മനസിനെ തകർത്ത മരണം; സ്റ്റണ്ട് മാസ്റ്ററുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി പാ. രഞ്ജിത്ത്
Wednesday, July 16, 2025 8:24 AM IST
സിനിമാചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ദാരുണാന്ത്യം സംഭവിച്ച പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിനെക്കുറിച്ച് (എസ്.എം.രാജു) വൈകാരിക കുറിപ്പുമായി സംവിധായകൻ പാ.രഞ്ജിത്.
വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിന് മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു. എങ്കിലും ആ ചിത്രീകരണം സ്റ്റണ്ട് മാസ്റ്ററുടെ അപ്രതീക്ഷിത മരണത്തിൽ അവസാനിച്ചതിൽ വലിയ നടുക്കമുണ്ടായെന്നും പാ.രഞ്ജിത് കുറിച്ചു.
പാ.രഞ്ജിത്തിന്റെ കുറിപ്പിന്റെ പൂർണരൂപം
ജൂലൈ 13ന് രാവിലെ, തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഞങ്ങളുടെ ‘വേട്ടുവം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രതിഭാധനനായ ഒരു സ്റ്റണ്ട് ആർട്ടിസ്റ്റും ദീർഘകാലമായി സഹപ്രവർത്തകനുമായ മോഹൻ രാജിനെ അപ്രതീക്ഷിതമായി നഷ്ടമായത്.
സഹപ്രവർത്തകനായും സുഹൃത്തായും മോഹൻ രാജ് അണ്ണനെ അറിയുകയും സ്നേഹിക്കുകയും ചെയ്ത ഞങ്ങളുടെ ഹൃദയം തകർക്കുന്ന സംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം ഞങ്ങളും അതീവ ദുഃഖത്തിലാണ്.
ക്രാഷ് സീക്വൻസുകൾ ചിത്രീകരിക്കുന്ന എല്ലാ സെറ്റുകളിലും ചെയ്യുന്ന പോലെ വിശദമായ ആസൂത്രണം, ജാഗ്രത, നിർവഹണത്തിലെ വ്യക്തത, പ്രാർത്ഥനകൾ അങ്ങനെ എല്ലാം നന്നായി തുടങ്ങിയ ദിവസമായിരുന്നു അന്ന്. പക്ഷേ, അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിലാണ് അത് അവസാനിച്ചത്. ആ സംഭവം ഞങ്ങളെയെല്ലാം നടുക്കി. ഹൃദയം തകർന്നു.
മോഹൻരാജ് അണ്ണയെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സിനിമയുടെ അണിയറപ്രവർത്തകരും ഏറെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. സ്റ്റണ്ട് ചെയ്യുന്നതിൽ ഏറെ പരിചയസമ്പത്തുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
പലപ്പോഴും അദ്ദേഹത്തിന്റെ അറിവിലും അനുഭവസമ്പത്തിലും നിർവഹണത്തിലെ കൃത്യതയിലും എല്ലാവർക്കും വിശ്വാസമായിരുന്നു. ഞങ്ങളുടെ സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായന്റെ പരിചയമ്പത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഷൂട്ട്.
എല്ലാ സുരക്ഷാ മുൻകരുതലുകളും തയാറെടുപ്പുകളും സ്വീകരിച്ചിട്ടും ഇത്രയും പരിചയസമ്പന്നനായ ഒരു സ്റ്റണ്ട് മാസ്റ്ററെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. സമാനതകളില്ലാത്ത അനുഭവവും നേട്ടങ്ങളും ഉള്ള ഒരു മനുഷ്യനെയാണ് നമുക്ക് നഷ്ടമായത്. കൃത്യതയാർന്ന പ്രകടനത്തിലൂടെ എന്നും സംവിധായകരെയും സഹപ്രവർത്തകരെയും കുടുംബത്തേയും അഭിമാനം കൊള്ളിച്ചിരുന്ന ഒരാളെയാണ് നഷ്ടപ്പെട്ടത്. അദ്ദേഹതത്തോട് എന്നെന്നും ആദരവും സ്നേഹവും ഉണ്ടായിരിക്കും.
മനസിനെ ഏറെ തകർത്ത ഒരു മരണമാണിത്. നല്ലൊരു ഭർത്താവും അച്ഛനും അതിഗംഭീര സ്റ്റണ്ട് ആർട്ടിസ്റ്റും ലാളിത്യമുള്ള മനുഷ്യനുമായിരുന്ന മോഹൻരാജ് അണ്ണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു അസാമാന്യ സ്റ്റണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലാണ് അദ്ദേഹം ഓർമിക്കപ്പെടാൻ ആഗ്രഹിച്ചത്. അങ്ങനെ തന്നെയാകും അദ്ദേഹം ഓർമിക്കപ്പെടുക!