റോഡ് സുരക്ഷയും ഹെൽമെറ്റ് ബോധവൽക്കരണവും ജനങ്ങളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡുകൾ സമർഥമായി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് കേരള പോലീസ്.
ലോക പ്രശസ്ത ഫുട്ബോൾ താരവും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ കളിക്കാരനുമായ എർലിങ് ഹാലൻഡിനെ കേന്ദ്രകഥാപാത്രമാക്കിയാണ് ഇത്തവണ കേരള പോലീസ് വേറിട്ടൊരു പ്രചാരണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വൻ തരംഗമായി മാറിയ "സം ഗൈ നെയിംഡ് എർലിങ്" എന്ന വൈറൽ ട്രെൻഡാണ് ഇതിനായി പോലീസ് ഉപയോഗപ്പെടുത്തിയത്.
തന്റെ ഇരുപത്താറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വൈക്കിംഗ് ശൈലിയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഹാലൻഡ് കുറിച്ച "26 ഇയേഴ്സ്. നൈസ്" എന്ന ക്യാപ്ഷനാണ് ഈ ട്രെൻഡിന് തുടക്കമിട്ടത്.
ഇതിന് പിന്നാലെ, തികച്ചും സാധാരണമായ വീഡിയോകൾ പങ്കുവെച്ചുകൊണ്ട്, ഏതോ ഒരു എർലിങ് വന്ന് 'നൈസ്' എന്ന് കമന്റ് ചെയ്തതോടെ തന്റെ വീഡിയോ വൈറലായി എന്ന് തമാശ രൂപേണ പറയുന്ന ട്രെൻഡ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ഈ തരംഗത്തെ കൃത്യമായി ഉപയോഗിച്ചാണ് കേരള പോലീസും എഐ നിർമ്മിത വീഡിയോ പുറത്തിറക്കിയത്. ഹാലൻഡ് തലയിൽ ഹെൽമെറ്റ് ധരിച്ച് ബൈക്ക് ഓടിക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
തങ്ങൾ ഹാലൻഡിന്റെ ഹെൽമെറ്റ് ബോധവൽക്കരണ വീഡിയോ പങ്കുവെച്ചപ്പോൾ എർലിങ് എന്ന് പേരുള്ള ഏതോ ഒരുത്തൻ വന്ന് 'നൈസ്' എന്ന് കമന്റ് ചെയ്തിരിക്കുന്നു എന്ന രസകരമായ അടിക്കുറിപ്പും പോലീസ് നൽകിയിട്ടുണ്ട്.
ഇരുചക്രവാഹന യാത്രകളിൽ ഹെൽമെറ്റിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് പോലീസ് ഇതിലൂടെ ചെയ്യുന്നത്. കായിക ലോകത്തെയും പോപ്പ് കൾച്ചറിനെയും റോഡ് സുരക്ഷാ സന്ദേശങ്ങളുമായി സമർഥമായി കൂട്ടിയോജിപ്പിക്കുന്ന കേരള പോലീസിന്റെ രീതി മുൻപും കൈയ്യടി നേടിയിട്ടുണ്ട്.
സൈബർ ലോകത്തെ പുതിയ ട്രെൻഡുകൾ ഉപയോഗിച്ചുള്ള ഈ വേറിട്ട പരീക്ഷണം പോലീസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോൾ വൻ ഹിറ്റാണ്.
26 years. Nice?? pic.twitter.com/CLVRIt7GMH
— Erling Haaland (@Erling) July 21, 2026
Tags : KeralaPolice RoadSafety HelmetAwareness KeralaNews TrendingNews