പ്രണവിനെ എമ്പുരാനിൽ എടുത്തത് അത് കൊണ്ട്; പൃഥ്വിരാജ് പറയുന്നു
Monday, July 28, 2025 11:43 AM IST
എമ്പുരാൻ സിനിമയിലെ മോഹൻലാലിന്റെ പഴയകാലം അവതരിപ്പിക്കാനുള്ള റഫറൻസെടുത്തത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റേതായിരുന്നുവെന്ന് സംവിധായകൻ പൃഥ്വിരാജ്.
പ്രണവ് മോഹൻലാലിന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ മോഹൻലാലിന്റെ ലുക്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചെറുപ്പകാലം അഭിനയിക്കാൻ ആളെ അന്വേഷിച്ച് മറ്റെവിടെയും പോകേണ്ടി വന്നിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
‘സർസമീൻ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നയൻദീപ് രക്ഷിത് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘എമ്പുരാൻ സിനിമയിൽ മോഹൻലാൽ സർ ചെയ്ത കഥാപാത്രത്തിന്റെ യൗവ്വനകാലം കാണിക്കുന്ന ഒരു എപ്പിസോഡ് ചെയ്യേണ്ടതുണ്ടായിരുന്നു. വളരെ ചെറിയ എപ്പിസോഡ് ആണ് അത്. എഐ വഴിയോ ഫെയ്സ് റീപ്ലേസ്മെന്റ് വഴിയോ കഥാപാത്രത്തിന്റെ ചെറുപ്പകാലം ഉണ്ടാക്കാൻ താൽപര്യമില്ലായിരുന്നു, പരമാവധി സ്വാഭാവികമായി ചെയ്യാനായിരുന്നു ഞങ്ങൾക്കിഷ്ടം.
മോഹൻലാൽ സാറിന്റെ മകൻ പ്രണവിന് ഇരുപതുകളിൽ ഉള്ള ലാൽ സാറിനോട് വളരെ സാമ്യമുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ പോലെയുള്ള സിനിമകൾ കണ്ടിട്ടുണ്ടെങ്കിൽ മനസിലാകും പ്രണവിന്റെ രൂപത്തിന് ലാൽ സാറിന്റെ അന്നത്തെ രൂപത്തോട് ഒരുപാട് സാമ്യമുണ്ട്.
സത്യത്തിൽ, എമ്പുരാന് വേണ്ടി ഞങ്ങൾ ആ സീക്വൻസ് ചിത്രീകരിച്ചപ്പോൾ ഞങ്ങളുടെ റെഫറൻസ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ലാൽ സാറിന്റെ ചിത്രങ്ങളായിരുന്നു. സ്റ്റീഫന് നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം എൽ3യിലും ഉണ്ടാകും. പക്ഷേ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ല, ചെറുതായിരിക്കും.
എമ്പുരാനിൽ ജെറോം ഫ്ലിൻ, റിക്ക് യുൻ എന്നിവരെ കാസ്റ്റ് ചെയ്യാൻ ഒരു കാരണമുണ്ട്. ഞങ്ങൾ എമ്പുരാന് വേണ്ടി കാസ്റ്റിംഗ് നടത്തുമ്പോൾ എസ്എജിയുടെ (കാസ്റ്റിംഗ് ഏജൻസി) സമരം ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഞങ്ങൾ കാസ്റ്റ് ചെയ്യാനിരുന്ന പല അഭിനേതാക്കളും എസ്എജിയിൽ അംഗങ്ങളായിരുന്നു, ഓഫിസുകളെല്ലാം അടച്ചിട്ടിരുന്നു. അതിനാൽ ഞങ്ങൾക്ക് അവരെയൊന്നും കാസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
ഞങ്ങൾ സംസാരിച്ചിരുന്നതും പകുതി സമ്മതം മൂളിയിരുന്നതുമായ മറ്റു ചിലർ ഉണ്ടായിരുന്നു, പക്ഷേ ആ സമയങ്ങളിൽ ജോലിക്കാർ സമരത്തിലായിരുന്നതിനാൽ ഞങ്ങൾക്ക് അവരെയൊന്നും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
അതിനാൽ എസ്എജിയിൽ കരാർ ഇല്ലാത്ത അഭിനേതാക്കളെ വച്ച് മുന്നോട്ട് പോകേണ്ടി വന്നു. ഭാഗ്യവശാൽ ജെറോംഫ്ലിൻ, റിക്ക് യുൻ എന്നിവർ എസ്എജിയിൽ അംഗമായിരുന്നില്ല. അങ്ങനെയായിരുന്നു അവരെ തെരഞ്ഞെടുത്തത്.
ലൂസിഫർ മൂന്നാം ഭാഗത്തിൽ ആരൊക്കെ ഉണ്ടാകുമെന്നു ഇപ്പോൾ പറയാൻ കഴിയില്ല. സിനിമയുടെ കഥ മുന്നോട്ട് പോകുന്തോറും കൂടുതൽ പ്രതിനായകൻമാർ ഉണ്ടാകും.’’പൃഥ്വിരാജിന്റെ വാക്കുകൾ.