വാരണാസിയിലെ സാംസ്കാരിക ഭംഗിയും തെരുവ് കാഴ്ചകളും ഭക്ഷണരീതികളും കണ്ടറിയാൻ സാധാരണ വിനോദസഞ്ചാരിയായി എത്തിയ സ്പാനിഷ് ഡിജിറ്റൽ സ്രഷ്ടാവ് ആന്ദ്രിയ പാസ്പറിന് തിരികെ മടങ്ങുമ്പോൾ പങ്കുവെക്കാനുണ്ടായിരുന്നത് അതീവ വൈകാരികമായ ഒരു അനുഭവമായിരുന്നു.
ഇന്ത്യയുടെ ഈ പുണ്യനഗരവും ഗംഗാതീരവും തനിക്ക് നൽകിയത് വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ആത്മീയ അനുഭൂതിയാണെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഗംഗാ ആരതിയും നദിയിൽ സ്നാനം ചെയ്യുന്ന ഭക്തരും പൂക്കളും ദീപങ്ങളും ഒഴുക്കുന്ന തീരങ്ങളുമെല്ലാം കോർത്തിണക്കിയ വീഡിയോയിലൂടെയാണ് ആന്ദ്രിയ തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചത്.
പുസ്തകങ്ങൾ വായിച്ചോ ആചാരങ്ങളെക്കുറിച്ച് പഠിച്ചോ വാരണാസിയുടെ യഥാർഥ ആത്മാവിനെ അറിയാൻ സാധിക്കില്ലെന്നും, അവിടെ നേരിട്ടെത്തുമ്പോൾ മാത്രം അനുഭവിച്ചറിയാൻ കഴിയുന്ന ഏതോ ഒരു പ്രത്യേക ഊർജമുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ആന്ദ്രിയ ഗംഗാനദിയിലിറങ്ങിയത്. നദിയിലിരുന്ന് കരഞ്ഞപ്പോൾ കണ്ണീരത്രയും ആ ഒഴുക്കിൽ ലയിച്ചു ചേർന്നതായും, അതുവരെ മനസിൽ പേറിയ ഭാരമെല്ലാം ഗംഗാദേവി ഏറ്റെടുത്ത് തന്നെ ആശ്ലേഷിച്ചതുപോലെയാണ് അനുഭവപ്പെട്ടതെന്നും അവർ വൈകാരികമായി കുറിച്ചു.
ജീവിതവും മരണവും ഒരേ ജലാശയത്തിന് മുന്നിൽ മുഖാമുഖം നിൽക്കുന്ന വാരണാസിയുടെ സവിശേഷതയും അവർ എടുത്തുകാട്ടി. ദിവസേന നടക്കുന്ന ശവദാഹങ്ങളും ഗംഗയിൽ ലയിക്കുന്ന ഭസ്മവും ജനനമരണങ്ങളുടെ ചക്രത്തിൽ നിന്നുള്ള മോക്ഷത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയെ കണ്ണുകൾ കൊണ്ടല്ല ആത്മാവ് കൊണ്ടാണ് കണ്ടറിയേണ്ടതെന്ന ആന്ദ്രിയയുടെ വാക്കുകൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. നിരവധി ആളുകളാണ് വാരണാസിയെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
Tags : Varanasi GangaMa IndiaTravel SpiritualJourney VaranasiGhats