ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ചർച്ചകൾ തുടങ്ങും മുൻപേ പ്രതിസന്ധിയിൽ. ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദേശങ്ങളിൽ മൂന്നെണ്ണം ഇതിനകം ലംഘിക്കപ്പെട്ടുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ സമാധാന ചർച്ചകളുമായി മുന്നോട്ട് പോകുന്നത് അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ കരാർ ലെബനനും ബാധകമാണെന്ന ധാരണയുണ്ടായിരുന്നുവെന്നും എന്നാൽ ഇസ്രയേൽ അവിടെ ആക്രമണം തുടരുന്നത് കരാറിന്റെ ലംഘനമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. ഇറാൻ വ്യോമാതിർത്തിക്കുള്ളിൽ ശത്രുരാജ്യത്തിന്റെ ഡ്രോൺ പ്രവേശിച്ചതായി ഗാലിബാഫ് ആരോപിച്ചു. ഇത് വെടിനിർത്തൽ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ അവകാശം 10 ഇന നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നതാണ് അമേരിക്കയുടെ ആവശ്യം. പാകിസ്ഥാൻ ആസ്ഥാനമായി ഏപ്രിൽ 11-ന് ചർച്ചകൾ തുടങ്ങാനിരിക്കെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കാതെയും ലെബനനിലെ ആക്രമണം നിർത്താതെയും ഉഭയകക്ഷി ചർച്ചകൾ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് ഇറാന്റെ ഉന്നത നേതൃത്വം.
Tags : Iran Speaker Latest News