ഡീപ്സീക്ക്
സോഫ്റ്റ്വെയർ ഡെവലപ്മെന്റ് രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡിപ്സീക് പുതിയ 'സൂപ്പർ-ഏജന്റ് ' പ്രോട്ടോടൈപ്പ് പുറത്തിറക്കി. യുഎസ് എഐ കമ്പനിയായ ആന്ത്രോപികിന്റെ 'ക്ലോഡ് കോഡിന്' നേരിട്ട് വെല്ലുവിളി ഉയർത്തുന്നതാണ് ഈ ഓപ്പൺ സോഴ്സ് എഐ ടൂൾ.
സാധാരണ എഐ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി സ്വയം പ്രവർത്തിക്കാനുള്ള ശേഷിയാണ് സൂപ്പർ-ഏജന്റിന്റെ പ്രധാന പ്രത്യേകത. പ്രോംപ്റ്റുകളോ ചോദ്യങ്ങളോ നൽകുന്നതിനായി കാത്തുനിൽക്കാതെ തന്നെ ഡെവലപ്പർമാരുടെ ഗ്രൂപ്പ് ചാറ്റുകൾ തത്സമയം നിരീക്ഷിക്കാനും, കോഡിങ്ങിലെ പിഴവുകൾ കണ്ടെത്താനും, സ്വയം പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഈ ടൂളിന് കഴിയും.
മനുഷ്യന്റെ ഇടപെടൽ പരമാവധി കുറച്ചുകൊണ്ട് വലിയ സഹായം നൽകുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കമ്പനി പ്രസ്താവിച്ചു.
ഡിപ്സീക് അടുത്തിടെ രൂപീകരിച്ച 'ഹാർനെസ്' ടീമാണ് വിചാറ്റിലൂടെ പുതിയ ടൂൾ പ്രഖ്യാപിച്ചത്. സോഫ്റ്റ്വെയർ പ്രോഗ്രാമിങ് രംഗത്ത് ആധിപത്യം പുലർത്തുന്ന യുഎസ് എഐ കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ബദൽ നൽകുകയാണ് ഡിപ്സീക് ലക്ഷ്യമിടുന്നത്.
ഡിപ്സീക് അടുത്തിടെ 100 ബില്യൺ യുവാൻ (ഏകദേശം 15 ബില്യൺ യുഎസ് ഡോളർ) സമാഹരിച്ചു. പ്രമുഖ ബാറ്ററി നിർമാതാക്കളായ സിഎടിഎൽ, ടെൻസെന്റ് എന്നിവരാണ് പ്രധാന നിക്ഷേപകർ. സൂപ്പർ-ഏജന്റ് നിലവിൽ ഒരു റിസർച്ച് പ്രോട്ടോടൈപ്പാണ്. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന പൂർണ ഉത്പ്പന്നമല്ലെങ്കിലും, ആഗോളതലത്തിൽ ഡെവലപ്പർമാരുടെ പ്രധാന എഐ അസിസ്റ്റന്റായി മാറാനുള്ള ഡിപ്സീക്കിന്റെ ശ്രമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
കമ്പനിയുടെ 'V4.1-ഫ്ലാഷ്' (V4.1-Flash) മോഡലുകൾ മെമ്മറി ഉപയോഗം കുറച്ചുകൊണ്ട് വേഗത്തിലുള്ള കോഡിങ്ങും ചിന്താശേഷിയും നൽകുന്നത് ഡെവലപ്പർമാർക്കിടയിൽ കമ്പനിക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.
Tags : artificialintelligence superagent deepseek ai agent .coding anthropic claude