ബംഗ്ലാദേശ് തെരുവുകളിൽ നിന്ന് ഇൻസ്റ്റാഗ്രാം ലോകത്തേക്ക് തരംഗമായി പടരുകയാണ് ഒരു വെറൈറ്റി ചിക്കൻ ജാൽമുറി. പരമ്പരാഗതമായി അരിപ്പൊരിയും കടുകണ്ണയും പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന ജാൽമുറിക്ക് തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് അയൽരാജ്യം നൽകിയിരിക്കുന്നത്.
ചിക്കൻ ലെഗ് പീസ് ഉൾപ്പെടെ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവത്തിന്റെ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമായ ജാൽമുറിയിൽ മസാല നിറഞ്ഞ ചിക്കൻ ഗ്രേവിയും പുളി-മധുര ചട്ണികളും ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത ശേഷമാണ് പ്രധാന ആകർഷണമായ ചിക്കൻ ലെഗ് പീസ് ചേർക്കുന്നത്.
ഇത് നന്നായി ഉടച്ച് അരിപ്പൊരിയുമായി യോജിപ്പിച്ച് സവാളയും മല്ലിയിലയും വിതറി പേപ്പർ കപ്പുകളിലാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. തെരുവോര കച്ചവടക്കാരൻ ഗ്ലൗസ് ധരിച്ച് ശുചിത്വത്തോടെ ഭക്ഷണം തയ്യാറാക്കുന്നത് സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റി.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്ന് ഉയരുന്നത്. ഇതിനെ ബംഗ്ലാദേശികളുടെ സ്വന്തം ബിരിയാണി എന്ന് വിശേഷിപ്പിച്ചവരും ഉടനടി ഇത് കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവരും കുറവല്ല.
അതേസമയം, അല്പം എരിവും മസാലയും കൂടുതലായതിനാൽ വയറിന് അസ്വസ്ഥതയുള്ളവർക്ക് ഇത് അനുയോജ്യമാകില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഈ വിഭവം ഇപ്പോൾ രുചിപ്രേമികൾക്കിടയിൽ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Tags : ChickenJhalmuri BangladeshStreetFood ViralStreetFood FoodieTok StreetFoodViral