പ്രതീകാത്മക ചിത്രം
പാരീസ്: 15 വയസിൽ താഴെയുള്ള കുട്ടികൾ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നിർണായക നിയമനിർമാണവുമായി ഫ്രാൻസ് മുന്നോട്ട്.പാർലമെന്റിലെ രണ്ട് സഭകളുടെയും പ്രതിനിധികൾ അടങ്ങിയ സംയുക്ത സമിതി ബില്ലിന്റെ കരടിന് തിങ്കളാഴ്ച അംഗീകാരം നൽകി.
നാഷണൽ അസംബ്ലിയിലും സെനറ്റിലും നടക്കുന്ന അന്തിമ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ബില്ലിന് പൂർണ അംഗീകാരം ലഭിക്കും. സെപ്റ്റംബറിലെ പുതിയ അധ്യയന വർഷാരംഭത്തിന് മുൻപ് തന്നെ നിയമം നടപ്പിലാക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകളെത്തുടർന്നാണ് ഫ്രഞ്ച് സർക്കാരിന്റെ ഈ വിപ്ലവകരമായ നീക്കം.
വിലക്ക് ബാധകമാകുന്ന സോഷ്യൽ മീഡിയ സേവനങ്ങളുടെ ഔദ്യോഗിക പട്ടിക ഫ്രാൻസിന്റെ ഇൻഫർമേഷൻ ടെക്നോളജി മന്ത്രി തയ്യാറാക്കും. ജന്മദിനം രേഖപ്പെടുത്തുന്നതിന് പകരം, ഫ്രാൻസിലെ ഡാറ്റാ പ്രൊട്ടക്ഷൻ അഥോറിറ്റി അംഗീകരിക്കുന്ന കൃത്യമായ പ്രായപരിശോധന സംവിധാനങ്ങൾ സോഷ്യൽ മീഡിയ കമ്പനികൾ ഏർപ്പെടുത്തണം.
കുട്ടികളുടെ ശ്രദ്ധ തിരിയാതിരിക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമായി ഹൈസ്കൂളുകളിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം പൂർണമായി നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി ഫ്രാൻസ് ഇതോടെ മാറും.
കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകൾ നിരോധിക്കുന്ന നിയമം പാസാക്കിയിരുന്നു. യൂറോപ്യൻ യൂണിയനിലുടനീളം സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Tags : france ban socialmedia childrenunder15 parliamentbill