സാംസങ് ഗാലക്സി ബഡ്സ്
ന്യൂഡൽഹി: ആപ്പിളിന് പിന്നാലെ തങ്ങളുടെ തെരഞ്ഞെടുത്ത ഗാലക്സി ബഡ്സ് ഈയർഫോണുകളിൽ ഹിയറിംഗ് എയ്ഡ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. ഇതിനായി യുഎസ് എഫ്ഡിഎയുടെ അനുമതി കമ്പനിക്ക് ലഭിച്ചു. ഈ വർഷം അവസാനത്തോടെ ഘട്ടങ്ങളായി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇതോടെ വിലകൂടിയ ഹിയറിംഗ് എയ്ഡുകൾക്ക് പകരമായി അനുയോജ്യമായ ഗാലക്സി ബഡ്സുകൾ ഉപയോഗിക്കാൻ സാധിക്കും.
സാധാരണ ഓഡിയോളജിസ്റ്റുകൾ നടത്തുന്ന പരിശോധനയ്ക്ക് സമാനമായി 5 മിനിറ്റിനുള്ളിൽ ചെവിയുടെ കേൾവിശക്തി പരിശോധിക്കാൻ സഹായിക്കുന്ന 'ഹിയറിംഗ് ടെസ്റ്റ്' ഫീച്ചറാണ് സാംസങ് അവതരിപ്പിക്കുന്നത്. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബഡ്സ് സൗണ്ട് ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. പ്രീമിയം ഹിയറിംഗ് എയ്ഡുകളിൽ കാണപ്പെടുന്ന നോയ്സ് റിഡക്ഷൻ, ബീംഫോമിംഗ് എന്നീ സാങ്കേതികവിദ്യകളും ഇതിലുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 1.5 ശതകോടിയിലധികം ആളുകൾക്ക് കേൾവി തകരാറുകളുണ്ട്. ഉയർന്ന ചെലവും അപകർഷതാബോധവും കാരണം പലരും കേൾവി സഹായികൾ ഉപയോഗിക്കാറില്ല. ബഡ്സുകളിൽ ഈ സൗകര്യം വരുന്നതോടെ സാധാരണക്കാർക്ക് കേൾവി സഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
2026 അവസാന പാദത്തിൽ ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് 4 പ്രോ എന്നിവയിലാണ് ഈ ഫീച്ചറുകൾ ആദ്യം ലഭ്യമാകുക. കേൾവിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാംസങ് ഹെൽത്ത് ആപ്പിലൂടെയും പരിശോധിക്കാം.
Tags : technology samsung apple galaxybuds