വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്
Monday, July 28, 2025 11:48 AM IST
വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പോലീസാണ് നോട്ടീസ് അയച്ചത്.
സംവിധായകൻ എബ്രിഡ് ഷൈനും പോലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്.
നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ പരാതി പോലീസിൽ നൽകിയത്.
ഇയാളിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് 406,420,34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.സി. ഷൈനിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നല്‍കിയിരുന്നതായാണ് പരാതി.
തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും ഷൈനിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായി ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തതായും പരാതിയിൽ പറയുന്നു.