നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്ന നേതാവ്; വിഎസിന് ആദരാഞ്ജലിയര്‍പ്പിച്ച് മോഹൻലാൽ
Tuesday, July 22, 2025 9:06 AM IST
മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലിയര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വിഎസെന്നും വ്യക്തിപരമായി അടുത്തറിയാൻ സാധിച്ചയാളാണെന്നും മോഹൻലാൽ കുറിച്ചു. മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
"ജീവിതം തന്നെ സമരമാക്കിയ ജനനായകന്, പ്രിയപ്പെട്ട സഖാവ് വി.എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു.
മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ല.' മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 3:20-നാണ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്. അച്യുതാനന്ദന് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും ഒപ്പമുണ്ടായിരുന്നു.