പ്രയാഗ്രാജ് സ്വദേശിയായ ശിവം കുമാർ എന്ന 21 വയസുകാരൻ ഗംഗാനദിയെ മാലിന്യമുക്തമാക്കാൻ നടത്തുന്ന നിസ്വാർഥ പരിശ്രമങ്ങൾ ഇന്ന് രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി തന്റെ ദിനചര്യയുടെ പ്രധാന ഭാഗമായി നദീതീര ശുചീകരണത്തെ മാറ്റിയ ഈ ചെറുപ്പക്കാരൻ ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്.
ഗംഗാതീരത്തു നിന്നും വെള്ളത്തിൽ നിന്നും വലിയ തോതിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് ശിവം തന്റെ പ്രവർത്തനം ലോകത്തെ അറിയിച്ചത്. തനിക്കിത് വെറുമൊരു വീഡിയോ ചിത്രീകരണമല്ലെന്നും മറിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും അവൻ വ്യക്തമാക്കുന്നു.
തീരത്തുനിന്നും നദിയിൽ നിന്നും ചില്ലുകുപ്പികൾ, കാർഡ്ബോർഡുകൾ, പഴയ വസ്ത്രങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശിവം ഒറ്റയ്ക്ക് നീക്കം ചെയ്യുന്നത്. എന്നാൽ ഈ പ്രവൃത്തി അത്ര എളുപ്പമോ സുരക്ഷിതമോ അല്ല.
തകർന്ന ചില്ലുകഷണങ്ങൾ ചിതറിക്കിടക്കുന്ന തീരങ്ങളിലൂടെ സാധാരണ ചെരുപ്പുകൾ മാത്രം ധരിച്ച് നടന്നും, വിഷപ്പാമ്പുകൾ നീന്തിനടക്കുന്ന വെള്ളത്തിലിറങ്ങിയുമാണ് അവൻ ഈ ശുചീകരണ ദൗത്യം തുടരുന്നത്.
ഒരു വശത്ത് നദി വൃത്തിയാക്കാൻ പരിശ്രമിക്കുമ്പോഴും മറുവശത്ത് ജനങ്ങൾ വീണ്ടും മാലിന്യങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന കാഴ്ചകൾ വലിയ സങ്കടമുണ്ടാക്കുന്നതായി ശിവം പറയുന്നു.
അപകടസാധ്യതകൾക്ക് പുറമെ കടുത്ത സാമ്പത്തിക ഞെരുക്കവും ഈ ചെറുപ്പക്കാരനെ അലട്ടുന്നുണ്ട്. കുടുംബം പുലർത്താനും നദീശുചീകരണത്തിനുള്ള ചെലവുകൾ കണ്ടെത്താനുമായി ഒരു ജോലി തിരഞ്ഞ് കടകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങളും ശിവം പങ്കുവെച്ചിട്ടുണ്ട്.
സാമ്പത്തിക പ്രയാസങ്ങളും സുരക്ഷാ ഭീഷണികളും കടുക്കുമ്പോഴും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ അവൻ തയ്യാറല്ല. ശിവത്തിന്റെ ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
സ്വച്ഛ് ഭാരത് പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കണമെന്നും, പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ തലമുറ മുന്നോട്ടുവരുന്നത് ഏറെ പ്രത്യാശ നൽകുന്നുവെന്നും ജനങ്ങൾ പ്രതികരിക്കുന്നു.
Tags : ShivamKumar GangaCleanUp GenZHero RealLifeHero ViralNews