വെതർനെക്സ്റ്റ് 3
ന്യൂഡൽഹി: കാലാവസ്ഥാ പ്രവചന രംഗത്ത് പുതിയ മാറ്റങ്ങൾ വഴിതെളിച്ചിരിക്കുകയാണ് ഗൂഗിൾ. തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'വെതർനെക്സ്റ്റ് 3' (WeatherNext 3) പുറത്തിറക്കി.
ഭൗമസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ മണിക്കൂറിലും അഞ്ച് കിലോമീറ്റർ പരിധിവരെ കൃത്യതയുള്ള കാലാവസ്ഥാ വിവരങ്ങൾ നൽകാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.
നിലവിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ചതും കൃത്യതയുള്ളതുമായ കാലാവസ്ഥാ പ്രവചന മോഡലാണിതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. മുൻകാല മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഉപഗ്രഹങ്ങളിൽ നിന്നും പ്രാദേശിക വെതർ സ്റ്റേഷനുകളിൽ നിന്നുമുള്ള തത്സമയ വിവരങ്ങളാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.
ഗൂഗിൾ സെർച്ച്, ജെമിനി, ഗൂഗിൾ മാപ്സ് തുടങ്ങിയ സേവനങ്ങളിൽ ഉടൻ തന്നെ ഈ പുതിയ എഐ സംവിധാനം ലഭ്യമാകും. മുൻ മോഡലായ വെതർനെക്സ്റ്റ് 2വിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ കൃത്യതയോടെ അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം, കാറ്റിന്റെ വേഗത എന്നിവ പ്രവചിക്കാൻ ഇതിന് കഴിയും.
നാസയുടെ ഡാറ്റ ഉൾപ്പെടെ പ്രയോജനപ്പെടുത്തി പരിശീലനം നൽകിയതിനാൽ മഴയെക്കുറിച്ചുള്ള പ്രവചനങ്ങളിൽ 50% വരെ അധിക കൃത്യത ഉറപ്പുനൽകുന്നു. ചെലവേറിയ സൂപ്പർ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളുടെ കുറവുമൂലം കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭിക്കാതിരുന്ന ഏഷ്യ-പസഫിക്, ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഈ എഐ സംവിധാനം ഏറെ ആശ്വാസകരമാകും.
കാറ്റിന്റെ വേഗതയും മേഘാവൃതമായ അന്തരീക്ഷവും കൃത്യമായി മുൻകൂട്ടി അറിയിക്കാൻ കഴിയുന്നതിനാൽ സൗര-കാറ്റാടി ഊർജ്ജ നിലയങ്ങൾക്ക് തങ്ങളുടെ വൈദ്യുതി ഉത്പാദനം കൃത്യമായി പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും.
Tags : technology google artificialintelligence weathersystem satellites forecasts