പണ്ടൊക്കെ പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ ഉടൻ എസ്എസ്എൽസി പരീക്ഷ ചൂട് കനക്കും മുന്പ് ഓട്ടോഗ്രാഫുകളുടെ ഒരു കുളിർമഴ പെയ്യും. സ്നേഹ പരിഭവ മധുരനൊമ്പരങ്ങളുടെ മഴനൂലുകൾ അക്ഷരങ്ങളായി ഓട്ടോഗ്രാഫിന്റെ പല വർണ്ണങ്ങളിലുള്ള പേജുകളിലേക്ക് പെയ്തിറങ്ങും.
സൗഹൃദത്തിന്റെ മഴ... ഇനിയെന്നു കാണും എന്നോർത്ത് വേദനിക്കുന്നതിന്റെ വിതുമ്പുന്നതിന്റെ മഴ.. അങ്ങനെ ഓട്ടോഗ്രാഫുകൾ പലത് എഴുതിയ ഒരു തലമുറയ്ക്ക് മുന്നിലൂടെയാണ് ഇപ്പോൾ ഒരു ഓട്ടോഗ്രാഫ് പോലും എഴുതാതെ പുതിയ തലമുറ കടന്നു പോകുന്നത്.
ഇന്നത്തെ കുട്ടികൾക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് ഓട്ടോഗ്രാഫുകളിലെ കുറിപ്പുകൾ. വാട്സ്ആപ്പ് സന്ദേശങ്ങൾക്കും ഇമോജികൾക്കും പകർന്നു തരാൻ കഴിയാത്ത ഭംഗിയും ശക്തിയും സ്നേഹ വാത്സല്യങ്ങളും ഉണ്ട് പഴയ ഓട്ടോഗ്രാഫിലെ ഓരോ പേജുകൾക്കും... ഓരോ വരികൾക്കും..
ഇന്നത്തെ കുട്ടികൾക്ക് ക്ലീഷേ എന്നും ക്രിഞ്ച് എന്നും തോന്നാവുന്ന വരികളും വാക്കുകളും പ്രയോഗങ്ങളും ഒക്കെയാണ് അന്നൊക്കെ ഓട്ടോഗ്രാഫിൽ ആത്മാർത്ഥമായി ഓരോരുത്തരും അങ്ങോട്ടുമിങ്ങോട്ടും എഴുതി കൊടുത്തിരുന്നത്.
എനിക്കുണ്ടൊരു ലോകം.. നിനക്കുണ്ടൊരു ലോകം.. നമുക്കില്ലൊരു ലോകം....
എന്ന് കുറിച്ചിട്ട ഓട്ടോഗ്രാഫ് താളുകളിൽ ഇപ്പോൾ നോക്കി ഓർമകളിലേക്ക് പിന്നോട്ടോടുമ്പോൾ പുതിയ കുട്ടികൾ ക്രിഞ്ച് എന്നതിനെ വിളിക്കും ... വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളിൽ പോലും ഇത് കാണില്ലല്ലോ എന്ന് അവർ പറയും..
കാലവും മാറും കോലവും മാറും
നാടും മാറും വീടും മാറും
നീ എന്നെ മറന്നാലും
ഞാൻ നിന്നെ മറക്കില്ല
എന്ന് എഴുതിപ്പിടിപ്പിച്ച് മറന്നുപോയവർ എത്രയോ പേർ. അവരൊക്കെ എവിടെയാണ് എന്തു ചെയ്യുന്നു എന്നുപോലും പലർക്കും അറിയുന്നുണ്ടാവില്ല. പക്ഷേ ഓട്ടോഗ്രാഫ് മറിച്ച് ആ എഴുത്തുകൾ വായിക്കുമ്പോൾ മുന്നിലേക്ക് പഴയ ക്ലാസ് മുറികൾ കടന്നുവരും..
വരാന്തകളിലൂടെ ഓടിക്കളിച്ച ദിവസങ്ങൾ ഓർമ വരും.. ഇണങ്ങിയും പിണങ്ങിയും ആഘോഷിച്ചതിന്റെ മധുര സ്മരണകൾ മനസിൽ നിറയും.... അത് ഓട്ടോഗ്രാഫ് തരുന്ന വല്ലാത്തൊരു ഫീലാണ്..
റീൽസും ഷോർട്ട്സും ലൈവ് വീഡിയോയും സെൽഫിയുമില്ലാത്ത കാലത്തെ, ഓർമകളുടെ കൈമുദ്രകൾ ചാർത്തിയ ഓട്ടോഗ്രാഫുകൾ.. അന്നൊക്കെ സ്കൂളിനടുത്തുള്ള കടകളിൽ പത്താം ക്ലാസുകാരെ ലക്ഷ്യമിട്ട് അവസാന പരീക്ഷയ്ക്ക് എത്രയോ മുന്പ് തന്നെ ഓട്ടോഗ്രാഫുകൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ടാകും.
വെൽവെറ്റ് പുറംചട്ടയുള്ള ഓട്ടോഗ്രാഫുകൾക്ക് വില കൂടുതലായിരുന്നു. ഭംഗിയുള്ള ഡിസൈനുകളിൽ ഒരുപാട് ഓട്ടോഗ്രാഫ് പുസ്തകങ്ങൾ ഉണ്ടായിരുന്നു. ചിലരൊക്കെ രണ്ടെണ്ണം വാങ്ങും. ചിലർ ഒന്നിലൊതുക്കും.
കുറച്ചുകാലം കഴിഞ്ഞപ്പോൾ ഓട്ടോഗ്രാഫ് പുസ്തകങ്ങളുടെ സ്ഥാനത്ത് ഡയറികൾ ഓട്ടോഗ്രാഫുകളുടെ അപരന്മാരായി. സാധാരണ ഓട്ടോഗ്രാഫിൽ രണ്ടോ മൂന്നോ വരികളിൽ കുറിച്ചിട്ടിരുന്നത് ഡയറി ആയപ്പോൾ ഉപന്യാസമായി മാറി. വളരെ ഡീറ്റെയിൽ ആയി തന്നെ സൗഹൃദങ്ങളുടെ അക്ഷരക്കൂട്ടുകൾ ഡയറികളിൽ നിറഞ്ഞു.
പിന്നെ എപ്പോഴാണ് ഓട്ടോഗ്രാഫുകൾ ഇല്ലാതായത്. എന്തുകൊണ്ട് അങ്ങനെയൊരു ഓർമ കുറിപ്പ് കുട്ടികൾ തന്നെ വേണ്ടെന്നുവച്ചു. വലിയൊരു നഷ്ടമായിരുന്നു അത്. കുഞ്ഞുപുസ്തകത്തിന്റെ താളുകളിൽ കുറിച്ചിട്ട വാക്കുകൾക്ക് വല്ലാത്തൊരു സാഹിത്യ ഭംഗിയുണ്ടായിരുന്നു.
നിഷ്കളങ്കമായ സ്നേഹ തലോടൽ ഉണ്ടായിരുന്നു. കത്തയക്കാൻ മറന്നാലും wc അയക്കാൻ മറക്കല്ലേ എന്ന് എത്രയോ പേർ ഓട്ടോഗ്രാഫിന്റെ അടിയിൽ എൻ.ബി. എന്നെഴുതി ഓർമ്മിപ്പിച്ചിരിക്കുന്നു. ഡബ്ലിയു സി എന്നുവച്ചാൽ വെഡിംഗ് കാർഡ്. വാട്ടർ ക്ലോസെറ്റ് എന്നതിന്റെ ഷോർട്ട് ഫോമും ഡബ്ല്യുസി ആണെന്ന് അന്നറിയില്ലായിരുന്നു.
ഇഷ്ടം തുറന്നു പറയാതെ ക്ലാസ് അവസാനം വരെ കാത്തുസൂക്ഷിച്ച്, ഇനിയെന്നു കാണുമെന്ന് വിഷമിച്ചു നിൽക്കുമ്പോൾ ആദ്യത്തെ ഓട്ടോഗ്രാഫ് എഴുതിത്തരൂ എന്നു പറഞ്ഞ് അടുത്തുവന്ന അവൾക്ക് അവൻ എഴുതി കൊടുത്തത് ഇങ്ങനെയായിരുന്നു -
വാദ്യമേളങ്ങളും താലപ്പൊലിയും
പുഷ്പാർച്ചനയും ഇല്ലാതെ നിന്റെ
ഈ ഓട്ടോഗ്രാഫ് ഞാൻ ഉദ്ഘാടനം
ചെയ്യുന്നു..
അതു വായിച്ച് അവൾ പൊട്ടിച്ചിരിച്ചോടിപ്പോയത്രെ...
(ഒരു രഞ്ജിത്ത് സിനിമയിലെ
പ്രണയാർദ്രമായ ഡയലോഗ്
പോലെയുണ്ട്.)
ബി.എ. ജയിക്കാൻ മറന്നാലും എം.എ. എടുക്കാൻ മറന്നാലും എൻഎ
( എന്നെ) മറക്കല്ലേ എന്ന് എഴുതിയ നിരവധി പേരുണ്ട്.
പഠിച്ചു പഠിച്ചു നീ ഡോക്ടർ
ആകുമ്പോൾ ചുമച്ചു ചുമച്ച്
ഞാൻ നിൻ അരികിൽ
എത്തുമ്പോൾ
എന്നെ അറിയില്ലെന്നു പറയല്ലേ..
എന്നിൽ നിന്ന് ഫീസ് വാങ്ങല്ലേ..
എന്ന് അപേക്ഷിച്ചവരും ഏറെയാണ്.
അവനവൻ പഠിക്കുന്ന ക്ലാസിലെ കൂട്ടുകാരുടെ ഓട്ടോഗ്രാഫുകൾ മാത്രമല്ല അന്ന് എഴുതിക്കാറുള്ളത്. ക്ലാസ് മുറികൾ പലതും കയറിയിറങ്ങി എഴുതി വാങ്ങിയിട്ടുണ്ട് സൗഹൃദ സ്നേഹങ്ങളുടെ അക്ഷരക്കൂട്ടുകൾ.
കൂട്ടത്തിൽ അധ്യാപകരുടെ ഓട്ടോഗ്രാഫുകളും വാങ്ങിയിട്ടുണ്ട്. നന്നായി വരട്ടെ, ഓൾ ദ ബെസ്റ്റ്, വർക്ക് ഹാർഡ്, വിഷ് യു ഓൾ സക്സസ് തുടങ്ങിയ അനുഗ്രഹങ്ങൾ ആയിരുന്നു അവർ ഏറെ കുറിച്ചിട്ടത്.
പത്താം ക്ലാസിലെ ഓട്ടോഗ്രാഫുകൾ പോലെയല്ല കലാലയ ജീവിതത്തിലെ, ക്യാമ്പസ് ഓട്ടോഗ്രാഫുകൾ.. കവി മധുസൂദനൻ നായർ രചിച്ച അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന വരി എത്രയോ പേർക്ക് എഴുതി കൊടുത്തിട്ടുണ്ട്.
മനോഹരമായ സാഹിത്യ വാചകങ്ങൾ ഓട്ടോഗ്രാഫിൽ കുറിച്ചിടാൻ വേണ്ടി ലൈബ്രറിയിൽ പോയി എം.ടി. വാസുദേവന്മാരുടെ നോവലുകൾ തപ്പിയ കാലം ഉണ്ടായിരുന്നു.
ചാണകക്കുഴിയിൽ വീണാലും
പ്രേമക്കുഴിയിൽ വീഴല്ലേ
എന്ന് ഉപദേശിച്ചവർ
കുറച്ചൊന്നുമല്ല.
ഭാവിജീവിതം ഭാസുരമാക്കുവാൻ
ഭരണി നിറയെ ഭാവുകങ്ങൾ എന്ന് ഓട്ടോഗ്രാഫിൽ കുറിച്ചിട്ടവർ ഭ ഭ ഭ ഭ ആണല്ലോ പറഞ്ഞത് എന്ന് ഇപ്പോൾ മനസിലാകുന്നു.
രസമാണ് , കൗതുകമാണ് ഓട്ടോഗ്രാഫറുകളുടെ ഓരോ പേജുകളും ഓരോ വരികളും. പോയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുക മാത്രമല്ല കുറേ ചിരിക്കാൻ ഉണ്ടാകും അത് വായിക്കുമ്പോൾ..
കുറേ ചിന്തിക്കാൻ ഉണ്ടാകും അതോർക്കുമ്പോൾ.. സന്തോഷവും വിഷമവും തോന്നും ആ നല്ല ദിവസങ്ങൾ ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത്.. അതുതന്നെയാണ് കാലം എത്ര കഴിഞ്ഞാലും ഓട്ടോഗ്രാഫിന്റെ കാലത്തെ അതിജീവിക്കുന്ന വശ്യത.
Tags : Autograph Today Story