ ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കേരള പോലീസ് അസോസിയേഷൻ. ഔദ്യോഗിക ഡ്യൂട്ടി നിർവഹിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും അസോസിയേഷൻ അറിയിച്ചു.
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിൽ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
നിയമം നടപ്പിലാക്കുന്നതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണം.
സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥനു സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. സംഭവത്തിൽ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതോടകം വൈറലായിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി രേഖപ്പെടുത്തിയ ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂ എന്നാണ് പോലീസിന്റെ നിലപാട്.
വഞ്ചിയൂർ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. അതേസമയം എസ്എഫ്ഐക്കാരുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പോലീസ് ട്രെയിനിംഗ് കോളജിൽ നടക്കുന്നതിനിടെയാണ് സംഭവം.
ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം, കമ്മീഷണറുടെ നിർദേശത്തിലാണ് എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ച പോലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനായ മിഥുൻ റോയിക്കെതിരെ കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോലീകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെയുണ്ടായ എസ്എഫ്ഐ സമരത്തിൽ യൂണിയൻ ചെയർമാൻ അശ്വിൻ ഉൾപ്പടെയുള്ളവർ അറസ്റ്റിൽ. അറസ്റ്റിലായവരുമായി പോയ പോലീസ് വാഹനം പ്രവർത്തകർ ബാരിക്കേഡ് വച്ച് തടഞ്ഞു.
പോലീസുമായി എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം തെരുവിലേക്കും നീണ്ടു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ച് നടത്തി.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും മോഹനൻ കുന്നുമ്മൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്തതിലും കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയായിരുന്നു എസ്എഫ്ഐ സമരം.
ബാരിക്കേഡുകൾ വച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി.
കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വിസി മോഹനൻ കുന്നുമ്മേൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
ബുധനാഴ്ച മുതൽ സർവകലാശാല ആസ്ഥാനത്ത് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ്. സഞ്ജീവും സമരമുഖത്തുണ്ട്.
Kerala
തൃശൂർ: തൃശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്യു ആക്രമണമെന്ന് പരാതി. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു, യൂണിറ്റ് സെക്രട്ടറി ദേവപ്രസാദ്, പ്രസിഡന്റ് റുവൈസ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ വിജയിച്ചിരുന്നു.
ഇതേ തുടർന്ന് അഖിലേന്ത്യ മൂട്ട് കോമ്പറ്റീഷനായുള്ള ഒരുക്കങ്ങൾ ക്യാമ്പസിൽ പുരോഗമിക്കുകയാണ്. ഇതിനിടെ കെഎസ്യു പ്രവർത്തകർ സംഘം ചേർന്നെത്തി ആക്രമിച്ചതായാണ് എസ്എഫ്ഐയുടെ പരാതി.
National
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മോദി വിരുദ്ധ മുദ്രാവാക്യവുമായി ഇടത് വിദ്യാര്‍ഥി സംഘടനകള്‍. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥികളായിരുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരേ മുദ്രാവാക്യം ഉയര്‍ത്തിയത്.
സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ തിങ്കളാഴ്ച രാത്രി ജെഎന്‍യുവിലെ സബര്‍മതി ഹോസ്റ്റലിന് മുന്‍പിലാണ് വിദ്യാര്‍ഥികള്‍ വിവാദ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. മോദിക്കും അമിത് ഷായ്ക്കും ജെഎന്‍യുവിന്റെ മണ്ണില്‍ കല്ലറകള്‍ തീര്‍ക്കും എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്.
ആര്‍എസ്എസ്, എബിവിപി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരേ മോശം പരാമര്‍ശങ്ങളാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയതെന്ന് ജെഎന്‍യുവിലെ എബിവിപി നേതാക്കള്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. എന്നാല്‍ കേസില്‍ ഇവര്‍ക്കൊപ്പം പ്രതികളായ മറ്റ് അഞ്ച് പേരെ കോടതി വെറുതെ വിട്ടു. ഈ സാഹചര്യത്തിലാണ് ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നേതാവാണ് നിമിഷ രാജു.
പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്നാണ് നിമിഷ രാജുവിനെ സിപിഐ സ്ഥാനാർഥിയാക്കിയത്.
എംജി സർവകലാശാലയിൽ 2021 ഒക്ടോബറിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്ക് എതിരെ നിമിഷ പോലീസിൽ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തത്.
നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാര്‍ഥികൾക്ക് പരിക്ക്. പരിക്കേറ്റ യുഡിഎസ്എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. കെഎസ്യു സംസ്ഥാന ട്രഷറർ കെ.ബി.ആദിൽ, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.
സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. തുടർന്ന് ഇരു വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥികളുടെ
ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്എഫ്ഐ. എൻഇപിയിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവൽകരണത്തെ കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് മന്ത്രി വി. ശിവൻകുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തെ കേരളത്തിൽ പൂർണമായി പ്രതിരോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് മന്ത്രി ശിവൻകുട്ടിക്ക് ഇതുസംബന്ധിച്ച കത്ത് കൈമാറുന്ന ചിത്രവും എസ്എഫ്ഐ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
Kerala
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.
Kerala
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പോലീസ് ബാരിക്കേട് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.
Kerala
തൃശൂർ: ക്രിമിനൽസംഘത്തെ സംസ്ഥാനവ്യാപകമായി അഴിച്ചുവിട്ട് സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി വിജയന്റെ പോലീസിനെതിരേയാണു കാസർഗോഡ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്.
മണ്ണാർക്കാട് അഷറഫിനെതിരേയും മാധ്യമപ്രവർത്തകൻ സി. ദാവൂദിനെതിരേയും സിപിഎം നേതാവ് പി.കെ. ശശിക്കെതിരേയും കൈവെട്ടുമുദ്രാവാക്യം വിളിച്ചു. ഇതായിരുന്നു അവസാനകാലത്തു ബംഗാളിലെ സ്ഥിതിയും. ബംഗാളിലെ അവസ്ഥയുടെ തുടക്കമാണു കേരളത്തിൽ സിപിഎമ്മും കാട്ടുന്നതെന്നും സതീശൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ സർക്കാർ കുളംതോണ്ടി. ആരോഗ്യരംഗം വെന്റിലേറ്ററിലായി. പി.ജെ. കുര്യനെപ്പോലെ മുതിർന്ന നേതാവ് യൂത്ത് കോണ്‍ഗ്രസ് കൂടുതൽ നന്നാകണമെന്നു പറഞ്ഞാൽ നിങ്ങളെന്തിനാണു വലിയ വാർത്തയാക്കുന്നതെന്നും സതീശൻ ചോദിച്ചു. പാലക്കാട്ടും നിലന്പൂരിലുമൊക്കെ വാർത്തകളുണ്ടാക്കി രാത്രിവരെ ചർച്ചചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. മാധ്യമങ്ങൾക്കുചുറ്റുമല്ല ലോകം കറങ്ങുന്നത്.
എസ്എഫ്ഐ ആഭാസസമരമാണു നടത്തുന്നത്. ഗവർണർക്കെതിരേ സമരത്തിന് എന്തിനാണു സർവകലാശാലയിലേക്കു പോയതും വിദ്യാർഥികളെയും ജീവനക്കാരെയും തല്ലിയതും? എല്ലാ ആർഎസ്എസുകാരെയും രാജ്യസഭയിലെത്തിക്കുകയാണു ബിജെപി. രാജ്യത്ത് ഇതുവരെയില്ലാത്തവിധം ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും കേരളത്തിൽ ആട്ടിൻതോലിട്ട ചെന്നായയായി ബിജെപി മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണർക്കെതിരേ സമരം ചെയ്യാനാണെങ്കിൽ രാജ്ഭവന് മുന്നിൽ വേണമെന്നും യൂണിവേഴ്സിറ്റിയിൽ പോയി ഈ സമരാഭാസം കാണിക്കുന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു.
ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. താൻ ആർഎസ്എസ് ഏജന്റാണെന്ന ക്യാപ്സ്യൂൾ കേരളത്തിൽ ഓടില്ലെന്നും സതീശൻ പറഞ്ഞു.
സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയത്. ഗവർണർക്കെതിരായ സമരത്തിൽ ജീവനക്കാരെയും മറ്റ് വിദ്യാർഥികളെയും മർദിക്കുന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു.
Kerala
കണ്ണൂര്‍: പഠിപ്പുമുടക്ക് സമരത്തിനിടെ പാചകതൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പേരാവൂര്‍ പോലീസാണ് കേസെടുത്തത്.
മണത്തണ ഗവ.സ്കൂളിലെ പാചകതൊഴിലാളി വസന്തയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം. പഠിപ്പുമുടക്ക് സമരമായതിനാല്‍ ഉച്ചഭക്ഷണം വയ്ക്കരുതെന്ന് പറഞ്ഞായിരുന്നു. കൈയറ്റം. അടുപ്പത്തേയ്ക്ക് ഇട്ട അരി പ്രവര്‍ത്തകര്‍ തട്ടിതെറുപ്പിച്ചതോടെ വസന്തയുടെ കാലിന് പൊള്ളലേറ്റിരുന്നു.
District News
പാലോട്: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്എഫ് ഐ, കെഎസ്യു സംഘട്ടനം. ഇരു വിഭാഗങ്ങളും പരസ്പരം കൊടിമരങ്ങളും കൊടി തോരണങ്ങളും നശിപ്പിച്ചു. പാലോട് പോലീസെത്തി സംഘട്ടനം നിയന്ത്രിച്ചു. സംഭവത്തെ തുടർന്നു കോളജിന് അവധി നൽകി. ഡിഗ്രി പ്രവേശനോത്സവത്തിന്റെ ഭാഗമായി കെഎസ്യു സ്ഥാപിച്ചിരുന്ന കൊടികൾ കാണാതായതാണ് സംഘർഷത്തിനു കാരണമായത്. കൊടികൾ എസ്എഫ്ഐ എടുത്തുമാറ്റിയെന്നാരോപിച്ചു എസ്എഫ്ഐയുടെ കൊടികൾ പരസ്യമായി കെഎസ്യു നശിപ്പിച്ചു.
ഇതിനെ തുടർന്ന് കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐയും നശിപ്പിച്ചു. ഇതിനു പിന്നാലെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. തുടർന്ന് എസ്എഫ്ഐയുടെ കൊടിമരത്തിനു പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ പോലീസ് കാവലിനെ അവഗണിച്ച് എസ്എഫ്ഐയുടെ കൊടിമരം കെഎസ്യു വീണ്ടും നശിപ്പിച്ചു.
ഇതിനെ തുടർന്നു പോലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ കെഎസ്യു പ്രവർത്തകർക്കും പോലീസിനും പരിക്കുണ്ട്. ഇന്ന് ഇരു കൂട്ടരെയും സമാധാന ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനുശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നു നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുൺ അറിയിച്ചു.
District News
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ഗവര്‍ണറുടെ ആര്‍എസ്എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന് മാര്‍ച്ചുമായി രംഗത്തെത്തിയത്.
മാര്‍ച്ച് തടയുന്നതിനായി വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. വെള്ളയമ്പലത്തിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Kerala
കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി മലയാളിയായ ആദര്‍ശ് എം. സജിയെയും സെക്രട്ടറിയായി പശ്ചിമബംഗാളില്‍ നിന്നുള്ള ശ്രീജന് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട്ട് നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
സുഭാഷ് ജാക്കർ, ടി. നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്പ സുരേന്ദ്രൻ, പ്രണവ് ഖാര്‍ജി, എം. ശിവപ്രസാദ്, സി. മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി. അരവിന്ദസാമി, അനില്‍ താക്കൂർ, കെ. പ്രസന്നകുമാർ, ദേബാഞ്ജന്‍ ദേവ്, പി.എസ്. സഞ്ജീവ്, ശ്രീജന് ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യ സെക്രട്ടേറിയറ്റ്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ രണ്ടും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എട്ടും ഒഴിവുണ്ട്.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശ് എം. സജി. എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന് ഭട്ടാചാര്യ. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തില്‍ നിന്ന് 10 പേര് അഖിലേന്ത്യ സെക്രട്ടറിയേറ്റിലുണ്ട്.
Kerala
സ്വന്തം ലേഖകൻ
കണ്ണൂർ: എസ്എഫ്ഐയെ വിമർശിച്ചതിന്റെ പേരിൽ കാസർഗോഡ് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്ക്ക് സർക്കാരിൽനിന്ന് അനുവദിച്ചുകിട്ടേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നതായി പരാതി. ഡോ. രമയ്ക്കെതിരായുള്ള എല്ലാ നടപടികളും അസാധുവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് 2024 മാർച്ചിൽ സർവീസിൽനിന്നു വിരമിച്ച രമയ്ക്ക് സർക്കാർ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചുവെങ്കിലും സിൻഡിക്കറ്റ് ഇടപെട്ട് സർക്കാരിൽനിന്നും അനുവദിച്ചുകിട്ടേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഒരു വർഷമായി തടഞ്ഞുവച്ചിരിക്കുന്നതായാണ് പരാതി.
യുജിസി വ്യവസ്ഥ പ്രകാരം 2009-11-ൽ ഡോ. രമ ഗവേഷണപഠനത്തിന് ചെലവിട്ട കാലയളവ് സർവകലാശാല തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിലാണ് ഇപ്പോൾ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടയപ്പെട്ടിരിക്കുന്നത്. നിരവധി തവണ കണ്ണൂർ വിസിയെ നേരിൽക്കണ്ട് പരാതിപ്പെട്ടിട്ടും സർവകലാശാല വരുത്തിയ വീഴ്ചയ്ക്ക് പരിഹാരം കണ്ടെത്താൻ അദേഹം തയാറായില്ല. വിസി വിഷയം സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വിട്ട് കൈയൊഴിയുകയാണു ചെയ്തത്. എസ്എഫ്ഐ നേതാക്കൾ കാമ്പസിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ പ്രിൻസിപ്പലിന്റെ അപേക്ഷ രാഷ്ട്രീയ കാരണങ്ങളാൽ പരിഗണിക്കാൻ സിൻഡിക്കറ്റ് തയാറാകുന്നുമില്ല.
എഫ്ഐപി സ്കീമിലൂടെയുള്ള ഡെപ്യൂട്ടേഷൻ കാലയളവിൽ ഗവേഷണം പൂർത്തിയാക്കിയ ഡോക്ടർ രമ 2011 ജൂലൈയിൽ പ്രബന്ധം യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച അടുത്ത ദിവസംതന്നെ തിരികെ കോളജിൽ ജോലിക്കു പ്രവേശിച്ചുവെങ്കിലും പ്രബന്ധം സമർപ്പിച്ചത് 2011 ജൂണിലാണെന്ന് സർവകലാശാല തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. അതു പ്രകാരം ഡോ. രമ ഒരു മാസക്കാലം സർവീസിൽനിന്നു വിട്ടുനിന്നതായി കണക്കാക്കേണ്ടതായി വരും. രമയുടെ പ്രബന്ധത്തിൽതന്നെ, പ്രബന്ധം സമർപ്പിച്ച തീയതി ജൂലൈയാണെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർവകലാശാലയ്ക്ക് പറ്റിയ തെറ്റ് തിരുത്താൻ തയാറാകാത്തത് ബോധപൂർവമാണ്. പ്രബന്ധസമർപ്പണ സർട്ടിഫിക്കറ്റ് സർവകലാശാല നൽകാൻ വൈകുന്നിടത്തോളം രമയ്ക്ക് ഗ്രാറ്റുവിറ്റി അനുകൂല്യങ്ങൾ ലഭിക്കാൻ തടസമാകും.
എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡോ. രമയ്ക്കെതിരേ ശിക്ഷാനടപടി കൈക്കൊള്ളാനും തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ തടയാനും സർക്കാർ നീങ്ങിയത്. സർവീസിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് ഡോ. രമയ്ക്കെതിരേ നടപടിയെടുക്കുന്നതിൽനിന്നു വ്യക്തമാകുന്നത് ഡോക്ടർ രമയെ മാനസികമായി പീഡിപ്പിക്കാനുള്ള ബാഹ്യ പ്രേരണ സർക്കാർ സംവിധാനത്തിൽ ഉണ്ടെന്നും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ഡോ. രമയ്ക്കെതിരേ ഏകപക്ഷീയമായി നടപടിയെടുക്കാൻ അധികാരം ദുർവിനിയോഗം ചെയ്തുവെന്നുമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രാറ്റുവിറ്റി അനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രബന്ധ സമർപ്പണ സർട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റി തടഞ്ഞുവച്ചിരിക്കുന്നത് ബോധപൂർവമാണെന്ന് കാണിച്ച് ഡോ. രമ ഗവർണർക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.