ബഹിരാകാശത്തുനിന്നുള്ള ഇന്ത്യയുടെ മനോഹരമായ രാത്രിദൃശ്യങ്ങള്‍ പങ്കുവച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്). അറബിക്കടലിനു മുകളിലൂടെ, ഹിമാലയന്‍ മേഖല ലക്ഷ്യമിട്ടു സഞ്ചരിക്കവെ പകര്‍ത്തിയ ചിത്രങ്ങളാണ് ഗവേഷകര്‍ പുറത്തുവിട്ടത്.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായി മാറി. രാത്രിയില്‍ ലക്ഷക്കണക്കിനു നഗരവിളക്കുകളാല് ഇന്ത്യ മിന്നിത്തിളങ്ങുന്ന ദൃശ്യം അതിമനോഹരമാണ്. ഐഎസ്എസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്.
വലിയ നഗരങ്ങളിലെയും ചെറിയ ഗ്രാമങ്ങളിലെയും വെളിച്ചത്തിന്റെ ശൃംഖല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രൂപം ബഹിരാകാശത്തുനിന്നു കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ്. സ്പെഷലൈസ്ഡ് ലോംഗ് എക്സ്പോഷര്‍ ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ രാത്രിദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സോഷ്യല്‍ മീഡിയ വലിയ ആവേശത്തോടെയാണ് ചിത്രങ്ങള്‍ ഏറ്റെടുത്തത്. ഇന്ത്യ തിളങ്ങുകയാണ്, വിളക്കുകളേക്കാള്‍ പ്രകാശമുള്ളതാണ് രാജ്യത്തിന്റെ സംസ്കാരം... തുടങ്ങിയ നിരവധി പ്രതികരണങ്ങളാണു ചിത്രങ്ങള്‍ക്കു ലഭിക്കുന്നത്.
ഭൂമിയില്‍നിന്ന് ഏകദേശം 370 മുതല്‍ 460 വരെ കിലോമീറ്റര്‍ ഉയരത്തിലാണ് ബഹിരാകാശ നിലയം ഭ്രമണം ചെയ്യുന്നത്. ഏകദേശം 90 മിനിറ്റുകൊണ്ട് ഐഎസ്എസ് ഭൂമിയെ ഒരുതവണ വലംവയ്ക്കുന്നു. ബഹിരാകാശത്തെ മനുഷ്യന്റെ ഏക സ്ഥിരതാമസകേന്ദ്രമായ ഐഎസ്എസില്‍ അത്യാധുനികഗവേഷണങ്ങളാണ് നടക്കുന്നത്.