ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ സ്റ്റാറാകുമോ എന്ന ഭയത്തിലാണ് അവർ, ഇങ്ങനെ പേടിക്കല്ലേ; അഖിൽ മാരാർ
Tuesday, July 22, 2025 11:42 AM IST
തനിക്കെതിരെയുള്ള ട്രോളുകളാണ് മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി ട്രെയിലറിന് ഇത്രയേറെ സ്വീകാര്യത കിട്ടാൻ കാരണമെന്ന് നടനും സംവിധായകനുമായ അഖിൽ മാരാർ. താരനിരകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചെന്നും അഖിൽ മാരാർ പറഞ്ഞു.
""രണ്ടുദിവസം മുൻപ് വരെ നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്ന ഭയം ആയിരുന്നു അന്തങ്ങൾക്ക്...ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ.. ഇങ്ങനെ പേടിക്കല്ലേടാ.
നിങ്ങളുടെ ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി. ഇനി സിനിമ കൂടി അന്തങ്ങൾ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു. രാവിലെ, ഉച്ചക്ക്, രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോൾ ഉണ്ടാക്കി ആക്ഷേപിക്കണം. സത്യത്തിൽ നിങ്ങളാണ് എന്റെ യഥാർത്ഥ ഫാൻസ്. എന്റെ ശക്തി, എന്റെ ഊർജം.
അടുത്ത മാസം കേരള ക്രിക്കറ്റ് ലീഗ് തുടങ്ങും സഞ്ജു സാംസൺ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഭാഗമാണ് ഞാൻ. പേടിക്കണ്ട ക്രിക്കറ്റ് കളി ഞാൻ ഉപേക്ഷിച്ചു. അഞ്ച് പൈസ മാർക്കറ്റ് ചെയ്യാതെ ഒരു ട്രെയിലർ ട്രെൻഡിംഗ് ആക്കി തീർത്തതിൽ നന്ദിയുണ്ട് മേഴ്സി, ഒരായിരം നന്ദി.
അഞ്ചാം ക്ലാസ്സിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പത്താം ക്ലാസ് വരെ സ്കൂൾ കലോത്സവ വേദികളിൽ നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയം തുടർന്നു. സബ് ജില്ല കലോത്സവത്തിന് ഒന്നാം സമ്മാനം കിട്ടിയ നാടകത്തിലെ നായക വേഷം എനിക്കായിരുന്നു. ഈ സമയം ഉത്സവ പറമ്പുകളിൽ ചെറിയ മിമിക്രി ട്രൂപ്പുകളിൽ ചേർന്ന് സ്കിറ്റ് അഭിനയിക്കാൻ പോകും.
പ്ലസ്ടു വരെ അഭിനയം കൊണ്ട് നടന്നു.. അതിന് ശേഷം ജീവിതം വെട്ടി പിടിക്കാനുള്ള ഓട്ടമായിരുന്നു... പരിഹസിച്ച സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിൽക്കാനുള്ള പോരാട്ടം..ഇല്ലാതാക്കാൻ പലരും ശ്രമിച്ചിട്ടും ഉള്ളിലെ സത്യത്തിന്റെ ശക്തിയിൽ ഞാൻ സഞ്ചരിച്ചു... ജീവിതത്തിൽ പല വേഷങ്ങൾ കെട്ടിയ എനിക്ക് സിനിമയിൽ ലഭിച്ച ആദ്യത്തെ വേഷമാണ്... ട്രെയിലർ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക... തെറ്റുകൾ ക്ഷമിക്കുക.’’അഖിലിന്റെ വാക്കുകൾ.