സോഷ്യൽ മീഡിയയിൽ തങ്ങളുടെ സ്വകാര്യ ജീവിതവും ആഭരണ ശേഖരങ്ങളും നിരന്തരം പങ്കുവെച്ചിരുന്ന പ്രശസ്ത ഇൻഫ്ലുവൻസറുടെ വീട്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ-വജ്രാഭരണങ്ങളും പണവും കവർന്നു.
കന്യാകുമാരി നാഗർകോവിലിന് സമീപം വിഐപി ഗാർഡനിൽ താമസിക്കുന്ന ഇൻഫ്ലുവൻസർ മധുമിതയുടെയും ഏലക്ക വ്യാപാരിയായ ഭർത്താവ് വിനോദ് കുമാറിന്റെയും വീട്ടിലാണ് മോഷണം നടന്നത്. 118 പവനോളം വരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും അരലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
കുടുംബസമേതം തിരുനെൽവേലിയിലേക്ക് വസ്ത്രങ്ങൾ വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം. അർദ്ധരാത്രിയോടെ മടങ്ങിയെത്തിയ ഇവർ വീടിന്റെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
കിടപ്പുമുറിയിലെ അലമാര പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന ആഭരണ പെട്ടിയും പണവും കവർന്ന നിലയിലായിരുന്നു. കവർച്ചയിൽ യൂട്യൂബിൽ വലിയ ഫോളോവേഴ്സുള്ള മധുമിതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പങ്കുണ്ടോയെന്ന് പൊലിസ് വിശദമായി പരിശോധിച്ചുവരികയാണ്.
വീടുകളിൽ സൂക്ഷിച്ചിരുന്ന പണക്കിഴികളും പുതിയതായി വാങ്ങിയ സ്വർണാഭരണങ്ങളും അവ വാങ്ങിയ കടകളുടെ വിവരങ്ങളും മധുമിത പതിവായി വീഡിയോകളിൽ കാണിച്ചിരുന്നു. ഇതിനുപുറമേ കുടുംബത്തിന്റെ യാത്രാ വിവരങ്ങളും ഷോപ്പിംഗ് വിശേഷങ്ങളും ഇവർ കൃത്യമായി പങ്കുവെച്ചിരുന്നു.
കുടുംബം പുറത്തുപോയ തക്കം നോക്കി മോഷണം നടത്താൻ ഈ പോസ്റ്റുകൾ പ്രതികളെ സഹായിച്ചിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷണസംഘം പ്രധാനമായും നിരീക്ഷിക്കുന്നത്. പ്രതികൾ ഇത് കണ്ടാണ് എത്തിയത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ സാധ്യത പൊലിസ് തള്ളിക്കളയുന്നില്ല.
ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കവർച്ചക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
This Youtuber from KanyaKumari showed off her money & jewelry in the vlog.
— Vije (@vijeshetty) September 25, 2026
Thieves broke the house & stole 1 Cr. worth of jewelry.pic.twitter.com/WEebM03dkZ
Tags : NagercoilNews KanyakumariCrime InfluencerRobbery JewelryHeist KeralaNews