National
ഗോഹട്ടി: ആസാം നിയമസഭാ സ്പീക്കറായി ബിജെപിയിലെ രൺജീത് കുമാർ ദാസിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.
രണ്ടാം തവണയാണ് ദാസ് സ്പീക്കറാകുന്നത്.
ആസാമിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ 2016ൽ ദാസ് ആയിരുന്നു സ്പീക്കർ.
ഹിമന്ത ബിശ്വ ശർമ സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ നിയമസഭാംഗമായി. ബിജെപി ആസാം ഘടകം അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സ്പീക്കർ പദവി വേണ്ടെന്ന നിലപാടുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് തിരുവഞ്ചൂരിന്റെ ആവശ്യം.
മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തെത്തിയിരുന്നു.
ടി. സിദ്ദിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. ചർച്ചകൾ പൂർത്തിയാക്കി മന്ത്രിമാരുടെ പട്ടിക വി.ഡി. സതീശൻ ഗവർണർക്ക് കൈമാറി.
Kerala
തിരുവനന്തപുരം: മണിക്കൂറുകൾനീണ്ട ചർച്ചയ്ക്കൊടുവിൽ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും. തുടർന്ന് പട്ടിക ഗവർണർക്ക് കൈമാറും.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു യുവ നേതാവിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും മുതിർന്ന അംഗം ഈ സ്ഥാനത്തേക്ക് വരണമെന്ന ചിന്തയാണ് തിരുവഞ്ചൂരിന്റെ പേരിലേക്ക് എത്തിയത്.കോൺഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് തിരുവഞ്ചൂരുമായി സംസാരിച്ചു.
ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കറാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എ.പി.അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
പി.സി. വിഷ്ണുനാഥിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സി.പി. ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും ലഭിക്കും. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും ലഭിക്കുക.
കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അവർക്ക് 2011 ലെ വകുപ്പുകൾ തന്നെ ലഭിക്കും.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയുടെ സ്പീക്കറായി ബിജെപി എംഎൽഎ രതീന്ദ്ര ബോസിനെ തെരഞ്ഞെടുത്തു. രതീന്ദ്ര ബോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
ദക്ഷിണ കൂച്ച്ബെഹാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രതീന്ദ്ര ബോസ്. തെരഞ്ഞെടുപ്പിൽ 23284 വോട്ടുകൾക്ക് ടിഎംസി സ്ഥാനാർഥി അവിജിത് ഡി ഭൗവ്മിക്കെനെയാണ് പരാജയപ്പെടുത്തിയത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
International
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ചർച്ചകൾ തുടങ്ങും മുൻപേ പ്രതിസന്ധിയിൽ. ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദേശങ്ങളിൽ മൂന്നെണ്ണം ഇതിനകം ലംഘിക്കപ്പെട്ടുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ സമാധാന ചർച്ചകളുമായി മുന്നോട്ട് പോകുന്നത് അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ കരാർ ലെബനനും ബാധകമാണെന്ന ധാരണയുണ്ടായിരുന്നുവെന്നും എന്നാൽ ഇസ്രയേൽ അവിടെ ആക്രമണം തുടരുന്നത് കരാറിന്റെ ലംഘനമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. ഇറാൻ വ്യോമാതിർത്തിക്കുള്ളിൽ ശത്രുരാജ്യത്തിന്റെ ഡ്രോൺ പ്രവേശിച്ചതായി ഗാലിബാഫ് ആരോപിച്ചു. ഇത് വെടിനിർത്തൽ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ അവകാശം 10 ഇന നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നതാണ് അമേരിക്കയുടെ ആവശ്യം. പാകിസ്ഥാൻ ആസ്ഥാനമായി ഏപ്രിൽ 11-ന് ചർച്ചകൾ തുടങ്ങാനിരിക്കെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കാതെയും ലെബനനിലെ ആക്രമണം നിർത്താതെയും ഉഭയകക്ഷി ചർച്ചകൾ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് ഇറാന്റെ ഉന്നത നേതൃത്വം.
Kerala
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്.
എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചരണ പരിപാടിയിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്.
National
ബംഗളൂരു: കർണാടക നിയമസഭയിൽനിന്നു വോക്കൗട്ട് നടത്തി സ്പീക്കർ യു.ടി. ഖാദറിന്റെ വേറിട്ട പ്രതിഷേധം.
എംഎൽഎമാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സർക്കാർ വിമുഖതകാട്ടുന്നതാണ് സഭാനാഥനെ പ്രകോപിപ്പിച്ചത്.
ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും വിശദീകരണം നൽകാതെ സഭാ നടപടികൾക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് യു.ടി. ഖാദർ.
എംഎൽമാരുടെ നക്ഷത്രചിഹ്നമിടാത്ത 230 ചോദ്യങ്ങളിൽ 84 എണ്ണത്തിനുമാത്രം മറുപടിയുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര സഭയിലെത്തിയതോടെ സ്പീക്കർ ഇടയുകയായിരുന്നു
National
ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പരാമർശിച്ചുതുടങ്ങിയ ഉടൻ അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ ഓം ബിർള.
രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോക്സഭയിൽ സംസാരിക്കാൻ രാഹുൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിൽ പരാമർശിച്ച വിഷയത്തിനപ്പുറമുള്ള കാര്യമാണ് രാഹുൽ സംസാരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്.
എപ്സ്റ്റീൻ തന്റെ സുഹൃത്താണെന്ന് പുരി തന്നെ സമ്മതിച്ചതായി രാഹുൽ ആരോപിച്ചു. കേന്ദ്രമന്ത്രി സഭയിൽ ഇരിക്കുന്പോഴായിരുന്നു രാഹുലിന്റെ പരാമർശം.
പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്ത സ്പീക്കർ നിലവിലെ ഊർജ പ്രതിസന്ധിയിൽ പ്രസ്താവന നടത്താൻ പുരിയെ ക്ഷണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
രാഹുലിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷനേതാക്കളുടെ പ്രതിഷേധം.
മന്ത്രി പ്രസ്താവന നടത്തുന്പോൾ പ്രതിപക്ഷ എംപിമാർ എപ്സ്റ്റീൻ എന്ന മുദ്രാവാക്യം മുഴക്കി.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് സ്പീക്കർ ഓം ബിർള മറുപടി നൽകി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് ഒരു സ്പീക്കർക്കെതിരെയുള്ള പ്രമേയം സഭയിൽ ചർച്ച ചെയ്യപ്പെടുന്നത്. രണ്ട് ദിവസങ്ങളിലായി 12 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവിനോ മന്ത്രിമാർക്കോ സഭാ നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ പ്രത്യേക അവകാശമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ ഓരോ അംഗവും ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി മാത്രമേ സംസാരിക്കാവൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഭയിൽ പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫാക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിൽ മൈക്ക് ഓഫ് ചെയ്യാനോ ഓൺ ചെയ്യാനോ ഉള്ള സ്വിച്ചുകൾ ഇല്ലെന്നും, ആർക്കാണോ സംസാരിക്കാൻ അനുമതി നൽകുന്നത് അവരുടെ മൈക്ക് തനിയെ പ്രവർത്തനസജ്ജമാകുന്നതാണ് സഭയിലെ രീതിയെന്നും അദ്ദേഹം വിശദീകരിച്ചു.
സഭയുടെ മധ്യഭാഗത്തേക്ക് ഇറങ്ങുന്നതും, പ്ലക്കാർഡുകൾ ഉയർത്തുന്നതും, പേപ്പറുകൾ കീറിയെറിയുന്നതും സഭാ മര്യാദകൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അംഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടി വരുന്നത് മാനസികമായി പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയിലെ വനിതാ അംഗങ്ങൾക്ക് സംസാരിക്കാൻ താൻ എപ്പോഴും മുൻഗണന നൽകാറുണ്ടെന്നും തന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ സഭയിൽ സംസാരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ സ്പീക്കർ പദവിയിൽ ഇരിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്കല്ല, മറിച്ച് 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കാനാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കറ്റേ സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ ട്രോളി കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥ്.
"എന്നാലും ഞാൻ ആലോചിക്കുന്നത് സ്പീക്കർ എ.എൻ. ഷംസീർ എന്തൊരു മനുഷ്യനാണ് എന്നാണ്. റെയിൽവേ സ്റ്റേഷനിൽ തന്റെ കണ്മുന്നിൽവച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ വന്ദേ ഭാരത്തിൽ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്.' എന്ന് ശബരിനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തിന് ഗുരുതര പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പീക്കർ എ.എൻ. ഷംസീർ.
സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചത്. പ്രതിഷേധിക്കാം പക്ഷേ കൈയേറ്റം ചെയ്യാൻ പാടില്ല. മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. സ്ഥലത്ത് പ്രതിഷേധവുമായെത്തിയ കെഎസ്യു പ്രവർത്തകരുമായി മന്ത്രി വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം.
National
ഷില്ലോംഗ്: നിയമസഭയ്ക്കുള്ളിൽ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു വിലക്കി മേഘാലയ സ്പീക്കർ തോമസ് എ സാംഗ്മ. പാർലമെന്ററി അച്ചടക്കലംഘനമായതിനാലാണ് ഇതെന്ന് സ്പീക്കർ വിശദീകരിച്ചു.
പീപ്പിൾസ് പാർട്ടി അധ്യക്ഷൻ അർഡന്റ് ബസായിയോവോ, താൻ ബജറ്റ് സെഷനിൽ പങ്കെടുക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യങ്ങളിൽ പ്രചരിച്ച ഈ വീഡിയോ വിവാദമായതോടെ അർഡന്റിന് ഈ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടിവന്നു.
അച്ചടക്കലംഘനം അനുവദിക്കാനാവില്ലെന്ന് 275 റൂൾസ് ഓഫ് പ്രൊസീജിയർ ആൻഡ് കണ്ടക്ട് ഓഫ് ബിസിനസിലെ നടപടിച്ചട്ടം ചൂണ്ടിക്കാട്ടി, സാമാജികന്റെ പേരു പരാമർശിക്കാതെ സ്പീക്കർ റൂളിംഗ് നടത്തുകയായിരുന്നു.
National
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് ഒന്‍പതിന് നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാര്‍ച്ച് ഒന്‍പതിനാണ് തുടങ്ങുക. അന്നേദിവസം ലോക്സഭയില്‍ സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആദ്യംതന്നെ അവിശ്വാസപ്രമേയം പരിഗണിക്കുക എന്നതാണു ചട്ടം. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടക്കത്തില്‍ നടക്കും. ചര്‍ച്ചയ്ക്കുശേഷം വോട്ടെടുപ്പുമുണ്ടാകും. മ്മേളനം ഏപ്രില്‍ രണ്ടിനാണ് അവസാനിക്കുക.
National
ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യാ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്കി. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.
118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവച്ചത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും എൻസിപിയും നോട്ടീസിൽ ഒപ്പിട്ടില്ല. ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
ലോക്സഭാ ചരിത്രത്തില്‍ നാലാം തവണയും എന്‍ഡിഎ ഭരണത്തില്‍ ആദ്യവുമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്‍കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
National
ന്യൂഡൽഹി: സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. പ്രമേയത്തിനുള്ള ഒപ്പു ശേഖരണം കോൺഗ്രസ് ആരംഭിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ അനുച്ഛേദം 94, 96 പ്രകാരം സ്പീക്കറെ നീക്കം ചെയ്യുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മോദി സർക്കാരിന്റെ സമയത്ത് പ്രതിപക്ഷം ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ രാജ്യസഭയിൽ മുൻ അധ്യക്ഷൻ ജഗ്ദീപ് ധൻകർക്കെതിരേ പ്രതിപക്ഷം ഇത്തരമൊരു നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, ലോക്സഭയിൽ പ്രതിപക്ഷ ബഹളം ശക്തമായതിനു പിന്നാലെ, ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകം സ്പീക്കർ ഓം ബിർള ലോക്സഭ ഉച്ചവരെ നിർത്തിവച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്.
ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടപ്രകാരം അംഗങ്ങൾക്ക് സംസാരിക്കാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടരുകയായിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു. ബജറ്റ് സെഷനിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്.
പ്രധാനമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുന്നതിന് മുൻപ് പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പ്രതിപക്ഷ നടപടിയെ സ്പീക്കറും വിമർശിച്ചു. തുടർന്നാണ് സഭ ഉച്ചയ്ക്ക് 12 മണി വരെ പിരിഞ്ഞത്.
Kerala
തിരുവനന്തപുരം: ബഹളത്തെ തുടർന്ന് നിർത്തിവച്ച നിയമസഭാ നടപടികൾ വീണ്ടും ആരംഭിച്ചു. ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങളുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.
സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചത് ശരിയല്ലെന്നും ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല സ്പീക്കർക്കും ഉണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും സഭയിൽ ഇത്തരത്തിൽ സംഘർഷമുണ്ടാകുമ്പോൾ സഭാ നടപടികൾ നിർത്തിവച്ച് രണ്ടുകൂട്ടരുമായി സ്പീക്കർ സംസാരിക്കുന്നതാണ് പതിവ്. എന്നാൽ അങ്ങ് ഇതുവരെ അത് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളെയും ഞങ്ങളുടെ സമരത്തെയും വെല്ലുവിളിക്കുകയാണ് സ്പീക്കർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ അതിനുമാത്രം സംഘർഷം സഭയിൽ ഉണ്ടായില്ലെന്ന് സ്പീക്കർ മറുപടി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള പ്രതിഷേധത്തിൽ ഇന്ന് രണ്ടുതവണയാണ് സഭാ നടപടികൾ നിർത്തിവച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ സംഘർഷാവസ്ഥ. ചോദ്യോത്തരവേളക്കിടെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.
സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച അൻവർ സദാത്ത് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ തടഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎയും ഡയസിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി.
സഭയ്ക്കുള്ളിലും സമരം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു. എസ്ഐടി നോക്കുക്കുത്തിയായി. പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നു. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎം നേതാക്കളും പുറത്തിറങ്ങുമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന് ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയാണെന്ന് മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.
ഇത് ജനാധ്യ പത്യത്തോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. തൊഴിലുറപ്പ് അട്ടിമറിച്ച ദിവസം മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്കയുടെ അനുയായികളാണ് ഇവർ. ഹൈക്കോടതിയിൽ നിന്ന് കരണക്കുറ്റിക്ക് മാറി മാറി അടികിട്ടിയെന്നു മന്ത്രി പരിഹസിച്ചു
Kerala
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡലാണ് ലോക കേരള സഭയെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ.
നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്റെ ‘ലോക കേരള സഭ’ മാതൃക പിന്തുടരണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. വളരെ ഫലവത്തായ ചർച്ചകളും ക്രിയാത്മകമായ നിർദേശങ്ങളും ഇത്തവണത്തെ ലോക കേരള സഭാ സമ്മേളനത്തിൽ ഉയർന്നുവന്നുവെന്നും സ്പീക്കർ പറഞ്ഞു.
National
ന്യൂഡല്‍ഹി: ലോക്സഭാ നടപടികളില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ട് മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
മുന്‍പ് സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സഭയ്ക്കുള്ളിലെ ഓരോ അംഗത്തിന്റെയും സീറ്റിലുള്ള മള്‍ട്ടിമീഡിയ കണ്‍സോളിലൂടെ മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കൂ. എംപിമാരുടെ വിരലടയാളം ഉപയോഗിച്ചായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക. ഇത് ഹാജര്‍ നിലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കും.സഭ നിര്‍ത്തിവെച്ചിരിക്കുന്ന സമയത്തോ ബഹളം മൂലം തടസ്സപ്പെട്ടിരിക്കുന്ന സമയത്തോ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയില്ല.
സഭ കൃത്യമായി നടക്കുമ്പോള്‍ മാത്രമേ ഈ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.സഭയ്ക്ക് പുറത്ത് ഒപ്പിട്ട ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ പോകുന്ന രീതി ഒഴിവാക്കാനും സഭയ്ക്കുള്ളില്‍ എംപിമാരുടെ സാന്നിധ്യം പരമാവധി ഉറപ്പാക്കാനുമാണ് ഈ നീക്കം.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സഭയില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ അവര്‍ക്ക് ഈ പുതിയ നിയമം ബാധകമായിരിക്കില്ല.
ജനുവരി 28-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം മുതലാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഹാജര്‍ രേഖപ്പെടുത്താത്ത ദിവസങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ദൈനംദിന അലവന്‍സുകള്‍ ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഭയെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം. ഇതിനായി ലോക്സഭയിലെ ഓരോ സീറ്റിലും ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. നിയമസഭയുടെ ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഗവർണർ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിൽ.
പ്രസംഗത്തിന് മുന്‍പും ശേഷവും ദേശീയഗാനം ആലപിക്കണമെന്ന തന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണറുടെ നടപടി. തമിഴ്നാട് നിയമസഭയില്‍ 'തമിഴ് തായ് വാഴ്ത്ത്' പാടി സമ്മേളനം ആരംഭിക്കുകയും ദേശീയഗാനത്തോടെ അവസാനിപ്പിക്കുകയുമാണ് പതിവ്.
സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിലെ പല ഭാഗങ്ങളോടും തനിക്ക് ധാര്‍മ്മികമായും വസ്തുതാപരമായും വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ സഭയില്‍ വായിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാകാതെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതോടെയാണ് അദ്ദേഹം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.
അതേസമയം ഗവര്‍ണറുടെ നടപടി 'ബാലിശമാണെന്ന്' മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വിമര്‍ശിച്ചു. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ തയ്യാറാകാത്തവര്‍ എന്തിനാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ. ഷംസീര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും.
32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ.
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചെങ്കിൽ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടയിൽ തൃണമൂൽ കോണ്‍ഗ്രസ് അംഗം ഇ- സിഗരറ്റ് ഉപയോഗിച്ചെന്ന പരാതിയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഭയുടെ പവിത്രത തകർക്കാൻ ആർക്കും അവകാശമില്ല. ഇ-സിഗരറ്റ് വലിച്ചുവെന്ന പരാതി സംബന്ധിച്ച വിഷയം അന്വേഷണത്തിലാണ്. തുടർനടപടികൾക്കായി സഭ പിന്നീട് ഉചിതമായ കമ്മിറ്റിക്കു റഫർ ചെയ്യും. കമ്മിറ്റിയുടെ ശിപാർശപ്രകാരം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ബിജെപി അംഗം അനുരാഗ് സിംഗ് ഠാക്കൂറാണ് ഇ-സിഗരറ്റ് സംബന്ധിച്ച പരാതിയുമായി സ്പീക്കറെ സമീപിച്ചത്. ഇതോടൊപ്പം ജസ്റ്റീസ് യശ്വന്ത് വർമയെ നീക്കം ചെയ്യന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചതായും ബിർല പറഞ്ഞു.
ജസ്റ്റീസ് വർമയെ നീക്കം ചെയ്യുന്നതിനു നിയോഗിച്ച കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയേക്കുമെന്ന് സൂചന.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, വൈദ്യപരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കൂകി വിളികളും മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഒന്‍പതാം കേരള നിയമസഭയിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിക്കുകയും കേരള കോണ്‍ഗ്രസ് -എം ചെയർമാനായി പ്രവർത്തിക്കുകയും ചെയ്ത പി.എം. മാത്യുവിന്റെ നിര്യാണത്തിൽ സ്പീക്കർ എ. എൻ. ഷംസീർ അനുശോചിച്ചു.
റബർ കർഷകരുടെ വിഷയങ്ങളിൽ എന്നും ശബ്ദമുയർത്തിയ നേതാവിനെയാണു നഷ്ടമായിരിക്കുന്നതെന്ന് സ്പീക്കർ അനുസ്മരിച്ചു. 1993-96 കാലഘട്ടത്തിൽ അദ്ദേഹം നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ എന്നനിലയിൽ നടത്തിയ ഇടപെടലുകൾ എടുത്തുപറയേണ്ടതാണെന്നും ഷംസീർ പറഞ്ഞു.
Kerala
ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഉച്ചഭാഷിണി പ്രചാരണം നടത്തിയതിലൂടെ സർക്കാർ ഖജനാവിലെത്തിയത് 12 കോടിയിലധികം രൂപ.
വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയതിന്റെ പെർമിറ്റ് (അനുമതി ) നുള്ള ഫീസായി ലഭിച്ചതാണ് ഈ തുക. ഒരു ദിവസം ഉച്ചഭാഷിണി പ്രചാരണം നടത്തുന്നതിനുള്ള പെർമിറ്റ് ഫീസ് 750 രൂപയാണ്. മിക്കവാറും സ്ഥാനാർഥികൾ ഏറ്റവും കുറഞ്ഞത് രണ്ട് ഉച്ചഭാഷിണി പ്രചാരണം നടത്തിയിട്ടുണ്ട്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 23576 വാർഡുകളിലായി 75632 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവർ രണ്ടു ദിവസം വീതം ഉച്ചഭാഷിണി പ്രചാരണം നടത്തിയാൽ തന്നെ 11,34,48000 രൂപയാകും.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ ഒന്നിലധികം വാഹനങ്ങളിൽ മൂന്ന് ദിവസത്തിലധികം ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടുണ്ട്. കൃത്യമായ കണക്ക് ലഭിക്കുമ്പോൾ ഇത് 12 കോടിയിലധികമായി മാറും.
National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ സ്പീക്കറായി പ്രേം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഗയാജി മണ്ഡലത്തിൽ നിന്നു വിജയിച്ച ബിജെപി എംഎൽഎയാണ് അദ്ദേഹം. എതിരില്ലാതെയാണ് പ്രേം കുമാർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രേം കുമാറിനെ സ്പീക്കറാക്കണമെന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്നു പ്രേം കുമാറിനെ സ്പീക്കർ ഡയസിലേക്ക് ആനയിച്ചു.
പ്രോടേം സ്പീക്കർ നരേന്ദ്ര നാരായൺ യാദവിന്റെ നേതൃത്വത്തിലായിരുന്നു സഭാ നടപടികൾ. തിങ്കളാഴ്ചയാണ് 18-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തിങ്കളാഴ്ച എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടേം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രേം കുമാർ പ്രഖ്യാപിച്ചു.
Kerala
കണ്ണൂർ: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ.എൻ. ആമിന (42) നിര്യാതയായി. പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്.
ഭർത്താവ്: എ.കെ. നിഷാദ് (മസ്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.